ആലപ്പുഴ: പൊതിച്ചോറിലെ കറികളെക്കുറിച്ചുള്ള വിവാദം ജനകീയ ഹോട്ടലുകള്‍ക്കു തുണയായി. മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറില്‍ ആവശ്യത്തിനു കറികളില്ലെന്ന് ഒരു ചാനലില്‍ വന്ന വാര്‍ത്തയാണു വിവാദത്തിനു തിരികൊളുത്തിയത്. ഇതോടെ കഴിക്കുന്നവരുടെ എണ്ണം കൂടുകയായിരുന്നു.
ചൊവ്വാഴ്ച 1,74,348 പേര്‍ക്കാണു ഭക്ഷണം വിളമ്പിയത്. ബുധനാഴ്ച ഇത് 1,79,681-ഉം വ്യാഴാഴ്ച 1,80,032-ഉം ആയി ഉയര്‍ന്നു. ആലപ്പുഴയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ ഭക്ഷണം വാങ്ങിയത്.
2,500 പേര്‍ ഈ ദിവസങ്ങളില്‍ അധികമായി ഭക്ഷണം വാങ്ങി. രണ്ടായിരത്തോളം അധികം ഊണുകള്‍ നല്‍കി എറണാകുളവും 700-ഓളം ഊണുകള്‍ കൂടുതല്‍ വിളമ്പി പാലക്കാടും പിന്നിലുണ്ട്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്കു പ്രതിദിനം ഭക്ഷണം നല്‍കിവരുന്നത്. 27,774 ഊണുകള്‍ വ്യാഴാഴ്ച മാത്രം വിറ്റു. തിരുവനന്തപുരം (22,490), മലപ്പുറം (18,891) ജില്ലകള്‍ രണ്ടുംമൂന്നും സ്ഥാനത്തുണ്ട്.
വിശപ്പുരഹിത കേരളം എന്ന ലക്ഷ്യമിട്ടാണു ജനകീയ ഹോട്ടലുകള്‍ തുടങ്ങിയത്. 20 രൂപയ്ക്കു തനി നാടന്‍ ഊണു നല്‍കുന്ന പദ്ധതി കുടുംബശ്രീയാണു നടത്തിവരുന്നത്. ഊണ് ഒന്നിന് 10 രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്‌സിഡിയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത്.
വരുംദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണു കുടുംബശ്രീ വനിതകള്‍. സംസ്ഥാനത്ത് 1,095 ജനകീയ ഹോട്ടലുകളാണുള്ളത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡോ. തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച് ആരംഭിച്ചതാണിവ. ആയിരമാണ് ഉദ്ദേശിച്ചതെങ്കിലും മികച്ച പ്രതികരണം ഉണ്ടായതോടെ ഇതിലും കവിയുകയായിരുന്നു
0 Comments