ഇടുക്കി ആനച്ചാലിൽ 6 വയസുകാരൻ്റെ കൊലപാതകത്തിൽ പ്രതി ലക്ഷ്യം വച്ചത് കൂട്ടക്കൊലയെന്ന് പൊലീസ്. നാല് പേരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലാണ് പ്രതി അക്രമം നടത്തിയത്. കൊലയ്ക്കുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് സംഭ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
തൻ്റെ കുടുംബജീവിതം തകർത്തത് ഭാര്യാസഹോദരിയായ സഫിയയും അവരുടെ മാതാവായ സൈനബയുമാണ്. അതുകൊണ്ട് ഈ കുടുംബത്തിലെ നാലു പേരെയും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നത്.
സഫിയയെയും മകൻ അൽത്താഫിനെയും ഇയാൾ ആദ്യം ആക്രമിച്ചു. ഇരുവരും മരിച്ചു എന്ന് കരുതിയതിനു ശേഷമാണ് തൊട്ടടുത്ത വീട്ടിൽ ചെന്ന് സഫിയയുടെ മാതാവ് സൈനബയെ ആക്രമിക്കുന്നത്. ഇവരും മരിച്ചു എന്ന് കരുതിയതിനു ശേഷം പ്രതി പെൺകുട്ടിയെയുമായി പുറത്തേക്കെത്തി.
ഈ കുട്ടിയെയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വീടിനു സമീപത്തു നിന്ന് പൊലീസ് കണ്ടെത്തി. ദുരന്തം നേരിൽ കണ്ട ആഘാതത്തിലുള്ള പെൺകുട്ടിയുടെ മൊഴിയാണ് കേസിൽ സുപ്രധാനമാവുക. കൗൺസിലിങിനും മറ്റും ശേഷമാവും പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുക.
കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാൻ സംഭവത്തിൽ ഇന്നലെ പിടിയിലായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുതുവാൻകുടിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കുടുംബവഴക്കിന്റെ പേരിൽ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ആറുവയസുകാരൻ അൽതാഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അൽതാഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
0 Comments