മുൻ കരുതൽ പൂർത്തിയായി, ക്യാമ്പുകൾ സജ്ജം
തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണിത്. അനാവശ്യമായ ഭീതി ഒഴിവാക്കാന്‍ ഇതു സഹായിക്കും. സമൂഹ മാധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള കുപ്രചരണങ്ങളും അനുവദിക്കില്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശ്കതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.
അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തെ എതിര്‍ത്ത് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. ജലനിരപ്പിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. സമിതിയുടെ ശുപാര്‍ശയിൽ മറുപടി നൽകാൻ കേരളത്തിന് സുപ്രീം കോടതി സമയം നൽകി.

0 Comments