ഓറഞ്ചിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെയുണ്ട്. എല്ലാ ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം അവകാശപ്പെടുന്നു. ഓറഞ്ച് ജ്യൂസ് ശരീര ആരോഗ്യത്തിന് എങ്ങനെ സഹായിക്കുമെന്ന് ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സക്കീന ദിവാൻ വിശദീകരിച്ചു.
ഓറഞ്ച് ജ്യൂസിൽ അടങ്ങിയിട്ടുള്ള ആന്റി-ഇൻഫ്ലമേറ്ററി ഏജന്റുകളും ഫ്ലേവനോയ്ഡുകൾ, ഹെസ്പെരിഡിൻ, നരിൻജെനിൻ തുടങ്ങിയ സംയുക്തങ്ങളും ശരീരത്തിന്റെയും അവയവങ്ങളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു. ഓറഞ്ച് ജ്യൂസ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.
ഓറഞ്ച് ജ്യൂസ് വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്: 1 കപ്പ് ജ്യൂസിൽ പ്രതിദിനം ശുപാർശ ചെയ്യുന്നതിന്റെ ഇരട്ടി മൂല്യം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, കൂടാതെ അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കും.
ഓറഞ്ച് ജ്യൂസിൽ ഉയർന്ന അളവിൽ പൊട്ടാസ്യം സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ഓറഞ്ച് ജ്യൂസിൽ കാൽസ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യവും ബലവും വർധിപ്പിക്കുന്നു.
ചർമ്മത്തിന് നിറവും തിളക്കവും കൂട്ടാൻ ഓറഞ്ച് ജ്യൂസ് സഹായിക്കും.
ഓറഞ്ച് ജ്യൂസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്, കൂടാതെ ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് ഡൽഹിയിലെ അപ്പോളോ സ്പെക്ട്ര നെഹ്റു എൻക്ലേവിലെ ജനറൽ ഫിസീഷ്യൻ ഡോ.നവ്നീത് കൗർ പറഞ്ഞു. “ഇതിൽ നാരുകൾ കൂടുതലായതിനാൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. വിറ്റാമിൻ ബി 9, ഫോളേറ്റ് എന്നിവയാൽ നിറഞ്ഞതാണ് ഓറഞ്ച് ജ്യൂസ്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നതിലൂടെ ബ്ലഡ് സർക്കുലേഷനും ശുദ്ധീകരണവും പ്രോത്സാഹിപ്പിക്കുന്നു. ഇതിന് രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ ആന്തരിക പാളി മെച്ചപ്പെടുത്താനും കഴിയും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, പൊട്ടാസ്യം എന്നിവ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും,” അദ്ദേഹം പറഞ്ഞു.
എങ്ങനെ കഴിക്കണം?
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ”കുട്ടികളുടെ കാര്യത്തിൽ, ഒരു ദിവസം ഒരു ചെറിയ ഗ്ലാസ് ജ്യൂസ് മതി. ദിവസത്തിന്റെ ആദ്യ പകുതിയിൽ, അതായത് ഉച്ചഭക്ഷണത്തിനു മുൻപായി ജ്യൂസ് കഴിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കുക,” ഡോ.കൗർ പറഞ്ഞു.

0 Comments