ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. എട്ട് പേരെയാണ് കൊക്കയാറില്‍ കാണാതായത്. ബാക്കി അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രതികൂല കാലവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്കരമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ മരണം 16 ആയി ഉയര്‍ന്നു. ഇന്നലെയും ഇന്നുമായി കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിലും ഒഴിക്കില്‍പ്പെട്ടും കാണാതായ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പെരുവന്താനം നിര്‍മ്മലഗിരിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ കാണാതായൊ എന്ന് അന്വേഷിക്കും. ദുരന്ത നിവാരണ സേന, ആര്‍മി എന്നിവരുടെ സേവനം ഉപയോഗിക്കും. മലയോര മേഖലയില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മണിമലയാര്‍ ഉള്‍പ്പടെ ഒറ്റപ്പെട്ട പോയ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്ററില്‍ ഭക്ഷണം എത്തിക്കും. ആലപ്പുഴയില്‍ അപ്പര്‍ കുട്ടനാടും പ്രളയ ഭീതിയിലാണ്. തലവടി, എടത്വ, വിയ്യപുരം എന്നീ മേഖലകളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഓതറ, ഇടനാട്, മംഗലം, മുളക്കഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
മഴ ശക്തമായി തന്നെ തുടരുന്ന പത്തനംതിട്ടയില്‍ ജില്ലാ സ്റ്റേഡിയത്തിലടക്കം വെള്ളം പൊങ്ങി. ആറന്മുള- ചെങ്ങന്നൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും ഗതാഗത തടസവും സംഭവിച്ചിട്ടുണ്ട്. അതേസമയം വടക്കന്‍ ജില്ലകളില്‍ മഴ നേരിയ തോതില്‍ ശമിച്ചു തുടങ്ങി. തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ ഭാഗത്തും നഗരത്തിലും മഴ തുടരുകയാണ്

0 Comments