🇸🇦ആയിരം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ സൗദി അറേബ്യ.
🇦🇪അബുദാബിയില്‍ അപൂര്‍വ്വയിനം തിമിംഗലത്തെ കണ്ടെത്തി.
🇦🇪സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വിസ.
🇸🇦സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്.
🇸🇦റിയാദ് കിംഗ്ഡം ടവറിന് മുകളിലേക്ക് ഓടിക്കയറിയത് 16.55 മിനുട്ടിൽ, താരമായി സൈഫുദ്ദീൻ.
🇸🇦സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,688 നിയമലംഘകര്‍.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 90 പേര്‍ക്ക്; മൂന്ന് മരണം.
🇴🇲ഒമാനില്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത് രണ്ട് കൊവിഡ് രോഗികള്‍ മാത്രം.
🇸🇦നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 12 പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി.
🇶🇦ഖത്തറില്‍ ഇന്നും 100ലേറെ പേര്‍ക്ക് കോവിഡ്; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
🇦🇪കടയില്‍ അതിക്രമിച്ച് കയറി ഉടമയെ അക്രമിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രവാസികള്‍ക്ക് തടവ്.
🇶🇦ലോകകപ്പിന് മുന്നോടിയായി ഒരു മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് ഖത്തർ.
🇶🇦ഖത്തർ: പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഡിസംബർ 1 മുതൽ മുൻകൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനം.
🇸🇦സൗദി: പ്രവാസികൾക്ക് തൊഴിൽ മാറുന്നതിന് ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി.
🇴🇲ഒമാൻ: വിദേശ നിക്ഷേപകരുടെ റെസിഡൻസി, വിസ നിയമങ്ങളിൽ മാറ്റം വരുത്തി.
🇸🇦ഉംറ തീർത്ഥാടനം: 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഒഴിവാക്കിയതായി സൗദി ഹജ്ജ് മന്ത്രാലയം.
വാർത്തകൾ വിശദമായി വായിക്കാം
🇸🇦ആയിരം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ സൗദി അറേബ്യ.
✒️സൗദി അറേബ്യയിലെ(Saudi Arabia) എല്ലാ പ്രവിശ്യകളിലുമായി ആയിരം അണക്കെട്ടുകള്‍(dam) കൂടി നിര്‍മ്മിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പഠനങ്ങള്‍ നടത്തുന്നതായി വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി അറിയിച്ചു. കയ്‌റോ ജലവാരത്തോട് അനുബന്ധിച്ച് ലോക ജല വികസന റിപ്പോര്‍ട്ടിന്റെ അറബി പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 564 അണക്കെട്ടുകളാണ് സൗദി അറേബ്യയിലുള്ളത്. ഇവയുടെ ആകെ സംഭരണശേഷി 260 കോടിയിലേറെ ക്യുബിക് മീറ്ററാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള ചില അണക്കെട്ടുകളോട് ചേര്‍ന്ന് ജലശുദ്ധീകരണശാലകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം ആകെ 7,40,000 ഘനമീറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റുകളാണ് അണക്കെട്ടുകളോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയും നിര്‍മ്മാണം പുരോഗമിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഏതാനും പ്രവിശ്യകളിലെ കുടിവെള്ള ആവശ്യത്തിന് വേണ്ടി അണക്കെട്ടുകളോട് ചേര്‍ന്നുള്ള ജലശുദ്ധീകരണശാലകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് ഉപയോഗിക്കുന്ന ജലത്തില്‍ ഭൂരിഭാഗവും ഭൂഗര്‍ഭജലമാണ്. ജലസ്രോതസ്സുകളുടെ സുസ്ഥിരത ലക്ഷ്യമിട്ട് തന്ത്രങ്ങളും പദ്ധതികളും സൗദി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി പറഞ്ഞു.
🇦🇪അബുദാബിയില്‍ അപൂര്‍വ്വയിനം തിമിംഗലത്തെ കണ്ടെത്തി.
✒️അപൂര്‍വ്വയിനം തിമിംഗലത്തെ( Rare whale) അബുദാബിയില്‍(Abu Dhabi) കണ്ടെത്തിയതായി അധികൃതര്‍. സമുദ്ര സര്‍വേകളിലൂടെയാണ് 12 മീറ്ററിലധികം നീളമുള്ള അപൂര്‍വ്വയിനം ബ്രൈയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജന്‍സി-അബുദാബി(ഇഎഡി)അറിയിച്ചു.
അബുദാബിയില്‍ തിമിംഗലത്തെ കണ്ടെത്തിയത് എമിറേറ്റിലെ വെള്ളത്തിന്റെ ഉയര്‍ന്ന ഗുണനിലവാരമാണ് സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജന്‍സി പറഞ്ഞു. ബലീന്‍ തിമിംഗല സ്പീഷിസില്‍പ്പെട്ടതാണ് ബ്രൈയിഡ് തിമിംഗലങ്ങള്‍. സാധാരണയായി 12 മുതല്‍ 16 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. 12 മുതല്‍ 22 ടണ്‍ വരെ ഭാരമുണ്ടാകും.
കടലില്‍ ഇത്തരം തിമിംഗലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്ന് ഏജന്‍സി അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും അപൂര്‍വ്വയിനത്തില്‍പ്പെട്ടതോ അസാധാരണമോ ആയ ജീവികളെ കണ്ടാല്‍ അബുദാബി സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്ററിന്റെ 800555 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
🇦🇪സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വിസ.
✒️ചലച്ചിത്ര നടന്‍ സുരാജ് വെഞ്ഞാറമൂടിന് ( Suraj Venjaramoodu )യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa). ദുബൈ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.
🇸🇦സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്.
✒️ചെറിയ ഇടവേളക്ക് ശേഷം സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം പുതുതായി രോഗം സ്ഥിരീകരിച്ചത് 65 പേര്‍ക്കാണ്. എന്നാല്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം താഴോട്ടാണ്. 24 മണിക്കൂറിനിടെ 38 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. കൊവിഡ് മൂലം രണ്ടുപേരുടെ മരണം ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 44,822 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,368 ആയി. ഇതില്‍ 5,37,376 പേരും സുഖം പ്രാപിച്ചു. ആകെ 8,782 പേര്‍ മരിച്ചു.
രോഗബാധിതരില്‍ 70 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 27, ജിദ്ദ 14, മക്ക 4, മദീന 2, അല്‍ ഖുവയ്യിയ 2, മറ്റ് 16 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 45,392,093 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,119,845 എണ്ണം ആദ്യ ഡോസ് ആണ്. 21,272,248 എണ്ണം സെക്കന്‍ഡ് ഡോസും. 1,696,473 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.
🇸🇦റിയാദ് കിംഗ്ഡം ടവറിന് മുകളിലേക്ക് ഓടിക്കയറിയത് 16.55 മിനുട്ടിൽ, താരമായി സൈഫുദ്ദീൻ.
✒️സൗദി അറേബ്യയിലെ റിയാദ് കിംഗ്ഡം ടവറിന് മുകളിലേക്ക് 16.55 മിനുട്ടിൽ
ഓടിക്കയറി മിന്നും താരമായി കരുളായി സ്വദേശി സൈഫുദ്ദീൻ. സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി റേസ് അറേബ്യ സംഘടിപ്പിച്ച 'റൺ ദ സ്റ്റെയേഴ്‌സ് ' വെർട്ടിക്കൽ റേസിലാണ് നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ധീൻ മാഞ്ചേരി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതെത്തിയത്.
റിയാദ് കിംഗ്ഡം ടവറിന്റെ തൊണ്ണൂറ്റി ഒമ്പതാം നിലയിലെത്താൻ സൈഫുദ്ദീൻ എടുത്ത സമയം വെറും 16.55 മിനുട്ടാണ്. വിവിധ രാജ്യക്കാരായ 302 പേർ പങ്കെടുത്ത വെർട്ടിക്കൽ റേസിൽ ഇന്ത്യയിൽ നിന്നുള്ള 14 പേരാണ് മത്സരത്തിനിറങ്ങിയത്. നായിഫ് ബിൻ ഹുബയ്ശ് എന്ന സൗദി പൗരനാണ് മത്സരത്തിലെ ജേതാവ്.
ഇദ്ദേഹം 11.54 മിനുട്ടുകൊണ്ടാണ് സൗദി അറേബ്യയിലെ റിയാദ് കിംഗ്ഡം ടവറിന് മുകളിലെത്തിയത്. ആകെ പങ്കെടുത്തുവരിൽ 24-ാം സ്ഥാനമാണ് സൈഫുദ്ധീന് ലഭിച്ചത്. റിയാദിൽ അൽജരീർ ബുക്‌സ്റ്റോർ എച്ച് ആർ മാനേജരായി ജോലി നോക്കുന്ന സൈഫദ്ധീൻ റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (റിഫ) സെക്രട്ടറി കൂടിയാണ്.
🇸🇦സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,688 നിയമലംഘകര്‍.
✒️സൗദി അറേബ്യയില്‍ (Saudi Arabia) ഒരാഴ്ചയ്ക്കിടയില്‍ 15,688 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും (Jawazat) ഒക്ടോബര്‍ 14 മുതല്‍ 20 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ 7,088 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 6,985 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,615 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 406 പേരാണ് ഇക്കാലയളവില്‍ സുരക്ഷാ സേനകളുടെ പിടിയിലായത്. ഇവരില്‍ 57 ശതമാനം പേര്‍ യെമനികളും 41 ശതമാനം എത്യോപ്യക്കാരുമാണ്. രണ്ട് ശതമാനമാണ് മറ്റ് രാജ്യക്കാര്‍.സൗദിയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 10 പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നല്‍കിയതിന് 20 പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.
ഇപ്പോള്‍ പിടിയിലായവരടക്കം 86,628 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരില്‍ 77,314 പേര്‍ പുരുഷന്മാരും 9,314 പേര്‍ സ്ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകള്‍ ശരിയാക്കുന്നതിന് 71,819 പേരുടെ വിവരങ്ങള്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 90 പേര്‍ക്ക്; മൂന്ന് മരണം.
✒️യുഎഇയില്‍(United Arab Emirates) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 90 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 125 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പുതിയതായി നടത്തിയ 3,52,721 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 9.19 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,471 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,504 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,134 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,833 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇴🇲ഒമാനില്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത് രണ്ട് കൊവിഡ് രോഗികള്‍ മാത്രം.
✒️കൊവിഡ് വ്യാപനം (covid spread) ഗണ്യമായി കുറഞ്ഞ ഒമാനില്‍ (Oman) ആശ്വാസത്തിന്റെ നാളുകള്‍. രാജ്യത്ത് പത്ത് പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. ഇവരില്‍ തന്നെ രണ്ട് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ (Intensive care units). കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതാകട്ടെ (Hospitalisations) മൂന്ന് കൊവിഡ് രോഗികളെയും.
പുതിയതായി 22 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ഒന്‍പത് പേര്‍ രോഗമുക്തരായപ്പോള്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ 3,04,205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,558 പേരും ഇതിനോടകം രോഗമുക്തരായി. 4111 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്‍ടമായത്. രോഗമുക്തി നിരക്ക് 98.5 ശതമാനമാണ് ഇപ്പോള്‍. നിലവില്‍ 536 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.
🇸🇦നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 12 പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി.
✒️നിയമ ലംഘനങ്ങളുടെ പേരിൽ റിയാദിലെയും അബഹയിലെയും നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വിവിധ സംസ്ഥാനക്കാരായ 12 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. ഇതിൽ കഴിഞ്ഞ 14 മാസമായി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരും ഉൾപ്പെടും.
യു.പി സ്വദേശി യോഗേന്ദർ ഒരു വർഷത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്‍പോൺസറുമായി ഉണ്ടായ പ്രശ്നങ്ങളാണ് ഒടുവിൽ നാടുകടത്തൽ കേന്ദ്രത്തിൽ എത്തിച്ചത്. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എക്സിറ്റ് വിസ ശരിയാക്കി റിയാദ് എയർപോർട്ടുവഴി നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുമ്പോൾ പിടക്കപ്പെടുകയായിരുന്നു. ഒരു വർഷത്തോളം റിയാദ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞതിന് ശേഷമാണ് യോഗേന്ദറിനെ അബഹ നാടുകടത്തൽ കേന്ദ്രത്തിലേക്കു കൊണ്ടുവന്നത്. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലിനെ തുടർന്നു സ്‍പോൺസറുമായി നിരന്തരം ചർച്ചകൾ നടത്തി ഖമ്മീസ് ക്രിമിനൽ കോടതിയിലെ കേസ് ഒത്തു തീർപ്പാക്കിയാണ് യാത്രാവിലക്കു മാറ്റി നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങിയത്.
മറ്റൊരു യു.പി സ്വദേശിയായ മുഹമ്മദ് ഷംസാദ് നാട്ടുകാരനായ സുഹൃത്ത് നൽകിയ സാമ്പത്തിക കുറ്റത്തിന്റെ പേരിലാണ് നാടുകടത്തൽ കേന്ദ്രത്തിൽ അകപ്പെട്ടത്. കേസ് ഒത്തുതീർപ്പാക്കാൻ കോടതിയിൽ അടക്കാനുണ്ടായിരുന്ന 12375 റിയാൽ ഷംസാദിന്റെ ദമ്മാമിലുള്ള സഹോദരൻ കോടതിയിൽ അടച്ചതിനു ശേഷമാണ് ആറ് മാസത്തെ ജയിൽ വാസത്തിനൊടുവിൽ യാത്രാവിലക്കു നീങ്ങി ഷംസാദിനും നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചത്.
ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മറ്റി അദ്ധ്യക്ഷനും, ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ ജീവകാരുണ്യ വിഭാഗം വളണ്ടിയറുമായ അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലുകളെ തുടർന്നാണ് ഏഴ് യു.പി സ്വദേശികളും അഞ്ച് പശ്ചിമ ബംഗാൾ സ്വദേശികളും അടങ്ങുന്ന 12 അംഗ സംഘത്തിന് ദുബൈ വഴി ദില്ലിയിലേക്ക് മടങ്ങാൻ കഴിഞ്ഞത്. അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും കൗൺസുലേറ്റ് പ്രതിനിധികളുടെ സഹായത്തോടെ, യാത്രാ ഗ്യാരണ്ടിയിൽ ഇവരെ പുറത്തിറക്കി അബഹ വിമാനത്താവളം വഴിയാണ് ഇവരുടെ യാത്ര സൗകര്യം ഒരുക്കിയത്.
അബഹ നാടുകടത്തൽ കേന്ദ്രം ജവാസാത്ത് മേധാവി കേണൽ മുഹമ്മദ് മാനഹ് അൽ ബിഷിരിയുടേയും, ഉപ മേധാവി സാലിം ഖഹ്താനിയുടേയും മറ്റു ഉദ്യോഗസ്ഥരുടേയും സഹായം ഏറെ പ്രശംസ അർഹിക്കുന്നതാണെന്നു അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു. വിമാന ടിക്കറ്റുകളും, കോവിഡ് ടെസ്റ്റുകളും, എയർ സുവിധ രജിസ്ട്രേഷനും, യാത്രാ സൗകര്യങ്ങളും ഒരുക്കുന്നതിന് സാമൂഹിക പ്രവർത്തകരായ, ഹബീബ് റഹ്മാൻ, റോയി മൂത്തേടം, മനാഫ് പരപ്പിൽ തുടങ്ങിയവരും സഹായിച്ചു.
🇶🇦ഖത്തറില്‍ ഇന്നും 100ലേറെ പേര്‍ക്ക് കോവിഡ്; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
✒️ഖത്തറില്‍ (Qatar) ഇന്ന് 102 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 16 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 93 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,37,088. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 609.
1045 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 10 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. പുതുതായി ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 51 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,620 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 48,19,051 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83.8 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.
🇦🇪കടയില്‍ അതിക്രമിച്ച് കയറി ഉടമയെ അക്രമിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രവാസികള്‍ക്ക് തടവ്.
✒️ഗ്രോസറി ഷോപ്പില്‍ (Grocery shop) അതിക്രമിച്ച് കയറി ഉടമയെ അക്രമിക്കുകയും കടയില്‍ മോഷണം (theft) നടത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ക്ക് ശിക്ഷ. മൂന്ന് പ്രവാസികള്‍ക്ക് (three expats) ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷയും 1700 ദിര്‍ഹം പിഴയുമാണ് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തും.
2020 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. തന്റെ കടയില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചുവെന്നും പണം കവര്‍ന്നുവെന്നും കാണിച്ച് കടയുടമയാണ് പരാതി നല്‍കിയത്. ഏഷ്യക്കാരായ മൂന്ന് പേരടങ്ങുന്ന സംഘമാണ് കടയില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദിച്ചതെന്നും കൈവശമുണ്ടായിരുന്ന പണം ഇവര്‍ കൊണ്ടുപോയെന്നും ഉടമ മൊഴി നല്‍കി.
പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് ഇവരുടെ താമസ സ്ഥലങ്ങളിലുള്‍പ്പെടെ വ്യാപക തെരച്ചില്‍ നടത്തിയാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മൂന്ന് പേരും കുറ്റം സമ്മതിച്ചു.
🇶🇦ലോകകപ്പിന് മുന്നോടിയായി ഒരു മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് ഖത്തർ.
✒️2022 ഫുട്‌ബോൾ ലോകകപ്പിന് മുന്നോടിയായി ഒരു മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് ഖത്തർ. ചരിത്രത്തിലെ ആദ്യ കാർബൺ രഹിത ലോകകപ്പായിരിക്കും 2022ൽ നടക്കുകയെന്നും റിയാദ് പശ്ചിമേഷ്യൻ ഉച്ചകോടിയിൽ ഖത്തർ പ്രഖ്യാപിച്ചു. റിയാദിൽ നടന്ന പശ്ചിമേഷ്യൻ പരിസ്ഥിതി സൗഹൃദ പങ്കാളിത്ത ഉച്ചകോടിയിൽ ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരീദ അൽ കാഅബിയാണ് പ്രഖ്യാപനം നടത്തിയത്. 2022 ലോകകപ്പിന് മുന്നോടിയായി ഒരു മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഇതിനകം പുരോഗമിക്കുകയാണ്. ഇത് 2030 ഓടെ ഒരു കോടി മരങ്ങളായി ഉയർത്തും. ഖത്തർ വിഭാവനം ചെയ്ത ദേശീയ വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സുസ്ഥിര പരിസ്ഥിതി വികസനമാണ്. ആഗോള താപനം കുറയ്ക്കുന്നതിനായി യുഎന്നിന് കീഴിൽ നടക്കുന്ന വിവിധ പദ്ധതികൾക്ക് ഖത്തർ നിലവിൽ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് പോലെ മേഖലയിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിർത്താനായി സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന വലിയ പരിശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയും ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയുടെ സാന്നിധ്യത്തിലായിരുന്നു സാദ് ഷെരീദ അൽ കാഅബിയുടെ പ്രസംഗം. പശ്ചിമേഷ്യയുടെ പാരിസ്ഥിതിക സുരക്ഷയ്ക്കും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുമായുള്ള ആശയരൂപീകരണത്തിനും കൂടിയാലോചനകൾക്കുമായാണ് റിയാദിൽ ഉച്ചകോടി സംഘടിപ്പിച്ചത്.
🇶🇦ഖത്തർ: പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഡിസംബർ 1 മുതൽ മുൻകൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനം.
✒️രാജ്യത്തേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 2021 ഡിസംബർ 1 മുതൽ മുൻകൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി അറിയിച്ചു. രാജ്യത്തെ പഴം, പച്ചക്കറി വിതരണക്കാരുമായി നടത്തിയ ഒരു പ്രത്യേക കൂടികാഴ്ച്ചയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
2021 ഡിസംബർ മാസത്തിൽ രാജ്യത്തേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ 2021 നവംബർ 1 മുതൽ 20 വരെ മന്ത്രാലയത്തിൽ സമർപ്പിക്കാവുന്നതാണ്. importrequests@mme.gov.qa എന്ന ഇമെയിൽ വിലാസത്തിലൂടെ ഇത്തരം അപേക്ഷകൾ നൽകാവുന്നതാണ്.
ഇത്തരം അപേക്ഷകളോടൊപ്പം നൽകേണ്ടതായ ഫോം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപേക്ഷകർ ഇത്തരം അപേക്ഷകളിൽ ഓരോ മാസവും ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങളുടെ വിവരങ്ങൾ, ഇറക്കുമതി ചെയ്യുന്ന അളവ് മുതലായവ രേഖപ്പെടുത്തി നൽകേണ്ടതാണ്.
🇸🇦സൗദി: പ്രവാസികൾക്ക് തൊഴിൽ മാറുന്നതിന് ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി.
✒️രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ തൊഴിലുകൾ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള നിബന്ധനകൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കൂടുതൽ ലളിതമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് തങ്ങളുടെ തൊഴിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും പൂർത്തിയാക്കണമെന്ന നിബന്ധന മന്ത്രാലയം ഒഴിവാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിൽ മന്ത്രാലയം ആവശ്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഇത്തരം ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
ഇത്തരത്തിൽ തൊഴിൽ മാറുന്ന ജീവനക്കാർ നിലവിലെ തൊഴിലുടമയിൽ നിന്ന് ഇത് സംബന്ധിച്ച അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥയിലാണ് മന്ത്രാലയം ഈ അനുമതി നൽകിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ നിതാഖാത് വ്യവസ്ഥകളിൽ വീഴ്ച്ച വരുത്തുന്ന തൊഴിൽ മാറ്റങ്ങൾക്ക് അനുമതി നൽകുന്നതല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
🇴🇲ഒമാൻ: വിദേശ നിക്ഷേപകരുടെ റെസിഡൻസി, വിസ നിയമങ്ങളിൽ മാറ്റം വരുത്തി.
✒️രാജ്യത്ത് വിദേശ നിക്ഷേപം നടത്തുന്ന വ്യക്തികളുടെ റെസിഡൻസി, മൾട്ടി എൻട്രി വിസ നിയമങ്ങൾ ഒമാൻ ഭേദഗതി ചെയ്തു. ഒമാനിലെ ഫോറീനേഴ്‌സ് റെസിഡൻസ് നിയമത്തിലെ ഏതാനം വകുപ്പുകൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് ആൻഡ് കസ്റ്റംസ് വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ ‘234/2021’ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
പുതുക്കിയ തീരുമാനങ്ങൾ പ്രകാരം, രാജ്യത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്ക്, ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാര പ്രകാരം, ഇൻവെസ്റ്റർ വിസ അനുവദിക്കുന്നതാണ്. ഇത്തരത്തിൽ നിക്ഷേപം നടത്തുന്ന വിദേശികളുടെ ജീവിത പങ്കാളികൾ, അടുത്ത കുടുംബാംഗങ്ങൾ എന്നിവർക്ക് റെസിഡൻസി വിസ അനുവദിക്കുന്നതാണ്.
ഇത്തരത്തിൽ അനുവദിക്കുന്ന വിസകൾ രാജ്യത്തെ നിയമങ്ങൾ പ്രകാരവും, നടപടിക്രമങ്ങൾ പാലിച്ച് കൊണ്ടും, നിശ്ചിത തുക അടച്ച് കൊണ്ട് മറ്റു വിസകളിലേക്ക് മാറുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്. ഇൻവെസ്റ്റർ വിസകൾക്ക് പ്രായപരിധി ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ നിക്ഷേപകരുടെ പങ്കാളികൾ, അടുത്ത കുടുംബാംഗങ്ങൾ എന്നവർക്ക് ഓരോ വർഷത്തേക്കും, പുതുക്കിനേടാവുന്ന രീതിയിലുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം വിസകൾ നേടുന്നവർക്ക് ഓരോ തവണയും ഒമാനിൽ പ്രവേശിച്ച ശേഷം 3 മാസം വരെ രാജ്യത്ത് തുടരാവുന്നതാണ്.
അതേസമയം, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമുള്ള വിദേശികൾ ഇത്തരം പാർപ്പിടങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ, വിൽക്കുകയോ ചെയ്യുന്നതോടെ അവരുടെ ഇൻവെസ്റ്റർ റെസിഡൻസി സ്റ്റാറ്റസ് റദ്ദാകുന്നതാണ്. ഇവരുടെ ആശ്രിത വിസകളിലുള്ളവരുടെ വിസകളും റദ്ദാകുന്നതാണ്.
ഇൻവെസ്റ്റർ വിസ നിരക്കുകൾ:
പത്ത് വർഷത്തെ ഇൻവെസ്റ്റർ വിസ – ഓരോ 3 വർഷത്തേക്കും 500 റിയാൽ.
അഞ്ച് വർഷത്തെ ഇൻവെസ്റ്റർ വിസ – ഓരോ 3 വർഷത്തേക്കും 300 റിയാൽ.
മൾട്ടിപ്പിൾ വിസിറ്റ്, എൻട്രി വിസ നിരക്കുകൾ:
പത്ത് വർഷത്തെ മൾട്ടിപ്പിൾ വിസിറ്റ് വിസ – ഓരോ 3 വർഷത്തേക്കും 100 റിയാൽ.
അഞ്ച് വർഷത്തെ മൾട്ടിപ്പിൾ വിസിറ്റ് വിസ – ഓരോ 3 വർഷത്തേക്കും 50 റിയാൽ.
🇸🇦ഉംറ തീർത്ഥാടനം: 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഒഴിവാക്കിയതായി സൗദി ഹജ്ജ് മന്ത്രാലയം.
✒️രണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ബാധകമായിരുന്ന 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതുക്കിയ തീരുമാനപ്രകാരം, ഉംറ തീർത്ഥാടന ബുക്കിങ്ങിനായി ഇരു തീർത്ഥാടനങ്ങൾക്കിടയിൽ 14 ദിവസം കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാകുന്നതാണ്. ഹജ്ജ്, ഉംറ മന്ത്രാലയം ചീഫ് പ്ലാനിങ്ങ് ഓഫീസർ ഡോ. അമർ അൽ മദ്ദാഹാണ് മാധ്യമങ്ങളോട് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയിരിക്കുന്നത്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉംറ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളതിനാലാണ് ഈ തീരുമാനം.

0 Comments