Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ



പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.

✒️സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിൽ (Mosques) സാമൂഹിക അകല നിയന്ത്രണം (Physical distancing) തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു (Saudi Health Ministry). രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക അകലം പാലിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. 

പള്ളികളിൽ എല്ലാ പ്രായത്തിലുള്ളവരും വരുന്നുണ്ട്. മാത്രമല്ല ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തിഗത ആപ്ലിക്കേഷനായ തവക്കല്‍നാ പരിശോധന ഇവിടെ നടക്കുന്നുമില്ല. അതു കാരണം സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും ഒഴിവാക്കാനായിട്ടില്ല. എന്നാൽ തവക്കല്‍നാ പരിശോധനയുള്ള മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

🇸🇦സൗദി അറേബ്യയില്‍ ഗുരുതരാവസ്ഥയിലാവുന്ന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു.

✒️സൗദി അറേബ്യയിൽ ഗുരുതരാവസ്ഥയിലാവുന്ന കൊവിഡ് ബാധിതരുടെ എണ്ണം കാര്യമായി കുറയുന്നു. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് ഇന്നത്തെ കണക്കിൽ വെറും 90 കൊവിഡ് രോഗികളുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

അതേസമയം രാജ്യത്ത് പുതിയതായി ഇന്ന് 49 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 38 പേർ മാത്രമാണ് രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 45,275 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,018 ആയി. ഇതിൽ 5,37,037 പേരും സുഖം പ്രാപിച്ചു. ആകെ 8,767 പേർ മരിച്ചു. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്സിനേഷൻ 44,812,942 ഡോസ് കവിഞ്ഞു. ഇതിൽ 23,954,579 എണ്ണം ആദ്യ ഡോസ് ആണ്. 20,858,363 എണ്ണം സെക്കൻഡ് ഡോസും. 1,687,932 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 9, ജുബൈൽ 3, ദർബ് 2, മക്ക 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.

🇦🇪'മിര്‍ദിഫ് പാര്‍ക്ക് വേ' പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് യൂണിയന്‍ കോപ്.

✒️യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്, ചെറുകിട - ഇടത്തരം സ്വദേശി നിക്ഷേപകര്‍ക്കായി 'മിര്‍ദിഫ് പാര്‍ക്ക് വേ' എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശി യുവാക്കള്‍ക്ക് വ്യാണിജ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുമുള്ള പിന്തുണയുമാണ് ഈ ദേശീയ പദ്ധതിയിലൂടെ യൂണിയന്‍കോപ് ലക്ഷ്യമിടുന്നത്. യൂണിയന്‍കോപിന്റെ വാണിജ്യ കേന്ദ്രമായ 'ഇത്തിഹാദ് മാളിന്' സമീപമുള്ള 2,62,607 ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന 34 ഫുഡ് ട്രക്കുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വിവിധ രാജ്യക്കാരും വിവിധ രുചികള്‍ ഇഷ്‍ടപ്പെടുന്നവരുമായ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ഇവിടുത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍. അധികൃതരില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷം ഇത്തരത്തിലുള്ള മൂന്ന് പദ്ധതികള്‍ കൂടി ആരംഭിക്കാനും യൂണിയന്‍കോപ് ലക്ഷ്യമിടുന്നുണ്ട്.

വിപണിയിലെ വാടക മൂല്യത്തില്‍ 50 ശതമാനം വരെ ഇളവ്
സംയോജിത സേവനങ്ങള്‍ നല്‍കുന്ന നിക്ഷേപ പദ്ധതികളുടെ ഒരു സമാഹരണമായി 'മിര്‍ദിഫ് പാര്‍ക്ക് വേ' എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങാന്‍ യൂണിയന്‍കോപ് തീരുമാനിച്ചതായി സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. മേഖലയിലും ദുബൈ എമിറേറ്റിലും ഇത്തരത്തിലെ ആദ്യ സംരംഭമായിരിക്കും ഇത്. യുവമനസുകളെ ആകര്‍ഷിക്കാനും സ്വകാര്യ മേഖലയിലെ സാമ്പത്തിക പദ്ധതികളുടെ സ്വദേശിവത്കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ വിപണിയില്‍ പ്രവേശിക്കുക വഴി ഉത്പാദനവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. വിപണിയിലെ മൂല്യം അനുസരിച്ചുള്ള വാടക തുകയില്‍ 50 ശതമാനം വരെ ഇളവ് നല്‍കി ഇവരെ യൂണിയന്‍കോപ് പിന്തുണയ്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുകളുടെ സ്വദേശിവത്കരണം എന്നതിലുപരി, സ്വകാര്യ മേഖലയിലെ പരമാവധി വരുമാനത്തെ സ്വദേശിവത്കരിക്കുകയാണ് ലക്ഷ്യം. നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒപ്പം രാജ്യത്തെ ചില്ലറ വിപണന രംഗത്ത് വാണിജ്യ നിക്ഷേപത്തിന്റെ ആകര്‍ഷണീയ വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

'മിര്‍ദിഫ് പാര്‍ക്ക് വേ' പദ്ധതിയുടെ പ്രതീക്ഷിത ഗുണഭോക്താക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ യൂണിയന്‍കോപ് അതീവശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ തുടക്കം മുതല്‍ പദ്ധതികള്‍ തുടങ്ങാനും വികസിപ്പിക്കാനുമുള്ള പ്രോത്സാഹനം വരെ ഇതില്‍ ഉള്‍പ്പെടും. ഒപ്പം സമൂഹത്തിനും ഈ പദ്ധതിയിലൂടെ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭിക്കും. രാജ്യതാത്‍പര്യങ്ങള്‍ക്കും ധിഷണാശാലികളായ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി യുവജനങ്ങള്‍ക്കും ചെറുകിട - ഇടത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്.

'സ്വദേശികള്‍ക്കുള്ള അസുലഭ അവസരം'
തങ്ങളുടെ പദ്ധതികള്‍ തുടങ്ങാനും വാണിജ്യ നിക്ഷേപ ലോകത്തേക്ക് കടക്കാനും സ്വദേശികള്‍ക്ക് ലഭിക്കുന്ന അസുലഭ അവസരമായിരിക്കും 'മിര്‍ദിഫ് പാര്‍ക്ക് വേ' എന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട - ഇടത്തരം സ്ഥാപനങ്ങളുടെ ഉടമകളായ സ്വദേശികള്‍ക്ക് ഇവിടെ 34 അവസരങ്ങളാണുണ്ടാവുക. കോഫി ഷോപ്പുകള്‍, സ്‍നാക്സ്, ഗ്രില്‍സ്, ബര്‍ഗര്‍, പാസ്‍ത, മധുരപലഹാരങ്ങള്‍, വിവിധ തരത്തിലുള്ള ജ്യൂസുകള്‍ എന്നിങ്ങനെയായിരിക്കും ഇത്. രാജ്യത്തെ നിക്ഷേപത്തെ പിന്തുണയ്‍ക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു ദേശീയ പദ്ധതിയായി 'മിര്‍ദിഫ് പാര്‍ക്ക് വേ' കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഇവിടെ നിന്ന ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഒരു മാതൃകയും ദേശീയ - അന്തര്‍ദേശീയ തലത്തിലുള്ള വളര്‍ച്ചയും സാമ്പത്തിക നവോദ്ധാനവുമായിരിക്കും ഈ പദ്ധതി.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്ന സുപ്രധാനമായൊരു സ്ഥാനത്താണ് പദ്ധതി നിലവില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തിഹാദ് മാളിന് സമീപം അല്‍ ഖവാനീജ് സ്‍ട്രീറ്റിന് അഭിമുഖമായിട്ടായിരിക്കും ഇത് നിലകൊള്ളുക. റോഡിലേക്കുള്ള പ്രവേശന സൗകര്യം, സുഗമമായ സഞ്ചാര സൗകര്യം, ആവശ്യത്തിന് പാര്‍ക്കിങ് സ്ഥാനം എന്നിവയ്‍ക്ക് പുറമെ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമായ സേവനങ്ങളും ലഭ്യമാക്കുന്നു. സമൂഹത്തിലെ നിരവധിപ്പേര്‍ക്കും മറ്റ് എമിറേറ്റുകളില്‍ നിന്ന് ദുബൈയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കുമെല്ലാം പ്രിയങ്കരമായൊരു ഷോപ്പിങ്, വിനോദ സങ്കേതമായി ഈ പ്രദേശം മാറുകയും ചെയ്യും.

'മിര്‍ദിഫ് പാര്‍ക്ക് വേ' പോലെ മൂന്ന് പദ്ധതികള്‍ കൂടി
തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്വദേശി വ്യാപാരികള്‍ക്ക് പിന്തുണയുമായി സമാനമായ മൂന്ന് ദേശീയ പദ്ധതികള്‍ കൂടി സ്ഥാപിക്കാന്‍ യൂണിയന്‍ കോപിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ഇതിനാവശ്യമായ അനുമതികള്‍ ലഭിച്ച ശേഷം ഇവയും പ്രഖ്യാപിക്കും. ദുബൈയിലെ ഒരു പ്രധാന വിനോദ, സേവന കേന്ദ്രമായി 'മിര്‍ദിഫ് പാര്‍ക്ക് വേ' മാറുമെന്നും അദ്ദേഹം പറഞ്ഞു. മുഷ്‍രിഫ് പാര്‍ക്ക്, വിമാനത്താവളം, ദുബൈ സഫാരി എന്നിങ്ങനെയുള്ള സുപ്രധാന സ്ഥലങ്ങള്‍ക്ക് അടുത്തായതിനാല്‍ ഈ സ്ഥലത്തിന്റെ പ്രാധാനം കൊണ്ടുതന്നെ വിനോദം, വിനോദ സഞ്ചാരം എന്നിങ്ങനെയുള്ള മേഖലകള്‍ക്ക് ശക്തമായ പിന്തുണയായി 'മിര്‍ദിഫ് പാര്‍ക്ക് വേ' മാറും. പൊതുജനങ്ങള്‍ക്ക് വിനോദത്തിനും ഷോപ്പിങിനുമുള്ള പുതിയ സ്ഥാനങ്ങള്‍ അവതരിപ്പിക്കുക വഴി അവരുടെ ജീവിത നിലവാരവും മെച്ചപ്പെടും. ഒപ്പം ചെറുകിട - ഇടത്തരം വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും ഇതൊരു മികച്ച അവസരമായിരിക്കും. 

2,32,607 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന വിനോദ, സാമൂഹിക പ്രവര്‍ത്തനം
ഏറ്റവും മികച്ച സേവനം നല്‍കുന്ന തരത്തില്‍ അന്താരാഷ്‍ട്ര നിലവാരം പാലിച്ചുകൊണ്ടാണ് 'മിര്‍ദിഫ് പാര്‍ക്ക് വേ' സജ്ജമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി 2,32,607 ചതുരശ്ര അടി സ്ഥലം മാറ്റിവെയ്‍ക്കും. ഇവിടേക്ക് ആവശ്യമായ വെളിച്ചം, ദിശാ ബോര്‍ഡുകള്‍, പരസ്യങ്ങള്‍ എന്നിവയും തയ്യാറാക്കും. ആകര്‍ഷകങ്ങളായ നിറങ്ങളില്‍ ഈ സ്ഥലത്തെ അണിയിച്ചൊരുക്കും. കായിക വിനോദങ്ങള്‍ക്കായി 30,000 ചതുരശ്ര അടിയില്‍ പ്രത്യേക റബ്ബര്‍ ഗ്രാസ് ഫ്ലോര്‍ സജ്ജമാക്കും. മനോഹരമായ അന്തരീക്ഷം ആസ്വദിക്കാനായി ഇവിടെ മേശകളും കേസരകളും സജ്ജീകരിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ശാന്തവും മനോഹരവുമായ അനുഭൂതിയോടെ തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ചെലഴിക്കാനുമാവും.

🇦🇪യുഎഇയില്‍ ഇന്ന് 122 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 122 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 157 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയതായി നടത്തിയ 3,27,338 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,812 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,595 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,122 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,095 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇰🇼വാഹനത്തിലെ മോഡിഫിക്കേഷന്‍ പിടികൂടിയ ഉദ്യോഗസ്ഥനെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു.

✒️കുവൈത്തില്‍‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം (Security men attacked). റൗദയില്‍ (Rawdah) നിയമലംഘകനെ പിടികൂടിയ പൊലീസ് സംഘത്തിന് നേരെ പതിനൊന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ഒടുവില്‍ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു (fired warning shots in the air). കുവൈത്തിലെ അല്‍ റായ് ദിനപ്പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തത്.

നിയമവിരുദ്ധമായ തരത്തില്‍ ശബ്‍ദം പുറപ്പെടുവിക്കുന്നതിനായി പുകക്കുഴലില്‍ മാറ്റങ്ങള്‍ വരുത്തിയ ഒരു വാഹനം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാഹനം തടഞ്ഞ ഉദ്യോഗസ്ഥര്‍ അതിലെ ഡ്രൈവറോട് ഐ.ഡി ആവശ്യപ്പെട്ടു. ഇയാള്‍ തിരിച്ചറിയല്‍ രേഖ നല്‍കാന്‍ വിസമ്മതിക്കുകയും തന്റെ പതിനൊന്ന് സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. 

എല്ലാവരും ചേര്‍ന്ന് പൊലീസ് സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു. കുട്ടത്തിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെ പൊലീസ് സംഘം ആകാശത്തേക്ക് വെടിവെച്ചു. ഇതോടെയാണ് യുവാക്കള്‍ പിരിഞ്ഞുപോയത്. യുവാക്കളില്‍ ചിലരുടെ വാഹനങ്ങളുടെ നമ്പറുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‍ത് അന്വേഷണ സംഘത്തിന് കൈമാറി.

🇧🇭ഇന്ത്യ-ബഹ്റൈന്‍ ബന്ധത്തിന് പുതുവര്‍ണമേകി സുവര്‍ണ ജൂബിലി ആഘോഷം.

✒️ഇന്ത്യയും(India) ബഹ്റൈനും(Bahrain) തമ്മിലുളള ബന്ധത്തിന്റെ ആഴവും അടുപ്പവും വിളിച്ചോതുന്നതായി ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി(Golden jubilee) ആഘോഷം. ബഹ്റൈന്‍ സ്വതന്ത്രമായതു മുതല്‍ തുടങ്ങിയ ഇന്ത്യയുമായുളള നയതന്ത്ര ബന്ധത്തിന് അമ്പതാണ്ട് തികഞ്ഞതിന്റെ ആഘോഷം, ബന്ധത്തിന് അക്ഷരാര്‍ത്ഥത്തില്‍ പുതുവര്‍ണമേകി.

ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളില്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ഒരേ മനസ്സോടെ പങ്കെടുത്തു. തലസ്ഥാന നഗരിയായ മനാമയിലെ ചരിത്ര പ്രസിദ്ധമായ ബാബുല്‍ ബഹ്റൈനിന് സമീപം 'ലിറ്റില്‍ ഇന്ത്യ' എന്ന പേരിലാണ് വിവിധ പരിപാടികള്‍ അരങ്ങേറിയത്. ബഹ്റൈന്‍ സാംസ്‌കാരിക-പുരാവസ്തു അതോറിറ്റി ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് വ്യത്യസ്ത സാംസ്‌കാരിക-പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചത്.

വൈകുന്നേരങ്ങളില്‍ ബാബുല്‍ ബഹ്റൈനില്‍ അരേങ്ങിയ സാംസ്‌കാരിക പരിപാടികള്‍ വീക്ഷിക്കാന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇരു രാജ്യക്കാരും ഒരുമിച്ചു കൂടിയത് കോവിഡ് കാലത്തെ അവിസ്മരണീയ അനുഭവമായി. 

മനാമയിലെ പ്രസിദ്ധ കവാടം 'ബാബുല്‍ ബഹ്റൈന്‍' ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളാല്‍ അലങ്കരിച്ചാണ് ആഘോഷത്തിന് ആരംഭം കുറിച്ചത്. ബഹ്റൈന്‍ സാംസ്‌കാരിക പുരാവസ്തു അതോറിറ്റി മേധാവി ശൈഖ മായി ബിന്‍ത് മുഹമ്മദ് അല്‍ഖലീഫ, ഇന്ത്യന്‍ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

🕋ഇനി തുടരെ തുടരെ ഉംറ ചെയ്യാം, രണ്ടാം ഉംറക്ക് 15 ദിവസത്തെ ഇടവേള നിബന്ധന ഒഴിവാക്കി.

✒️ഇനി തുടരെ തുടെര മക്കയിലെത്തി(Makkah) ഉംറ(Umrah) ചെയ്യാം. രണ്ടാമതൊരു ഉംറ നിര്‍വഹിക്കാന്‍ അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി. സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഉംറയ്ക്കുള്ള നിബന്ധന എടുത്തുകളഞ്ഞത്.

ഇഅ്തമര്‍ന, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുവഴി അപേക്ഷിച്ച് അനുമതി പത്രം നേടി എത്ര വേണമെങ്കിലും ഉംറ ചെയ്യാം. കോവിഡ് സാഹചര്യത്തില്‍ ഉംറക്ക് നിയന്ത്രണമുണ്ടായിരുന്നു. ഒരു ഉംറ നടത്തിയാല്‍ വീണ്ടും അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസം കാത്തിരിക്കേണ്ടതുണ്ടായിരുന്നു. അതാണിപ്പോള്‍ ഒഴിവാക്കിയത്.

അതേസമയം മക്കയിലും മദീനയിലും പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥന (സുബഹി നമസ്‌കാരം) മുതലാണ്. ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും സമൂഹ അകലം പാലിക്കാണമെന്ന് ആവശ്യപ്പെട്ട് പതിച്ചിരുന്ന സ്റ്റിക്കറുകള്‍ നീക്കം ചെയ്തിരുന്നു. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഒഴിവാക്കി. ഇതോടെ നിയന്ത്രണങ്ങളില്ലാതെ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പള്ളികളില്‍ പ്രവേശിക്കാം.

🇸🇦സൗദി: 2022 ജനുവരി 1 മുതൽ ജ്വല്ലറികളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന.

✒️രാജ്യത്തെ സ്വർണ്ണ വില്പനശാലകളിലും, സ്വർണ്ണാഭരണ വില്പനശാലകളിലും 2022 ജനുവരി 1 മുതൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം സ്ഥാപനങ്ങളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് തീരുമാനം കൈക്കൊണ്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാർ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതിന് മുൻപായി പ്രൊഫഷണൽ ലൈസൻസിനായി അപേക്ഷിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിലെ ആറായിരത്തോളം സ്വർണ്ണ വില്പനശാലകളിലായി ഏതാണ്ട് മുപ്പതിനായിരത്തോളം ജീവനക്കാർ തൊഴിലെടുക്കുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി പൗരന്മാരുടെ പേരിൽ പ്രവാസികൾ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് തടയുന്നതിനായാണ് മന്ത്രാലയം ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്.

🇰🇼കുവൈറ്റ്: സാമൂഹിക ഒത്ത്ചേരലുകൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കാൻ സാധ്യത.

✒️രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, കുവൈറ്റിലെ COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനജീവിതം സാധാരണ രീതിയിലേക്ക് മടക്കിക്കൊണ്ട് വരുന്നതിന്റെ ഭാഗമായി, കുവൈറ്റിലെ സാമൂഹ ഒത്ത്‌ചേരലുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ചും മന്ത്രാലയം തീരുമാനമെടുക്കുമെന്നാണ് സ്രോതസുകൾ സൂചിപ്പിക്കുന്നത്.

ഇതോടൊപ്പം വിമാനത്താവളങ്ങൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇത്തരം ഇളവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രാലയം താമസിയാതെ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈറ്റിലെ ഉയർന്ന വാക്സിനേഷൻ നിരക്ക്, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന കുറവ് തുടങ്ങിയ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു തീരുമാനം. COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം സമർപ്പിക്കുന്ന അവസാന ഘട്ട ശുപാർശകൾ അടിസ്ഥാനമാക്കിയായിരിക്കും കുവൈറ്റ് ക്യാബിനറ്റ് ഇക്കാര്യം പ്രഖ്യാപിക്കുന്നതെന്നും സ്രോതസുകൾ സൂചിപ്പിച്ചു.

🇸🇦സൗദി: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാക്സിനെടുത്തവർക്ക് തുറന്ന ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാം

✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയിലെ പ്രതിദിന COVID-19 രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

2021 ഒക്ടോബർ 17 മുതൽ ഈ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി COVID-19 സാഹചര്യത്തിൽ സൗദിയിൽ ഏർപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം നിയന്ത്രണങ്ങളും ഒഴിവാകുന്നതാണ്.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ 17 മുതൽ താഴെ പറയുന്ന ഇളവുകളാണ് സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ളത്:

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക്, രാജ്യത്തെ തുറന്ന പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അടഞ്ഞ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാണ്.
മക്ക, മദീന പള്ളികളുടെ പൂർണ്ണ ശേഷിയിൽ വിശ്വാസികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകും. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് ഉംറ ആപ്പ് ഉപയോഗിച്ച് ഇതിനായുള്ള അനുമതി നേടാവുന്നതാണ്. പള്ളികളിലെത്തുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്.
പൊതുഗതാഗത സംവിധാനങ്ങളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കും.
പൊതുഗതാഗത സംവിധാനങ്ങൾ, ഭക്ഷണശാലകൾ, സിനിമാശാലകൾ, പൊതു ചടങ്ങുകൾ എന്നിവയ്ക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകും. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ഇത്തരം ഇടങ്ങളിൽ പ്രവേശനം അനുവദിക്കുന്നത്.
വിവാഹ ഹാളുകൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാം. ഇത്തരം വേദികളിലെ അടഞ്ഞ ഇടങ്ങളിൽ മാസ്കുകൾ ഉൾപ്പടെയുള്ള മുൻകരുതൽ നിബന്ധനകൾ പാലിക്കേണ്ടതാണ്.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഒക്ടോബർ 7 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 16550 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ 7318 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2042 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 7190 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 70771 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 325 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 46 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 50 ശതമാനം പേർ യെമൻ പൗരന്മാരും, 4 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2021 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16151 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

🇶🇦ഖത്തര്‍ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി; രണ്ട് വനിതാ മന്ത്രിമാര്‍.

✒️ഖത്തര്‍ മന്ത്രിസഭ അടിമുടി അഴിച്ചുപണിത്(Qatar cabinet reshuffling) ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ്. രണ്ട് വനിതാ മന്ത്രിമാരടക്കം മൊത്തം 13 മന്ത്രിമാരാണുള്ളത്. വിദ്യാഭ്യാസവകുപ്പിനും സാമൂഹിക വികസന, കുടുംബ വകുപ്പിനുമാണ് വനിതാ മന്ത്രിമാരുള്ളത്.

ചില വകുപ്പുകള്‍ ഒരുമിച്ച് ചേര്‍ക്കുകയും പുതിയ ചില വകുപ്പുകള്‍ രൂപീകരിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന് പുതിയ വകുപ്പ് രൂപീകരിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്നാണ് ഇത് അറിയപ്പെടുക. നേരത്തേ പരിസ്ഥിതി വകുപ്പ് മുനിസിപ്പാലിറ്റി വകുപ്പിന് ഒപ്പമായിരുന്നു.

ഗതാഗത വാര്‍ത്താ വിനിമയ വകുപ്പ് വിഭജിച്ച് രണ്ടാക്കി. ഗതാഗതം മന്ത്രാലയം, വാര്‍ത്താവിനിമയ ഐടി മന്ത്രാലയം എന്നിവയാണ് പുതിയ വകുപ്പുകള്‍.

സാംസ്‌കാരിക കായിക മന്ത്രാലയത്തെ കായിക യുവജന മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഭരണ വികസന സാമൂഹിക കാര്യ തൊഴില്‍ മന്ത്രാലയം ഇനി തൊഴില്‍ മന്ത്രാലയം എന്ന പേരിലാണ് അറിയപ്പെടുക. സാമൂഹിക വികസന കുടുംബ മന്ത്രാലയം എന്ന പേരില്‍ പുതിയൊരു വകുപ്പും രൂപീകരിച്ചു.

🇶🇦ഖത്തറില്‍ ഇന്ന് രോഗമുക്തിയേക്കാള്‍ കൂടുതല്‍ കോവിഡ് കേസുകള്‍; 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

✒️ഖത്തറില്‍ (Qatar) ഇന്ന് 83 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 21 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 77 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,36,575. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 608.

896 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 11 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുതുതായി നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,971 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,96,589 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83.4 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇦🇪എക്‌സ്‌പോ വിസക്കാര്‍ക്ക് എളുപ്പത്തില്‍ ഡ്രൈവിങ് ലൈസന്‍സ്.

✒️ ‘എക്‌സ്‌പോ വിസ’യില്‍(dubai expo visa) രാജ്യത്തെത്തിയ പ്രതിനിധികള്‍ക്ക് യുഎഇ ഡ്രൈവിങ് ലൈസന്‍സ്(uae driving license) കിട്ടാനുള്ള നടപടികള്‍ ലളിതമാക്കി. ഇതിനായി എക്‌സ്‌പോയില്‍ ആര്‍ടിഎ ഓഫിസ് തുറന്നു. സ്വന്തം രാജ്യത്തെ ലൈസന്‍സുള്ളവര്‍ക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കും.

ലൈസന്‍സ് കിട്ടാനുള്ള അന്തിമ ടെസ്റ്റില്‍ ഇവര്‍ക്കു നേരിട്ടു പങ്കെടുക്കാമെന്ന് ഡ്രൈവിങ് ലൈസന്‍സ് വിഭാഗം മേധാവി അബ്ദുല്ല അല്‍ അലി പറഞ്ഞു. വിജയിച്ചാല്‍ അന്നു തന്നെ ലൈസന്‍സ് ലഭിക്കും. നയതന്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറില്‍ നിന്നു 10 ആക്കി. 5 പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിശീലനം പൂര്‍ത്തിയാക്കാനാകും.

ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് യുഎഇ ലൈസന്‍സ് ആവശ്യമില്ല. സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുകെ, കാനഡ എന്നിവയടക്കം 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം. ഈ രാജ്യങ്ങളില്‍ നിന്നു സന്ദര്‍ശക വിസയിലെത്തിയവര്‍ യുഎഇ ലൈസന്‍സിന് അപേക്ഷിക്കേണ്ടതില്ല. താമസ വിസയാണെങ്കില്‍ ലൈസന്‍സ് വേണം.

🇸🇦സൗദിയിലെ സ്ഥാപനങ്ങളിൽ വൃത്തിയില്ലെങ്കിൽ ഇനി പണി കിട്ടും; നഗര പരിധിയിലെ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന.

✒️സൗദിയിലെ നഗര പരിധിയിലെ ഹോട്ടലുകളിലും, വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധനയിൽ വൻതുക പിഴ ഈടാക്കാൻ തീരുമാനം. ലോകോത്തര നിലവാരത്തിലേക്ക് റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളെ മാറ്റുന്നതിന്റെ ഭാഗമായാണിത്. ഹോട്ടലുകളിലും കടകളിലും വൃത്തിഹീനമായ സാഹചര്യമുണ്ടായാൽ സ്ഥാപനം അടച്ച് പൂട്ടാൻ നടപടിയെടുക്കും. സൗദിയിലെ സ്ഥാപനങ്ങളെ വിവിധ തരങ്ങളാക്കിയാണ് പരിശോധനയുണ്ടാവുക. കച്ചവട സ്ഥാപനങ്ങൾ, ഹോട്ടൽ എന്നിവിടങ്ങളിലായിരിക്കും പരിശോധന. കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വമില്ലാത്ത സാഹചര്യം കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പ് നൽകും. ഇതിന്റെ രേഖ മുനിസിപ്പാലിറ്റി സൂക്ഷിക്കും. വീണ്ടും പാളിച്ച കണ്ടാൽ പിഴയീടാക്കും. തുടർന്നാൽ പിഴ ഇരട്ടിച്ചു കൊണ്ടേയിരിക്കും.

പതിനായിരം റിയാൽ വരെ ആദ്യ ഘട്ടത്തിൽ ഈടാക്കാനാണ് നിർദേശം. ഹോട്ടലുകളിലെ ടേബിൾ, ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം, ശുചി മുറികൾ, വാഷ് റൂമുകൾ എന്നിവിടങ്ങളിൽ ശുചിത്വമില്ലെങ്കിൽ വൻതുക പിഴയീടാക്കും. ഉപഭോക്താക്കൾക്കും ഇത് പരാതിപ്പെടാനുള്ള അവസരമുണ്ടാകും. ഹോട്ടലുകളിൽ വിട്ടു വീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് നിർദേശം. ഗുരുതരമെങ്കിൽ സ്ഥാപനം പൂട്ടിക്കും. ജിദ്ദയിലും ദമ്മാമിലും സമാന രീതിയിൽ പ്രമുഖ സ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. സ്ഥാപനങ്ങളുടെ മുൻവശത്തും മാലിന്യം സംസ്കരിക്കുന്ന രീതിയിലും പാളിച്ചയുണ്ടെങ്കിൽ നടപടിയുണ്ടാകും. ഫലത്തിൽ വൃത്തിയില്ലാത്ത സ്ഥാപനങ്ങൾക്ക് മിന്നൽ പരിശോധനയിലൂടെ പിഴയീടാക്കാനാണ് നിർദേശം.

Post a Comment

0 Comments