Ticker

6/recent/ticker-posts

Header Ads Widget

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ മാസത്തിലെ കനത്ത മഴയെ (heavy rain) തുടര്‍ന്ന് ഇടുക്കി ഡാമിലെ (Idukki Dam) ജലനിരപ്പ്(Water level) അപ്രതീക്ഷിതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്കയുയര്‍ന്ന് കഴിഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായി ആദ്യത്തെ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ടും (Blue alert) പ്രഖ്യാപിച്ചു. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി. പ്രളയ സാധ്യത കണക്കിലെടുത്ത് പൂര്‍ണ സംഭരണശേഷിയിലെത്തിക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ കെഎസ്ഇബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ ഡാം തുറന്ന് വിടേണ്ടി വരും.  

നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കണം. ജലനിരപ്പ് 2390.86 അടിയിലെത്തിയതിനെ തുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭരണ ശേഷിയുടെ 86 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2392.52 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് 2398.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാകളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണം. പക്ഷേ ഇതിന് എട്ടടിയോളം ജലനിരപ്പ് ഉയരണം.

മഴ കുറഞ്ഞതിനാലും മൂലമറ്റത്ത് ഉല്‍പ്പാദനം കൂട്ടിയതിനാലും ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയില്‍ നിന്നും പത്തു ദിവസം കൊണ്ട് ജലനിരപ്പ് കുറച്ച് റൂള്‍ കര്‍വിലെത്തിച്ചാല്‍ മതി. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി ഡാം അവസാനമായി തുറന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നാളെ വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും പരോക്ഷമായി മഴയുടെ ശക്തികൂട്ടിയേക്കും. അതേസമയം അറബിക്കടലില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കും. ഇത് 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തുകൂടെ കരയിലേക്കു പ്രവേശിക്കും. 16ാം തീയതിയോടെ ഇവ രണ്ടും ഒരേ നേര്‍രേഖയിലെത്തുന്നതോടെ മഴ രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് മാറിയേക്കുമെന്നാണ് വിലയിരുത്തല്‍.

Post a Comment

0 Comments