Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ഗൾഫ് ന്യൂസ്‌

🇦🇪കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിന് യുഎഇയില്‍ ഗോൾഡൻ വിസ.

✒️പ്രവാസി സാമൂഹിക പ്രവർത്തകനും ദുബൈ കെഎംസിസി (KMCC) സംസ്ഥാന സെക്രടറിയുമായ കാസർകോട് സ്വദേശി അഡ്വ. ഇബ്രാഹിം ഖലീലിന് യുഎഇയുടെ ഗോൾഡൻ വിസ (Golen Visa) ലഭിച്ചു. ഇമിഗ്രേഷൻ ഓഫീസർ ഈസ ശീരി ഗോൾഡൻ വിസ കൈമാറി.

യുഎഇയിലെ നിക്ഷേപകർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുമാണ് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ദുബൈയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന ഇബ്രാഹിം ഖലീൽ, മത സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമാണ്. ദുബൈ അൽ നഖ്‌വി അഡ്വകേറ്റ്സ് ആൻഡ് ലീഗൽ കൺസൾടൻസ്‌ മാനജിംഗ് പാർട്ണറും സീനിയർ ലീഗൽ കൺസൾട്ടന്റുമാണ് ഇദ്ദേഹം. ദുബൈ കെ.എം.സി.സി ലീഗൽ സെന്റർ ചെയർമാൻ പദവിയും വഹിക്കുന്നുണ്ട്. ബിസിനസ് നെറ്റ്‌വർക് ഇന്റർനാഷണൽ പ്രസിഡണ്ടായിരുന്നു. ഗോൾഡൻ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇബ്രാഹിം ഖലീൽ പ്രതികരിച്ചു.

🇸🇦സൗദി അറേബ്യയിൽ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രണ്ട് കൊവിഡ് മരണം; 43 പേര്‍ക്ക് കൂടി രോഗം.

✒️സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം കൂടി (covid death) റിപ്പോർട്ട് ചെയ്‍തതായി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അറിയിച്ചു. പുതുതായി 43 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് (New infections). ചികിത്സയിലുള്ളവരിൽ 38 പേർ സുഖം പ്രാപിച്ചു (New recoveries). 

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,205 ആയി. ഇവരില്‍ 5,37,246 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ആകെ 8776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടമായത്. സൗദിയിൽ ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 74 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

🇶🇦ഖത്തറില്‍ ഇനിയുള്ളത് 988 കൊവിഡ് രോഗികള്‍; ഗുരുതരാവസ്ഥയില്‍ 11 പേര്‍ മാത്രം.

✒️ഖത്തറില്‍ (Qatar) 77 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥരീകരിച്ചുവെന്ന് (new covid infections) പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം ചികിത്സയിലായിരുന്ന 64 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്‍തു. പുതിയതായി രോഗം സ്ഥിരീകരിച്ച 77 പേരില്‍ 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. വിദേശത്തുനിന്ന് തിരികെയെത്തിയവരായിരുന്നു 26 പേര്‍.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,38,436 ആയി. ഇവരില്‍ 2,36,840 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 608 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,866 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ ആകെ 27,87,349 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ രണ്ട് പേരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 11 പേരാണ് ഇപ്പോള്‍ ആശുപത്രികളിലെ ഐ.സി.യുകളില്‍ ചികിത്സയിലുള്ളത്. പുതിയതായി കൊവിഡ് രോഗികളെയൊന്നും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല. രാജ്യത്ത് ഇപ്പോള്‍ 988 കൊവിഡ് രോഗികളുണ്ട്. ഇവരില്‍ 42 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

🇦🇪പൊതുസ്ഥലങ്ങളിലെ മാന്യമല്ലാത്ത പെരുമാറ്റം; 20 ലക്ഷം പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ്.

✒️പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും (speech or conduct that undermines public morals) യുഎഇയില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ (UAE Public Prosecution). സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു.

പൊതുസ്ഥലങ്ങളില്‍ മര്യാദകള്‍ക്ക് വിരുദ്ധമായ തരത്തിലുള്ള വിളികള്‍, പാട്ടുകള്‍, സംസാരം തുടങ്ങിയവയെല്ലാം നിയമപ്രകാരം യുഎഇയില്‍ കുറ്റകരമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ ഒരു മാസത്തില്‍ കവിയാത്ത കാലയളവില്‍ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം വരെ (20 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കും. യുഎഇയിലെ ഫെഡറല്‍ ശിക്ഷാ നിയമം 361 പ്രകാരം ഒരാളെ പൊതുസ്ഥലത്തുവെച്ച് അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന വ്യക്തിക്കും നിയമലംഘനത്തിന്റെ അതേ ശിക്ഷ തന്നെ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

🇦🇪യുഎഇയില്‍ ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം.

✒️യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 119 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് ആകെ 9.7 കോടി കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,190 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,127 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,129 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,934 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇰🇼കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്ക്.

✒️കുവൈത്തില്‍(Kuwait) ഡ്രൈവിങ് ലൈസന്‍സും(driving license) വാഹന രജിസ്‌ട്രേഷനും ( vehicle registration)പൂര്‍ണമായും ഡിജിറ്റല്‍ രൂത്തിലാക്കാനൊരുങ്ങി (digitization)ഗതാഗത വകുപ്പ്. സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡിയുടെ മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡും ഉള്‍പ്പെടുത്താനാണ് ആലോചന.

കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ പദ്ധതി. ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതോടെ നിലവില്‍ കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും കൈവശം കൊണ്ടുനടക്കുന്നത് ഒഴിവാക്കാന്‍ വാഹന ഉപയോക്താക്കള്‍ക്ക് സാധിക്കും.

മാത്രമല്ല, നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കല്‍, ഇന്‍ഷുറന്‍സ് നടപടികള്‍ എന്നിവ കൂടുതല്‍ എളുപ്പത്തിലാക്കാനും ഡിജിറ്റലൈസേഷന്‍ സഹായിക്കും. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് എസ് എം എസ് ആയി അറിയിപ്പ് നല്‍കുന്ന സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.

🇧🇭എട്ടു വയസ്സുകാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് ആറുപേര്‍ക്ക്; സ്ഥിരീകരിച്ച് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം.

✒️ബഹ്റൈനില്‍(Bahrain) എട്ടു വയസ്സുള്ള സ്വദേശി ആണ്‍കുട്ടിയില്‍ നിന്ന് കൊവിഡ് (covid 19)ബാധിച്ചത് കുടുംബത്തിലെ ആറുപേര്‍ക്ക്. ഒരേ വീട്ടില്‍ താമസിക്കുന്നവരാണ് ഇവരെല്ലാവരും. 

കുട്ടിയുടെ പിതാവ്, ബന്ധു, ബന്ധുവിന്റെ ഭര്‍ത്താവ് എന്നിവര്‍ക്കുള്‍പ്പെടെയാണ് കൊവിഡ് പകര്‍ന്നത്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. അതേസമയം കൊവിഡ് പോസിറ്റീവായ 15കാരിയായ സ്വദേശിയില്‍ നിന്നും അവരുടെ സഹോദരനില്‍ നിന്നും രണ്ട് വീടുകളില്‍ താമസിക്കുന്ന നാല് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചു.

ആകെ 474 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്‌ചെയ്തത്. 340 പേര്‍ സ്വദേശികളാണ്.134 പേര്‍ പ്രവാസികളാണ്. 122 കേസുകള്‍ സമ്പര്‍ക്കം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 95 പേര്‍ക്ക് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് കണ്ടെത്തിയപ്പോള്‍ 66 പേര്‍ക്ക് റാന്‍ഡം പരിശോധനയിലും 151 പേര്‍ക്ക് ക്വാറന്റീന്‍ കാലയളവിന് ശേഷവുമാണ് രോഗം സ്ഥിരീകരിച്ചത്.

🇦🇪അബുദാബി: റെഡ് ലൈറ്റ് ലംഘിക്കുന്നവർക്ക് 51000 ദിർഹം പിഴയും, 12 ട്രാഫിക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

✒️എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴതുകകൾ ചുമത്തപ്പെടാമെന്ന് അബുദാബി പോലീസ് (ADP) ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ അപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

റെഡ് ലൈറ്റ് സിഗ്നൽ അനുസരിക്കാതെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് എമിറേറ്റിൽ അപകടകരമായ നിയമലംഘനമാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്ക് 51000 ദിർഹം പിഴയും, 12 ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കുന്നതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ അബുദാബിയിലെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ‘2020/ 5’ എന്ന നിയമപ്രകാരമാണ് നടപടികൾ കൈക്കൊള്ളുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന രീതിയിലാണ് ഇത്തരം വാഹനങ്ങൾക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുന്നത്:

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്.
ഇവർക്ക് 12 ട്രാഫിക്ക് ബ്ലാക് പോയിന്റുകൾ ചുമത്തുന്നതാണ്.
അപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾ 30 ദിവസത്തേക്ക് പോലീസ് പിടിച്ചെടുക്കുന്നതാണ്.
ഇത്തരം വ്യക്തികളുടെ ലൈസൻസ് ആറ് മാസത്തേക്ക് റദ്ദ് ചെയ്യുന്നതാണ്.
ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50000 ദിർഹം ഈടാക്കുന്നതാണ്. ഈ ഫീസ് അടയ്ക്കുന്നത് വരെ വാഹനം വിട്ടു കൊടുക്കുന്നതല്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

🇧🇭ബഹ്‌റൈൻ: ഒക്ടോബർ 23 മുതൽ മുഹറഖിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

✒️നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഹറഖിൽ 2021 ഒക്ടോബർ 23, ശനിയാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്ക്സ് മിനിസ്ട്രി അറിയിച്ചു. മുഹറഖിലെ പുതിയ ബഹുനില കാർ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഈ ഗതാഗത നിയന്ത്രണം.

ഈ അറിയിപ്പ് പ്രകാരം, ഒക്ടോബർ 23 മുതൽ ഷെയ്ഖ് അബ്ദുല്ല അവന്യൂവിലെ കിഴക്കൻ ദിശയിലേക്കുള്ള ഒരു വരി ട്രാഫിക്കിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഷെയ്ഖ് മുഹമ്മദ് അവന്യൂ, ഷെയ്ഖ് ഇസ അവന്യൂ എന്നിവിടങ്ങൾക്കിടയിൽ കിഴക്കൻ ദിശയിലേക്കുള്ള ട്രാഫിക് ഇതിന്റ ഭാഗമായി നിയന്ത്രിക്കുന്നതാണ്.

ഈ വരിയിലെ ട്രാഫിക് ഷെയ്ഖ് മുഹമ്മദ് അവന്യൂവിലേക്ക് വഴി തിരിച്ച് വിടുന്നതാണ്. ഒക്ടോബർ 23 മുതൽ 25 ദിവസത്തേക്കാണ് ഈ ട്രാഫിക് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

🇴🇲ഒമാൻ: പ്രവാസികൾക്ക് OCEC-യിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്തെ പ്രവാസികൾക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) നിന്ന് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവാസികൾക്ക് OCEC-യിൽ നിന്ന് സൗജന്യമായാണ് വാക്സിൻ നൽകുന്നത്.

മന്ത്രാലയം പുറത്തിറക്കിയ ഒരു ഔദ്യോഗിക അറിയിപ്പിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ഇപ്പോൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

‘Tarassud Plus’ ആപ്പ്, https://covid19.moh.gov.om/ വെബ്സൈറ്റ് എന്നിവയിലൂടെ ഈ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.

🇦🇪എക്സ്പോ 2020 ദുബായ് വേദിയിൽ യു എ ഇ, സൗദി വ്യോമസേനകൾ വ്യോമാഭ്യാസ പ്രദർശനങ്ങൾ അവതരിപ്പിച്ചു.

✒️എക്സ്പോ 2020 ദുബായ് വേദിയിൽ യു എ ഇ, സൗദി വ്യോമസേനകളുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗങ്ങൾ സന്ദർശകർക്കായി ത്രസിപ്പിക്കുന്ന വ്യോമാഭ്യാസ പ്രദർശനങ്ങൾ അവതരിപ്പിച്ചു. ദി നൈറ്റ്‌സ് എന്നറിയപ്പെടുന്ന, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ അൽ ഫുർസാൻ, റോയൽ സൗദി എയർഫോഴ്സിലെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ സൗദി ഹോക്സ് എന്നിവരാണ് ഒക്ടോബർ 22-ന് ഈ പ്രദർശനം ഒരുക്കിയത്.

ലോക എക്സ്പോ വേദിയിലെ സന്ദർശകർക്കായി ഇരു വ്യോമസേനകളിലെയും പൈലറ്റുമാർ ജൂബിലി പാർക്കിന് മുകളിലെ ആകാശത്ത് വർണ്ണക്കാഴ്ച്ചകൾ ഒരുക്കി. എക്സ്പോ വേദിയിലെ ജി സി സി പവലിയനുമായി സംയുക്തമായാണ് ഈ വ്യോമാഭ്യാസ പ്രദർശനം സംഘടിപ്പിച്ചത്.

‘BAe Hawk Mk.65’ ട്രെയിനർ വിമാനങ്ങളാണ് സൗദി ഹോക്സ് അഭ്യാസ പ്രകടനത്തിനായി ഉപയോഗിക്കുന്നത്. സൗദി അറേബ്യയിൽ തബുക്കിലെ കിംഗ് ഫൈസൽ എയർ ബേസിൽ നിന്ന് പ്രവർത്തിക്കുന്ന സ്‌ക്വാഡ്രൺ 88-ന്റെ ഭാഗമാണ് സൗദി ഹോക്സ്.

MB-339 ജെറ്റ് ട്രെയിനർ വിമാനങ്ങളാണ് അൽ ഫുർസാൻ സംഘം അഭ്യാസ പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്നത്.

🇰🇼കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി നാളെമുതല്‍ പൂര്‍ണ തോതിലാകും.

✒️കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി പൂര്‍ണ തോതിലാക്കാനുള്ള തീരുമാനം നാളെ പ്രാബല്യത്തിലാകും. മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ പൂര്‍ണസജ്ജമെന്ന് വ്യോമയാണവകുപ്പ് അറിയിച്ചു. വിമാനസര്‍വീസുകള്‍ സജീവമാകുന്നതോടെ പ്രതിദിനം 25000ത്തിനും 30000ത്തിനും ഇടയില്‍ യാത്രക്കാരെത്തുമെന്നാണ് കരുതപ്പെടുന്നത്. . കോവിഡ് പ്രതിയേണ്ടി ആരംഭിച്ചതിനു ശേഷം ആദ്യമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ ശേഷിയില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. പ്രതിദിനം പതിനായിരം യാത്രക്കാര്‍ എന്ന പരിധി ഇന്ന് അര്‍ദ്ധ രാത്രിയോടെ അവസാനിക്കും . ഞായറാഴ്ച മുതല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് മന്ത്രിസഭാ തീരുമാനം. 35 അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കാണ് നിലവില്‍ കുവൈത്തില്‍നിന്നും സര്‍വീസ് നടത്തുന്നത്. നാളെ മുതല്‍ ഇത് 52 ആക്കി ഉയര്‍ത്തും. കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിദിനം 25000ത്തിനും 30000ത്തിനും ഇടയില്‍ യാത്രക്കാരെയാണ് ഈ ആഴ്ച മുതല്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ യാത്രക്കാരെയും വിമാനങ്ങളെയും സ്വീകരിക്കാന്‍ വിമാനത്താവളം ഒരുങ്ങിയതായി വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ യൂസുഫ് അല്‍ ഫൗസാന്‍ അറിയിച്ചു. കോവിഡിന് മുമ്പത്തെ നിലയിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഠിനാധ്വാനം ചെയ്ത എല്ലാ ജീവനക്കാര്‍ക്കും വ്യോമയാണവകുപ്പ് ഡയറക്ടര്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിച്ചത്. സീറ്റുകള്‍ പരിമിതമായതിനാല്‍ കൂടിയ നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കിയിരുന്നത്ത്. നിയന്ത്രണം നീങ്ങിയതോടെ വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

🇶🇦13 രാജ്യങ്ങൾ സഹകരിക്കും; ഖത്തർ ലോകകപ്പിന് കനത്ത സുരക്ഷ.

✒️2022 ലോകകപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 13 രാജ്യങ്ങള്‍ ഖത്തറുമായി സഹകരിക്കും. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ 13 രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള 'വതന്‍' ​സൈനിക പരിശീലനം വരുന്ന മാസം ഖത്തറില്‍ നടക്കും. 2022 ലോകകപ്പ് ഫുട്ബോളിന് കുറ്റമറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് വതന്‍ എന്ന പേരില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സൈനിക പരിശീലനം സംഘടിപ്പിപ്പിക്കുന്നത്. നവംബർ 15 മുതൽ 17 വരെയാണ് ഖത്തറില്‍ വിദഗ്ധ പരിശീലനം നടക്കുക. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിന്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ മേൽനോട്ടത്തില്‍ നടക്കുന്ന പരിശീലനത്തില്‍ ഖത്തറിലെ വിവിധ സൈനിക വിഭാഗങ്ങൾ, ഭരണ നിർവഹണ വിഭാഗങ്ങളും പങ്കെടുക്കും. ഒപ്പം വിദേശ സൈനിക വ്യുഹങ്ങളും പരിശീലനത്തിൻെറ ഭാഗമാവും.

ഫ്രാൻസ്​, ജർമനി, അയർലൻഡ്​, ഇറ്റലി, ജോർഡൻ, കുവൈത്ത് ​,പാകിസ്​താൻ, പോർചുഗൽ, റഷ്യ, ​സ്​പെയിൻ, തുർക്കി, ബ്രിട്ടൻ, അമേരിക്ക എന്നീ സൗഹൃദ രാജ്യങ്ങളുടെ സുരക്ഷാ വിഭാഗങ്ങളാണ്​ അണിചേരുന്നത്​. ലോകകപ്പിൻെറ എല്ലാ സുരക്ഷകളുടെയും തയ്യാറെടുപ്പായി 'വതൻ' മാറും. അടിയന്തിര സാഹചര്യങ്ങളിൽ സൈന്യത്തിന്‍റെയും സുരക്ഷാ വിഭാഗങ്ങളുടെയും പ്രതികരണശേഷി വിലയിരുത്തലും, സൈനിക, സിവിൽ ഏജൻസികൾ തമ്മിലെ കമാൻഡ്, കൺട്രോൾ, സഹകരണം എന്നിവയിലെ ഏകീകരണം ഉറപ്പാക്കുന്നതുമാണ്​ പ്രധാന ലക്ഷ്യം. ലോകകപ്പ് സമയത്ത് പതിവ് ദൗത്യത്തിനൊപ്പം, അധിക ചുമതലകൾ കൂടി എങ്ങിനെ നിർവഹിക്കുന്നുവെന്നും പരിശീലനത്തിലൂടെ വിലയിരുത്തും. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമിരി ഗാർഡ്​, ലെഖ്​വിയ എന്നിവയാണ്​ ഖത്തറിൻെറ സുരക്ഷാ വിഭാഗങ്ങൾ. ഇവർക്കു പുറമെ ലോകകപ്പ്​ സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​ ലെഗസി, ഫിഫ ലോകകപ്പ്​ സമിതി, ലോകകപ്പ്​ സേഫ്​റ്റി ആൻറ്​ സെക്യൂരിറ്റി ​ഓപറേഷന്‍ കമ്മിറ്റി എന്നിവരും പങ്കാളികളാണ്​. മുൻസിപ്പാലിറ്റി മന്ത്രലായം, വാണിജ്യ-വ്യവസായ മ​​ന്ത്രാലയം, പരിസ്​ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, അശ്​ഗാൽ, ആരോഗ്യ മന്ത്രാലയം, വിദേശകാര്യം, ഗതാഗതം, ഖത്തർ എയർവേസ്​, ഖത്തർ പോസ്​റ്റ്​, ഹമദ്​ വിമാനത്താവളം, കഹ്​റമ തുടങ്ങി വിവിധ മ​ന്ത്രാലയങ്ങളും സ്​ഥാപനങ്ങളും വതന്‍ പരിശീലനത്തില്‍ പങ്കാളികളാവും.

Post a Comment

0 Comments