2018 മാര്‍ച്ച് 22, അന്നാണ് ജെസ്‌ന മരിയ ജെയിംസ് എന്ന രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇന്നുവരെ ജെസ്‌നയെ ആര്‍ക്കും കണ്ടെത്താനായിട്ടില്ല.
മൂന്നരവര്‍ഷം കഴിഞ്ഞിട്ടും ജെസ്‌ന എവിടെയാണെന്നോ എന്തു സംഭവിച്ചുവെന്നോ വിവരമില്ല. കേസ് സി.ബി.ഐ. ഏറ്റെടുത്തെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ജെസ്‌നയെ കാണാതായി മൂന്നരവര്‍ഷം പിന്നിടുമ്പോഴാണ് പാലക്കാട്ടുനിന്നും സമാനരീതിയില്‍ മറ്റൊരു പെണ്‍കുട്ടിയെയും കാണാതായെന്ന വിവരം പുറത്തുവരുന്നത്. 2021 ഓഗസ്റ്റ് 30-ാം തീയതി പാലക്കാട് ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാൻ ടൗണിലേക്ക് പോയ സൂര്യ കൃഷ്ണനെ(21)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൂര്യയുടെ തിരോധാനത്തില്‍ പോലീസിന് ഒരുവിവരവും ലഭിച്ചിട്ടില്ല.
മകളെ കാണാതായി ഒന്നര മാസമായിട്ടും വിവരമൊന്നും ലഭിക്കാതായതോടെ നെഞ്ചുനീറി കഴിയുകയാണ് ആലത്തൂര്‍ പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണനും ഭാര്യ സുനിതയും.
പാലക്കാട് മേഴ്‌സി കോളേജിലെ രണ്ടാംവര്‍ഷ ബി.എ. വിദ്യാര്‍ഥിനിയായ സൂര്യയെ 2021 ഓഗസ്റ്റ് 30 മുതലാണ് കാണാതാകുന്നത്. പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ സൂര്യയെ പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടില്‍നിന്ന് പോകുമ്പോള്‍ ഒരു ബാഗും അതില്‍ രണ്ട് ജോഡി വസ്ത്രങ്ങളും മാത്രമാണ് കൈയിലുണ്ടായിരുന്നത്.
പണമോ എ.ടി.എം. കാര്‍ഡോ മൊബൈല്‍ ഫോണോ ആഭരണങ്ങളോ കൊണ്ടുപോയിരുന്നില്ല. ഇതുവരെ നടത്തിയ പോലീസ് അന്വേഷണത്തില്‍ വീടിന് സമീപത്തെ ഒരു സിസിടിവി ദൃശ്യം മാത്രമാണ് ലഭിച്ചത്. തമിഴ്‌നാട്ടിലും ഗോവയിലും ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
പഠിക്കാന്‍ മിടുക്കി, പത്തിലും പ്ലസ്ടുവിലും എപ്ലസ്.
മകളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ ഇന്നേവരെ യാതൊരു സംശയവും തോന്നിയിട്ടില്ല എന്നാണ് അച്ഛന്‍ രാധാകൃഷ്ണന്‍ പറയുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു. എല്‍.കെ.ജി. മുതല്‍ പഠനത്തില്‍ മികച്ചനിലവാരം പുലര്‍ത്തി. പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസായിരുന്നു.
അതിനുശേഷം അവളുടെ താത്പര്യപ്രകാരമാണ് പാലായില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനത്തിന് ചേര്‍ന്നത്. എന്നാല്‍ പ്രവേശന പരീക്ഷയില്‍ കാര്യമായ മാര്‍ക്ക് ലഭിച്ചില്ല. ഇതോടെ മകള്‍ തന്നെ പാലക്കാട്ടെ കോളേജില്‍ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചറിന് ചേര്‍ന്നു. കാണാതാകുന്നതിന് ഒരു മാസം മുമ്പ് പഠനത്തിലൊക്കെ കുറച്ച് ഉഴപ്പ് കാണിച്ചിരുന്നു. ഓഗസ്റ്റ് 30-ാം തീയതി അമ്മ നിര്‍ബന്ധിച്ചിട്ടാണ് അവള്‍ പുസ്തകം വാങ്ങാന്‍ പോകാന്‍ തയ്യാറായത്. എന്നാല്‍ അതിനുശേഷം മകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അവള്‍ എവിടേക്ക് പോയെന്നും അറിയില്ല രാധാകൃഷ്ണന്‍ പറഞ്ഞു.
'പുസ്തകം വാങ്ങാനൊന്നും അവള്‍ ആദ്യം താത്പര്യം കാണിച്ചിരുന്നില്ല. ഒടുവില്‍ അമ്മ നിര്‍ബന്ധിച്ചിട്ടാണ് പുസ്തകം വാങ്ങാന്‍ പോകാന്‍ തയ്യാറായത്. പോകുന്നതിന് മുമ്പ് മൊബൈല്‍ഫോണ്‍ ചോദിച്ചെങ്കിലും കൊടുത്തിരുന്നില്ല. വേഗം പോയി വരില്ലേ, പിന്നെ എന്തിനാണ് ഫോണ്‍ കൊണ്ടുപോകുന്നതെന്നാണ് അമ്മ അവളോട് പറഞ്ഞിരുന്നത്. ചെറിയ വഴക്കുമുണ്ടായി. തുടര്‍ന്ന് ബാഗില്‍ രണ്ട് വസ്ത്രങ്ങളും എടുത്ത് താന്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി.
തങ്ങളെ കളിയിക്കാന്‍ വേണ്ടിയാണ് സൂര്യ അങ്ങനെ പറഞ്ഞതെന്നാണ് അമ്മയും സഹോദരനും കരുതിയത്. ബാഗില്‍ വസ്ത്രം എടുത്തുവെച്ചതൊന്നും അവര്‍ കാര്യമാക്കിയതുമില്ല. ഈ സമയത്ത് ഞാന്‍ ആലത്തൂരിലെ ജോലിസ്ഥലത്തായിരുന്നു. അരമണിക്കൂറിനുള്ളില്‍ സൂര്യ ടൗണിലെ ബുക്ക് സ്റ്റാളിലെത്തുമെന്ന് ഭാര്യ വിളിച്ചുപറഞ്ഞു. രാവിലെ ഏകദേശം 11.30-ഓടെയാണ് സൂര്യ വീട്ടില്‍നിന്നിറങ്ങിയത്. ഇതനുസരിച്ച് ആ സമയത്ത് ഞാ്ന്‍ ബുക്ക് സ്റ്റാളിലെത്തി. എന്നാല്‍ ഒരുമണിക്കൂര്‍ കാത്തിരുന്നിട്ടും മകളെ കണ്ടില്ല. ഇതോടെ വീട്ടിലേക്ക് വിളിച്ചുചോദിച്ചപ്പോഴാണ് 11.30-ഓടെ ഇറങ്ങിയെന്നും ബാഗില്‍ വസ്ത്രങ്ങള്‍ കൊണ്ടുപോയെന്നും പറഞ്ഞത്.
ഉടനെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. സുഹൃത്തുക്കളെയെല്ലാം കൂടി ആലത്തൂരിലും പരിസരപ്രദേശങ്ങളിലും തിരഞ്ഞു. ഒരുവിവരവും ലഭിച്ചില്ല. വീട്ടില്‍നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിയതിനാല്‍ എവിടെയെങ്കിലും മാറിനില്‍ക്കുകയാണെന്ന് കരുതി. കുറച്ചുസമയം കൂടി കാത്തിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
ആ ഒരു സിസിടിവി മാത്രം, എന്തിന് ആ വഴി തിരഞ്ഞെടുത്തു...
ഓഗസ്റ്റ് 30-ന് വൈകിട്ടാണ് ആലത്തൂര്‍ പോലീസില്‍ സൂര്യയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.
ഇതിലൊന്നില്‍നിന്ന് സൂര്യ നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. വീടിന് അല്പദൂരം മാറിയുള്ള സിസിടിവി ക്യാമറയില്‍നിന്നാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. ടൗണിലേക്കുള്ള പ്രധാനവഴിയിലൂടെയല്ല അന്നേദിവസം സൂര്യ നടന്നുപോയതെന്നും വ്യക്തമായി. ഈ വഴിയിലൂടെ സൂര്യ നടന്നുപോകുന്നത് ചിലര്‍ കണ്ടിരുന്നു. ദേശീയപാതയിലേക്ക് എത്തുന്ന വഴിയാണിത്. ദേശീയപാതയില്‍ എത്തിയാല്‍ പാലക്കാട് ഭാഗത്തേക്കും തൃശ്ശൂര്‍ ഭാഗത്തേക്കും പോകാം. എന്നാല്‍ സൂര്യ ദേശീയപാതയില്‍ എത്തിയതോ ഇവിടെനിന്ന് എങ്ങോട്ട് പോയന്നെതോ ആരും കണ്ടിട്ടില്ല.
സൂര്യയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം
സംഭവദിവസം സൂര്യ പോയ വഴിയിലൂടെ മകള്‍ മുന്‍പൊന്നും പോയിട്ടില്ലെന്നാണ് അച്ഛന്‍ രാധാകൃഷ്ണന്‍ പറയുന്നത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാനാകാം പ്രധാന വഴി ഒഴിവാക്കി ഈ വഴി തിരഞ്ഞെടുത്തത്. ആ വഴിയിലൂടെ തങ്ങളാരും അധികം സഞ്ചരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്ല, ഗോവന്‍ സ്വപ്‌നങ്ങള്‍...
ഗോവയില്‍ വീട് വെച്ച് താമസിക്കണമെന്ന് സൂര്യ ഇടയ്ക്കിടെ വീട്ടുകാരോട് പറയാറുണ്ടായിരുന്നു. പഠിച്ച് നല്ല ജോലി വാങ്ങി ഗോവയില്‍ താമസിക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഗോവയാണ് ഇഷ്ടസ്ഥലമെന്നും പറഞ്ഞു. എന്നാല്‍ മകള്‍ ഇന്നേവരെ ഗോവയില്‍ പോയിട്ടില്ലെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. ദൂരയാത്രകളൊന്നും ചെയ്തിട്ടില്ല. ഇന്നേവരെ ട്രെയിനിലും കയറിയിട്ടില്ല.
പാലായില്‍ പഠിക്കുന്ന സമയത്ത് അവിടെപോയി വന്നത് മാത്രമാണ് അവളുടെ ദൂരയാത്ര. ഗോവയില്‍ തങ്ങള്‍ക്കോ അവള്‍ക്കോ പരിചയക്കാരോ മറ്റുമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
സൂര്യയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരനും ഒരു മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഇരുവരും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തതും ഈ ഫോണിലായിരുന്നു.
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളൊന്നും സൂര്യ ഉപയോഗിച്ചിരുന്നില്ല. ചില അധ്യാപികമാരുടെ നമ്പര്‍ മാത്രമാണ് ഫോണില്‍ സേവ് ചെയ്തിരുന്നത്. ഒപ്പം പഠിച്ചിരുന്ന രണ്ടോ മൂന്നോ സുഹൃത്തുക്കളോട് മാത്രം വല്ലപ്പോഴും ഫോണില്‍ സംസാരിക്കും. അതും പഠനകാര്യങ്ങള്‍ മാത്രം. നാട്ടിലോ ഒപ്പം പഠിക്കുന്നവരുമായോ അധികം സൗഹൃദവുമില്ല. എല്ലാസമയവും വീട്ടില്‍തന്നെയായിരുന്നു. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളില്‍ പോവുകയും ചെയ്തിരുന്നില്ല.
പുസ്തകങ്ങളും പഠനവും മാത്രം...
സ്‌കൂള്‍തലം മുതല്‍ പഠനത്തില്‍ സൂര്യ ഫസ്റ്റായിരുന്നുവെന്നാണ് അച്ഛന്‍ രാധാകൃഷ്ണന്‍ പറയുന്നത്. പത്താംക്ലാസിലും പ്ലസ്ടുവിലും എല്ലാവിഷയങ്ങള്‍ക്കും എപ്ലസായിരുന്നു. അതിനുശേഷം സൂര്യയുടെ ആഗ്രഹപ്രകാരമാണ് പാലായിലെ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ പരിശീലനത്തിന് ചേര്‍ന്നത്. എന്നാല്‍ പരീക്ഷയില്‍ വിചാരിച്ച മാര്‍ക്ക് ലഭിച്ചില്ല.
'പ്രവേശന പരീക്ഷാസമയത്ത് മണിക്കൂറുകളോളം പഠനത്തിനായി ചിലവഴിച്ചിരുന്നു. രാത്രിയൊക്കെ എഴുന്നേറ്റായിരുന്നു പഠനം. എന്തിനാണ് ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ പഠിക്കാന്‍ മൂഡ് വരുമ്പോളെല്ലേ പഠിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു അവളുടെ മറുപടി. പഠനത്തിനിടെ ഇത് തന്നെക്കൊണ്ട് പറ്റുന്നില്ലെന്നും പരീക്ഷ എഴുതിയാലും വിചാരിച്ച മാര്‍ക്ക് കിട്ടില്ലെന്നും പറഞ്ഞിരുന്നു. എന്തായാലും രാവുംപകലും ഇരുന്ന് പഠിച്ചതല്ലേ, പരീക്ഷ എഴുതാമെന്ന് പറഞ്ഞു. ഫലം വന്നപ്പോള്‍ മാര്‍ക്ക് കുറവായിരുന്നു.
പ്രവേശന പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെങ്കിലും കുറ്റപ്പെടുത്തുകയോ വിഷമിപ്പിക്കുന്നരീതിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. പഠനത്തിന് വേണ്ടി ചെലവായ പണത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല, അത് പറയാറുമില്ല. കിട്ടുന്ന മാര്‍ക്ക് മതി. എല്ലാവരും ജയിക്കില്ലല്ലോ. കിട്ടിയില്ലെങ്കില്‍ അടുത്തതവണ നോക്കാമല്ലോ എന്ന് മാത്രമാണ് പറഞ്ഞത്.
എന്നാല്‍ പ്രവേശനപരീക്ഷയില്‍ കിട്ടാതിരുന്നതോടെ അവളുടെ താത്പര്യപ്രകാരം തന്നെ ബി.എയ്ക്ക് ചേര്‍ന്നു. കുറച്ചുദിവസം കോളേജില്‍ പോയി. ലോക്ഡൗണ്‍ കാരണം പിന്നീട് ഓണ്‍ലൈന്‍ ക്ലാസായി.
ഓഗസ്റ്റ് ആദ്യംമുതല്‍ സൂര്യ പഠനത്തിലൊന്നും വലിയ താത്പര്യം കാണിച്ചിരുന്നില്ല. അതാണ് പുസ്തകം വാങ്ങാന്‍ വരെ മടികാണിച്ചത്. ഒടുവില്‍ അമ്മ നിര്‍ബന്ധിച്ചിട്ടാണ് അന്ന് പുസ്തകം വാങ്ങാന്‍ പോയത്. എന്നാല്‍ അവളുടെ പെരുമാറ്റത്തിലും മറ്റും സംശയിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. ഫോണ്‍ ഉപയോഗിക്കുന്നതിലും സംശയങ്ങളുണ്ടായിരുന്നില്ല. പണമോ എ.ടി.എം. കാര്‍ഡോ എടുക്കാതെയാണ് പോയത്. കാലില്‍ ഒരു വെള്ളി പാദസരം മാത്രമാണുള്ളത്. അവള്‍ എങ്ങോട്ട് പോയെന്ന് ഒരു പിടിത്തവുമില്ല''- രാധാകൃഷ്ണന്‍ പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ കുടുംബം പരാതി നല്‍കിയിരുന്നു. യുവജന കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
പോലീസ് അന്വേഷണം, ഗോവയിലും തമിഴ്‌നാട്ടിലും തിരച്ചില്‍...
സൂര്യയെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു ആലത്തൂര്‍ സി.ഐ.യുടെ പ്രതികരണം. ആലത്തൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആരെയെങ്കിലും ബന്ധപ്പെട്ടതിനോ ഫോണില്‍ വിളിച്ചതിനോ സൂചനകളില്ല. വീട്ടുകാരുമായി ദേഷ്യപ്പെട്ടാണ് വീട് വിട്ടിറങ്ങിയത്. ജോലിചെയ്ത് ജീവിക്കണമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അതിനാല്‍ എവിടെയെങ്കിലും ജോലിചെയ്യുന്നുണ്ടാകുമെന്നാണ് നിഗമനം. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം തുടരുകയാണെന്നും സി.ഐ. വിശദീകരിച്ചു.
ഗോവയില്‍ താമസിക്കണമെന്ന് സൂര്യ പറഞ്ഞതിനാല്‍ ഗോവയിലെ വിവിധസ്ഥലങ്ങളില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നു. തമിഴ്‌നാട്ടിലും അന്വേഷണം നടത്തി. സൂര്യയുടെ മൊബൈല്‍ ഫോണുകളും ഡയറിയും പുസ്തകങ്ങളും വിശദമായി പരിശോധിച്ചു. എന്നാല്‍ സംശയത്തക്കരീതിയില്‍ ഒന്നും ലഭിച്ചില്ല. പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് പോലീസും പറയുന്നത്. കേസില്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
0 Comments