Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി: ഒക്ടോബർ 1 മുതൽ പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകും

വാർത്തകൾ വിശദമായി

🇸🇦സൗദി: ഒക്ടോബർ 1 മുതൽ പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകും.

✒️2021 ഒക്ടോബർ 1 മുതൽ പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 30-ന് വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന് പുറമെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന് പ്രതിദിനം അറുപതിനായിരം പേർക്ക് അനുമതി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കർശനമായ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് തീർത്ഥാടകർക്കും, വിശ്വാസികൾക്കും ഈ അനുമതികൾ നൽകുന്നത്.

പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം 2021 സെപ്റ്റംബർ 9 മുതൽ എഴുപതിനായിരമാക്കി ഉയർത്തിയിരുന്നു. ഇത് പ്രതിദിനം ഒരു ലക്ഷത്തിലേക്ക് ഉയർത്തുന്നതോടെ മാസം തോറും 3 ദശലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.

ഉംറ തീർത്ഥാടകരും, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്ന സന്ദർശകരും രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിരിക്കിണം എന്ന വ്യവസ്ഥ നിർബന്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

🇦🇪എക്സ്പോ 2020 ദുബായ് ആരംഭിച്ചു; ഉദ്ഘാടന ചടങ്ങിൽ H.H. മുഹമ്മദ് ബിൻ റാഷിദും H.H. മുഹമ്മദ് ബിൻ സായിദും പങ്കെടുത്തു.

✒️ദുബായിൽ വെച്ച് നടക്കുന്ന ലോക എക്സ്പോ മേളയായ എക്സ്പോ 2020, 2021 സെപ്റ്റംബർ 30, വ്യാഴാഴ്ച്ച വൈകീട്ട് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ 2020 ദുബായ് എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഇരുവരും എക്സ്പോ 2020-യിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും, സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്ക് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ അഭിവാദ്യങ്ങൾ അറിയിച്ചു.

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അൽ ദഫ്‌റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, അൽ ഐൻ മേഖല പ്രതിനിധി H.H. ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹസാ ബിൻ സായിദ് അൽ നഹ്യാൻ, മിനിസ്റ്റർ ഓഫ് ഇന്റീരിയർ H.H. ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് മിനിസ്റ്റർ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി നിരവധി പ്രമുഖർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.

എക്സ്പോ 2020-യുടെ തുടക്കം യു എ ഇയ്ക്ക് ഒരു ചരിത്ര നിമിഷമാണെന്ന് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു. ആത്മസമര്‍പ്പണം, അത്യുത്സാഹം, സ്വാഭിമാനം എന്നിവയിൽ ഊന്നിക്കൊണ്ട് ഈ മേള ഒരു വിജയമാക്കാൻ പ്രയത്നിച്ച മുഴുവൻ പേരുടെയും ഒത്ത്‌ചേർന്നുള്ള പരിശ്രമം ഫലം കണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. 192 രാജ്യങ്ങളിൽ നിന്നുള്ള വിവിധ സംസ്കാരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താനായതിൽ മുഴുവൻ രാജ്യത്തിനും അതിയായ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഈ ഉദ്‌ഘാടന വേളയിൽ ലോക എക്സ്പോ സാധ്യമാക്കാൻ പ്രയത്നിച്ച മുഴുവൻ പേർക്കും, എന്റെ സഹോദരൻ മുഹമ്മദ് ബിൻ റാഷിദിനും ഞാൻ അഭിനന്ദനം അറിയിക്കുന്നു. ഈ മേളയുടെ വിവിധ അനുഭവങ്ങൾ അറിയുന്നതിനായി അടുത്ത ആറ് മാസം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നെത്തുന്നവരെയും യു എ ഇ സ്വാഗതം ചെയ്യുന്നതാണ്. 192 രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരിക വൈവിധ്യങ്ങളെ ഒരുമിപ്പിക്കുന്നതിലൂടെ എക്സ്പോ 2020 ദുബായ് യു എ ഇ എന്ന രാജ്യം മുന്നോട്ട് വെക്കുന്ന സഹിഷ്‌ണുത, സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം തുടങ്ങിയ ധര്‍മ്മചിന്തകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി അതി ഗംഭീരമായ ഓഡിയോവിഷ്വൽ പ്രദർശനങ്ങൾ, കലാപരിപാടികൾ മുതലായവ അരങ്ങേറി. എക്സ്പോ 2020 ദുബായ് വേദിയുടെ ഹൃദയഭാഗമായ അൽ വാസൽ പ്ലാസയിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയാണ് ഈ ഉദ്ഘടന ചടങ്ങ്.

യു എ ഇയിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പ്രശസ്ത കലാകാരൻമാർ ചടങ്ങിൽ പങ്കെടുത്തു. ‘മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക’ എന്ന എക്സ്പോ സന്ദേശത്തിലൂന്നിയാണ് കലാപരിപാടികൾ ഒരുക്കിയിരുന്നത്.

ഈ മെഗാ ഇവന്റ് 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ആറ് മാസം നീണ്ട് നിൽക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. സുസ്ഥിരത, ചലനാത്മകത, അവസരങ്ങൾ എന്നീ മൂന്ന് തത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലാണ് ഈ മേള ഒരുക്കിയിട്ടുള്ളത്.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA) മേഖലയിൽ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോയാണ് എക്സ്പോ 2020 ദുബായ്. ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ എക്സ്പോ 2020-യിൽ 192 രാജ്യങ്ങൾ പങ്കെടുക്കുന്നു. പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും അവരവരുടേതായ പ്രത്യേക പവലിയൻ ഉണ്ട്.

🇴🇲ഒമാൻ: 2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി. സെപ്റ്റംബർ 30-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഒക്ടോബർ മാസത്തിലെ M95 പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

VAT ഉൾപ്പടെ 2021 ഒക്ടോബർ മാസത്തെ ഒമാനിലെ ഇന്ധന വില:
M95 പെട്രോൾ – ലിറ്ററിന് 239 ബൈസ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 237 ബൈസ)
M91 പെട്രോൾ – ലിറ്ററിന് 229 ബൈസ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 226 ബൈസ)
ഡീസൽ – ലിറ്ററിന് 258 ബൈസ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 247 ബൈസ)

🇶🇦ഖത്തർ: 2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റമില്ല. ഡീസൽ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021 ഒക്ടോബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:
പ്രീമിയം പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.05 റിയാൽ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
ഡീസൽ – ലിറ്ററിന് 1.95 റിയാൽ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 1.85 റിയാൽ).

🇦🇪എക്സ്പോ 2020 ദുബായ്: സന്ദർശകർക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകൾ പുറത്തിറക്കി.

✒️സന്ദർശകർക്കായി എക്സ്പോ 2020 ദുബായ് അതിന്റെ ഔദ്യോഗിക സന്ദർശക ആപ്പും, ബിസിനസ് കേന്ദ്രീകൃത ആപ്പും പുറത്തിറക്കി. 2021 ഒക്ടോബർ 1 മുതൽ എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് സന്ദർശകർക്ക് 182 ദിവസം നീണ്ട് നിൽക്കുന്ന ഈ പ്രദർശനം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ ആപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഈ ഔദ്യോഗിക ആപ്പുകളിലൂടെ എക്സ്പോ 2020 സന്ദർശിക്കുന്നവർക്ക് തങ്ങളുടെ വ്യക്തിഗത താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഇവന്റുകളുടെയും ആകർഷണങ്ങളുടെയും ഒരു വ്യക്തിഗത ഷെഡ്യൂൾ സൃഷ്ടിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. മൊണാക്കോയുടെ ഇരട്ടി വലിപ്പമുള്ള എക്സ്പോ 2020 വേദിയിലെ സന്ദർശനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ഇത് സഹായകമാണ്.

ഇതിനു പുറമെ, സന്ദർശകർക്ക് ടിക്കറ്റ് വാങ്ങുന്നതിനും, 200-ലധികം ഡൈനിംഗ് ഓപ്ഷനുകളും, പ്രത്യേക പ്രമേയങ്ങളിലൂന്നിയുള്ള പാചക പരിപാടികളും തിരഞ്ഞെടുക്കാനും, ക്യൂ ഒഴിവാക്കുന്നതിനായി എക്സ്പോ 2020-ന്റെ ഇന്റലിജന്റ് സ്മാർട്ട് ക്യൂ സിസ്റ്റത്തിലൂടെ റിസർവേഷനുകൾ നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ഇതിലൂടെ അതിഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു പവലിയൻ സന്ദർശിക്കാൻ സൗകര്യപ്രദമായ സമയ സ്ലോട്ട് റിസർവ് ചെയ്യാൻ അവസരം ലഭിക്കുന്നു.

എക്സ്പോ 2020-ന്റെ ഔദ്യോഗിക ഡിജിറ്റൽ സേവന പങ്കാളിയായ ആക്‌സെഞ്ചറുമായി സഹകരിച്ച് വികസിപ്പിച്ച ഈ ആപ്പ് ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ഇതിലൂടെ സന്ദർശകർക്ക് ഒരു എക്സ്പോ 2020 അക്കൗണ്ട് സൃഷ്ടിക്കാനും, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ലിങ്ക് ചെയ്യാനും, ജിപിഎസ് സംവിധാനവുമായി ഇണക്കിയിട്ടുള്ള എക്സ്പോ വേദിയുടെ സംവേദനാത്മക ഭൂപടം ഉപയോഗിക്കുന്നതിനും സാധിക്കുന്നതാണ്. എക്സ്പോ വേദിയ്ക്കകത്ത് സന്ദർശകർക്ക് താൽപ്പര്യമുള്ള പോയിന്റുകളിലേക്കുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളും ഈ ആപ്പിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

എക്സ്പോ വേദി തുറക്കുന്ന സമയങ്ങൾ, പാർക്കിംഗ് ഓപ്ഷനുകൾ, ദുബായിലെ വിപുലമായ പൊതുഗതാഗത ഓപ്ഷനുകൾ ഉപയോഗിച്ച് എക്സ്പോയിൽ എങ്ങനെ എത്തിച്ചേരാം എന്നിവ ഉൾപ്പെടെയുള്ള എക്സ്പോ 2020 സന്ദർശനങ്ങൾ സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള വിവരങ്ങൾ ആപ്പിലെ ഒരു ചാറ്റ്ബോട്ട് ഉപയോഗിച്ച് ലഭിക്കുന്നതാണ്.

എക്സ്പോ 2020 ബിസിനസ് ആപ്പ് ബിസിനസ്സ് കമ്മ്യൂണിറ്റിയിലെ സമാന താൽപ്പര്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഉപയോക്താക്കൾക്ക് പരസ്പരം കണ്ടെത്തുന്നതിനും, ബിസിനസ്സ് ടു ബിസിനസ്സ് (B2B), ബിസിനസ്സ് ടു ഗവൺമെന്റ് (B2G), ഗവൺമെന്റ് ടു ഗവൺമെന്റ് (G2G) രീതിയിലുള്ള സംവാദങ്ങൾ നടത്തുന്നതിനും അവസരമൊരുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പ്രവർത്തിക്കുന്ന ഈ ആപ്പ് മൊബൈലിനും ഡെസ്‌ക്‌ടോപ്പിനും ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ, വൈദഗ്ദ്ധ്യം, ലക്ഷ്യങ്ങൾ, ഇടപെടൽ പാറ്റേണുകൾ എന്നിവ അടിസ്ഥാനമാക്കി ഈ ആപ്പ് സാധ്യമായ പൊരുത്തങ്ങൾ നിർദ്ദേശിക്കുകയും, ഓരോ ബിസിനസ്സ് സന്ദർശകനും അവരുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

വെബ്ആപ്പ്, ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ വഴിയെല്ലാം ആപ്പ് ലഭ്യമാണ്. എക്സ്പോ 2020 ബിസിനസ് ആപ്പ് ഉപയോക്താക്കളെ അവരുടെ പ്രൊഫൈൽ സൃഷ്ടിക്കാനും പ്രധാന വിവരങ്ങളും കോൺടാക്റ്റ് വിശദാംശങ്ങളും ഉയർത്തിക്കാട്ടുന്നതിനും അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് മറ്റ് ഉപയോക്താക്കളുമായും ബിസിനസ്സുകളുമായും താൽപ്പര്യമുള്ള സ്ഥാപനങ്ങളുമായും മീറ്റിംഗുകൾ നടത്താനും ചാറ്റ് ചെയ്യാനും ഷെഡ്യൂൾ ചെയ്യാനും എക്സ്പോയിലും അതിനുശേഷവും ബന്ധം സ്ഥാപിക്കാനും ഇതിലൂടെ കഴിയുന്നു. ഡൗൺലോഡ് ചെയ്യാൻ സൗജന്യമായിരിക്കുമ്പോൾ തന്നെ നെറ്റ്‌വർക്കിംഗ്, കണക്റ്റിംഗ്, ചാറ്റിംഗ്, മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യൽ തുടങ്ങിയ ആപ്പിന്റെ പ്രീമിയം ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിന് ഒരു ചെറിയ രജിസ്ട്രേഷൻ ഫീസ് ബാധകമാണ്.

🇸🇦സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഉദ്‌ഘാടനം ചെയ്തു.

✒️2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ സെപ്റ്റംബർ 30-ന് ഉദ്‌ഘാടനം ചെയ്തു. മേള ഉദ്‌ഘാടനം ചെയ്തു കൊണ്ട് ലോകമെമ്പാടുമുള്ള എഴുത്തുകാരെയും, പ്രസാദകരെയും, സാംസ്‌കാരിക നായകരെയും അദ്ദേഹം പുസ്തകമേളയിലേക്ക് സ്വാഗതം ചെയ്തു.

ഈ വർഷത്തെ മേളയിലെ പ്രത്യേക അതിഥികളായി ഇറാഖിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ഇറാഖ് സാംസ്‌കാരിക വകുപ്പ് മന്ത്രി ഹസ്സൻ നാസിം, ഈജിപ്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി ഇൻസ് അബ്ദെൽ ദിയെം മുതലായവർ പങ്കെടുത്തു.

2021 ഒക്ടോബർ 1 മുതൽ പൊതുജനങ്ങൾക്ക് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഒക്ടോബർ 1-ന് ആരംഭിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഒക്ടോബർ 10 വരെ നീണ്ട് നിൽക്കുന്നതാണ്. ദിനവും രാവിലെ 10 മുതൽ രാത്രി 11 മണിവരെയാണ് പ്രവേശനം.

28 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പുസ്തക പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. റിയാദ് ഫ്രണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്.

ആഗോള തലത്തിൽ തന്നെ പ്രസാധകർക്കിടയിൽ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി പ്രസാധകരുടെ ഒരു അന്താരാഷ്ട്ര കോൺഫെറൻസ് ഈ വർഷത്തെ റിയാദ് പുസ്തകമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു കോൺഫെറൻസ് മേളയിൽ ആദ്യമായാണ് ഉൾപ്പെടുത്തുന്നത്. ഒക്ടോബർ 4, 5 തീയതികളിലാണ് ഈ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഇതിനുപുറമെ, സാംസ്‌കാരികവും, സാഹിത്യപരമായതുമായ ചര്‍ച്ചായോഗങ്ങൾ, കവിതാ പാരായണം, സംവാദങ്ങൾ, കലാ പരിപാടികൾ, കല, വായന, എഴുത്ത്, പുസ്തക പ്രസാധനം തുടങ്ങിയ മേഖലകളിലെ വർക്ക്ഷോപ്പുകൾ തുടങ്ങിയ നിരവധി പരിപാടികൾ ഈ മേളയുടെ ഭാഗമാണ്.

🇶🇦ഖത്തറില്‍ ഇന്ന് 92 പേര്‍ക്ക് കോവിഡ്; 62 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ.

✒️ഖത്തറില്‍ (Qatar) ഇന്ന് 92 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 30 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 93 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,34,855. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 606.

1,274 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 14 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 61 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,20,147 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.9ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇴🇲ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാന്‍ ജാഗ്രതയോടെ ഒമാൻ ദേശീയ ദുരന്തനിവാരണ സമിതി.

✒️ഷഹീൻ ചുഴലിക്കാറ്റിനെ (Cyclone Shaheen) നേരിടുന്നത് സംബന്ധിച്ച് ഒമാൻ (Oman) ദേശീയ ദുരന്തനിവാരണ സമിതിയിലെയും സിവിൽ ഏവിയേഷൻ   സമിതിയിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.  അടുത്ത 72  മണിക്കൂറില്‍ പരമാവധി ജാഗ്രത പാലിക്കാനും വാദികൾ കടന്നുള്ള  അപകടസാധ്യത ഒഴിവാക്കാനും നിര്‍ദേശം നല്‍കിയതിനൊപ്പം കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധമായ അപകട സാധ്യതകളെ കുറിച്ചും യോഗം വിലയിരുത്തി.

മത്സ്യബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളർത്തൽ തുടങ്ങിയ കൃഷികളില്‍ ഏർപ്പെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഒമാൻ കൃഷി - മത്സ്യ - ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാദികൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

വടക്കു  കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് ശക്തിപ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി ഒമാൻ (Oman) തീരത്തേക്ക് അടുക്കുന്നത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‍കത്ത് ഗവര്‍ണറേറ്റ് തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കാറ്റഗറി - 1 ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ഒമാന്റെ കടൽ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. 

ഒക്ടോബർ മൂന്നാം തീയതി ഞാറാഴ്‍ച വൈകുന്നേരത്തോടു കൂടിയായിരിക്കും ഷഹീൻ ചുഴലിക്കാറ്റ് മസ്‍കത്ത് ബാത്തിന ഗവര്‍ണറേറ്റുകളിലെ തീരം തൊടുന്നത്.  മസ്‍കത്ത്, ബാത്തിന എന്നി ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളിൽ ഞാറാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റോടു കൂടിയ മഴ പെയ്‍തുതുടങ്ങും. 150 മുതൽ 600  മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ശക്തമായ വെള്ളപ്പാച്ചിലുണ്ടാകുമെന്നും സിവിൽ ഏവിയേഷന്റെ അറിയിപ്പിൽ പറയുന്നു.

🇸🇦സൗദിയിൽ കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് ഇനി പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനാവില്ല.

✒️സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്‌സിനേഷൻ (Covid vaccine) പൂർത്തീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കില്ല. രണ്ടു ഡോസ് വാക്സിനെടുക്കാത്തവർക്ക് പൊതുവിടങ്ങളിൽ പ്രവേശനം നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. 

വിമാന യാത്ര, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള യാത്രകള്‍, വ്യാപാര, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം സ്ഥാപനങ്ങളിലെ പ്രവേശനത്തിനും വിലക്കുണ്ടാവും. രണ്ടു ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

ഈ മാസം 10ന് പുലർച്ചെ ആറു മണി മുതലാണ് ഈ വ്യവസ്ഥ നിലവിൽ വരിക. ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ ഈ തീയ്യതിക്ക് മുമ്പ് എല്ലാവരും എടുക്കേണ്ടതുണ്ട്. നേരത്തെ കൊവിഡ് ബാധിച്ച് ഒരു ഡോസ് കൊവിഡ് വാക്സിന്‍  എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ വാക്സിനേഷന് ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിബന്ധനയിലും ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. രണ്ടു ഡോസ് എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനവും അനുവദിക്കില്ല.

🇸🇦പൊലീസ് ചമഞ്ഞ് പിടിച്ചുപറി: സൗദി അറേബ്യയിൽ അഞ്ചംഗ സംഘം അറസ്റ്റിൽ.

✒️സൗദി അറേബ്യയിൽ (Saudi Arabia) പൊലീസ് ചമഞ്ഞ് പിടിച്ചുപറി നടത്തിയ അഞ്ചംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ (Security departments) അറസ്റ്റ് ചെയ്തു. മക്ക പ്രവിശ്യയിലാണ് അറസ്റ്റ്. മുപ്പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ള ഒരു സൗദി യുവാവും മൂന്നു തുര്‍ക്കികളും ഒരു ഫലസ്തീനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. 

പൊലീസ് ചമഞ്ഞ് വിദേശികളുടെ താമസസ്ഥലത്ത് കയറിയ സംഘം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയായിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

🇦🇪യുഎഇയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.

✒️യുഎഇയില്‍ (United Arab Emirates)പുതിയതായി  276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 365 പേരാണ് ഇന്ന് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന്‌ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,268 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,28,911 പേര്‍ രോഗമുക്തരായി. 2,100 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,257 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 

Post a Comment

0 Comments