കോട്ടയം: മത്സ്യവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആറ്റില്‍ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തില്‍ നിലയുറപ്പിച്ചത് ഒന്നരമണിക്കൂറോളം. ഒടുവില്‍ അഗ്നിരക്ഷാസേനയും പോലീസും യുവാവിനെ അനുനയിപ്പിച്ച് കരയിലെത്തിച്ചു. കോട്ടയം ചെമ്മനംപടിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയസംഭവം.
മഠത്തില്‍പറമ്പില്‍ നാസര്‍ എന്നയാളെയാണ് പ്രദേശവാസിയായ എബി എന്ന അരുണ്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. മത്സ്യവ്യാപാരിയായ നാസര്‍ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വീടിന് നൂറ് മീറ്റര്‍ അകലെവെച്ചായിരുന്നു സംഭവം.
നാസറിനെ വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ അരുണ്‍ മീനച്ചിലാറ്റിലേക്ക് ചാടി. തുടര്‍ന്ന് ആറ്റില്‍ ഒഴുകിയെത്തിയ ഒരു മരത്തിന്റെ ചില്ലയില്‍ നിലയുറപ്പിക്കുകയായിരുന്നു. കരയിലേക്ക് കയറിവരാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പിന്നീട് അഗ്നിരക്ഷാസേനയും എത്തി ഒന്നരമണിക്കൂറിന് ശേഷം ഇയാളെ അനുനയിപ്പിച്ച് കരയിലെത്തിക്കുകയായിരുന്നു. ഇയാള്‍നിന്നിരുന്ന ഭാഗത്തേക്ക് തോണിയിലെത്തിയ അഗ്നിരക്ഷാസേന സംഘം ഇയാളെ കൈപിടിച്ച് തോണിയില്‍ കയറ്റി. കരയ്‌ക്കെത്തിച്ച് പോലീസിന് കൈമാറി.
വെട്ടേറ്റ നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.
0 Comments