Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി: ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാനയാത്രകൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം.

✒️2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ ഉപയോഗിക്കുന്നവർക്ക് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന ബാധകമാകുമെന്ന് സൗദി വ്യോമയാന അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാനയാത്രകൾ അനുവദിക്കുന്നതെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്. ഈ നിബന്ധന സ്വകാര്യ വിമാനങ്ങൾക്കും ബാധകമാണ്.

വാക്സിനെടുക്കുന്നതിന് Tawakkalna ആപ്പിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ തീരുമാനം ബാധകമല്ലാത്തതെന്ന് GACA കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും GACA അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.

രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്ന് ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ Tawakkalna ആപ്പിൽ വരുത്തിയതായും ഒക്ടോബർ 3-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്സിനുകളുടെ 2 ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ പുറത്തിറക്കിയിട്ടുള്ള വാക്സിന്റെ ഒരു ഡോസ് എന്നിവ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഒക്ടോബർ 10 മുതൽ Tawakkalna ആപ്പിൽ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് ലഭിക്കുക.

🛫എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം; വില 18,000 കോടി.

✒️എയര്‍ ഇന്ത്യ (Air India) കമ്പനി ടാറ്റ(Tata) ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി വില്‍ക്കുന്നത്. ഡിസംബറില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. ടാലാസ് (talace) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സണ്‍സ് എയര്‍ ഇന്ത്യ സ്വന്തമാക്കിയത്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്.

നഷ്ടത്തിലായ എയര്‍ ഇന്ത്യ വിറ്റൊഴിക്കാനുള്ള സര്‍ക്കാര്‍ ലേലത്തില്‍ ടാറ്റ സണ്‍സ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും ടാറ്റ ഗ്രൂപ്പിലേക്ക് എത്തുന്നത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്പൈസ് ജെറ്റും മാത്രമായിരുന്നു

1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953 ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ടാറ്റയില്‍നിന്നു കമ്പനി ഏറ്റെടുത്തത്. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആഗസ്ത് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്. പ്രതിദിനം 20 കോടി രൂപയാണു നഷ്ടമെന്നു വ്യോമയാന മന്ത്രാലയം സൂചിപ്പിക്കുന്നു. 2007 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചു.

ഇതില്‍ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറും.

🇶🇦ഖത്തറില്‍ 72 പേര്‍ക്ക് കൂടി കൊവിഡ്.

✒️ഖത്തറില്‍ 72 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.  67 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 235,663 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 45 പേര്‍ സ്വദേശികളും 27 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  607 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 237,297 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,027 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 23,490 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,709,585 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല.

🇸🇦കൊവിഡ്: സൗദിയില്‍ 48 രോഗികളും മൂന്ന് മരണവും.

✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 48 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 41 പേര്‍ രോഗമുക്തി നേടി. 51,178 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. 

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,497 ആയി. ഇതില്‍ 5,36,534 പേരും സുഖം പ്രാപിച്ചു. ആകെ 8,739 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 138 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 43,134,252 ഡോസ് കവിഞ്ഞു. ഇതില്‍ 23,601,606 എണ്ണം ആദ്യ ഡോസ് ആണ്. 19,532,646 എണ്ണം സെക്കന്‍ഡ് ഡോസും. 1,667,430 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 11, മക്ക 2, ജീസാന്‍ 2, മറ്റ് 19 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

🇦🇪സംവിധായകന്‍ സലീം അഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വിസ.

✒️ചലച്ചിത്ര സംവിധായകന്‍ സലീം അഹമ്മദിന്(Salim Ahamed) യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) ലഭിച്ചു. ദുബൈ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി, ഫാരിസ് ഫൈസല്‍, ആദില്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

ആദാമിന്റെ മകന്‍ അബു, പത്തേമാരി, കുഞ്ഞനന്തന്റെ കട, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്നിവയാണ് സലീം അഹമ്മദിന്റെ സിനിമകള്‍. ആദ്യചിത്രമായ ആദാമിന്റെ മകന്‍ അബുവിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍ എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍  അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

🇰🇼കുവൈത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി.

✒️കുവൈത്തില്‍(Kuwait) തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. തലസ്ഥാന നഗരിയിലെ സഫാത് ടവറില്‍ ഗ്യാസ് സിലിണ്ടര്‍(Gas cylinder explosion) പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.

മൂന്നാം നിലയിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തൊഴിലാളികളെ രക്ഷപ്പെടുത്തുകയും തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 135 പേര്‍ക്കെതിരെ കൂടി നടപടി.

✒️ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 135 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍  132 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് രണ്ടു പേരും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഒരാളും പിടിയിലായി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

🇦🇪യുഎഇയില്‍ പ്രതിദിന കൊവിഡ് നിരക്ക് വീണ്ടും താഴ്‍ന്നു; ഇന്ന് രണ്ട് മരണം.

✒️യുഎഇയില്‍ (United Arab Emirates) പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു. ഇന്ന് 136 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 204 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 285,453 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 737,509 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,734 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,111 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,664 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 8.6 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

🎙️ഫോർബ്സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി; പട്ടികയിൽ ആറ് മലയാളികൾ.

✒️ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ (Forbe's India rich list) ആറ് മലയാളികൾ ഇടം പിടിച്ചു. ആസ്‍തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് (Muthoot family) പട്ടികയിൽ ഒന്നാമത്.  6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി. 

വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. അഞ്ച് ബില്യൺ ഡോളറോടെ (37,500 കോടി രൂപ) അതി സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38 സ്ഥാനത്താണ് യൂസഫലി

. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യ (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ),  രവി പിള്ള (18,50 കോടി രൂപ), എസ്. ഡി ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. 

മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

🇴🇲ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഒരു മനസോടെ ഒമാന്‍; വന്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു.

✒️ഒമാനിലെ (Oman) ബാത്തിന മേഖലയിൽ ആഞ്ഞടിച്ച ഷഹീൻ ചുഴലിക്കാറ്റിൽ (Cyclone Shaheen) നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചrകരണ ക്യാമ്പയിന്‍ (Relief and repair campaign) പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളിൽ നിന്നുമുള്ള സന്നദ്ധ പ്രവർത്തകർ  മുസന്ന, സുവൈക്ക്, ഖാബൂറാ, സഹം എന്നീ വിലായാത്തുകളിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഈ മേഖലയിൽ ദുരിതലകപ്പെട്ട  ഒമാൻ സ്വദേശികൾക്കും,സ്ഥിരതാമസക്കാരായ പ്രവാസികൾക്കും പിന്തുണ നൽകികൊണ്ട് വൻ തോതിലുള്ള ദേശീയ സന്നദ്ധ പ്രവർത്തനത്തിനാണ് ഒമാൻ  ഇന്ന് സാക്ഷ്യം വഹിക്കുന്നത്. വന്‍ ജനപങ്കാളിത്തത്തോടെ നടക്കുന്ന വെള്ളിയാഴ്‍ചയിലെ പ്രവര്‍ത്തനങ്ങള്‍ ഒമാന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വാരാന്ത്യമായതിനാൽ അനേകം പ്രവാസി മലയാളി  കൂട്ടായ്‍മകളും ഈ ശുചികരണ ക്യാമ്പയിനിൽ  പങ്കെടുക്കുന്നുണ്ട്.

ഒമാനിലെ സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം
ഒമാനിലെ  സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. ഷഹീൻ ചുഴലിക്കാറ്റ് മൂലം വടക്കൻ ബാത്തിനയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്ട്രേഷൻ പ്രക്രിയ.

http://oco.org.om/volunteer/ എന്ന ലിങ്കിലാണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്.

ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ വീടുകളിലേക്ക് കയറിയ ചെളിയും മണ്ണും വൃത്തിയാക്കുന്ന പ്രക്രിയയിൽ സഹായിക്കാൻ ദുരിതാശ്വാസ, അഭയകേന്ദ്രം ഇന്ന് മുതൽ  സന്നദ്ധ സംഘങ്ങളെ നിയോഗിക്കുമെന്നും ദുരന്ത നിവാരണ സമതിയുടെ അറിയിപ്പിൽ പറയുന്നു.

🇦🇪82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍‌ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല.

✒️അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ (Quarantine exemption) പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ (Green list) പട്ടിക വീണ്ടും പുതുക്കി. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ മാറ്റം വരുത്തിയാണ് വ്യാഴാഴ്‍ച പുതിയ പട്ടിക പുറത്തിറക്കിയത്. ഇത് വെള്ളിയാഴ്‍ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അല്‍ബേനിയ, അര്‍മേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെലാറുസ്, ബെല്‍ജിയം, ബെലീസ്, ഭൂട്ടാന്‍, ബൊളീവിയ, ബോസ്‍നിയ, ബ്രസീല്‍,  ബ്രൂണെ, ബള്‍ഗേറിയ, ബര്‍മ, ബുറുണ്ടി, കാനഡ, ചിലി,  ചൈന, കൊളംബിയ,  കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്,  ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, ഈസ്റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്,  ഹോങ്കോങ്, ഹംഗറി, ഐസ്‍ലന്റ്, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കസാഖിസ്ഥാന്‍,  കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലിക്റ്റൻ‌സ്റ്റൈൻ, ലക്സംബര്‍ഗ്, മാല്‍ദീവ്സ്,  മാള്‍ട്ട, മൗറീഷ്യസ്, മല്‍ഡോവ, മൊണാകോ, മെണ്ടെനെഗ്രോ, മോറോക്കോ, നെതര്‍ലന്‍ഡ്, ന്യൂസീലന്റ്, നോര്‍വെ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍,  അയര്‍ലാന്‍ഡ്, റഷ്യ, സാന്‍ മറിനോ, സൗദി അറേബ്യ, സെര്‍ബിയ, സീഷ്യെല്‍സ്, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ,  സൗത്ത് കൊറിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‍വാന്‍, താജികിസ്ഥാന്‍, തായ്‍ലന്റ്, തുനീഷ്യ‍, തുര്‍ക്മെനിസ്ഥാന്‍, ഉക്രൈന്‍സ, യു.കെ. ഉസ്‍ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. അതേസമയം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 28 ദിവസമെങ്കിലും പൂര്‍ത്തിയായവര്‍ക്ക് നിലവില്‍ അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല.

🇶🇦ഖത്തറിലേക്ക് സിസിടിവി കാമറകള്‍ കൊണ്ടുവരാന്‍ മുന്‍കൂര്‍ അനുമതി വേണം.

✒️ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍(CCTV) കാമറകള്‍ ഖത്തറിലേക്ക്(Qatar) ഇറക്കുമതി ചെയ്യുന്നതിന്(importing) ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സിസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റിന്റെ മുന്‍കൂര്‍ അനുമതി വേണം.

കമ്പനികളിലും സ്ഥാപനങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് കാമറകള്‍ ഇറക്കുമതി ചെയ്യുന്നയാള്‍ സിസിടിവി കാമറയുടെ വിശദാംശങ്ങള്‍ എസ്എസ്ഡി ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തില്‍ നല്‍കി മുന്‍കൂര്‍ അനുമതി വാങ്ങണം. നിബന്ധനകള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ എസ്എസ്ഡി അനുമതി നല്‍കുമെന്ന് ക്യാപ്റ്റന്‍ ജാസിം സാലിഹ് അല്‍ സുലൈത്തി പറഞ്ഞു.

അനുയോജ്യമായ സ്ഥലത്ത് കൃത്യമായാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ഉറപ്പ് വരുത്താന്‍ കാമറകള്‍ സ്ഥാപിച്ച ശേഷം ഡിപാര്‍ട്ട്‌മെന്റിന്റെ കണ്‍ഫര്‍മേഷന്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം ഇത് സംബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🛫ഇന്ത്യന്‍ പ്രവാസികള്‍ക്ക് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് പാസ്‌പോര്‍ട്ട് പുതുക്കാം.

✒️പാസ്‌പോര്‍ട്ട് പുതുക്കാന്‍(renew passports) അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്(Consulate General of India in Dubai) പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.

പാസ്‌പോര്‍ട്ട് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് പുതുക്കാവുന്നതാണ്. പലരും പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ കാത്തിരിക്കുകയാണ്. അവസാന മിനിറ്റിലെ തിരക്ക് ഒഴിവാക്കാന്‍ മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത് പുതുക്കുന്നതാണ് നല്ലത്- പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു.

പോലിസ് വെരിഫിക്കേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് അപേക്ഷ നല്‍കി രണ്ട് ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് പുതുക്കി കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 സപ്തംബര്‍ മുതല്‍ യുഎഇ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള പോലിസ് വെരിഫിക്കേഷന്‍ പ്രക്രിയ പുനസ്ഥാപിച്ചിരുന്നു.

Post a Comment

0 Comments