Ticker

6/recent/ticker-posts

Header Ads Widget

ന്യൂനമര്‍ദം ഇപ്പോള്‍ കേരള തീരത്ത്


കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെ കേരളത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും അന്തരീക്ഷസ്ഥിതിയിലെ വ്യതിയാനം കാരണം ഇന്ന് പുലര്‍ച്ചെ മാത്രമേ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ ഉണ്ടാകൂ എന്ന് മെറ്റ്ബീറ്റ് വെതര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ അറിയിച്ചിരുന്നു. ഏറ്റവും പുതിയ ഡാറ്റ പ്രകാരം തിരുവനന്തപുരത്തു നിന്ന് തൃശൂര്‍ വരെയുള്ള ജില്ലകളില്‍ കനത്ത മഴ ഇതിനകം ലഭിച്ചിട്ടുണ്ട് അടുത്ത മണിക്കൂറുകളില്‍ മഴ വടക്കന്‍ ജില്ലകളിലേക്കും നീങ്ങുമെന്ന് മെറ്റ്ബീറ്റ് വെതറിലെ മീറ്റിയോറളജിസ്റ്റ് പറയുന്നു. അടുത്ത 24 മുതല്‍ 36 മണിക്കൂര്‍ മധ്യ, വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.

ന്യൂനമര്‍ദം ഇപ്പോള്‍ കേരള തീരത്ത്
ഏറ്റവും പുതിയ വിവരം പ്രകാരം ന്യൂനമര്‍ദം താനൂര്‍ തീരത്തു നിന്ന് ഏകദേശം 68 കി.മി അകലെയാണ് സ്ഥാനം. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനമായുള്ള മേഘക്കൂട്ടം ഇപ്പോള്‍ കേരളത്തിനു മുകളിലാണ്. ശക്തമായ മഴക്ക് ഇത് കാരണമാകും. വൈകിട്ടോടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകും. മധ്യകേരളത്തില്‍ ഇന്ന് രാത്രിയും അതിശക്തമായ മഴയുണ്ടാകും. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും അടുത്ത 24 മണിക്കൂറില്‍ ജാഗ്രത വേണ്ടിവരും. 


രാത്രിയില്‍ പരക്കെ മഴ സാധ്യത
കേരളതീരം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി പസഫിക് സമുദ്രത്തിലേക്ക് ട്രഫ് രൂപപ്പെടുന്നതായി നിരീക്ഷണങ്ങളില്‍ കാണുന്നു. അതിനാല്‍ അറബിക്കടലിലെ മേഘങ്ങള്‍ കടലില്‍ പെയ്തുപോയില്ലെങ്കില്‍ കേരളത്തിനു മുകളില്‍ വന്നു പെയ്യാന്‍ സാധ്യത കൂടുതലാണ്. വടക്കന്‍ കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ മഴയില്ലെങ്കിലും രാത്രിയോടെ മഴ അതിശക്തമാകും. ചിലയിടങ്ങളില്‍ തീവ്രമഴയും പ്രതീക്ഷിക്കണം.

 കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ അടുത്ത 36 മണിക്കൂറില്‍ ജാഗ്രത പാലിക്കണം. നാളെ ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരത്തിനും മറ്റും പോകുന്നത് സുരക്ഷിതമല്ല.

 രാത്രിയാത്രയും സുരക്ഷിതമല്ല. പ്രാദേശിക വെള്ളക്കെട്ടുകള്‍ കേരളത്തില്‍ പലയിടത്തും രൂപപ്പെടും. സ്വന്തം പ്രദേശത്തിന്റെ സെന്‍സിറ്റിവിറ്റി മനസ്സിലാക്കി ആവശ്യമായ മുന്‍കരുതല്‍ ഓരുരുത്തരും സ്വീകരിക്കുന്നത് ഉചിതമാണെന്നും മെറ്റ്ബീറ്റ് വെതര്‍ നിര്‍ദേശിക്കുന്നു. ഇപ്പോഴത്തെ മഴ രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കില്ലെങ്കിലും മഴയുടെ ശക്തി കൂടുതലാകുന്നതാണ് വെള്ളക്കെട്ടുകള്‍ക്ക് കാരണമാകുക.

 ഇപ്പോഴത്തെ മഴയെ കുറിച്ച് മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷകരും സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകുന്നതും സുരക്ഷിതമല്ല. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശാസ്ത്രീയമായ സംവിധാനമാണ്. അതിനാല്‍ എല്ലാവരും മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി.

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്തനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.  

അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

സ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ വിശദമായ മുന്നൊരുക്കം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments