മുള്ളേരിയ: ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് സമീപം നിര്‍ത്തിയിട്ട സൂപ്പര്‍ ഫാസ്റ്റ് കേരള ആര്‍.ടി.സി. ബസിന്റെ ഗ്ലാസ് ജീവനക്കാര്‍ വൃത്തിയാക്കി. ഉച്ചയ്ക്ക് ഒരുമണി. കേരളത്തിനകത്ത് ഏറ്റവും ദൂരം ഓടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് അതിന്റെ ഓട്ടത്തിന് തയ്യാറെടുക്കുകയാണ്.
1247 കിലോമീറ്ററാണ് പെര്‍ള-കുമളി-പെര്‍ള കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ഒരു യാത്ര പൂര്‍ത്തിയാക്കാന്‍ ഓടുന്നത്. 1.25-ന് പെര്‍ള ടൗണിലേക്ക് ബസെത്തി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ചെറിയ ടൗണിലെ വീതിയേറിയ റോഡരികില്‍ രാജകീയഭാവത്തോടെ കേരളത്തിന്റെ സ്വന്തം ആനവണ്ടി തലയുയര്‍ത്തിനിന്നു.
കോതമംഗലത്ത് ജോലിയുള്ള കണ്ണൂരുകാരനായ അഷ്റഫാണ് അദ്യം ബസില്‍ കയറിയത്. പെര്‍ളയിലുള്ള ഭാര്യവീട്ടില്‍ വന്ന് തിരിച്ചുപോകുകയാണ്. ബസ് ഓട്ടംതുടങ്ങി മാസങ്ങള്‍ കഴിഞ്ഞെങ്കിലും അടുത്തിടെ കോതംമഗലം ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കവെയാണ് പെര്‍ള ബോര്‍ഡ് വെച്ച കെ.എസ്.ആര്‍.ടി.സി. ബസ് അഷ്റഫ് കാണുന്നത്.
ഈ പെര്‍ള തന്നെയാണോ എന്ന് ആദ്യം സംശയം തോന്നി. ബസിലെ ബോര്‍ഡിലെ ബാക്കി സ്ഥലനാമങ്ങള്‍കൂടി നോക്കി ഉറപ്പിച്ചു. ഇത് ഭാര്യയുടെ നാട്ടിലേക്ക് തന്നെ. ഒരു മാസത്തിനിടയില്‍ രണ്ടുപ്രാവശ്യം വന്നു. വരാന്‍ എളുപ്പമാണ് രാത്രി കയറിയാല്‍ പുലര്‍ച്ചെ വീട്ടിലെത്താം. ഭാര്യയ്ക്കും സന്തോഷം- അഷ്റഫ് പറഞ്ഞു.
ഉദ്ഘാടനം എം.എം. മണി
കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് തമിഴ്നാട് അതിര്‍ത്തിയായ കുമളിയിലേക്ക് ഒരു ബസ്. കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ജൂലായ് 15-ന് തുടങ്ങിയ സര്‍വീസ് മുന്‍മന്ത്രി എം.എം. മണിയാണ് ഉദ്ഘാടനം ചെയ്തത്. കുമളിയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബസ്സ്റ്റാന്‍ഡിലേക്ക് കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് നാലുകിലോമീറ്റര്‍ ഇപ്പുറമുള്ള പെര്‍ള ടൗണില്‍നിന്ന് ഉച്ചയ്ക്ക് 1.31-ന് ബസ് പുറപ്പെട്ടു. അതിനിടെ ആനവണ്ടിയുടെ ആരാധകരായ രണ്ടുപേര്‍ ബസില്‍ കയറി. സുഹൃത്തുക്കളായ ഇരിയണ്ണിയിലെ ശ്രീധരനും മുളിയാര്‍ പാത്തനടുക്കയിലെ പ്രശാന്തും. ബസ് തുടങ്ങിയത് മുതലുള്ള ആഗ്രഹമാണ്. കുമളിവരെ ഒരു യാത്ര. കോവിഡ് ആയതിനാല്‍ നീണ്ടുപോയതാണ്.
അടച്ചിട്ട ശൗചാലയങ്ങള്‍
ഉച്ചയ്ക്കേ കയറിയിരുന്ന യാത്രക്കാരും ജീവനക്കാരും ബസ് കണ്ണൂര്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ശൗചാലയം ലക്ഷ്യമാക്കി നടന്നു. താഴിട്ട് ഭദ്രമായി പൂട്ടിയിട്ടിരിക്കുന്നു. ദീര്‍ഘദൂര ബസുകളടക്കം വരുന്ന ബസ്സ്റ്റാന്‍ഡിലെ ശൗചാലയം തുറക്കാത്തത് പലര്‍ക്കും ബുദ്ധമുട്ടായി. ചിലര്‍ എവിടെയൊക്കെ പോയി കാര്യം സാധിച്ച് തിരിച്ചുവന്നു. ചിലര്‍ സഹിച്ചുപിടിച്ച് വീണ്ടും ബസിലേക്ക്. തലശ്ശേരിയില്‍നിന്ന് ഫുള്‍ ടാങ്ക് ഡീസലും നിറച്ച് യാത്ര തുടര്‍ന്നു. രാത്രി 10-ഓടെയാണ് കോഴിക്കോട്ടെത്തിയത്. പുലര്‍ച്ചെ രണ്ടോടെ തൃശ്ശൂരിലും. രണ്ട് ജീവനക്കാര്‍ മാറിമാറിയാണ് ബസ് ഓടിക്കുന്നത്. നേരം പുലരുംമുന്‍പ് ഇടുക്കി ജില്ലയുടെ അതിര്‍ത്തി കടന്നു. കോതംമംഗലവും ചെറുതോണിയും കട്ടപ്പനയും കഴിഞ്ഞതോടെ ആളുകളുടെ എണ്ണം കുറഞ്ഞു. രാവിലെ 7.30-ഓടെ വണ്ടി കുമളിയിലെത്തി.
സംസ്ഥാനത്തിന് അകത്തെ നീണ്ട ബസ് സര്‍വീസ്
നിലവില്‍ സംസ്ഥാനത്തിനകത്ത് കെ.എസ്.ആര്‍.ടി.സി.യുടെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസാകും പെര്‍ള-കുമളി. 623.5 കിലോമീറ്ററാണ് 18 മണിക്കൂര്‍കൊണ്ട് യാത്ര ചെയ്യുന്നത്. കാസര്‍കോട്-നെടുകണ്ടം 580 കിലോമീറ്ററും മാനന്തവാടി-തിരുവനന്തപുരം 560 കിലോമീറ്ററും ഓടുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളുണ്ട്.
കാസര്‍കോട്-തിരുവന്തപുരം മിന്നല്‍ ബസ് പോലും 560-ഓളം കിലോമീറ്ററാണ് താണ്ടുന്നത്. പലതും നിലവില്‍ ഓടുന്നുമില്ല.
യാത്രക്കാര്‍ക്ക് സമ്മാനപദ്ധതി
ബസിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സമ്മാനപദ്ധതിയുമുണ്ട്. 350 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരുടെ മൊബൈല്‍നമ്പര്‍ നറുക്കിട്ട് സമ്മാനം നല്‍കുന്നതാണ് പദ്ധതി. ആഴ്ചതോറും മൂന്ന് ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന രണ്ട് ജീവനക്കാര്‍ക്ക് പ്രോത്സാഹനസമ്മാനവും നല്‍കുന്നുണ്ട്.
0 Comments