🇸🇦സൗദിയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഇരുനൂറിൽ താഴെയായി.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ഉള്ളവരുടെ എണ്ണം 193 ആയി കുറഞ്ഞു. അതേസമയം 42 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. നിലവിലെ അസുഖ ബാധിതരിൽ 55 പേർ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് 47,266 പി സി ആർ പരിശോധനകൾ നടത്തി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,47,221 ആയി. ഇതിൽ 5,36,281 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,722 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
സൗദി അറേബ്യയിൽ ഇതുവരെ 42,210,505 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,408,530 എണ്ണം ആദ്യ ഡോസ് ആണ്. 18,801,975 എണ്ണം സെക്കൻഡ് ഡോസ് ആണ്. 1,656,548 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.
🇦🇪യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളില്ല, 256 പുതിയ കേസുകള്‍.
✒️യുഎഇയില്‍ (United Arab Emirates)പുതിയതായി 256 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 331 പേരാണ് ഇന്ന് രോഗമുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,524 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,29,242 പേര്‍ രോഗമുക്തരായി. 2,100 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,182 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.42 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.
🇧🇭എക്‌സ്‌പോ 2020: ബഹ്‌റൈന്‍ പവലിയന്‍ തുറന്നു.
✒️എക്‌സ്‌പോ 2020ല്‍ ബഹ്‌റൈന്‍ പവലിയന്‍ തുറന്നു. വെള്ളിയാഴ്ചയാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്. ബഹ്‌റൈന്‍ സാംസ്‌കാരിക, പുരാവസ്തു അതോറിറ്റി അധ്യക്ഷ ശൈഖ മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയാണ് 'ഡെന്‍സിറ്റി വീവ്‌സ് ഓപ്പര്‍ച്യൂണിറ്റി' എന്ന് പേരിട്ട പവലിയന്‍ ഉദ്ഘാടനം ചെയ്തത്.
ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്‌റാഫ് ഉള്‍പ്പെടെ നിരവധി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ബഹ്‌റൈന്റെ സംസ്‌കാരവും പാരമ്പര്യവും നേട്ടങ്ങളും എടുത്തുകാട്ടുന്നതാണ് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ള പവലിയന്‍. രാജ്യങ്ങളുടെ പുരോഗതിയില്‍ സംസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ലോകത്തിന് പ്രതീക്ഷയാണിതെന്നും ശൈഖ മായി പറഞ്ഞു.
രാജ്യാന്തര എക്‌സ്‌പോയുടെ 34-ാം പതിപ്പിനാണ് ഒക്ടോബര്‍ ഒന്നുമുതല്‍ ദുബൈ വേദിയാകുന്നത്. മനസ്സുകളെ കൂട്ടിയിണക്കുക, ഭാവി സൃഷ്ടിക്കുക (Connecting Minds, Creating the Future) എന്നതാണ് ദുബൈ എക്‌സ്‌പോ 2020ന്റെ പ്രമേയം. ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടര കോടി സന്ദര്‍ശകരെയാണ് ആറുമാസക്കാലയളവില്‍ എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നത്. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും എക്‌സ്‌പോ സന്ദര്‍ശനത്തിന് സമയം അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വെളുപ്പിന് രണ്ട് മണി വരെയാണ് സന്ദര്‍ശന സമയം.
🇶🇦ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-മദീന സര്‍വീസുകള്‍ പുനരാരംഭിച്ചു.
✒️ഖത്തര്‍ എയര്‍വേയ്‌സിന്റെ(Qatar Airways) ദോഹ-മദീന(Doha-Medina) സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച മുതലാണ് ആഴ്ചയില്‍ നാല് സര്‍വീസുകളുമായി വിമാനയാത്ര പുനരാരംഭിച്ചത്.
ഖത്തര്‍ എയര്‍വേയ്‌സിന്റെ എയര്‍ബസ് എ320 ആയിരിക്കും ഈ റൂട്ടില്‍ സര്‍വീസുകള്‍ നടത്തുന്നത്. ഫസ്റ്റ് ക്ലാസില്‍ 12 സീറ്റുകളും എക്കണോമി ക്ലാസില്‍ 132 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ രാത്രി ഒരു മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 3.15ന് മദീനയിലെത്തും. അവിടെ നിന്ന് പുലര്‍ച്ചെ 4.15ന് പുറപ്പെടുന്ന വിമാനം 6.25ന് ദോഹയില്‍ തിരിച്ചെത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഖത്തര്‍ എയര്‍വേയ്‌സ് തുടരുകയാണ്. നിലവില്‍ 140ലധികം സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
🇴🇲ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
✒️ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി (Official Holiday) പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ വുസ്‍ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദോഫാര്‍, അല്‍ വുസ്‍ത ഗവര്‍ണറേറ്റുകളില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഭരണ മേഖലയിലെ ജീവനക്കാര്‍ക്കും നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഒക്ടോബര്‍ മൂന്ന്, നാല് തീയ്യതികളില്‍ ഔദ്യോഗിക അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.
വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുകയാണിപ്പോള്‍. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 നോട്സ് ആയി ഉയര്‍ന്നെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. മസ്‌കത്ത് മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകള്‍ വരെയുള്ള തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🇰🇼കുവൈത്തിലെ മാളില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു.
✒️കുവൈത്തിലെ (Kuwait) ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. ഇവിടുത്തെ പ്രമുഖ ഷോപ്പിങ് മാളില്‍ ഒരുകൂട്ടം യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവുമുണ്ടായെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.
സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു യുവാവിനെ കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇവിടെ നിന്ന് രക്ഷപ്പെട്ടവരെ ശര്‍ഖ് പൊലീസിന്റെ സഹായത്തോടെ പിടികൂടി. സംഘം ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മേജര്‍ ജനറല്‍ ഫറജ് അല്‍ സൌബി പറഞ്ഞു.
🇴🇲ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനിലെ ചില പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.
✒️ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി ദേശീയ ദുരന്ത നിവാരണ സമിതി (National emergency Management Committee). കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് അടുത്ത ഷെല്‍ട്ടറുകളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ബര്‍ക്ക, സഹം വിലായത്തുകളിലും മസ്‍കത്ത്, ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് തൊട്ടടുത്ത സര്‍ക്കാര്‍ ഷെര്‍ട്ടറുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്‍ച മുതല്‍ ഒമാനില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‍മെന്റ് അറിയിച്ചു. 48 മണിക്കൂറിനിടെ 200 മുതല്‍ 500 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ എട്ട് മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കും.
അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് 9999 എന്ന നമ്പറില്‍ റോയല്‍ ഒമാന്‍ പൊലീസിനെയും 1111 എന്ന നമ്പറില്‍ മസ്‍കത്ത് മുനിസിപ്പാലിറ്റി കോള്‍ സെന്ററിലും ബന്ധപ്പെടാം. ദേശീയ ദുരന്ത നിവാരണ സമിതിയിലും പ്രത്യേക ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ഫോണ്‍ - 24521666. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സ്വകാര്യ മേഖലയ്‍ക്ക് ഉള്‍പ്പെടെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്‍, ഫെറി സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതായി ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തും അറിയിച്ചിട്ടുണ്ട്.
🇸🇦സൗദി: പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധം.
✒️രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 1-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
ഈ തീരുമാനം രാജ്യത്ത് വാണിജ്യ, വ്യാവസായിക, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം മേഖലകളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിലും, ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് ബാധകമാണ്. ഒക്ടോബർ 10 മുതൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും നിർബന്ധമാകുന്നതാണ്.
ഇതിന് പുറമെ, സൗദിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും, വ്യോമഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കുന്നതാണ്. 2021 ഒക്ടോബർ 10-ന് രാവിലെ 6 മണി മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുന്നതാണ്.
Tawakkalna ആപ്പിലെ സ്റ്റാറ്റസ് പ്രകാരം, COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവരെ മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
🇶🇦ഖത്തർ: ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് സെപ്റ്റംബർ 29-ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
മെട്രോ, മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ്സ് എന്നീ സേവനങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള തീരുമാനം 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
🇧🇭ബഹ്‌റൈൻ: ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് ഒക്ടോബർ 3 മുതൽ മാറുമെന്ന് അറിയിപ്പ്.
✒️രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് 2021 ഒക്ടോബർ 3 മുതൽ മാറുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ BeAware ആപ്പിലെ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇവർ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലൂടെയും, BeAware ആപ്പിലൂടെയും പൂർത്തിയാക്കാവുന്നതാണ്.
ബഹ്‌റൈനിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്:
സിനോഫാം വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 മുതൽ 39 വയസ് വരെ പ്രായമുള്ള ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 40 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 40 വയസിനു താഴെ പ്രായമുള്ള വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കും രണ്ടാം ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഫൈസർ ബയോഎൻടെക് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്.
കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ആസ്ട്ര സെനേക, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
സ്പുട്നിക് V വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്നിക് V, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
COVID-19 രോഗമുക്തി നേടിയവരും, രണ്ട് ഡോസ് വാക്സിനെടുത്തവരുമായവർ – ഇവർക്ക് COVID-19 രോഗബാധിതരായ തീയതി മുതൽ പന്ത്രണ്ട് മാസം കണക്കാക്കിയാണ് ബൂസ്റ്റർ നൽകുന്നത്.
🇶🇦ഖത്തറില്‍ ഇന്ന് രോഗമുക്തി വര്‍ധിച്ചു; 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്.
✒️ഖത്തറില്‍ (Qatar) ഇന്ന് 99 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 42 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 159 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,35,014. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 606.
1,214 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 13 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 57 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,132 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,22,279 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.9ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.
🇦🇪അബുദാബിയിൽ എയർ ആംബുലൻസ് തകർന്നുവീണു; പൈലറ്റും ഡോക്ടറുമടക്കം 4 മരണം.
✒️അബുദാബിയിൽ എയർ ആബുലൻസ് തകർന്ന് വീണ് 4 പേർ മരിച്ചു. പൈലറ്റും ഡോക്ടറും നഴ്‌സുമടക്കമുള്ള സംഘമാണ് മരണപ്പെട്ടത്. യു എഇ സ്വദേശിയും പൈലറ്റുമായ ഖാമിദ് സയ്യിദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോക്ടർ ഷാഹിദ് ഗുലാം നഴ്‌സായ ജോയൽ സക്കാര മിൻഡ്രോ എന്നിവരാണ് മരണപ്പെട്ടതെന്നാണ് ദുബായ് പോലീസ് വ്യക്തമാക്കിയത്. ജോലിക്കിടെയാണ് അപകടമെന്നാണ് സൂചന. എന്നാൽ എങ്ങനെ അപകടം ഉണ്ടായി എന്നോ എപ്പോൾ സംഭവിച്ചു എന്നതിനെക്കുറിച്ചോ പോലീസ് വ്യക്തമാക്കിയിട്ടില്ല.
0 Comments