🇸🇦സൗദിയില്‍ 41 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
🇦🇪അബുദാബിയില്‍ ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിന്‍ തുടങ്ങി.
🇦🇪മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം.
🇸🇦മക്ക, മദീന പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി.
🛫കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് തുക തിരിച്ചുനല്‍കും.
🇴🇲ഒമാനില്‍ 29 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.
🇸🇦സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം; ഡ്രോണ്‍ തകര്‍ത്തു.
🇰🇼കുവൈത്തിൽ തുറസായ സ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കിയേക്കും.
🇶🇦ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക്; 42 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
🇸🇦സൗദി വിമാനത്താവളങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തനം പുനഃരാരംഭിച്ചു.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ 41 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
✒️സൗദി അറേബ്യയില്‍ പുതുതായി 41 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 47 പേര്‍ രോഗമുക്തി നേടി. 45,160 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,931 ആയി. ഇതില്‍ 5,36,947 പേരും സുഖം പ്രാപിച്ചു. ആകെ 8,763 പേര്‍ മരിച്ചു.
കൊവിഡ് ബാധിതരില്‍ 106 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,585,184 ഡോസ് കവിഞ്ഞു. ഇതില്‍ 23,895,455 എണ്ണം ആദ്യ ഡോസ് ആണ്. 20,689,729 എണ്ണം സെക്കന്‍ഡ് ഡോസും. 1,684,687 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 18, ജിദ്ദ 7, മദീന 2, മക്ക 2, ദഹ്‌റാന്‍ 2, മറ്റ് 10 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇦🇪അബുദാബിയില്‍ ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിന്‍ തുടങ്ങി.
✒️ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വര്‍ഷംതോറും നടത്തി വരുന്ന ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിനിന്(flu vaccine campaign) അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി(സെഹ)തുടക്കമിട്ടു. 50 വയസ്സിന് മുകളിലുള്ളവര്‍, 18 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗമുള്ളവര്‍, തിഖ കാര്‍ഡ് ഉടമകള്‍, ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് ഫ്‌ലൂ വാക്‌സിന്‍ സൗജന്യമാണെന്ന് സെഹ(Seha) അറിയിച്ചു. ഇവരൊഴികെ ഉള്ളവര്‍ക്ക് 50 ദിര്‍ഹമാണ് നിരക്ക്.
കൃത്യമായ ഇടവേളകളിലുള്ള വാക്‌സിനേഷന്‍ ഗുരുതര രോഗങ്ങളും ആശുപത്രി വാസവും തടയുമെന്ന് സെഹ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നൂറ അല്‍ ഗൈതി പറഞ്ഞു. അബുദബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ സെഹയുടെ ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസ് സെന്ററുകളിലും ഫ്‌ലൂ വാക്‌സിന്‍ ലഭ്യമാണ്. വാക്‌സിന്‍ ബുക്ക് ചെയ്യുന്നതിനായി 80050 എന്ന സെഹ നമ്പറില്‍ വിളിക്കുകയോ സെഹയുടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യാം.
വീട്ടിലെത്തി വാക്‌സിന്‍ നല്‍കുന്നതിന് 350 ദിര്‍ഹമാണ് നിരക്ക്. ഇതിനായി 027116091 (അബുദാബി), 027111502(അല്‍ ഐന്‍) എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യണം.
🇦🇪മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം.
✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 47-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 3,302 ഭാഗ്യശാലികള്‍ 274,795 ദിര്‍ഹം സ്വന്തമാക്കിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. 165 വിജയികള്‍ 1,000 ദിര്‍ഹം വീതം നേടി. 3,137 പേരാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്. 1, 5, 6, 10, 39, 44 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. നറുക്കെടുത്ത സംഖ്യകളില്‍ അഞ്ചെണ്ണം യോജിച്ച് വരുന്നവര്‍ക്കുള്ള രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹത്തിനും ഇത്തവണ ആരും അര്‍ഹരായില്ല. മഹ്‌സൂസിന്റെ നിയമപ്രകാരം 2021 ഒക്ടോബര്‍ 23 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പിലെ രണ്ടാം സമ്മാന വിജയിക്ക് ഈ തുക കൂടി കൂട്ടിച്ചേര്‍ത്ത് ആകെ 2,000,000 ദിര്‍ഹമാണ് ലഭിക്കുക.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
🇸🇦മക്ക, മദീന പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി.
✒️മക്കയിലും(Makkah) മദീനയിലും(Madina ) പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സാമൂഹിക അകലം(social distance) പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് ഇന്ന് (ഞായറാഴ്ച) രാവിലെ പ്രഭാത പ്രാര്‍ത്ഥന (സുബഹി നമസ്‌കാരം) മുതലാണ്.
ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും സമൂഹ അകലം പാലിക്കാണമെന്ന് ആവശ്യപ്പെട്ട് പതിച്ചിരുന്ന സ്റ്റിക്കറുകള്‍ നീക്കം ചെയ്തിരുന്നു. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഒഴിവാക്കി. ഇതോടെ നിയന്ത്രണങ്ങളില്ലാതെ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പള്ളികളില്‍ പ്രവേശിക്കാം. കോവിഡ് വ്യാപനത്തിന് രാജ്യത്ത് ഏറെക്കുറെ ശമനം വന്ന സാഹചര്യത്തിലാണ് തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍, സമൂഹ അകല പാലന നിബന്ധനകള്‍ ഒഴിവാക്കിയതും കോവിഡ് പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലഘൂകരിച്ചതും.
🛫കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് തുക തിരിച്ചുനല്‍കും.
✒️സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര വിമാന സര്‍വീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നല്‍കുക. ഇത് സംബന്ധിച്ച് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടിക്കറ്റ് റദ്ദാക്കേണ്ടി വന്നവര്‍ക്ക് വ്യവസ്ഥകള്‍ പ്രകാരം തുക മടക്കി നല്‍കാനാണ് തീരുമാനം.
ടിക്കറ്റ് തുകയ്ക്ക് പകരം കൂപ്പണുകളോ ടിക്കറ്റോ ലഭിച്ചവര്‍ പണം ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കണമെന്നും ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. പഴയ ടിക്കറ്റുകളുടെ പുനരുപയോഗ സമയത്ത് അധിക ചാര്‍ജ് ഈടാക്കാന്‍ പാടില്ല. എന്നാല്‍ യാത്രികന്റെ സമ്മതത്തോടെ യാത്ര പുനക്രമീകരിക്കുകയാണെങ്കില്‍ നിശ്ചിത റൂട്ടിന്റെ അധിക ചാര്‍ജ് ഈടാക്കാമെന്നും അതോറിറ്റി അറിയിച്ചു.
🇴🇲ഒമാനില്‍ 29 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.
✒️ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 29 പേര്‍ക്ക് കൂടി കൊവിഡ് 19 (covid 19)സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്.
നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 62 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. ഇതുവരെ 3,04,054 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,424 പേര്‍ ഇതിനോടകം രോഗമുക്തരായി. 4,105 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ 525 കൊവിഡ് രോഗികളാണ് ഒമാനിലുള്ളത്. 98.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 21 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ എട്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
🇸🇦സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം; ഡ്രോണ്‍ തകര്‍ത്തു.
✒️സൗദി അറേബ്യ(Saudi Arabia) ലക്ഷ്യമിട്ട് ഹൂതികള്‍(houthi) അയച്ച ഡ്രോണ്‍ (drone)സൗദി എയര്‍ ഡിഫന്‍സ് സംഘം തകര്‍ത്തു. ജിസാന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്ത വിവരം ശനിയാഴ്ച പുലര്‍ച്ചെയാണ് അറബ് സഖ്യസേന അറിയിച്ചത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആകാശത്ത് വെച്ച് തന്നെ നിര്‍വീര്യമാക്കുകയായിരുന്നു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണ ശ്രമം തുടരുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് സൗദി വ്യക്തമാക്കിയിരുന്നു.
ഈ മാസം ആദ്യം അബഹ വിമാനത്താവളത്തെയും ദക്ഷിണ സൗദിയിലെ ജിസാന്‍ വിമാനത്താവളത്തെയും ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് എത്തിയ വിമാനത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തിടുകയായിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ പതിച്ചാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു. ഈ മാസം തന്നെ ജിസാനിലെ കിങ് അബ്‍ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ യാത്രക്കാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് ഡ്രോണുകളും സൗദി വ്യോമസേന തര്‍ത്തുവെങ്കിലും ഇവയുടെ അവശിഷ്‍ടങ്ങള്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു.
🇰🇼കുവൈത്തിൽ തുറസായ സ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കിയേക്കും.
✒️കുവൈത്തില്‍ തുറസായ സ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കിയേക്കും. തിങ്കളാഴ്ച ചേരുന്ന കാബിനറ്റില്‍ തിരുമാനമെടുത്തേക്കും. അതേസമയം, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് തുടരാനും ആരാധനാലയങ്ങളിലെ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ തരത്തിലുമുള്ള കൂടിച്ചേരലുകള്‍ക്കും അനുമതി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കും തീരുമാനങ്ങള്‍.
🇶🇦ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക്; 42 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
✒️ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക്. 42 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഇരുപത് പേർ രാജ്യത്തേക്ക് മടങ്ങിയെത്തിയവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 236,423 ആയി. ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണ സംഖ്യ 608 ആയി തുടരുന്നു. അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 898 പേരാണ്. എട്ടു പേര്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,990 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 4,790,350 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇸🇦സൗദി വിമാനത്താവളങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തനം പുനഃരാരംഭിച്ചു.
✒️സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് വിമാനത്താവളങ്ങളോട് പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികളോട് സർവിസ് ഓപറേഷൻ നടത്താനും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകിയത്.
സൗദി വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സർവിസ് നടത്തുന്ന എല്ലാ സ്വകാര്യ, പൊതുമേഖല വിമാന കമ്പനികൾക്കും തങ്ങളുടെ മുഴുവൻ ശേഷിയിലും സർവിസ് നടത്താൻ അതോറിറ്റി നിർദേശം നൽകി. രാജ്യത്തെ വിമാനത്താവളങ്ങൾ പൂർണ ശേഷിയിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവിസുകൾക്കായി ഉപയോഗിക്കും.
യാത്രക്കാർ കോവിഡ് വാക്സിനേഷൻ നടത്തിയിട്ടുണ്ടോ എന്ന പരിശോധന നടപടി തുടരും. വ്യക്തി വിവര ആപ്പായ 'തവക്കൽനാ'യിലാണ് പരിശോധന നടത്തുകയെന്നും സിവിൽ ഏവിഷേയൻ അതോറിറ്റി വ്യക്തമാക്കി. അതേസമയം ഇന്ത്യയടക്കം നിലവിൽ നേരിട്ടുള്ള യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് സൂചനകളൊന്നുമില്ല.

0 Comments