Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦കോവിഡ്​: സൗദിയിൽ ഗുരുതര സ്ഥിതിയിൽ 271 പേർ മാത്രം.

🇶🇦ഖത്തറില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്; 97 രോഗമുക്തി.

🇦🇪എടിഎമ്മില്‍ കണ്ടെത്തിയ പണം പൊലീസില്‍ ഏല്‍പ്പിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ആദരം.

🇦🇪യുഎഇയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.

🇸🇦റീഎൻട്രി കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ സൗദിയിൽ തിരിച്ചെത്തണമെന്ന് പാസ്‍പോർട്ട് വിഭാഗം.

🇸🇦സ്വദേശിവത്കരിച്ച തസ്‍തികകളിൽ ജോലി ചെയ്‍ത് പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആജീവനാന്ത വിലക്ക്.

🇸🇦പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.

🛫2021 ഒക്ടോബറോടെ 120-ൽ പരം നഗരങ്ങളിലേക്കുള്ള വിമാനയാത്രകളുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് IATA ട്രാവൽ പാസ് നടപ്പിലാക്കും.

🇧🇭ബഹ്‌റൈൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള കൂടുതൽ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം.

🇰🇼കുവൈറ്റ്: തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് ഏഴ് മേഖലകളിൽ അനുമതി നൽകി.

🇴🇲ഒമാൻ: വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവയ്ക്കുള്ള പുതുക്കിയ COVID-19 മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

🛫പ്രവാസികളുടെ കുട്ടികൾക്കായി സ്കോളർഷിപ് പ്രോഗ്രാം.

🇴🇲ഒമാനില്‍ കാലാവധി കഴിഞ്ഞ റസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി.

🇰🇼കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടു പങ്കെടുക്കാം.

🇴🇲18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ പള്ളികളിൽ ജുമു അ പുന‍രാരംഭിച്ചു.


വാർത്തകൾ വിശദമായി

🇸🇦കോവിഡ്​: സൗദിയിൽ ഗുരുതര സ്ഥിതിയിൽ 271 പേർ മാത്രം.

✒️സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ഗുരുതരസ്ഥിതിയിലുള്ളവരുടെ എണ്ണം വളരെ കുറഞ്ഞു. പുതുതായി 51 പേരിൽ കൂടി​​ രോഗ ബാധ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2,313 ആയി. ഇതിൽ 271 പേരുടെ നില മാത്രമാണ്​ ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരം. 51 പേരാണ്​ പുതുതായി സുഖം പ്രാപിച്ചത്​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി നാലുപേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,843 ആയി. ഇതിൽ 5,35,842 പേർ രോഗമുക്തരായി.

ആകെ മരണസംഖ്യ 8,688 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, മക്ക 12, കിഴക്കൻ പ്രവിശ്യ 5, മദീന 4, ജീസാൻ 3, അൽഖസീം 3, നജ്റാൻ 3, അസീർ 2, തബൂക്ക് 2, ഹാഇൽ 1, അൽജൗഫ് 1, വടക്കൻ അതിർത്തി മേഖല 1. സൗദി അറേബ്യയിൽ ഇതുവരെ 41,358,961 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

🇶🇦ഖത്തറില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്; 97 രോഗമുക്തി.

✒️ഖത്തറില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 34 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 97 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 233,998 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.

1,521 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 18 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 63 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,891 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 46,86,559 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.1 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.

🇦🇪എടിഎമ്മില്‍ കണ്ടെത്തിയ പണം പൊലീസില്‍ ഏല്‍പ്പിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ആദരം.

✒️യുഎഇയിലെ അജ്മാനില്‍ എടിഎമ്മില്‍ കണ്ടെത്തിയ പണം അധികൃതരെ ഏല്‍പ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് അജ്മാന്‍ പൊലീസ്. പ്രവാസി ഇന്ത്യക്കാരനായ പാണ്ഡ്യനെയാണ് പൊലീസ് പ്രശംസാപത്രവും പാരിതോഷികവും നല്‍കി ആദരിച്ചത്. 

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ആരോ ഒരാള്‍ ബാങ്ക് രസീത് കൈപ്പറ്റിയ ശേഷം പണം എടുക്കാന്‍ മറന്നു. പിന്നാലെ എടിഎമ്മില്‍ കയറിയ പാണ്ഡ്യന്‍ ഈ പണം കാണുകയായിരുന്നു. 'അദ്ദേഹത്തെ ഓര്‍ത്ത് എനിക്ക് വിഷമം തോന്നി. ചിലപ്പോള്‍ ആ പണം അദ്ദേഹം മരുന്ന് വാങ്ങാനോ കുടുംബത്തിന് ഭക്ഷണം വാങ്ങാനോ വേണ്ടിയാവാം പിന്‍വലിച്ചത്'- പാണ്ഡ്യന്‍ പറഞ്ഞു.

പണം പിന്‍വലിച്ചയാളുടെ സ്ഥാനത്ത് തന്നെ സങ്കല്‍പ്പിച്ചപ്പോള്‍ എത്രയും വേഗം അത് അധികൃതരെ ഏല്‍പ്പിക്കാനാണ് തോന്നിയതെന്നും സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്തമായാണ് കണക്കാക്കുന്നതെന്നും പാണ്ഡ്യന്‍ പ്രതികരിച്ചു. പണം തിരികെ നല്‍കി പാണ്ഡ്യന്‍ സമൂഹത്തിന് നല്ലൊരു മാതൃകയായിരിക്കുകയാണെന്നും പൊലീസിനോട് സഹകരിക്കുന്ന ഇത്തരം വ്യക്തികളെ ആദരിക്കുന്നതില്‍ പൊലീസ് വകുപ്പ് കാണിക്കുന്ന താല്‍പ്പര്യവും ഇതിലൂടെ വ്യക്തമാകുന്നതായി പൊലീസിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ഓഫീസ് മേധാവിയായ ലെഫ്. കേണല്‍ അബ്ദുല്ല ഖല്‍ഫാന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

🇦🇪യുഎഇയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.

✒️യുഎഇയില്‍ പുതിയതായി 303 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 373 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,34,275 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,26,408 പേര്‍ രോഗമുക്തരായി. 2,086 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,781 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,923 ഡോസ് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ യുഎഇയില്‍ ആകെ വിതരണം ചെയ്ത കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ 19,775,346 ആയി.

🇸🇦റീഎൻട്രി കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ സൗദിയിൽ തിരിച്ചെത്തണമെന്ന് പാസ്‍പോർട്ട് വിഭാഗം.

✒️പ്രവാസികൾ റീഎൻട്രി വിസ (Re-entry visa) കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് (entry ban) ഓർമ്മിപ്പിച്ച് സൗദി പാസ്‍പോർട്ട് വിഭാഗം. എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. അവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തന്നെ തിരിച്ചു വരാനാകും. 

വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നും പാസ്‍പോർട്ട് വിഭാഗം വ്യക്തമാക്കി. എക്സിറ്റ്, റീഎൻട്രി വിസയുടെ കാലാവധി സൗദിയിൽ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎൻട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‍പോർട്ട് വിഭാഗത്തിന്റെ അബ്ഷിർ പോർട്ടലിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടും.

🇸🇦സ്വദേശിവത്കരിച്ച തസ്‍തികകളിൽ ജോലി ചെയ്‍ത് പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആജീവനാന്ത വിലക്ക്.

✒️സ്വദേശിവത്കരിച്ച തൊഴിലുകളിൽ ജോലി ചെയ്‍തതിന് പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് (Deportation) സൗദി അറേബ്യയിലേക്ക് (Saudi Arabia) തിരികെ വരാനാവില്ലെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം. നാടുകടത്തിയ വിദേശികൾക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ല. ഒരു തൊഴിലാളിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്തിന്റെ മറുപടി. 

വിവിധ നിയമ ലംഘനങ്ങൾക്ക് പ്രവാസികളെ സൗദിയിൽ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തൽ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യയുടെ ചിലവിൽ നാട്ടിലേക്ക് കടത്തും. ഇതിൽ ഇഖാമ നിയമ ലംഘനത്തിന് പിടിയിലാകുന്നവർ പിന്നീട് നിശ്ചിത കാലം കഴിഞ്ഞാണ് സൗദിയിലേക്ക് പുതിയ വിസയിൽ എത്താറുള്ളത്. സൗദിവത്കരണത്തിന്റെ ഭാഗമായി സ്വദേശികൾക്ക് നീക്കി വെച്ച ജോലി ചെയ്ത് പിടിയിലായവരേയും നാട്ടിലയക്കാറുണ്ട്. ഇത്തരക്കാർക്ക് മടങ്ങിവരാനാകില്ലെന്നാണ് ജവാസാത്തിന്റെ മറുപടി. സൗദിയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഏതു വിദേശിക്കും ഹജ്ജും ഉംറയും നിർവഹിക്കാൻ മടങ്ങിവരാം.

🇸🇦പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.

✒️ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് സൗദി അറേബ്യയിലെത്തി (Saudi Arabia) ഉപജീവനം നടത്തുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി തൊഴിൽ രംഗത്തെ സ്വദേശിവത്കരണം (Saudisation) കൂടുതൽ മേഖലകളിലേക്ക്. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. 

മാനവ വിഭവശേഷി മന്ത്രാലയമാണ് താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്‍മ നിരക്ക് കുറക്കുന്നതിന് സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനുള്ള നീക്കമാരംഭിച്ചത്. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും. തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. 

ഉന്നത ഇടത്തരം തസ്തികകളില്‍ ഘട്ടം ഘട്ടമായി ഇതിനകം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. അക്കൗണ്ടിംഗ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഡെന്റല്‍, ഐടി തുടങ്ങിയ മേഖലകളിലെ സുപ്പര്‍വൈസിംഗ്, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ ജോലികളിലെ ഉയർന്ന തസ്തികകളിൽ സ്വദേശിവല്‍ക്കരണം നടപ്പിലായിരുന്നു. മന്ത്രാലയത്തിന്റെ സ്വദേശിവല്‍ക്കരണ പദ്ധതി വഴി രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 12.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 11.7 ആയി കുറഞ്ഞിരുന്നു.

🛫2021 ഒക്ടോബറോടെ 120-ൽ പരം നഗരങ്ങളിലേക്കുള്ള വിമാനയാത്രകളുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് IATA ട്രാവൽ പാസ് നടപ്പിലാക്കും.

✒️ആറ് വൻകരകളിലെയും നഗരങ്ങളിലേക്ക് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസ് ആദ്യമായി നടപ്പിലാക്കിയ ആദ്യ എയർലൈനായി എമിറേറ്റ്സ് മാറിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായിൽ നിന്നുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ 2021 ഏപ്രിൽ മുതൽ എമിറേറ്റ്സ് IATA ട്രാവൽ പാസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു.

ഈ പരീക്ഷണം വിജയം കണ്ടതോടെ ജൂൺ മാസത്തോടെ എമിറേറ്റ്സ് ഈ സേവനം പന്ത്രണ്ട് വ്യോമറൂട്ടുകളിലേക്ക് വിപുലീകരിച്ചിരുന്നു. നിലവിൽ ലോകമെമ്പാടുമുള്ള അമ്പത് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് എമിറേറ്റ്സ് IATA ട്രാവൽ പാസ് സേവനം നൽകുന്നുണ്ട്.

താമസിയാതെ ആഗോളതലത്തിലെ എമിറേറ്റ്സിന്റെ മുഴുവൻ റൂട്ടുകളിലും ഈ സേവനം നടപ്പിലാക്കുന്നതിനുള്ള കരാറിൽ എമിറേറ്റ്സ് IATA-യുമായി ചേർന്ന് ഒപ്പ് വെച്ചിട്ടുണ്ട്. ഈ സേവനം 120-ൽ പരം നഗരങ്ങളിലേക്കുള്ള സർവീസുകളിലേക്ക് വിപുലീകരിക്കുന്ന പ്രവർത്തനം 2021 ഒക്ടോബറോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രികർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് IATA ട്രാവൽ പാസ് ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ എമിറേറ്റ്സ് നടപ്പിലാക്കുന്നതെന്ന് സി ഇ ഓ ആദിൽ അൽ റെധാ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് സ്പർശനരഹിതമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം, എയർപോർട്ടിലെ ജീവനക്കാർക്ക് IATA ട്രാവൽ പാസ് ഉപയോഗിച്ച് കൊണ്ട് യാത്രികരുടെ രേഖകൾ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കുന്നതാണ്. https://www.emirates.com/lb/english/experience/contactless-journey/ എന്ന വിലാസത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഓരോ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കും ആ രാജ്യത്ത് പ്രാബല്യത്തിലുള്ള COVID-19 മാനദണ്ഡങ്ങൾ, ടെസ്റ്റിംഗ് നടപടികൾ, വാക്സിനേഷൻ നിയമങ്ങൾ എന്നിവ കൃത്യമായി അറിയുന്നതിന് IATA ട്രാവൽ പാസിലൂടെ എളുപ്പത്തിൽ സാധിക്കുന്നതാണ്. ഓരോ രാജ്യത്തും അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും, വ്യക്തികൾക്ക് തങ്ങളുടെ വാക്സിനേഷൻ രേഖകൾ, ടെസ്റ്റിംഗ് റിസൾട്ടുകൾ മുതലായവ ഡിജിറ്റൽ രൂപത്തിൽ ആധികാരികതയോടെ സൂക്ഷിക്കുന്നതിനും, ഇത്തരം രേഖകൾ പരിശോധനകൾക്കായി ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കുന്നതിനും IATA ട്രാവൽ പാസ് സഹായകമാണ്.

അന്താരാഷ്ട്ര വിമാന യാത്രികർക്ക് തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് എളുപ്പത്തിൽ തെളിയിക്കുന്നതിനും, വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബാധകമാകുന്ന COVID-19 മാനദണ്ഡങ്ങൾ അറിയുന്നതിനും IATA ട്രാവൽ പാസ് സഹായകമാണ്. അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഏകോപനത്തോടെ ഉപയോഗിക്കുന്നതിനും, അന്താരാഷ്ട്ര വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.

🇧🇭ബഹ്‌റൈൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള കൂടുതൽ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം.

✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആസ്ട്രസെനെക (കോവിഷീൽഡ്), ഫൈസർ ബയോഎൻടെക്, സ്പുട്നിക് V എന്നീ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വാക്സിനുകളുടെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

ഈ വാക്സിനുകളെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക്, അല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ സ്വീകരിച്ച വാക്സിൻ എന്നിവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. സെപ്റ്റംബർ 23-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതിന് പുറമെ, രണ്ടാം ഡോസ് സിനോഫാം വാക്സിനെടുത്ത് മൂന്ന് മാസം പൂർത്തിയാക്കിയ രാജ്യത്തെ 18 മുതൽ 39 വയസ് വരെ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം ഡോസെടുത്ത് ആറ് മാസത്തിന് ശേഷമാണ് ഈ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് അറിയിച്ചിരുന്നത്.

ഒരു ഡോസ് ഫൈസർ വാക്സിനെടുത്തവരും, COVID-19 രോഗമുക്തരായവരുമായവർക്ക് ഫൈസർ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് രോഗബാധിതരായ തീയതി മുതൽ മൂന്ന് മാസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാവുന്നതാണ്. ഇവർക്ക് രോഗബാധിതരായ തീയതി മുതൽ 12 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് BeAware ആപ്പിലൂടെയോ, https://healthalert.gov.bh/en/ എന്ന വെബ്സൈറ്റിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.

🇰🇼കുവൈറ്റ്: തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് ഏഴ് മേഖലകളിൽ അനുമതി നൽകി.

✒️രാജ്യത്തെ ഏഴ് തൊഴിൽമേഖലകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപങ്ങളിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ വിവിധ മേഖലകളിൽ തൊഴിലാളികളെ കണ്ടെത്തുന്നതിന് നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. വർക്ക് പെർമിറ്റുകൾ വെച്ച് മാറുന്നതിന് അതോറിറ്റി നേരത്തെ വിലക്കേർപ്പെടുത്തിയ താഴെ പറയുന്ന മേഖലകളിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്:

വ്യാവസായിക മേഖല.
കാർഷിക മേഖല.
കൃഷി.
മത്സ്യബന്ധനം.
കോഓപ്പറേറ്റീവ് സൊസൈറ്റികൾ.
യൂണിയനുകൾ.
ഫ്രീ ട്രേഡ് സോൺ മേഖല.
ഈ മേഖലകളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപങ്ങളിലേക്ക് മാറ്റുന്നതിന് അതോറിറ്റി 2021 ജൂലൈ മാസത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വിദേശത്ത് നിന്ന് തൊഴിലാളികളെ നിയമിക്കുന്നതിന് നിലവിൽ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് ഈ വിലക്ക് ഒഴിവാക്കിയിരിക്കുന്നത്.

🇴🇲ഒമാൻ: വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവയ്ക്കുള്ള പുതുക്കിയ COVID-19 മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

✒️രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ COVID-19 മുൻകരുതൽ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിപ്പ് നൽകി. സെപ്റ്റംബർ 23-ന് വൈകീട്ടാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഇത്തരം ഇടങ്ങൾ സന്ദർശിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ, ഇത്തരം ഇടങ്ങളിൽ നടത്തുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ ഈ അറിയിപ്പിൽ ഉൾപ്പെടുന്നു. ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നടത്തുന്ന ചടങ്ങുകൾ സംബന്ധിച്ചുള്ള വിവരം മുൻസിപ്പാലിറ്റി അധികൃതരെ 72 മണിക്കൂർ മുൻപെങ്കിലും അറിയിക്കേണ്ടതാണ്.

ഒമാനിലെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ ചടങ്ങുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്:
ഇത്തരം ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ളവരുടെ ഒപ്പ് അടങ്ങിയ ഒരു സത്യവാങ്മൂലം നിർബന്ധമാണ്.
COVID-19 വാക്സിനെടുക്കാത്ത ജീവനക്കാർ, സന്ദർശകർ എന്നിവർക്ക് ഇത്തരം ഇടങ്ങളിൽ പ്രവേശനം നൽകരുത്.
ചടങ്ങുകൾ സംബന്ധിച്ചുള്ള വിവരം മുൻസിപ്പാലിറ്റി അധികൃതരെ 72 മണിക്കൂർ മുൻപെങ്കിലും അറിയിക്കേണ്ടതാണ്.
COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചുള്ള അറിയിപ്പ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഇത്തരം ചടങ്ങുകളിൽ നിന്ന് COVID-19 രോഗബാധ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അതിന്റെ ഉത്തരവാദിത്വം ഇത്തരം വേദികളുടെ നടത്തിപ്പുകാർക്കായിരിക്കും.
സമൂഹ അകലം സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കേണ്ടതാണ്. ഇരിപ്പിടങ്ങൾക്കിടയിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്ന സമയക്രമം ഒരു പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. മുഴുവൻ ജീവനക്കാരും വാക്സിനെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ജീവനക്കാർക്കും, സന്ദർശകർക്കും ഉപയോഗിക്കാനുള്ള സാനിറ്റൈസറുകൾ ഉറപ്പാക്കേണ്ടതാണ്.
ഇത്തരം കേന്ദ്രങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം സന്ദർശകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇത് കണക്കിലെടുത്ത് സമൂഹ അകലം ഉറപ്പാക്കികൊണ്ടായിരിക്കണം അതിഥികളെ പ്രവേശിപ്പിക്കേണ്ടത്.
ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള ക്വാറന്റീൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.
ഇത്തരം വേദികളിലെ അണുനശീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
ഇത്തരം വേദികളിലെത്തുന്ന സന്ദർശകർ സ്പർശിക്കാനിടയുള്ള ഇടങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്.
സന്ദർശകർ വാക്സിനെടുത്തവരാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഇത്തരം വേദികളിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ സന്ദർശകരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തേണ്ടതാണ്. 37.5 ഡിഗ്രിയ്ക്ക് മുകളിൽ ശരീരോഷ്മാവ് രേഖപ്പെടുത്തുന്നവർക്ക് ഇത്തരം വേദികളിലേക്ക് പ്രവേശനം അനുവദിക്കരുത്.
ജീവനക്കാരുടെ ശരീരോഷ്മാവ് ഓരോ ഷിഫ്റ്റുകൾ ആരംഭിക്കുന്നതിന് മുൻപും, തുടർന്ന് ഓരോ ആറ് മണിക്കൂർ ഇടവിട്ടും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
ഇത്തരം വേദികളിലേക്ക് അധിക സേവനങ്ങൾ നൽകുന്നതിനായെത്തുന്ന ജീവനക്കാരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തേണ്ടതാണ്.
ജീവനക്കാർക്കിടയിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
ജീവനക്കാർ, സന്ദർശകർ തുടങ്ങി ചടങ്ങുകളിലെത്തുന്ന മുഴുവൻ പേർക്കും മാസ്കുകൾ നിർബന്ധമാണ്.
രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ജീവനക്കാർ, രോഗബാധിതരുമായി സമ്പർക്കത്തിനിടയായ ജീവനക്കാർ എന്നിവർ ഇത്തരം വേദികളിലേക്ക് പ്രവേശിക്കരുത്.

🛫പ്രവാസികളുടെ കുട്ടികൾക്കായി സ്കോളർഷിപ് പ്രോഗ്രാം.

✒️ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ECR രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുട്ടികൾക്കായി (ഇന്ത്യയിൽ പഠിക്കുന്നവർക്കും) 150 സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു , മാതാപിതാക്കളുടെ മൊത്തം പ്രതിമാസ വരുമാനം US $ 4000 ൽ കൂടരുത്. സ്കോളർഷിപ്പ് സ്കീമിന് കീഴിൽ, പരമാവധി 4000 യുഎസ് ഡോളറിന് വിധേയമായി മൊത്തം സ്ഥാപന സാമ്പത്തിക ചെലവിന്റെ (IEC) 75% ഇന്ത്യൻ സർക്കാർ വഹിക്കും. താഴെ പറയുന്ന സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു: –

എ) എൻഐടികൾ, ഐഐടികൾ, ആസൂത്രണ, വാസ്തുവിദ്യാ വിദ്യാലയങ്ങൾ
b) ‘A’ ഗ്രേഡ് സ്ഥാപനങ്ങൾ NAAC അംഗീകരിച്ചതും UGC അംഗീകാരമുള്ളതും
സി) ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകൾ
d) DASA സ്കീമിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ.

ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും സ്കോളർഷിപ്പിനായി പ്രവാസികൾക്കുള്ള സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ അപേക്ഷിക്കാം. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക്, SPDC യുടെ www.spdcindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

🇴🇲ഒമാനില്‍ കാലാവധി കഴിഞ്ഞ റസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി.

✒️ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനും 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ പിഴയിളവ് ബാധകമായിരിക്കും. ഒമാനില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കൊമേഴ്‌സ്യല്‍ രജിസ്റ്ററുകളും ലൈസന്‍സുകളും പുതുക്കാത്തതിന്റെ പിഴകളും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 31 വരെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടക്കാതെ ലൈസന്‍സുകള്‍ പുതുക്കാവുന്നതാണ്. ഈ വര്‍ഷം പുതുക്കുന്നവര്‍ക്കാണ് ആനുകൂല്ല്യങ്ങള്‍ ലഭിക്കുക. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ ഈ വര്‍ഷം റിയാദ കാര്‍ഡ് പുതുക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല.

🇰🇼കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടു പങ്കെടുക്കാം.

✒️കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഈ മാസം 29 നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടു പങ്കെടുക്കാം. കോവിഡിനെതിരെയുള്ള രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാകാമെന്ന് അധികൃതര്‍ അറിയിച്ചു കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഏതാനും മാസങ്ങളായി വെര്‍ച്വല്‍ ആയാണ് ഓപ്പണ്‍ ഹൗസ് നടത്തിയിരുന്നത്. നിലവില്‍ രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് പരിപാടി നടത്തുന്നത്. സെപ്റ്റംബര്‍ 29 ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ 'ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ്' എന്നതാണു പ്രധാന ചര്‍ച്ച വിഷയം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് community.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇ മെയില്‍ അയച്ച് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഇന്ത്യന്‍ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാന്‍പ്രവാസികള്‍ ഓപ്പണ്‍ ഹൗസില്‍ നേരിട്ട് എത്തണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

🇴🇲18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ പള്ളികളിൽ ജുമു അ പുന‍രാരംഭിച്ചു.

✒️നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ഒമാനിലെ പള്ളികളിൽ ഇന്ന് ജുമു അ പുന‍രാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയോടെ രാജ്യത്തെ 360 പള്ളികൾക്കാണ് ജുമു അ നമസ്കാരത്തിന് അനുമതി നൽകിയത്. കോവിഡ് നിയന്ത്രണങ്ങളിൽ പലപ്പോഴായി ഇളവുകൾ നൽകുകയും നമസ്കാരത്തിന് അനുമതി നൽകുകയും ചെയ്തെങ്കിലും ജുമു അക്ക് അനുമതി നൽകിയിരുന്നില്ല.

ഇതിനിടയിൽ വന്ന നാല് പെരുന്നാൾ നമസ്കാരവും ആളുകൾ വീട്ടിലാണ് നിർവഹിച്ചത്. അതിനാൽ തന്നെ ഇന്ന് വലിയ സന്തോഷത്തോടെയാണ് വിശ്വാസികൾ ജുമു അക്കായി എത്തിയത്. പള്ളികളിൽ ആകെ ശേഷിയുടെ 50 ശതമാനം ആളുകൾക്കാണ് അനുമതി നൽകിയത്. വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാണ് ആളുകളെ പ്രവേശിപ്പിച്ചത്. സമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, മുസല്ല കൊണ്ട് വരിക തുടങ്ങിയ നിർദേശങ്ങളും നൽകിയിരുന്നു. രാജ്യത്തെ കോവിഡ് രോ​ഗികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെയാണ് കൂടതൽ ഇളവുകൾ അനുവദിച്ചത്.

Post a Comment

0 Comments