🛫പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആകര്‍ഷകമായ ഓഫറുമായി എയര്‍ അറേബ്യ.
✒️നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്(Indian expatriates) ആകര്‍ഷകമായ ഓഫറുമായി അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി(Air Arabia Abu Dhabi). ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ഉണ്ടാകുമെന്ന് വിമാന കമ്പനി വ്യക്തമാക്കി. നവംബര്‍ ആദ്യ വാരമാണ് എയര്‍ അറേബ്യ അബുദാബി സര്‍വീസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നവംബര്‍ മൂന്നിന് രാത്രി 10.55ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യ സര്‍വീസ്. നവംബര്‍ അഞ്ചിന് രാത്രി 11.30ന് കോഴിക്കോട്ടേക്കും നവംബര്‍ 16ന് ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ ഉണ്ടാകും. airarabia.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
🛫ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 നവംബർ 30 വരെ നീട്ടി.
✒️അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 നവംബർ 30 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഒക്ടോബർ 29-നാണ് ഇന്ത്യൻ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 നവംബർ 30, 11:59pm വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.”, DGCA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ വിലക്കുകൾ ചരക്ക് വിമാനങ്ങൾക്കും, DGCA പ്രത്യേക അനുമതി നൽകിയിട്ടുള്ള വിമാനങ്ങൾക്കും ബാധകമല്ല.
വിദേശരാജ്യങ്ങളിലേക്കും, തിരികെയും സർവീസ് നടത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ഓരോ സർവീസിന്റെയും അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് തുടരുമെന്നും DGCA അറിയിച്ചു.
🇴🇲ഒമാൻ: COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അനുമതി നൽകി.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ച ഏതാനം വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അംഗീകാരം നൽകാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രോഗബാധയേൽക്കാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം.
ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ നടപടി ക്രമങ്ങൾ, ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങൾ മുതലായ വിവരങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നവംബർ ആദ്യ ആഴ്ച്ച മുതൽ രാജ്യത്തെ അഞ്ച് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിനും സുപ്രീം കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
2021 നവംബർ 1 മുതൽ രാജ്യത്തെ 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
🇴🇲ഒമാൻ: 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നവംബർ 1 മുതൽ നേരിട്ടുള്ള അധ്യയനം നടപ്പിലാക്കും.
✒️2021 നവംബർ 1 മുതൽ രാജ്യത്തെ 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
നവംബർ 1 2021 മുതൽ ഒമാനിലെ എല്ലാ വിദ്യാലയങ്ങളിലെയും അഞ്ച് മുതൽ പതിനൊന്ന് വരെയുള്ള ഗ്രേഡുകളിലെ 100 ശതമാനം വിദ്യാർത്ഥികളും അധ്യയനത്തിനായി വിദ്യാലങ്ങളിൽ നേരിട്ട് ഹാജരാകുന്നതാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
🇧🇭ബഹ്‌റൈൻ: ഒക്ടോബർ 31 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം.
✒️വിദേശത്ത് നിന്ന് ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. 2021 ഒക്ടോബർ 31, ഞായറാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.
ഈ തീരുമാന പ്രകാരം, ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് ഇത് തെളിയിക്കുന്ന QR കോഡ് അടങ്ങിയ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കൊണ്ട് ഒക്ടോബർ 31 മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കാവുന്നതാണ്. ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ https://healthalert.gov.bh/ എന്ന വിലാസത്തിൽ ലഭ്യമാണ്.
രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ശുപാർശയെത്തുടർന്നാണ് ഈ തീരുമാനം. ഈ തീരുമാനത്തിന് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു.
🇶🇦ഖത്തർ: ഒക്ടോബർ 31 മുതൽ മൂന്ന് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കും.
✒️2021 ഒക്ടോബർ 31, ഞായറാഴ്ച്ച മുതൽ മൂന്ന് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ട്വിറ്റർ പേജിലാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ഒക്ടോബർ 31 മുതൽ താഴെ പറയുന്ന മൂന്ന് റൂട്ടുകളിലെ മെട്രോ ലിങ്ക് സേവനങ്ങളാണ് പുനരാരംഭിക്കുന്നത്:
M126 – Ras Bu Fontas.
M133 – Al Wakra.
M147 – Qatar University.
ദോഹ മെട്രോയുടെ സ്റ്റേഷനുകളിലേക്കെത്തുന്ന ഉപഭോക്താക്കൾക്ക് സ്റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ പരിധിയിൽ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഫീഡർ ബസ് സംവിധാനമാണ് മെട്രോ ലിങ്ക്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മെട്രോ ലിങ്ക് സേവനങ്ങൾ വിവിധ റൂട്ടുകളിലായി പടിപടിയായി പുനരാരംഭിച്ച് കൊണ്ടിരിക്കുകയാണ്.
2021 ജൂൺ 30 മുതൽ M132 (Al Wakra), M123 (Oqba Ibn Nafie), M139 (Umm Ghuwailina), M114 (Al Doha Al Jadeda) എന്നീ റൂട്ടുകളിലും, 2021 സെപ്റ്റംബർ 26 മുതൽ M207 (Al Messila), M112 (Al Doha Al Jadeda), M113 (Al Doha Al Jadeda), M116 (Umm Ghuwailina), M120 (Al Matar Al Qadeem) എന്നീ റൂട്ടുകളിലും മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചിരുന്നു.
🇴🇲ഒമാൻ: കോവാക്സിൻ COVID-19 വാക്സിന് ഔദ്യോഗിക അംഗീകാരം.
✒️വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തി. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾക്ക് യാത്രാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ അംഗീകാരം നൽകിയിട്ടുണ്ട്. ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് 14 ദിവസങ്ങൾക്ക് മുൻപ് രണ്ട് ഡോസ് കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ നേടിയിട്ടുള്ള ഇന്ത്യക്കാർക്ക് ഒമാനിലേക്ക് ക്വാറന്റീൻ നടപടികൾ കൂടാതെ യാത്ര ചെയ്യാവുന്നതാണ്.
ഇതോടെ ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾക്ക് യാത്രാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ അംഗീകാരം നൽകിയിട്ടുണ്ട്. ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് 14 ദിവസങ്ങൾക്ക് മുൻപ് രണ്ട് ഡോസ് കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ നേടിയിട്ടുള്ള ഇന്ത്യക്കാർക്ക് ഒമാനിലേക്ക് ക്വാറന്റീൻ നടപടികൾ കൂടാതെ യാത്ര ചെയ്യാവുന്നതാണ്.
🇸🇦എക്സ്പോ 2030-യുടെ വേദിയാകാൻ തയ്യാറാണെന്ന് സൗദി അറേബ്യ.
✒️2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ ഇതിനായുള്ള ഔദ്യോഗിക അപേക്ഷ സമർപ്പിച്ചതായി ലോക എക്സ്പോ സംഘാടകരായ BIE സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനമെന്ന് സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിട്ടുണ്ട്.
‘മാറ്റത്തിന്റെ കാലഘട്ടം: ദീര്‍ഘദൃഷ്ടിയോടെയുള്ള ഭാവിയിലേക്ക് ഭൂമിയെ നയിക്കാം’ എന്ന ആശയത്തിലൂന്നിയാണ് എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള ഔദ്യോഗിക അപേക്ഷ സൗദി അറേബ്യ സമർപ്പിച്ചിട്ടുള്ളത്. റിയാദിൽ വെച്ച് എക്സ്പോ 2030 നടത്തുന്നതിനാണ് സൗദി അറേബ്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്.
2030-ലെ ലോക എക്സ്പോ നടത്തുന്നതിനുള്ള അനുമതിയ്ക്കായി സൗദി അറേബ്യയ്ക്ക് പുറമെ റഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഉക്രൈൻ എന്നീ രാജ്യങ്ങളും ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.
🔴സൗദിയില്‍ കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ട കേസ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായി.
✒️സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ശരിവച്ചു. നേരത്തെ സൗദി ശരീഅ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ നഗരത്തിലെ വാര്‍ക്ക്‌ഷോപ്പ് ഏരിയയില്‍ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ ഘാതകരായ രണ്ട് മലയാളികള്‍ക്കും നാല് സൗദി പൗരന്മാര്‍ക്കും ജുബൈല്‍ കോടതി വിധിച്ച വധശിക്ഷയാണ് ദമ്മാമിലെ അപ്പീല്‍ കോടതി ശരിവച്ചത്.
അല്‍-ഖോബാറില്‍ ഡ്രൈവറായിരുന്ന തൃശുര്‍ കൊടുങ്ങല്ലുര്‍ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍, നാല് സൗദി യുവാക്കള്‍ എന്നിവരാണ് പ്രതികള്‍.
അഞ്ചുവര്‍ഷം മുമ്പ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലര്‍ച്ചെയാണ് ഷെമീറിന്റെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ മാലിന്യപ്പെട്ടിക്ക് സമീപം കണ്ടെത്തിയത്. മുന്ന് ദിവസം മുമ്പ് കാണാതായ ഷെമീറിനെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കെണ്ടത്തിയത്.
ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. വൈകാതെ ആറു പ്രതികളെയും സൗദി പോലിസ് പിടികൂടി. ഹവാല പണം ഏജന്റായിരുന്ന ഷെമീറില്‍ നിന്ന് പണം കവരുന്നതിന് വേണ്ടി സൗദി യുവാക്കള്‍ ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
എന്നാല്‍ പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മുന്നു ദിവസത്തോളം ഇയാളെ പീഡിപ്പിച്ചു. ഇതിനിടയില്‍ മരണം സംഭവിച്ചതായാണ് കരുതുന്നത്. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്മല്‍ എന്നിവര്‍ ആയിരുന്നെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു.
🇶🇦ഒരേ സമയം കൂടുതല്‍ രാജ്യക്കാര്‍ മരംനട്ട് പിടിപ്പിച്ചു; ഖത്തര്‍ ഗിന്നസ് റെക്കോഡില്‍.
✒️രാജ്യത്ത് ഹരിതവല്‍ക്കരണ പ്രക്രിയില്‍ പുതിയ ലക്ഷ്യങ്ങള്‍ തേടുന്ന ഖത്തര്‍ ഗിന്നസ് ബുക്കില്‍. ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ ഒരേ സമയം മരങ്ങള്‍ വച്ചുപിടിപ്പിച്ചതിനുള്ള റെക്കോഡാണ് ഖത്തര്‍ സ്വന്തമാക്കിയത്.
ഖത്തര്‍ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നടല്‍ പദ്ധതി സംഘടിപ്പിച്ചത്. ദുഖാന്‍ റോഡില്‍ ഒക്ടോബര്‍ 9ന് സംഘടിപ്പിച്ച പരിപാടിയില്‍ 66 രാജ്യക്കാര്‍ പങ്കെടുത്തതായി ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വിധികര്‍ത്താക്കളായ അലന്‍ പിക്സ്ലിയും ലൂയിസ് ടോംസും പറഞ്ഞു.
10 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന് 2019ല്‍ ഖത്തര്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമാണിത്. ദൗത്യത്തില്‍ പങ്കാളികളായ ഓരോ രാജ്യക്കാരും ഒരു മരം വീതമാണ് വച്ചുപിടിപ്പിച്ചത്. റെക്കോഡ് ഇടുന്നതിന് നിശ്ചിത നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. നിരവധി ഇന്ത്യക്കാരും ദൗത്യത്തിന്റെ ഭാഗമായി.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വീണ്ടും 100ല്‍ താഴെ; 88 രോഗ മുക്തി.
✒️ഖത്തറില്‍ ഇന്ന് 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.24 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 88 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,37,367 ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 610. രാജ്യത്ത് നിലവില്‍ 1,166 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 10 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 61 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,214 ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,32,023 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇸🇦സൗദിയിൽ കൂടുതൽ സിനിമാ തിയേറ്ററുകൾ.
✒️സൗദിയിൽ കൂടുതൽ നഗരങ്ങളിൽ സിനിമാ തിയേറ്ററുകളൊരുക്കും. അടുത്ത വർഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകൾ വ്യാപിപ്പിക്കുവാനാണ് പദ്ധതി. നിലവിൽ സൗദിയിലെ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന് വരുന്നത്. സൗദിയിൽ നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന് വരുന്നത്. 2022 അവസാനത്തോടെ ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മജിദ് അൽഫുത്തൈം സിനിമാസിന്റെയും ലെഷർ ആന്റ് എന്റർടൈൻമെന്റിന്റേയും സി.ഇ.ഒ ഇഗ്നസ് ലഹൂദ് പറഞ്ഞു. മജിദ് അൽ ഫുത്തൈമിന്റെ സിനിമാ വിഭാഗമായ വോക്‌സ് സിനിമാസിന് നിലവിൽ രാജ്യത്തൊട്ടാകെ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്. അടുത്ത അഞ്ച് വർഷത്തിനകം ഇത് മൂന്നിരട്ടിയാക്കി വർധിപ്പിക്കുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി വിപണിയിൽ 2000 ത്തോളം സിനിമാ ശാലകൾക്ക് സാധ്യതയുള്ളതായി പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. സൗദി അറേബ്യയിലെ ഉള്ളടക്കത്തിന്റെ പത്ത് ശതമാനം അറബി സിനിമയാണെന്നും ഇത് ബോക്‌സ് ഓഫീസിന്റെ 25 ശതമാനത്തിലധികം വരുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷിയേറ്റീവ് സമ്മേളനത്തിലാണ് ഇഗ്നസ് ലഹൂദ് ഇക്കാര്യം വ്യക്തമാക്കിയത്. 1980 കളിൽ സൗദിയിൽ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും, 2018 ഏപ്രിൽ മാസത്തിൽ ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തർ പ്രദർശിപ്പിച്ച് കൊണ്ടാണ് രാജ്യം വലിയൊരു സാംസ്‌കാരിക പരിവർത്തനത്തിന് തുടക്കം കുറിച്ചത്.
🇸🇦സൗദിയിലെത്തുന്ന വിദേശികൾക്ക് ആശ്വാസം; ഹോട്ടലുകൾക്ക് പുറത്തും ക്വാറന്റൈന് അനുമതി.
✒️സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി അഞ്ചോളം കെട്ടിടങ്ങൾക്ക് ഇതിനോടകം അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വൻതുക ലാഭിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും. ഹോട്ടലുകളല്ലാത്ത കെട്ടിടങ്ങളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകി തുടങ്ങിയതായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആന്റ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് സ്വന്തം സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാനാകും.
റിയാദ്, ജിദ്ദ, ദമ്മാം, ദഹ്റാൻ, എന്നിവിടങ്ങളിലായി 3,276 ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള 25 കേന്ദ്രങ്ങൾക്കും, 1,669 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള 10 കെട്ടിടങ്ങൾക്കും ഇത് വരെ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിദേശ തൊഴിലാളികൾ വൻ തുക മുടക്കി സ്വന്തം ചെലവിൽ സ്റ്റാർ ഹോട്ടലുകളിലായിരുന്നു ഇത് വരെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. കെട്ടിടങ്ങളുടെ ലൊക്കേഷൻ, ഘടന, കിച്ചൺ, ബാത്ത് റൂം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച ശേഷമാണ് ക്വാറന്റൈൻ ലൈസൻസ് അനുവദിക്കുക. കൂടാതെ ക്യൂ ആർ കോഡ് വഴി റൂം ബുക്ക് ചെയ്യുന്നതിനും, അത് വിമാന കമ്പനികൾക്ക് പരിശോധിക്കുന്നതിനുള്ള വെബ് സൈറ്റ്, യാത്രക്കാരെ വിമാനതാവളത്തിൽ നിന്ന് റൂമിലെത്തിക്കുന്നതിനുള്ള സൗകര്യം, കോവിഡ് പരിശോധന നടത്തുന്നതിന് ലാബുകളുമായുള്ള കരാർ തുടങ്ങിയ സൗകര്യങ്ങളും നിർബന്ധമാണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി.
✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid 19)ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 41 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം 32 രോഗബാധിതര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 34,149 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,571 ആയി. ഇതില്‍ 5,37,534 പേരും സുഖം പ്രാപിച്ചു. ആകെ 8,793 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 66 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 17, ജിദ്ദ 4, മദീന 3, മക്ക 3, ദമ്മാം 3, യാംബു 2, മറ്റ് 9 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 45,612,462 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,177,910 എണ്ണം ആദ്യ ഡോസ് ആണ്. 21,434,552 എണ്ണം സെക്കന്‍ഡ് ഡോസും. 1,699,500 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.
🇶🇦ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 149 പേര്‍ക്കെതിരെ നടപടി.
✒️ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 149 പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിര്‍ദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധവുമില്ല. എന്നാല്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ മാസ്‌ക് ധരിക്കണം. ഇതിന് പുറമെ പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.
മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സമൂഹത്തിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
🇦🇪യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധന.
✒️യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 88 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 111 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 297,441 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,824 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 734,014 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,136 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,674 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦സൗദി അറേബ്യയില്‍ അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കി കിരീടാവകാശി.
✒️പരിസ്ഥിതി സംരക്ഷണത്തിന് കടുത്ത നടപടിയുമായി സൗദി അറേബ്യ (Saudi Arabia). രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും നാലു ലക്ഷം രൂപ (20,000 റിയാൽ) വീതം പിഴ നല്‍കണം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കടുത്ത നടപടിക്ക് നിർദേശം നൽകിയത്. നിയമം ഉടൻ പ്രാബല്യത്തിലാവുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ മരം മുറിച്ച പൗരന്മാർക്ക് ശിക്ഷ കിട്ടി. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലാണ് സംഭവം. അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് സ്വദേശി പൗരന്മാർക്കാണ് പിഴ ശിക്ഷ ചുമത്തിയത്. അവർ മുറിച്ച ഓരോ മരത്തിനും നാലു ലക്ഷം രൂപ വീതം നൽകേണ്ടി വന്നു. രാജ്യത്ത് ശൈത്യകാലം ആരംഭിച്ചതിനാൽ തീ കായാനുള്ള വിറകിന് വേണ്ടിയാണ് മരങ്ങൾ മുറിക്കുന്നത്.
മരം മുറിക്കാനും മൃഗങ്ങളെ വേട്ടയാടുന്നതിനും വിലക്കുള്ള രാജ്യമാണ് സൗദി അറേബ്യ. മുൻകൂര്‍ അനുമതി നേടി ചില സ്ഥലങ്ങളിൽ മരം മുറിക്കാം. എന്നാൽ അനുമതി കിട്ടൽ എളുപ്പമല്ല. അതുപോലെ ഒരു പ്രത്യേക സീസണിൽ മാത്രം ചില നിശ്ചിത സ്ഥലങ്ങളിൽ മാത്രം നായാട്ടും അനുവദിക്കാറുണ്ട്. സൗദി അറേബ്യയെ ഹരിതവത്കരിക്കുന്നതിന് വേണ്ടി രാജ്യത്തുടനീളം 50 കോടി മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്.
🇸🇦സൗദിയിലേക്ക് വരുന്ന പ്രവാസികൾക്ക് ഇനി ലൈസൻസ്ഡ് ക്വാറന്റീൻ കേന്ദ്രങ്ങൾ.
✒️സൗദി അറേബ്യയിലെ (Saudi Arabia) സ്വകാര്യ കമ്പനികളിലേക്ക് വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യം (Quarantine facilities) ഏർപ്പെടുത്താൻ ലൈസൻസ് അനുവദിക്കുന്നു. വിദേശത്ത് നിന്ന് വാക്‌സിനെടുക്കാതെ (Non vaccinated expats) വരുന്ന തൊഴിലാളികളെ പാർപ്പിക്കാനാണ് പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങൾ (Quarantine centres) ആരംഭിക്കാൻ സംരംഭകർക്ക് ലൈസൻസ് അനുവദിക്കാൻ മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം നടപടി തുടങ്ങിയത്.
കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് വരുന്ന, വാക്സിനെടുക്കാത്തവരെ സുരക്ഷിതമായി വരവേറ്റ് പ്രത്യേക കരുതലോടെ കൊണ്ടുപോയി താമസിപ്പിക്കുന്നതിനുമുള്ള ക്വാറന്റീൻ കേന്ദ്രങ്ങൾക്കാണ് ലൈസൻസ് നൽകുന്നത്. ഇതിന് വേണ്ടി അപേക്ഷ ക്ഷണിച്ചപ്പോൾ തന്നെ നിരവധി സ്ഥാപനങ്ങൾ മുന്നോട്ട് വന്നതായും രാജ്യത്ത് എല്ലായിടത്തും ഇത്തരം കേന്ദ്രങ്ങൾ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
0 Comments