Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ


വാർത്തകൾ വിശദമായി 

🇸🇦സൗദിയിൽ കൊവിഡ് മരണം രണ്ടായി കുറഞ്ഞു.

✒️വലിയ ആശ്വാസമായി സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള മരണം രണ്ടായി കുറഞ്ഞു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്കിൽ രോഗവ്യാപനം കാര്യമായി കുറഞ്ഞതിന്റെ സൂചനയാണുള്ളത്. പുതുതായി 41 പേർക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ ചികിത്സയിലുള്ളവരിൽ 49 പേർ സുഖം പ്രാപിച്ചു.

ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം 5,47,262 ആയി. എന്നാൽ ഇതിൽ 5,36,330 പേരും സുഖം പ്രാപിച്ചു. 8,724 പേർ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരിൽ 181 പേർക്ക് മാത്രമേ ഗുരുതര സ്ഥിതിയുള്ളൂ. ഇന്ന് 46,499 പി.സി.ആർ പരിശോധനയാണ് നടന്നത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. സൗദി അറേബ്യയിൽ വാക്സിനേഷൻ 42,210,505 ഡോസ് കവിഞ്ഞു. ഇതിൽ 23,440,166 എണ്ണം ആദ്യ ഡോസ് ആണ്. 18,906,305 എണ്ണം സെക്കൻഡ് ഡോസും. 1,658,291 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 10, മദീന 3, ഖോബാർ 3, മറ്റ് 14 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.

🇦🇪22 ലക്ഷത്തിൽപ്പരം രൂപ വീതം സമ്മാനം നേടി മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ.


✒️യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 45-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒന്‍പത് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. വിജയികളില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണുള്ളത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 111,111 ദിര്‍ഹം വീതമാണ് നേടിയത്. കൂടാതെ, 199 വിജയികള്‍ 1,000 ദിര്‍ഹം വീതം നേടി. 3,845 പേരാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്. ആകെ 1,333,575 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 7, 15, 18, 20, 22, 40  എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഒക്ടോബര്‍ 9 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

🇦🇪ഷഹീന്‍ ചുഴലിക്കാറ്റ്: യുഎഇയില്‍ ബീച്ചുകളും താഴ് വരകളും സന്ദര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്.

✒️ഷഹീന്‍ ചുഴലിക്കാറ്റിനെ(Cyclone Shaheen) തുടര്‍ന്ന് ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം(Climate change) കണക്കിലെടുത്ത്  മുന്നറിയിപ്പുമായി യുഎഇ(UAE). ബീച്ചുകള്‍, താഴ് വരകള്‍, അണക്കെട്ടുകള്‍, മലമുകളുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ. താഹിര്‍ അല്‍ അമീരി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഒക്‌ടോബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വാഴ്ച വരെ യുഎഇയുടെ ചില കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നേരിടാനുള്ള എല്ലാ നടപടികളും മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്‍കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് ഒമാന്‍റെ കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം.

🇦🇪യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ ഇരുനൂറില്‍ താഴെയായി.

✒️യുഎഇയില്‍ (United Arab Emirates) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200ല്‍ താഴെയായി. ഇന്ന് 184 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 306 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്  കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.

പുതിയതായി നടത്തിയ  3,11,282 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,708 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,29,548 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,102 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 5,058 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.  8.45 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 42,884 ഡോസ് കൊവിഡ് വാക്സിൻ യുഎഇയില്‍ വിതരണം ചെയ്‍തു. ഇതുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,164,365 ആയി.

🇸🇦നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ആയിരക്കണക്കിന് പ്രവാസികള്‍ അറസ്റ്റില്‍.

✒️സൗദി അറേബ്യയില്‍ (Saudi Arabia) കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടയില്‍ 13,638 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും (Jawazat) സെപ്‍റ്റംബര്‍ 23 മുതല്‍ 29 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 

പിടിയിലാവരില്‍ 5,749 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 6228 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,818 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 270 പേരാണ് ഇക്കാലയളവില്‍ സുരക്ഷാ സേനകളുടെ പിടിയിലായത്.  ഇവരില്‍ 35 ശതമാനം പേര്‍ യെമനികളും 62 ശതമാനം എത്യോപ്യക്കാരുമാണ്. മൂന്ന് ശതമാനമാണ് മറ്റ് രാജ്യക്കാര്‍. സൗദിയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 21 പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നല്‍കിയതിന് 54 പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

ഇപ്പോള്‍ പിടിയിലായവരടക്കം 84,231 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരില്‍ 75,196 പേര്‍ പുരുഷന്മാരും 9,035 പേര്‍ സ്‍ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകള്‍ ശരിയാക്കുന്നതിന് 69,176 പേരുടെ വിവരങ്ങള്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

🇸🇦ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടി; റസ്റ്റോറന്റ്, കഫേ സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ സ്വദേശിവത്കരണം.

✒️നിരവധി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലകളില്‍ (Restaurants, Cafes, Super market) സൗദി അറേബ്യയില്‍ (Saudi Arabia( സ്വദേശിവത്കരണം (Saudisation) നടപ്പായി. കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കേണ്ടത്. അതേ സമയം ഫുഡ് ട്രക്കുകളിലെ ജോലികള്‍ പൂര്‍ണമായും സ്വദേശിവത്‍കരിച്ചു.

മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്‍മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് നേരത്തെ റസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയിലെ സ്വദേശിവത്കരണ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇത് നടപ്പാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെ ഒക്ടോബര്‍ രണ്ട് മുതല്‍ നിയമം പ്രാബല്യത്തിലായി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്ന മേഖലകളില്‍ ഉള്‍പ്പെടുന്നവയാണ് ഇപ്പോള്‍ സ്വദേശിവത്കരണം നടപ്പാക്കിയ തൊഴിലുകള്‍. ഇത് പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റസ്റ്റോറന്റുകള്‍, മത്‍ബഖുകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, ജ്യൂസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ 20 ശതമാനം സ്വദേശികളെ നിയമിക്കണം. ഈ സ്ഥാപനങ്ങള്‍ ഷോപ്പിങ് മാളുകളിലോ മറ്റ് വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ ആണെങ്കില്‍ സ്വദേശിവത്കരണ തോത് 40 ശതമാനമായിരിക്കും. ഒരു ഷിഫ്റ്റില്‍ നാലില്‍ കൂടുതല്‍ തൊഴിലാളികളുണ്ടെങ്കില്‍ നിശ്ചിത ശതമാനം സ്വദേശികളുണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. 

അതേസമയം പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷ്യ വസ്‍തുക്കൾ, ഐസ്‍ക്രീം എന്നിവ വിൽക്കുന്ന കഫേകളില്‍ 30 ശതമാനമാണ് സ്വദേശിവത്കരണം. ഇവ മാളുകളിലോ മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെ അകത്തോ ആണെങ്കില്‍ 50 ശതമാനം സ്വദേശികള്‍ വേണം. ഇവിടെ ഒരു ഷിഫ്റ്റില്‍ രണ്ട് പേരുണ്ടെങ്കില്‍ തന്നെ സ്വദേശിവത്കരണം ബാധകമാവുകയും ചെയ്യും. ഫുഡ് ട്രക്ക് മേഖലയിൽ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലായി. ഐസ്ക്രീം, പാനീയങ്ങൾ, മറ്റ്​ ഭക്ഷ്യവസ്‍തുക്കൾ എന്നിവയെല്ലാം വില്‍പന നടത്തുന്ന ട്രക്കുകളില്‍ ഒരു ജോലിയിലും വിദേശികള്‍ പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 

ക്ലീനിങ് തൊഴിലാളി, ലോഡിങ്​, അൺലോഡിങ്​ തൊഴിലാളി തുടങ്ങിവരെ സ്വദേശിവത്കരണത്തില്‍ നിന്ന്ഒഴിവാക്കിയിട്ടുണ്ട്​. ഫാക്ടറികൾ, ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ കാന്റീനുകൾ, കഫറ്റീരിയകൾ എന്നിവയെയും ഹോട്ടലുകൾ, അപാർട്ട്‍മെന്റുകൾ, ഹോട്ടൽ വില്ലകൾ എന്നിവയ്‍ക്കുള്ളിലെ റസ്റ്റോറൻറുകൾ, കഫേകൾ എന്നിവയെയും സ്വദേശിവത്കരണ തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.  സ്വദേശിവത്കരണം ബാധകമല്ലാത്ത ജോലികളിലുള്ളവര്‍ ഒരു ഷിഫ്‍റ്റിൽ 20 ശതമാനത്തിൽ കൂടരുത്. ഇവര്‍ ജോലിയുടെ പേര് രേഖപ്പെടുത്തിയ യൂനിഫോം ധരിക്കണം. 

300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപ്പർ​മാർക്കറ്റുകളും 500 ചതുരശ്ര മീറ്റർ വിസ്‍തീർണത്തിൽ കുറയാത്ത സെ‍ൻട്രൽ മാർക്കറ്റുകളും സ്വദേശിവത്‍കരണ തീരുമാനം ബാധകമാവുന്നവയിൽ ഉൾപ്പെടും. ഇവിടങ്ങളില്‍ ആദ്യഘട്ടത്തിൽ കസ്റ്റമർ അക്കൗണ്ടൻറ്​​, അക്കൗണ്ടിങ് സൂപർവൈസർ, കസ്റ്റമർ സർവീസ്​, കസ്റ്റമർ റിലേഷൻസ് എന്നീ ​ജോലികൾ പൂര്‍ണമായും സ്വദേശികള്‍ക്കായി മാറ്റിവെയ്‍ക്കണം. സെക്ഷൻ സൂപർവൈസർ തസ്തികയില്‍ 50 ശതമാനം സ്വദേശിവത്കരണവും നടപ്പാക്കണം.

🇸🇦പ്രവാസികള്‍ സ്‌പോൺസറുടെ കീഴിലല്ല ജോലി ചെയ്യുന്നതെങ്കിൽ സൂക്ഷിക്കുക; 10 ലക്ഷം രൂപ പിഴ.

✒️സൗദി അറേബ്യയിൽ (Saudi Arabia) സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുത്താൽ വിദേശികൾക്ക് അര ലക്ഷം റിയാൽ (ഏകദേശം 10 ലക്ഷം രൂപ) പിഴയും ആറ്‌ മാസം തടവും ശേഷം നാടുകടത്തലും ശിക്ഷ. റെസിഡന്റ് പെർമിറ്റിൽ (ഇഖാമ) രേഖപ്പെടുത്തിയിരിക്കുന്ന സ്‌പോൺസറുടെ (Sponsor) കീഴിലായിരിക്കണം ജോലിയെടുക്കേണ്ടത്. അല്ലെന്ന് കണ്ടെത്തിയാലാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചു. 

ഇങ്ങനെ നിയമാനുസൃത തൊഴിലുടമക്കു കീഴിലല്ലാതെ മറ്റൊരാളുടെ കീഴിലോ അല്ലെങ്കിൽ സ്വയം തൊഴിൽ സംരംഭത്തിലോ  ജോലിയിലേർപ്പെടുന്ന വിദേശികൾക്കാണ് ശിക്ഷ. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് റിയാദ്, മക്ക പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

🇴🇲ഒമാൻ: മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെയുള്ള വ്യോമയാന സേവനങ്ങൾ നിർത്തിവെച്ചു.

✒️മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നീട്ടിവെച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഒക്ടോബർ 3, ഞായറാഴ്ച്ച രാവിലെ ഒമാൻ സമയം 10:22-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നീട്ടിവെച്ചതായും, ചുഴലിക്കാറ്റിന്റെ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം ഈ സർവീസുകൾ മറ്റൊരു സമയക്രമത്തിലേക്ക് പുനഃക്രമീകരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

🇴🇲ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ COVID-19 വാക്സിനേഷൻ താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനം.

✒️ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകൾ ഒഴികെ ഒമാനിലെ മറ്റെല്ലാ ഗവർണറേറ്റുകളിലെയും COVID-19 വാക്സിനേഷൻ നടപടികൾ ഒക്ടോബർ 3 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചിട്ടുണ്ട്.

ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനം മസ്കറ്റ് ഉൾപ്പടെയുള്ള തീരപ്രദേശങ്ങളിൽ ഒക്ടോബർ 3 മുതൽ അനുഭവപ്പെട്ടു തുടങ്ങുമെന്ന ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിനെത്തുടർന്നാണ് ഈ തീരുമാനം. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ COVID-19 വാക്സിനേഷൻ നടപടികൾ സാധാരണ രീതിയിൽ തുടരുന്നതാണ്.

🇶🇦ഖത്തർ: 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് COVID-19 പരിശോധന നടത്തുമെന്ന് മന്ത്രാലയം.

✒️രാജ്യത്ത് വാക്സിനെടുക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് ഈ ആഴ്ച്ച COVID-19 ടെസ്റ്റിംഗ് നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് റാപിഡ് ആന്റിജൻ അല്ലെങ്കിൽ PCR പരിശോധനകളാണ് നടത്തുന്നത്.

ഖത്തറിലെ വിദ്യാലയങ്ങളിലെയും, കിന്റർഗാർട്ടണുകളിലെയും വാക്സിനെടുക്കാത്ത അധ്യാപകർക്കും, മറ്റു ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നടത്തുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. വിദ്യാലയങ്ങളിൽ വെച്ചാണ് ഇത്തരം പരിശോധനകൾ നടത്തുന്നത്.

COVID-19 രോഗമുക്തരായവരെ ഈ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 ഒക്ടോബർ 3 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യയനത്തിനായി വിദ്യാലയങ്ങളിൽ നേരിട്ടെത്തുമെന്നും മന്ത്രാലയം അറിയിച്ചു.

🇸🇦സൗദി: റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കി.

✒️രാജ്യത്തെ റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിലെ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഒക്ടോബർ 1, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. റിയൽ എസ്റ്റേറ്റ് മേഖലകളിൽ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആകെ 70 ശതമാനം തൊഴിലുകൾ സ്വദേശിവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്.

റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ് തുടങ്ങിയ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാകുന്നതാണ്. സ്വദേശികൾക്കായി ഏതാണ്ട് 11000 തൊഴിലുകൾ ഉറപ്പാക്കുന്നതിന് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.

സിനിമാ മേഖലയിലെയും, അനുബന്ധ മേഖലകളിലെയും മുഴുവൻ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമേ, ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ സൂപ്പർവൈസറി പദവികൾ, ചില്ലറ വില്പന, ടിക്കറ്റ് വില്പന, ഭക്ഷണപാനീയങ്ങളുടെ വില്പന തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.

ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഏതാനം മേഖലകളിൽ പ്രവാസികളെ നിലനിർത്തുന്നതിന് മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ആകെ ജീവനക്കാരുടെ 15 ശതമാനം പ്രവാസികളെ മാത്രമാണ് ഇത്തരത്തിൽ അനുവദിക്കുന്നത്.

🇧🇭ബഹ്‌റൈൻ: ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് ഒക്ടോബർ 3 മുതൽ മാറുമെന്ന് അറിയിപ്പ്.

✒️രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് 2021 ഒക്ടോബർ 3 മുതൽ മാറുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ BeAware ആപ്പിലെ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഇവർ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലൂടെയും, BeAware ആപ്പിലൂടെയും പൂർത്തിയാക്കാവുന്നതാണ്.

ബഹ്‌റൈനിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്:
സിനോഫാം വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 മുതൽ 39 വയസ് വരെ പ്രായമുള്ള ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 40 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 40 വയസിനു താഴെ പ്രായമുള്ള വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കും രണ്ടാം ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഫൈസർ ബയോഎൻടെക് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്.
കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ആസ്ട്ര സെനേക, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
സ്പുട്നിക് V വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്നിക് V, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
COVID-19 രോഗമുക്തി നേടിയവരും, രണ്ട് ഡോസ് വാക്സിനെടുത്തവരുമായവർ – ഇവർക്ക് COVID-19 രോഗബാധിതരായ തീയതി മുതൽ പന്ത്രണ്ട് മാസം കണക്കാക്കിയാണ് ബൂസ്റ്റർ നൽകുന്നത്.

🇶🇦ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഒക്ടോബര്‍ 6 മുതല്‍ 2 ദിവസത്തെ ക്വാറന്റീന്‍; വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും വരാം.

✒️ഖത്തര്‍ യാത്രാ നയത്തില്‍ മാറ്റം വരുത്തി. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ളതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. കുടുംബങ്ങള്‍ ഏറെ കാലമായി കാത്തിരിക്കുന്ന കുട്ടികള്‍ക്കുള്ള യാത്രാ ഇളവും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതു പ്രകാരം ഒക്ടോബര്‍ 6ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഖത്തര്‍ റെസിഡന്റ് വിസയില്‍ വരുന്ന 12 വയസ്സും അതിന് മുകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ മതി. ഖത്തറിലെത്തി 36 മണിക്കൂറിനകം പിസിആര്‍ പരിശോധന നടത്തും. ഖത്തറിന് പുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ ആണെങ്കില്‍ ആന്റിബോഡി പരിശോധനയും വേണം. ഫലം അനുകൂലമാണെങ്കില്‍ ക്വാറന്റീന്‍ കാലാവധി അവസാനിപ്പിക്കാം.

വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്കും രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ മതി.

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുക്കാതെ വരുന്നവര്‍ക്ക് 7 ദിവസം ആണ് ഹോട്ടല്‍ ക്വാറന്റീന്‍. ആറാം ദിവസം പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴാം ദിവസം ക്വാറന്റീന്‍ അവസാനിപ്പിക്കാം.

ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസയില്‍ വരുന്നവര്‍

പൂര്‍ണമായും വാക്‌സിനെടുത്ത 12 വയസ്സും അതിന് മുകളിലുമുള്ള യാത്രക്കാര്‍ക്ക് 2 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 11 വയസ്സും അതിന് താഴെയുമുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും ഇതേ നിയമമാണ്.

ഖത്തറിലെത്തി 36 മണിക്കൂറിനകം പിസിആര്‍ പരിശോധന നടത്തും. ഖത്തറിന് പുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ ആണെങ്കില്‍ ആന്റിബോഡി പരിശോധനയും വേണം. ഫലം അനുകൂലമാണെങ്കില്‍ ക്വാറന്റീന്‍ കാലാവധി അവസാനിപ്പിക്കാം.

വാക്‌സിനെടുക്കാത്ത മുതിര്‍ന്നവര്‍ക്ക് ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസയില്‍ വരാനാവില്ല.

പുതിയ യാത്രാ നയത്തിലെ മറ്റ് മാറ്റങ്ങള്‍

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി രാജ്യങ്ങളെ ചുവപ്പ്, പച്ച രാജ്യങ്ങളായി തിരിച്ചിട്ടുണ്ട്. നേരത്തെ ചുവപ്പ്, പച്ച , മഞ്ഞ എന്നിങ്ങനെയാണ് തിരിച്ചിരുന്നത്. അതിന് പുറമേ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ് ഇന്തോനേഷ്യ, കെനിയ, സുഡാന്‍ എന്നീ 9 രാജ്യങ്ങളെ സൂപ്പര്‍ റിസ്‌ക് രാജ്യങ്ങളായും ( എക്സപ്ഷണല്‍ റെഡ് കണ്‍ട്രീസ്) തിരിച്ചിട്ടുണ്ട്.

ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഒഴികെയുള്ളവര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിലെ അണ്ടര്‍ടേക്കിങ് ആന്റ് അക്‌നോളജ്‌മെന്റ് ഫോം ഒപ്പിടണം. ഇഹ്തിറാസ് വെബ്‌സൈറ്റിലും വിമാന കമ്പനികളുടെ ടിക്കറ്റ് എടുക്കുന്ന വേളയിലും ഈ ഫോം ലഭ്യമാവും. ഗ്രീന്‍ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള പിസിആര്‍ പരിശോധനയും ഒഴിവാക്കി.

🇶🇦ഖത്തറിൽ ഇന്ന് രാജ്യത്തിന് പുറത്ത്നിന്നെത്തിയ 33 പേർക്ക് കോവിഡ്.

✒️ഖത്തറിൽ ഇന്ന് 79 പേർക്ക് കോവിഡ് സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതിൽ 33 പേർക്ക് രാജ്യത്തിന് പുറത്ത് നിന്നും രോഗം ബാധിച്ചതാണ് .44 പേർക്ക് സമ്പർക്കത്തിലോടെയാണ് രോഗ ബാധ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 145 പേർ രോഗമുക്തി നേടി.പുതുതായി കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഖത്തറിൽ ഇത് വരെ 606 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് .നിലവിൽ 1148 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചിത്സയിൽ കഴിയുന്നത്.

🇶🇦സ്പുട്ട്നിക്ക്, സിനോവാക്ക് വാക്സിനുകള്‍ക്ക് കൂടി ഖത്തറില്‍ നിബന്ധനകളോടെ അംഗീകാരം.

✒️പുറത്ത് നിന്നുള്ള കൂടുതല്‍ വാക്സിനുകള്‍ക്ക് ഖത്തര്‍ ആരോഗ്യമന്ത്രാലം നിബന്ധനകളോടെ അംഗീകാരം നല്‍കി. സ്പുട്ട്നിക്ക്, സിനോവാക് വാക്സിനുകള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കിയത്. ഇതുവരെ സിനോഫാം വാക്സിന്‍ മാത്രമാണ് ഈ ഗണത്തില്‍ അംഗീകരിച്ചിരുന്നത്. ഇത്തരം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് തൊട്ടുമുമ്പ് ആന്‍റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവാണെന്ന് തെളിയിക്കണം. അതെ സമയം സ്പുട്ട്നിക്ക്, സിനോവാക്, സിനോഫാം വാക്സിനുകളുടെ രണ്ട‌് ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകൃത ഫൈസര്‍, മൊഡേണ വാക്സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ആന്‍റിബോഡി ടെസ്റ്റ് ആവശ്യമില്ല.

🇶🇦ഖത്തറില്‍ കോവിഡ് ടെസ്റ്റുകള്‍ക്കുള്ള നിരക്ക് കുറച്ചു.

✒️ഖത്തറില്‍ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച് ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 160 റിയാല്‍ നല്‍കിയാല്‍ മതി. നേരത്തെ 300 റിയാല്‍ വരെയായിരുന്നു നിരക്ക്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിനും ആന്‍റിബോഡി ടെസ്റ്റിനും അമ്പത് റിയാലാണ് നല്‍കേണ്ടത്. ഖത്തറിന് പുറത്ത് വെച്ച് വാക്സിനെടുത്ത് വരുന്നവര്‍ക്കും സിനോഫാം, സിനോവാക്, സ്പുട്ട്നിക്ക് എന്നീ വാക്സിന്‍ എടുത്തവര്‍ക്കും ഖത്തറിലെത്തി രണ്ട് ദിവസത്തെ ക്വാറന്‍റൈന്‍ കഴിയുന്ന മുറയ്ക്ക് ആന്‍റിബോഡി ടെസ്റ്റ് നടത്തണം.

🇸🇦സൗദിയില്‍ ഇലക്ട്രോണിക് പണമിടപാടില്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ.

✒️സൗദിയില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമേര്‍പ്പെടുത്താത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. ഇലക്ട്രോണിക് പണമിടപാടിന് സൗകര്യമേര്‍പ്പെടുത്താത്ത സ്ഥാപനങ്ങളെ ബിനാമി വിരുദ്ധ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തി. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാണിജ്യ മന്ത്രാലയമാണ് നടപടി ശക്തമാക്കിയത്. രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പണമിടപാട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തിലായിട്ടും സൗകര്യമേര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി കടുപ്പിച്ചത്. നിയമ ലംഘനത്തെ ബിനാമി ഇടപാടായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ വന്‍ തുക പിഴയൊടുക്കേണ്ടി വരും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിക്കും. ഇതിനിടെ ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ രാജ്യത്ത് തുടരുകയാണ്. ബിനാമി ബിസിനസുകളില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും നിയമ വിധേയമാകുന്നതിന് അനുവദിച്ചിട്ടുള്ള സമയം അവസാനിക്കാനിരിക്കെയാണ് പരിശോധനകള്‍ കടുപ്പിച്ചത്. രണ്ട് തവണ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയ സാവകാശം അടുത്ത വര്‍ഷം ഫെബ്രുവരി പകുതിയോട് കൂടി അവസാനിക്കും.

Post a Comment

0 Comments