കോട്ടയം : വരി നിൽക്കുന്നതിനിടെ കാലിൽ ചവിട്ടിയതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർഥികൾ കളക്ടറേറ്റ് വളപ്പിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്ക് ചെറിയ പരിക്കേറ്റു. കോട്ടയം കളക്്ടറേറ്റിനുള്ളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനുമുന്നിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇവിടെ പേര് രജിസ്റ്റർ ചെയ്യാനെത്തിയതായിരുന്നു വിദ്യാർഥികൾ. പേര് രജിസ്റ്റർ ചെയ്യുന്നതിന് വരി നിൽക്കുന്നതിനിടെ ചെങ്ങളം സ്വദേശിയായ വിദ്യാർഥിയുടെ കാലിൽ വടവാതൂർ സ്വദേശിയായ വിദ്യാർഥി ചവിട്ടി.
ആദ്യം ചവിട്ടിയതിന് മാപ്പ് പറഞ്ഞെങ്കിലും രണ്ടാമത് ചവിട്ടിയതോടെ ചെങ്ങളും സ്വദേശിയായ വിദ്യാർഥിയും സുഹൃത്തുക്കളുംചേർന്ന് വടവാതൂർ സ്വദേശിയായ വിദ്യാർഥിയെ മർദിച്ചു. ഇതോടെ മർദനമേറ്റ വിദ്യാർഥി വടവാതൂരിലുള്ള രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവർ കത്തിയുമായാണ് കളക്ടറേറ്റ് വളപ്പിലെത്തിയത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടാകുകയും ഇതിനിടെ ഒരു വിദ്യാർഥി കത്തിവീശുകയുമായിരുന്നു. സംഘർഷത്തെ തുടർന്ന് പോലീസെത്തിയതോടെ വിദ്യാർഥികൾ ചിതറിയോടി.
സംഘത്തിൽപെട്ട ഒരാളെ സംഭവസ്ഥലത്തുവച്ചുതന്നെ പോലീസ് പിടികൂടി. തുടർന്ന് മറ്റ് വിദ്യാർഥികളെ പോലീസ് വിളിച്ചുവരുത്തി. പരിക്കേറ്റ രണ്ടു വിദ്യാർഥികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മർദനമേറ്റവർ പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സംഘർഷത്തിലേർപ്പെട്ടവർ പ്രായപൂർത്തിയാകാത്തവരായതിനാൽ പോലീസ് കേസെടുത്തിട്ടില്ല. ശനിയാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് ഇരുകൂട്ടരെയും പോലീസ് വിട്ടയച്ചു.

0 Comments