മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്‍റെ കിഴക്കൻ മേഖല. രാത്രിയിൽ ശക്തമായ മഴ ഒരു പ്രദേശത്തും രേഖപ്പെടുത്തിയില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു. പുലർച്ചയോടെ അതും നിലച്ചു. ഇന്നലെ വൈകിട്ട് അര മണിക്കൂറോളം ഉണ്ടായിരുന്ന കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. മുണ്ടക്കയം വണ്ടംപതാലിൽ ആൾപ്പാർപ്പില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. എരുമേലിയിൽ ചെമ്പകപ്പാറ എസ്റ്റേറ്റിലെ തടയണതകർന്നു. മണിമലയാറ്റിലെ ജലനിരപ്പ് ഉയരുകയും കൈവഴി തോടുകൾ നിറഞ്ഞു കവിയും ചെയ്തതോടെ തീരത്തുള്ള വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിലവിൽ കോട്ടയം ജില്ലയിൽ 36 ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. 1110 കുടുംബങ്ങളാണ് ക്യാമ്പുകളിൽ ഉള്ളത്.
പത്തനംതിട്ടയിൽ മലയോരമേഖലയിൽ ശക്തമായി പെയ്ത മഴ ഇന്നലെ അർദ്ധ രാത്രിയോടെ ശമിച്ചു. ആങ്ങമുഴി വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ജലനിരപ്പ് ഉയർന്ന കക്കാട്ടാറിൽ വെള്ളം ഇറങ്ങി തുടങ്ങി. റാന്നി കുറുമ്പൻമൂഴിയിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ അഞ്ചു വീട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. റോഡിൽ വെള്ളം കയറി മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചു. പമ്പയിലും അച്ചൻകോവിലിലും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള നടപടിയും തുടങ്ങി
0 Comments