താനൂർ : തീവണ്ടി വരുന്ന സമയത്ത് സ്കൂൾ വിദ്യാർഥികൾ തമാശയ്ക്ക് ചുവന്ന ബാഗ് ഉയർത്തിക്കാണിച്ച് അപായസൂചന നൽകി തീവണ്ടി നിർത്തിച്ചു.
താനൂർ റെയിൽവേ സ്റ്റേഷനു സമീപം എറണാകുളം-കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് തീവണ്ടിക്കുനേർക്കാണ് ചില വിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ കയറി ചുവന്ന ബാഗ് ഉയർത്തിയത്. അപായസൂചനയാണെന്ന് മനസ്സിലായതിനെത്തുടർന്ന് തീവണ്ടി നിന്നതോടെ വിദ്യാർത്ഥികൾ ഓടിമറഞ്ഞു. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ആർ.പി.എഫ്. ഉദ്യോഗസ്ഥർക്ക് വിദ്യാർഥികളാണ് സംഭവത്തിനുപിന്നിലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വിദ്യാർത്ഥികൾ ഓപ്പൺ സ്കൂൾ സംവിധാനത്തിൽ താനൂർ കാട്ടിലങ്ങാടി സ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയവരാണെന്നും കണ്ടെത്തി.
വിദ്യാർത്ഥികൾ പരീക്ഷയെഴുതി കഴിയുന്നതുവരെ സ്കൂളിൽ കാത്തിരുന്ന ആർ.പി.എഫ്. ഉദ്യോഗസ്ഥർ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ ചോദ്യംചെയ്തു.
തീവണ്ടി നിർത്തിച്ചവരെ കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് തെറ്റ് ചെയ്തതെന്ന് ബോധ്യപ്പെട്ടതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. കോഴിക്കോട് ആർ.പി.എഫ്. ഉദ്യോഗസ്ഥരായ ഷിനോജ്, മുഹമ്മദ് അസ്‍ലം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.
0 Comments