🇸🇦സൗദിയില്‍ 45 കൊവിഡ് കേസുകളും രണ്ട് മരണവും.
✒️സൗദി അറേബ്യയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ രണ്ടുപേര്‍ മരിക്കുകയും 41 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 49,132 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,402 ആയി. ഇതില്‍ 5,36,447 പേരും സുഖം പ്രാപിച്ചു. ആകെ 8,732 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 150 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 42,832,823 ഡോസ് കവിഞ്ഞു. ഇതില്‍ 23,545,135 എണ്ണം ആദ്യ ഡോസ് ആണ്. 19,287,688 എണ്ണം സെക്കന്‍ഡ് ഡോസും. 1,664,400 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, ബുറൈദ 2, മക്ക 2, ത്വാഇഫ് 2, റാബിഗ് 2, മറ്റ് 18 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇦🇪കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ.
✒️ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്(Kanthapuram A. P. Aboobacker Musliyar ) യുഎഇയുടെ ഗോള്‍ഡന്‍(UAE golden visa) വിസ ലഭിച്ചു. ദുബൈ(Dubai) താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
യുഎഇയും ജാമിഅ മര്‍കസും തമ്മില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് യുഎഇയുടെ ആദരം. വിദ്യാഭ്യാസ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി കാന്തപുരം പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കാണ് യുഎഇ ഭരണകൂടം 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
🎙️കൊവിഡാനന്തര ആഗോള തൊഴില്‍ സാധ്യതകള്‍ അടുത്തറിയാന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്.
✒️കൊവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 12ന് നടക്കും. നോര്‍ക്ക വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ തൊഴില്‍ദാതാക്കള്‍, പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികള്‍, നയതന്ത്ര വിദഗ്ധര്‍, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കും. ഓണ്‍ലൈനായും തിരുവനന്തപുരത്തു നിയമസഭയുടെ ശങ്കരനാരായണന്‍ തമ്പി ഹാളിലുമായാണ് കോണ്‍ഫറന്‍സ് നടക്കുക. 12 ന് രാവിലെ 11.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
തൊഴില്‍ മേഖലയുടെ ഭാവിയും നവനൈപുണ്യവികസനവും, തൊഴില്‍ കുടിയേറ്റം- ഉയരുന്ന പുതിയ വിപണികള്‍, പുതിയ മാര്‍ക്കറ്റുകള്‍: ജപ്പാനും ജര്‍മനിയും തുടങ്ങിയ സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്. ഓപ്പണ്‍ ഹൗസ്, ചോദ്യോത്തര സെഷന്‍, ഉദ്ഘാട-സമാപന സെഷനുകളും നടക്കും. തൊഴില്‍ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെയും പരിഹാര മാര്‍ഗങ്ങളെയും കുറിച്ച് ബോധവത്കരിക്കുന്നതിനു കൂടി ഉദ്ദേശിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കോവിഡാനന്തര തൊഴില്‍ സാധ്യതകളെ വിശകലം ചെയ്തുകൊണ്ട് സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ശ്രദ്ധേയ ചുവടുവയ്പ്പായിരിക്കും ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) പങ്കാളിത്തത്തോടെയാണ് കോണ്‍ഫറന്‍സ് ഒരുക്കുന്നത്.
ശങ്കരനാരായണന്‍ തമ്പി ഹാളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ടവര്‍ക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍
https://registrations.ficci.com/ficoec/online-registrationi.asp എന്ന ലിങ്കില്‍ ആര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-4058041 / 42, മൊബൈല്‍: 09847198809. ഇ- മെയില്‍ : kesc@ficci.com.
🇦🇪ഒക്ടോബര്‍ മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി ഒരു കോടി ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്.
✒️ഒക്ടോബര്‍ മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി ഒരു കോടി ദിര്‍ഹം നീക്കിവെച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. ഈ മാസം ആദ്യം തുടങ്ങിയ ഡിസ്‌കൗണ്ട് ക്യാമ്പയിന്‍ മാസാവസാനം വരെ തുടരും. ഉപഭോക്താക്കളുടെ സന്തോഷം, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് നല്‍കുക എന്നിവയാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കള്‍ക്ക് സന്തോഷകരമാകുന്ന പ്രതിമാസ, പ്രതിവര്‍ഷ പദ്ധതികള്‍ യൂണിയന്‍ കോപ് ഒരുക്കാറുണ്ടെന്നും ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവുകളും നല്‍കി വരുന്നതായി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഒക്ടോബര്‍ മാസത്തിലെ വിപുലമായ ക്യാമ്പയിനില്‍ തെരഞ്ഞെടുത്ത എഫ്എംസിജി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവുകള്‍ നല്‍കുന്ന 12 ക്യാമ്പയിനുകളും ഇതില്‍ ഉള്‍പ്പെടും.
ഒക്ടോബര്‍ ഡിസ്‌കൗണ്ട്‌സ് ക്യാമ്പയിനിനായി ഒരു കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. ദുബൈയിലെ എല്ലാ യൂണിയന്‍ കോപ് ശാഖകളിലും കേന്ദ്രങ്ങളിലും കൂടാതെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും 12,000 ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവാണ് ക്യാമ്പയിനിലൂടെ ലഭ്യമാക്കുന്നത്.
ഈ മാസം ആദ്യം മുതല്‍ തുടങ്ങുന്ന ക്യാമ്പയിന്‍ മാസാവസാനം വരെ നീളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുത്ത പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, വെള്ളം, പാലുല്‍പ്പന്നങ്ങള്‍, മാംസ്യം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, അരി. എണ്ണ മറ്റ് ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭിക്കും.
യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി പ്രൊമോഷണല്‍ ഓഫറുകളുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവുമുണ്ട്. സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഒരു മാര്‍ക്കറ്റിങ് പ്രൊമോഷണല്‍ ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 15 വരെയാണ് ഇത് നീളുക. ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍, മത്സരങ്ങള്‍, സമ്മാനങ്ങള്‍, സ്മാര്‍ട് ഫോണ്‍ വഴിയുള്ള നറുക്കെടുപ്പുകള്‍, മോര്‍ ഓഫ് എവരിതിങ് എന്ന പേരില്‍ ആഢംബര കാര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഈ ക്യാമ്പയിനില്‍ ഒരുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കാന്‍ സഹായകമാകുന്ന വിവിധ സേവനങ്ങളടങ്ങുന്നതാണ് സ്മാര്‍ട്ട് ആപ്പ്. മാത്രമല്ല എക്‌സ്പ്രസ് ഡെലിവറി സേവനങ്ങളും ക്ലിക്ക് ആന്‍ഡ് കളക്ട് സേവനങ്ങളും, ഹോള്‍സെയില്‍ പര്‍ച്ചേസ്, ഓഫറുകള്‍ എന്നിവയും യൂണിയന്‍ കോപിന്റെ വിവിധ ശാഖകളില്‍ ലഭ്യമാണ്.
🇦🇪യുഎഇയില്‍ 156 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
✒️യുഎഇയില്‍ (United Arab Emirates) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 156 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 216 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,98,908 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,229 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,30,309 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,107 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,813 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.58 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 31,923 ഡോസ് കൊവിഡ് വാക്സിന്‍ യുഎഇയില്‍ വിതരണം ചെയ്തു.
🇦🇪ദുബൈയില്‍ ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപിച്ചു; യോഗ്യത മൂന്ന് വിഭാഗങ്ങള്‍ക്ക് മാത്രം.
✒️ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന്റെ (Pfizer-BioNTech Vaccine) ബൂസ്റ്റര്‍ ഡോസ് (Booster dose) പ്രഖ്യാപിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റി (Dubai Health Authority). പ്രത്യേക വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം ആറ് മാസമോ അതില്‍ കൂടുതലോ അയവര്‍ നിശ്ചിത വിഭാഗങ്ങളില്‍ ഉള്‍പ്പെടുമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാം.
ബൂസ്റ്റര്‍ ഡോസിന് യോഗ്യരായ വിഭാഗങ്ങള്‍ ഇവയാണ്
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍
50നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍
ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗങ്ങളുള്ള 18നോ അതിന് മുകളിലോ പ്രായമുള്ളവര്‍.
രാജ്യത്തെ പ്രത്യേക വിഭാഗങ്ങള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക് വാക്സിന്റെയും സ്‍പടുനിക് വാക്സിന്റെയും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള അനുമതി ചൊവ്വാഴ്‍ചയാണ് യുഎഇ അധികൃതര്‍ നല്‍കിയത്. രണ്ട് വാക്സിനുകളുടെയും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ഇപ്പോള്‍ ഉള്ളത്. ദുബൈയില്‍ അപ്പോയിന്റ്മെന്റ് വഴിയാണ് ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാവുക. ഔദ്യോഗിക മൊബൈല്‍ ആപ് വഴിയോ 800342 എന്ന നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെട്ടോ അപ്പോയിന്റ്മെന്റ് എടുക്കാനാവും.
🇦🇪ദൈവത്തിന് നന്ദി ! യുഎഇ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചെന്ന് ശൈഖ് മുഹമ്മദ്.
✒️കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രതിദിന കൊവിഡ് കണക്കുകള്‍ ഇരുനൂറിന് താഴെ തന്നെ തുടരുന്ന യുഎഇയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നു. കുട്ടികള്‍ സ്‍കൂളുകളിലേക്ക് മടങ്ങിയെത്തിയതും ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതും പ്രവാസികള്‍ സാധാരണ പോലെ യാത്ര തുടങ്ങിയതും രാജ്യം വലിയ പ്രതിസന്ധിയെ അതിജീവിച്ചതിന്റെ അടയാളങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.
'രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയാണെന്ന്' യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് രാജ്യം കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചതായി അദ്ദേഹം പറഞ്ഞത്.
യുഎഇയില്‍ കൊവിഡിന്റെ ദുര്‍ഘടമായ കാലഘട്ടം അവസാനിച്ചുവെന്ന് അടുത്തിടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അറിയിച്ചിരുന്നു. പ്രതിസന്ധി കാലത്ത് യുഎഇ ഒരൊറ്റ സംഘമായി പ്രവര്‍ത്തിച്ചുവെന്നും ലോകത്തു തന്നെ കൊവിഡിനെ മികച്ച രീതിയില്‍ നേരിട്ട രാജ്യങ്ങളിലൊന്നായി മാറാന്‍ അതുവഴി സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളും നിബന്ധനകളും നിലനിന്നിരുന്ന യുഎഇയില്‍ ഇപ്പോള്‍ പടിപടിയായി ഇളവുകള്‍ അനുവദിക്കുകയാണ്. ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയുള്ള വാക്സിനേഷന്‍ നിരക്കിലും ലോകത്ത് മുന്‍പന്തിയിലാണ് യുഎഇ നിലകൊള്ളുന്നത്. 2.2 കോടി ഡോസ് വാക്സിന്‍ നല്‍കിയ രാജ്യത്ത് 100 പേര്‍ക്ക് 205 ഡോസ് എന്ന കണക്കിലാണ് ഇപ്പോഴത്തെ വാക്സിനേഷന്‍. 95 ശതമാനത്തോളം പേര്‍ ഒന്നാം ഡോസ് വാക്സിനും 85 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
🇴🇲ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 പേര്‍ക്ക്; ഒരു മരണം.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് (New covid cases) 29 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൊവിഡ് മരണമാണ് (Covid death) രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 29 പേര്‍ രോഗമുക്തരാവുകയും (Covid recovery) ചെയ്‍തു.
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,895 ആയി. ഇവരില്‍ 2,99,148 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 4101 പേരാണ് മരണപ്പെട്ടത്. നിലവില്‍ 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേരെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ ആകെ 25 കൊവിഡ് രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.
🇦🇪യുഎഇയില്‍ അഞ്ഞൂറിലധികം ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചു.
✒️അബുദാബിയില്‍ (Abu Dhabi) അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് (Doctors) ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ (Golden Visa) അനുവദിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെയും ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങള്‍ക്കുള്ള ആദരവുമായാണ് തീരുമാനമെന്ന് ബുധനാഴ്‍ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നു.
ഡോക്ടര്‍മാരുടെ ആത്‍മാര്‍ത്ഥതയും ഉത്തരവാദിത്ത ബോധവും, സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അവരുടെ ത്യാഗവും കണക്കിലെടുത്താണ് ഗോള്‍ഡന്‍ വിസയ്‍ക്കായി നാമനിര്‍ദേശം ചെയ്‍തതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് ദീര്‍ഘകാല താമസം ഉറപ്പുവരുത്തുക വഴി ആരോഗ്യ രംഗത്തിന്റെ പ്രാധാന്യം കൂടിയാണ് വ്യക്തമാവുന്നതെന്നും പ്രസ്‍താവനയില്‍ പറയുന്നു. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്.
🇶🇦ഖത്തറില്‍ മാസ്‍ക് ധരിക്കാത്തതിന് 39 പേര്‍ക്കെതിരെ നടപടി.
✒️ഖത്തറില്‍ (Qatar) മാസ്‍ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിന് (Not wearing masks) 39 പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിര്‍ദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്‍ക് നിര്‍ബന്ധവുമില്ല. എന്നാല്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ മാസ്‍ക് ധരിക്കണം. ഇതിന് പുറമെ പള്ളികള്‍, സ്‍കൂളുകള്‍, യൂണിവേഴ്‍സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‍ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സമൂഹത്തിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
🇰🇼കുവൈത്തില്‍ ഒക്ടോബര്‍ 21ന് അവധി.
✒️നബി ദിനത്തോടനുബന്ധിച്ച് (Prophet's birthday) കുവൈത്തില്‍ (Kuwait) ഒക്ടോബര്‍ 21ന് അവധി. മന്ത്രിസഭാ യോഗത്തില്‍ (Council of Ministers) ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി. ഒക്ടോബര്‍ 18ലെ അവധിക്ക് പകരമാണ് 21ന് അവധി നല്‍കുന്നത്. ആഴ്‍ചയിലെ മറ്റേതെങ്കിലും ദിവസം വരുന്ന അവധികള്‍ തൊട്ടടുത്ത വ്യാഴാഴ്‍ചകളിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 18ന് നല്‍കേണ്ട അവധി 21ലേക്ക് മാറ്റിയത്.
🇰🇼പ്രവാസി വനിത കുവൈത്തിലെ പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‍തു.
✒️കുവൈത്തില്‍ (Kuwait) വിദേശ വനിത പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ (Suicide) ചെയ്‍തു. ജഹ്റ പൊലീസ് സ്റ്റേഷനിലെ (Jahra Police Station) സെല്ലിലായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് ആത്മഹത്യ ചെയ്‍തത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍.
സ്വന്തം വസ്‍ത്രം ഉപയോഗിച്ചാണ് ഇവര്‍ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ് നേരത്തെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നത്. സ്വകാര്യത പരിഗണിച്ച് വനിതകളുടെ സെല്ലുകളില്‍ സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിച്ചിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബി ഉത്തരവിട്ടു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഉള്‍പ്പെടെ കണ്ടെത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
🇶🇦ഇത്തിഹാദും ഖത്തര്‍ എയര്‍വേസും അയാട്ട ട്രാവല്‍ പാസ് നടപ്പാക്കുന്നു.
✒️ഖത്തര്‍ എയര്‍വേസ്(Qatar Airways) അബൂദബിയുടെ ഇത്തിഹാദ്(Etihad) എയര്‍വേസ്, കുവൈത്തിന്റെ ജസീറ എയര്‍വേസ്(Jazeera Airwsay) എന്നിവ ഘട്ടംഘട്ടമായി അയാട്ട ട്രാവല്‍ പാസ് (IATA Travel Pass) നടപ്പാക്കാന്‍ തീരുമാനിച്ചു. റോയല്‍ ജോര്‍ദാനിയന്‍, ജെറ്റ്‌സ്റ്റാര്‍, ക്വന്റാസ് എന്നിവയും തങ്ങളുടെ റൂട്ടുകളില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതായി ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(IATA) അറിയിച്ചു.
കോവിഡ് പരിശോധനാ ഫലങ്ങള്‍, ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വീകരിക്കാനും വെരിഫൈ ചെയ്യാനും സംവിധാനമുള്ള മൊബൈല്‍ ആപ്പ് ആണ് ട്രാവല്‍ പാസ്. നിലവില്‍ 52 രാജ്യങ്ങളില്‍ നിന്നുള്ള(ആഗോള വിമാന യാത്രയുടെ 56 ശതമാനം) വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ആപ്പ് ഉപയോഗിച്ച് മാനേജ് ചെയ്യാനാവും. നവംബര്‍ അവസാനത്തോടെ ഇത് 74 രാജ്യങ്ങള്‍(85 ശതമാനം) ആവും.
മാസങ്ങള്‍ നീണ്ട പരീക്ഷണത്തിന് ശേഷമാണ് ട്രാവല്‍ പാസ് നടപ്പിലാവുന്നത്. വിവിധ സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന സങ്കീര്‍ണമായ ആരോഗ്യ രേഖകള്‍ കാര്യക്ഷമമായി മാനേജ് ചെയ്യുന്നതിനുള്ള ടൂളാണ് ട്രാവല്‍ പാസെന്ന് അയാട്ട ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് പറഞ്ഞു.
യാത്രക്കാര്‍ക്ക് ഓരോ രാജ്യത്തേക്കും ഏതൊക്കെ രേഖകളാണ് വേണ്ടതെന്ന് പരിശോധിക്കാനും കോവിഡ് പരിശോധന ഫലങ്ങള്‍ സ്വീകരിക്കാനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്യാനും ട്രാവല്‍ പാസില്‍ സംവിധാനമുണ്ടാവും. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും യാത്രയ്ക്ക് മുമ്പ് വിമാന കമ്പനികള്‍ക്കും പങ്കുവയ്ക്കുന്നതിനും എളുപ്പമാണ്.
രേഖകള്‍ പരിശോധിക്കുന്നതിനുള്ള നീണ്ട ക്യുവും മറ്റ് സങ്കീര്‍ണതകളും ഒഴിവാക്കാന്‍ ട്രാവല്‍ പാസ് സഹായിക്കും.
🇧🇭ബഹ്‌റൈൻ: പള്ളികളിലെ COVID-19 സുരക്ഷാ മുൻകരുതലുകളിൽ മാറ്റം വരുത്തി.
✒️രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നടപടികളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെത്തുന്നവർക്ക് കൂടുതൽ സുഗമമായി പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് സഹായകമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
2021 ഒക്ടോബർ 5, ചൊവ്വാഴ്ച്ച രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ബഹ്‌റൈനിലെ പള്ളികളിലെ COVID-19 സുരക്ഷാ മുൻകരുതൽ നടപടികളിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തുന്നതാണ്:
പള്ളികളിൽ പ്രാർത്ഥനകളുടെ സമയത്ത് ഓരോ രണ്ട് വരികൾക്കിടയിലും ഒരു വരി ഒഴിച്ചിടണമെന്ന നിർദ്ദേശം ഒഴിവാക്കി.
വിശ്വാസികൾ പാലിക്കേണ്ടതായ സമൂഹ അകലം 2 മീറ്റർ എന്നതിൽ നിന്ന് ഒരു മീറ്ററാക്കി കുറച്ചു.
വിശുദ്ധ ഖുർആൻ, പ്രിന്റ് ചെയ്ത മറ്റ് പുസ്തകങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി.
വിശ്വാസികൾ സ്വന്തം നിസ്കാരപ്പായകൾ കൊണ്ട് വരേണ്ടതാണെന്ന നിർദ്ദേശം ഒഴിവാക്കും. വിശ്വാസികൾക്ക് ആവശ്യമെങ്കിൽ ഈ നിർദ്ദേശം തുടർന്നും പാലിക്കാവുന്നതാണ്.
മാസ്കുകളുടെ ഉപയോഗം തുടരും. പള്ളികളിലെത്തുന്ന വിശ്വാസികൾ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്. മാസ്കുകൾ ധരിക്കാത്തവർക്ക് പള്ളികളിലേക്ക് പ്രവേശനം നൽകില്ല.
പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന വിശ്വാസികളുടെ എണ്ണത്തിലെ പരമാവധി പരിധി ഒഴിവാക്കും.
പള്ളികളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവരായ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് മാത്രമാക്കി നിജപ്പെടുത്തും.
പള്ളികൾക്ക് പുറത്ത് പ്രാർത്ഥിക്കുന്നതിന് അനുമതി നൽകി.
പള്ളികളിലെ മറ്റു പ്രവർത്തനങ്ങൾക്ക് അനുമതി.
പ്രാർത്ഥനാ സമയത്തിന് മുൻപും, ശേഷവും വിശ്വാസികൾക്ക് പള്ളികളിൽ തുടരാൻ അനുമതി നൽകും.
രാജ്യത്തെ COVID-19 സാഹചര്യം അനുസരിച്ച് പള്ളികളിലെ മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റം വരാമെന്ന് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
🇸🇦സൗദി: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി.
✒️യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 5, ചൊവ്വാഴ്ച്ച വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനം രാജ്യത്തെ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, സ്‌കൂളുകൾ, ടെക്‌നിക്കൽ ഇൻസ്റ്റിട്യൂഷനുകൾ, തൊഴിൽപരമായ പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർ, അധ്യയന വിഭാഗം ജീവനക്കാർ എന്നിവർക്ക് ബാധകമാണ്. ഇവർക്ക് പുറമെ, ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്കും ഈ തീരുമാനം ബാധകമാണ്.
ഇതോടെ ഇത്തരം വ്യക്തികൾക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിക്കാതെ സൗദിയിലേക്ക് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി ലഭിക്കുന്നതാണ്.
🇰🇼കുവൈറ്റ്: സ്വകാര്യ മേഖലയിൽ ഇരുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ ശുപാർശ; വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കും.
✒️രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കുന്നതിനായി പബ്ലിക് മാൻപവർ അതോറിറ്റിയെ കുവൈറ്റ് ക്യാബിനറ്റ് ചുമതലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള ഫീ ഉയർത്തുന്നതിനും ക്യാബിനറ്റ് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ഫീ, അനുബന്ധ തുകകൾ എന്നിവ പുനഃപരിശോധിക്കാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനും ക്യാബിനറ്റ് മാൻപവർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 രണ്ടാം പാദത്തിലും, മൂന്നാം പാദത്തിലുമായാണ് ഫീ ഉയർത്തുന്നത് നടപ്പിലാക്കുക എന്നാണ് ലഭിക്കുന്ന സൂചന.
ഇതോടൊപ്പം, രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശതമാനം 2022 തുടക്കം മുതൽ ഉയർത്തുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 2022 ആരംഭം മുതൽ അഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനും, 2025 അവസാനത്തോടെ സ്വകാര്യ മേഖലയിൽ ഇരുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
🇶🇦ഖത്തര്‍ നാഷനല്‍ ലൈബ്രറി സന്ദര്‍ശിക്കാന്‍ ഇനി ബുക്കിങ് വേണ്ട.
✒️ഖത്തര്‍ ദേശീയ ലൈബ്രറിയില്‍(Qatar National Library) സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ മുന്‍കൂര്‍ അപ്പോയിന്‍മെന്റ് വേണ്ട. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് നാഷനല്‍ ലൈബ്രറിയില്‍ പ്രീ ഓണ്‍ലൈന്‍ അപ്പോയന്റ്‌മെന്റ് സംവിധാനം ഒഴിവാക്കിയത്. ഇനി മുതല്‍ എത്ര പേര്‍ക്കും ലൈബ്രറിയിലെത്താം.
ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ എട്ടു വരെയായിരിക്കും പ്രവര്‍ത്തനം. അതേസമയം, ലൈബ്രറിക്കകത്ത് സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ് തുടങ്ങിയ മുന്‍കരുതല്‍ പാലിക്കണം.
കുട്ടികളുടെ ലൈബ്രറിയും വരുന്ന വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറര വരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ ആറര വരെയുമാണ് കുട്ടികളുടെ ലൈബ്രറി പ്രവര്‍ത്തിക്കുക.
🇶🇦ഖത്തറില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്; 50 പേര്‍ യാത്രക്കാര്‍.
✒️ഖത്തറില്‍ (Qatar) ഇന്ന് 99 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 50 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 104 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,35,506 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 606.
1,035 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 14 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 39 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,063 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,44,058 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.4ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.
0 Comments