Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

വാർത്തകൾ  വിശദമായി

🇦🇪പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല: അബുദാബി വിദ്യാഭ്യാസ വകുപ്പ്.

✒️പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍(covid vaccine) നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരെ ഓര്‍മ്മപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് അനുസരിച്ച് സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്‌കൂള്‍സ് പദ്ധതി(Blue Schools Initiative) നടപ്പിലാക്കിയതിന് പിന്നാലെയാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ(അഡെക്)( Department of Education and Knowledge (Adek))മുന്നറിയിപ്പ്. 

പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയിട്ടുണ്ടെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല ഉള്‍പ്പെടെ മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് ഇളവ് നല്‍കുന്ന കളര്‍കോഡ് സംവിധാനം അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

🇰🇼കേരളത്തിലെ മഴക്കെടുതി; ദുഃഖം രേഖപ്പെടുത്തി കുവൈത്ത് അമീര്‍.

✒️കേരളത്തില്‍ മഴക്കെടുതിയെ(Flood) തുടര്‍ന്നുണ്ടായ മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്(Sheikh Nawaf Al-Ahmad Al-Jaber Al-Sabah). ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അമീര്‍ സന്ദേശമയച്ചു. 

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സന്ദേശത്തില്‍ അമീര്‍ പറഞ്ഞു.  പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരിതം അതിജീവിക്കാന്‍ ഭരണകൂടത്തിന് സാധിക്കട്ടെയെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു.

✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് വീണ്ടും രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 38 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം(Saudi Health Ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 52 പേര്‍ രോഗമുക്തി നേടി. 49,202 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. 

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,969 ആയി. ഇതില്‍ 5,36,999 പേരും സുഖം പ്രാപിച്ചു. ആകെ 8,765 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 100 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,698,978 ഡോസ് കവിഞ്ഞു. ഇതില്‍ 23,924,621 എണ്ണം ആദ്യ ഡോസ് ആണ്. 20,774,357 എണ്ണം സെക്കന്‍ഡ് ഡോസും. 1,686,311 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 6, മക്ക 3, ബുറൈദ 2, ദമ്മാം 2, മറ്റ് 11 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

🇦🇪യുഎഇയില്‍ 104 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 104 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 142 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പുതിയതായി നടത്തിയ 258,717 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,690 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,438 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,120 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,132 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇴🇲മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

✒️മസ്‌കറ്റ് നഗരസഭ(Muscat municipality) ഇലക്ട്രോണിക് സേവനങ്ങള്‍(electronic services) താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് സേവനങ്ങളില്‍  നേരിട്ട സാങ്കേതിക തകരാറുകള്‍ മൂലം താല്‍ക്കാലികമായി ഇ-സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി നഗരസഭ ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളും 'മൈ  മുനിസിപ്പാലിറ്റി' എന്ന ആപ്ലിക്കേഷനും സാങ്കേതിക തകരാറുകള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നുവെന്നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. തകരാറുകള്‍ പരിഹരിച്ചതിന് ശേഷം സേവനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നത് പൊതു   ജനങ്ങളെ അറിയിക്കുമെന്നും നഗരസഭയുടെ പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.

🇰🇼കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം; ജീവനക്കാര്‍ക്ക് പരിക്കേറ്റു.

✒️കുവൈത്തിലെ (Kuwait) മിനാ അല്‍ അഹ്‍മദി ( Mina Al-Ahmadi refinery) എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം. തിങ്കളാഴ്‍ച രാവിലെയുണ്ടായ അപകടത്തില്‍ ഇവിടുത്തെ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി (Kuwait National Petroleum Company) അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയതായാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ പ്രസ്‍താവനയില്‍ പറയുന്നത്.

റിഫൈനറിയിലെ അറ്റ്മോസ്‍റഫറിക് റെസിട്യൂ ഡീസള്‍ഫറൈസേന്‍ (എ.ആര്‍.ഡി) യൂണിറ്റുകളിലൊന്നിലാണ് തീപ്പിടുത്തമുണ്ടായത്. റിഫൈനറിയിലെ അഗ്നിശമന വിഭാഗം ഉടന്‍തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ആദ്യം അറിയിച്ച കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, പിന്നീട് ഏതാനും പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ചിലര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകള്‍ സംഭവിച്ചുവെന്നും പുകനിറഞ്ഞ് ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ആശങ്കാജനകമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിഫൈനറിയുടെ പ്രവര്‍ത്തനത്തെയോ ഇവിടെ നിന്നുള്ള പ്രാദേശിക എണ്ണ വിതരണത്തെയോ അന്താരാഷ്‍ട്ര കയറ്റുമതിയെയോ ഒരു തരത്തിലും അപകടം ബാധിച്ചിട്ടില്ല. കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ മൂന്ന് എണ്ണ ശുദ്ധീകരണശാലകളില്‍ ഏറ്റവും വലുതാണ് മിനാ അല്‍ അഹ്‍മദി റിഫൈനറി. 1949ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. പത്തര ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടെ നിന്ന് പ്രതിദിനം 4,66,000 ബാരല്‍ പെട്രോളാണ് ഉത്പാദിപ്പിക്കുന്നത്.

🇴🇲ഒമാനില്‍ നാല് വിദേശ ബോട്ടുകള്‍ പിടിയില്‍; 29 പേരെ അറസ്റ്റ് ചെയ്തു.

✒️ഒമാനിലെ(Oman) വടക്കന്‍ ബാത്തിനായില്‍ നാല് വിദേശ ബോട്ടുകള്‍(foreign boats) റോയല്‍ ഒമാന്‍ പൊലീസിന്റെ(Royal Oman Police) കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. വടക്കന്‍ ബാത്തിനയിലെ വിവിധ മേഖലകളിലെ സമുദ്ര മാര്‍ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍  ശ്രമിച്ചവരാണ് പൊലീസിന്റെ പിടിയിലായത്.

നാല് ബോട്ടുകളിലായി എത്തിയ 29  പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്. രാജ്യത്തേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

🇴🇲ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത് 20 കൊവിഡ് രോഗികള്‍ മാത്രം.

✒️ഒമാനില്‍ (Oman) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് (New covid - 19 cases) 12 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം (Ministry of Health) തിങ്കളാഴ്‍ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേര്‍ കൂടി രോഗമുക്തരായി (Recoveries). അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണം (Covid death) രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,066 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,434 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 4106 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമാവുകയും ചെയ്‍തു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

നിലവില്‍ 526 കൊവിഡ് രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ആശുപത്രികളായി ആകെ മൂന്ന് കൊവിഡ് രോഗികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ 20 കൊവിഡ് രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.

🇦🇪ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാം; ദുബൈയില്‍ പുതിയ സംവിധാനം ഉടന്‍.

✒️ദുബൈയിലെ (Dubai) ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് (Whatsapp) വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി (Road Transport Authority) പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ (executive director of parking) അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.

🇦🇪ദുബൈ എക്സ്പോയുടെ രണ്ടാം വാരം ഒഴുകിയെത്തിയത് ഏഴ് ലക്ഷത്തിലധികം സന്ദര്‍ശകര്‍.

✒️ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ (Dubai Expo 2020) രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 7,71,477 പേരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കി എക്സ്പോ കാണാനെത്തിയത് (ticketed visits). തിങ്കളാഴ്‍ച രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

നാല് ചതുരശ്ര കിലോമീറ്റരില്‍ പരന്നുകിടക്കുന്ന എക്സ്പോ വേദിയില്‍ ഇക്കഴിഞ്ഞ ഒരാഴ്‍ച മാത്രം 181 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെത്തി. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒരാഴ്‍ച കൊണ്ട് 12 ശതമാനം വര്‍ദ്ധനവുണ്ടായി. കാണാനെത്തുന്നവരില്‍ പകുതിയോളം പേരും പല തവണ എക്സ്പോ വേദിയിലെത്താനുള്ള സീസണ്‍ പാസ് വാങ്ങിയവരാണ്. ഒരു ലക്ഷത്തിലധികം പേരും രണ്ടാം തവണ എക്സ്പോ വേദിയിലെത്തിയവരുമായിരുന്നു. 35,000 പേരാണ് മൂന്നാമത്തെ സന്ദര്‍ശനത്തിനെത്തിയത്. 

എക്സ്പോ തുടങ്ങി ആദ്യ 10 ദിവസത്തിനുള്ളില്‍ തന്നെ 4,11,768 പേരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കി സന്ദര്‍ശനത്തിനെത്തിയത്. സംഘാടകരും മറ്റ് പരിപാടികളില്‍ പങ്കെടുക്കാനെത്തിയവരും ക്ഷണിതാക്കളും ഒഴികെയുള്ളവരുടെ കണക്കാണിത്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സ്‍കൂള്‍ വിദ്യാര്‍ത്ഥികളും കൂട്ടമായി എക്സ്പോ വേദിയിലെത്തിത്തുടങ്ങുന്നതായി സംഘാടകര്‍ അറിയിച്ചു.

🇴🇲 ഒമാനില്‍ 107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്.

✒️ഒമാനില്‍ 328 തടവുകാര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് (Royal pardon) ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ (Sultan Haitham bin Tarik) ഉത്തരവ്. 107 പ്രവാസികളും (expatriates) മോചിതരാവുന്നവരില്‍ ഉള്‍പ്പെടും. നബിദിനം (Prophet's birthday) പ്രമാണിച്ചും തടവുകാരുടെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്തുമാണ് മോചനം അനുവദിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (Oman News Agency) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഒമാനില്‍ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ചൊവ്വാഴ്‍ച അവധി
മസ്‍കത്ത്: നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്, ഒക്ടോബര്‍ 19 ചൊവ്വാഴ്‍ച (ഹിജ്റ മാസം റബീഉല്‍ അവ്വല്‍ 12) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

🇶🇦ഖത്തര്‍ കേന്ദ്രീകരിച്ച് വന്‍ തൊഴില്‍ തട്ടിപ്പ്; നിരവധി മലയാളികള്‍ കുടുങ്ങി.

✒️സോഷ്യല്‍ മീഡിയ വഴി വ്യാജ തൊഴില്‍ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ ഇരകളെ കുടുക്കുന്നത്; നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു.

🇶🇦ഖത്തറില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്; യാത്രക്കാര്‍ 19.

✒️ഖത്തറില്‍ (Qatar) ഇന്ന് 67 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 19 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 75 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,36,498. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 608.

890 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 9 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുതുതായി ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. 47 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,268 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,93,618 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83.3 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.

🛫കരിപ്പൂരിന് പകരം പുതിയ വിമാനത്താവളം? കേന്ദ്രസർക്കാർ നിർദേശം തള്ളി സംസ്ഥാന സർക്കാർ.

✒️കരിപ്പൂർ വിമാനത്താവളത്തിന് പകരം മറ്റൊരു വിമാനത്താവളമുണ്ടാക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍  നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മന്ത്രിമാര്‍  തള്ളിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കാൻ സാധിക്കുന്ന തരത്തിൽ റൺവേ വികസിപ്പിക്കാൻ 96.5 എക്കർ  ഭൂമി വേണ്ടി വരുമെന്നും വിമാനത്താവളത്തിൻ്റെ സമഗ്ര വികസനത്തിനായി ആകെ  248.75 ഏക്കർ ഭൂമിയും കണ്ടെത്തേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.

വിമാനത്താവളത്തിലെ കുഴപ്പം കൊണ്ടല്ല അപകടമുണ്ടായതെന്ന്  അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും യോഗം ആവശ്യപെട്ടു. വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കാൻ നിലവിൽ തടസ്സമില്ലെന്ന് വികസനസമിതിയോഗത്തിന് ശേഷം മന്ത്രി വി.അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.

🇸🇦കോവിഡ് നിയന്ത്രണങ്ങൾ നീക്കി; രണ്ടാമത്തെ ഉംറ നിർവഹിക്കാൻ ഇനി 15 ദിവസം കാത്തിരിക്കേണ്ട.

✒️കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ പശ്ചാത്തലത്തിൽ രണ്ടാമത്തെ ഉംറ നിർവഹിക്കാൻ ഇനി 15 ദിവസം കാത്തിരിക്കണമെന്ന നിബന്ധന മാറ്റി. വേഗത്തിൽ ഉംറ പെർമിറ്റ് ലഭിക്കുന്നതിനുള്ള ക്രമീകരണം ഹജ്ജ് ഉംറ ആപ്ലിക്കേഷനിൽ വരുത്തിയിട്ടുണ്ട്. മദീനയിലെ റൗദയിലേക്കുള്ള പ്രവേശനത്തിനുള്ള ഇടവേളയും ഒഴിവാക്കി. കോവിഡ് സാഹചര്യത്തിൽ ഉംറക്ക് നിയന്ത്രണമുണ്ടായിരുന്നു. ഒരു ഉംറ പെർമിറ്റ് നേടിയ ശേഷം വീണ്ടും പെർമിറ്റ് നേടാൻ 15 ദിവസം കഴിയേണ്ടിയിരുന്നു. ഇതാണിപ്പോൾ ഒഴിവാക്കിയത്. 

മുമ്പത്തെ പോലെ ഇപ്പോൾ അപേക്ഷിക്കുന്ന മുറപ്പ് വീണ്ടും ഉംറ കർമത്തിനുള്ള പെർമിറ്റ് ലഭ്യമാകും. വിശുദ്ധ ഹറമിൽ മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തി തുടങ്ങിയ സാഹചര്യത്തിലാണ് ഈ നിബന്ധന റദ്ദാക്കിയിരിക്കുന്നത്. 

തവക്കൽനാ, ഇഅ്തമർനാ ആപുകൾ ഉപയോഗിച്ചാണ് പെർമിറ്റ് കരസ്ഥമാക്കേണ്ടത്. മദീനയിലെ പ്രവാചകന്റെ പള്ളിയിയിലെ പുണ്യ സ്ഥലമായ റൗളാ ശരീഫിൽ പ്രവേശിക്കാനുള്ള നിയന്ത്രണവും നീക്കി. നേരത്തെ ഒരു തവൺ ഇവിടെ സന്ദർശിച്ചാൽ ഒരു മാസത്തിന് ശേഷമായിരുന്നു വീണ്ടും സന്ദർശിക്കാൻ അനുമതി നൽകിയിരുന്നത്.

Post a Comment

0 Comments