Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🔴പ്രവാസികള്‍ ശ്രദ്ധിക്കുക; വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് തട്ടിപ്പിന് ശ്രമം.

✒️കുവൈത്തില്‍ (Kuwait) വാക്സിനേഷന്‍ വിവരങ്ങള്‍ (Vaccination details) ചോദിച്ച് ഫോണ്‍കോളുകള്‍ വഴിയും എസ്.എം.എസ് വഴിയും നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് തങ്ങള്‍ ആരെയും ബന്ധപ്പെടാറില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം (Kuwait Health Ministry) അറിയിച്ചു.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ ചിലര്‍ സ്വദേശികളെയും പ്രവാസികളെയും ബന്ധപ്പെട്ട് അവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നുവെന്നും ഇത് വ്യാജമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. വാക്സിനെടുത്ത ചിലരുടെ മൊബൈല്‍ ഫോണിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലാണ് എസ്.എം.എസ് സന്ദേശം ലഭിച്ചത്. ചിലര്‍ക്ക് ഇത്തരത്തിലുള്ള ഫോണ്‍ കോളുകളും ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യക്തിവിവരങ്ങള്‍ അന്വേഷിക്കുകയും ശേഷം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ലിങ്ക് തുറക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത്തരം ലിങ്കുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

🇰🇼എക്‌സ്‌പോ 2020; കുവൈത്ത് പവലിയന്‍ തുറന്നു.

✒️എക്‌സ്‌പോയിലെ കുവൈത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തവുമായി 5,600 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളര്‍ച്ചയും സമൃദ്ധിയും എന്നിവയാണ് ഇവിടെ കേന്ദ്ര വിഷയങ്ങള്‍.

കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് ഹമദ് അല്‍സബാഹിനെ പ്രതിനിധീകരിച്ച് വിവര-സാംസ്‌കാരിക-യുവജനകാര്യ മന്ത്രി അബ്‍ദുല്‍ റഹ്മാന്‍ ബദാഹ് അല്‍മുതൈരിയാണ് പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുവൈത്തി സംസ്‌കാരവും പാരമ്പര്യവും കോര്‍ത്തിണക്കിയുള്ള പ്രത്യേകം തയാറാക്കിയ നൃത്ത പ്രകടനത്തോടെയായിരുന്നു അതിഥികളെയും സന്ദര്‍ശകരെയും പവലിയനിലേക്ക് സ്വാഗതം ചെയ്തത്. സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം, സാങ്കേതിക മികവുകളിലേക്ക് കുവൈത്ത് എങ്ങനെ ഉയര്‍ന്നു വന്നുവെന്നും കഴിഞ്ഞ ദശകങ്ങളില്‍ ഇന്നൊവേഷന്‍, പാരിസ്ഥിതിക സുസ്ഥിരത, വികസനം എന്നിവ എപ്രകാരം നേടിയെടുത്തുവെന്നും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എക്‌സ്‌പോ 2020യുടെ സസ്റ്റയ്‌നബിലിറ്റി ഡിസ്ട്രിക്റ്റിലാണ് കുവൈത്ത് പവലിയന്‍ സ്ഥിതി ചെയ്യുന്നത്. കുവൈത്തിന്റെ സുസ്ഥിരതാ യത്‌നങ്ങള്‍ പവലിയന്‍ എടുത്തു കാട്ടുന്നു. 'പുതിയ കുവൈത്ത്, സുസ്ഥിരതക്കായുള്ള പുതിയ അവസരങ്ങള്‍' എന്ന തീമില്‍ തയാറാക്കിയ പവലിയനില്‍, കുവൈത്തിന്റെ ഭൂതവും വര്‍ത്തമാനവും 'ന്യൂ കുവൈത്ത് 2035' എന്ന ഭാവി പദ്ധതിയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

'രാജ്യത്തെയും അതിന്റെ സവിശേഷതയെയും പ്രതിനിധീകരിക്കാനുള്ള അവസരമായാണ് എക്‌സ്‌പോ 2020 ദുബായിയെ ഞങ്ങള്‍ കാണുന്നത്. ജിസിസി ഐക്യദാര്‍ഢ്യ പ്രകടനം കൂടിയാണിത്. വരും തലമുറയുടെ സുസ്ഥിര വളര്‍ച്ചക്കായി ഒരുമയുടെ ബോധം മാര്‍ഗം തീര്‍ക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു' -കുവൈത്ത് പവലിയന്‍ ഡയറക്ടര്‍ ഡോ. ബദര്‍ അല്‍ ഇന്‍സി പറഞ്ഞു. എണ്ണക്ക് മുന്‍പുള്ള കാലം മുതല്‍ എണ്ണ സമ്പന്നമായ ആധുനിക ജനാധിപത്യ രാഷ്ട്രമായി കുവൈത്ത് നിലകൊള്ളുന്നതിന്റെ ശ്രദ്ധേയമായ നാഴികക്കല്ലുകളിലൂടെ സന്ദര്‍ശകരെ പ്രയാണം ചെയ്യിക്കുന്നു കുവൈത്ത് പവലിയനെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ മാസിന്‍ അല്‍ അന്‍സാര്‍ പറഞ്ഞു.

🇦🇪യുഎഇയില്‍ ഇന്ന് 176 പേര്‍ക്ക് കൊവിഡ്; ഒരു മരണം.

✒️യുഎഇയില്‍ (United Arab Emirates) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 176 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 258 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,64,073 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,073 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,093 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,104 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,876 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.51 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 31,923 ഡോസ് കൊവിഡ് വാക്‌സിന്‍ യുഎഇയില്‍ വിതരണം ചെയ്തു. ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,228,472 ആയി.

⚫ഒന്നര വര്‍ഷം മുമ്പ് കാണാതായ പ്രവാസി മലയാളി ആത്മഹത്യ ചെയ്‍തതാണെന്ന് സ്ഥിരീകരണം.

✒️ഒന്നര വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ (Saudi Arabia) കാണാതായ മലയാളി യുവാവ് ആത്മഹത്യ (Suicide) ചെയ്‍താണെന്ന് സ്ഥിരീകരിച്ചു. ഒരു മാസത്തോളം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നീട് അധികൃതര്‍ തന്നെ സംസ്‍കരിക്കുകയായിരുന്നു. അജ്ഞാതനെന്ന നിലയില്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതിയതിനാല്‍ എംബസിയിലും വിവരം ലഭിച്ചിരുന്നില്ല.

കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശിയായ താജുദ്ദീന്‍ അഹമ്മദ് കുട്ടിയെ (38) 2020 മേയ് മാസത്തിലാണ് കാണാതായത്. അസീസിയയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സെയില്‍മാനായി ജോലി ചെയ്യുകയായിരുന്നു. കൊവിഡ് ഒന്നാം തരംഗം പിടിമുറുക്കിയ ഈ സമയത്ത് താജുദ്ദീന്റെ ബന്ധു കൂടിയായ ശരീഫിന് കൊവിഡ് ബാധിക്കുകയും അദ്ദേഹം പിന്നീട് മരണപ്പെടുകയും ചെയ്‍തു. ഇതോടെ താജൂദ്ദീനും മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായി. ഇതിന് പിന്നാലെ അദ്ദേഹത്തെ കാണാതാവുകയായിരുന്നു.

2020 മേയ് 16 വരെ താജൂദ്ദീന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായി. എന്നാല്‍ 2020 മേയ് 17ന് റിയാദ് ശിഫയിലെ മൂസാ സനാഇയ ഭാഗത്തെ ഒരു ഒഴിഞ്ഞ മുറിയില്‍ അദ്ദേഹത്തെ ആത്മഹത്യ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം റിയാദ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസത്തോളം അവിടെ മൃതദേഹം സൂക്ഷിച്ചെങ്കിലും കൊവിഡ് രൂക്ഷമായ സമയത്ത് നിരവധി മരണങ്ങള്‍ സംഭവിച്ചിരുന്നതിനാല്‍ ഒരു മാസത്തിന് ശേഷം അധികൃതര്‍ തന്നെ മൃതദേഹം സംസ്‍കരിച്ചു.

🇸🇦സൗദി: സ്വന്തം തൊഴിലുടമയുടെ കീഴിലല്ലാതെ വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ്.

✒️രാജ്യത്ത് ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസികൾ, വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നതിനെതിരെയും, പ്രവാസികളെ ഇത്തരത്തിൽ മറ്റു ജോലികൾ ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കെതിരെയും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലുടമകൾക്കും, പ്രവാസികൾക്കും തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കാമെന്നും ജവാസത് വ്യക്തമാക്കി.

2021 ഒക്ടോബർ 4-ന് വൈകീട്ടാണ് ജവാസത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ജവാസത് അറിയിച്ചിരിക്കുന്നത്:

*തൊഴിലുടമകൾക്ക് ബാധകമാകുന്ന ശിക്ഷാ നടപടികൾ:*

തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന പ്രവാസികളെ, അവരുടെ വ്യക്തിപരമായ ലാഭത്തിനായോ, തൊഴിലുടമയ്ക്ക് ലാഭം ലഭിക്കുന്ന രീതിയിലോ, മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ അനുവദിക്കുന്ന തൊഴിലുടമകൾക്ക് പരമാവധി മൂന്ന് മാസം വരെ തടവും, 50000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ആദ്യമായി ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന തൊഴിലുടമകൾക്ക് ഒരു മാസം തടവും, 5000 റിയാൽ പിഴയും ചുമത്തുന്നതാണ്.

ഇത്തരം പ്രവർത്തികൾ രണ്ടാമതും ആവർത്തിക്കുന്ന തൊഴിലുടമകൾക്ക് രണ്ട് മാസം തടവും, 20000 റിയാൽ പിഴയും ചുമത്തുന്നതാണ്.

മൂന്നാമതും ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്ന തൊഴിലുടമകൾക്ക് മൂന്ന് മാസം തടവും, 50000 റിയാൽ പിഴയും ചുമത്തുന്നതാണ്.

ഇത്തരം കേസുകളിലെല്ലാം ഒരു തൊഴിലുടമയ്ക്ക് കീഴിൽ ഇത്തരത്തിൽ അനധികൃത പ്രവർത്തികളിലേർപ്പെടുന്ന തൊഴിലാളികളുടെ എണ്ണം എത്രയാണോ, അത്രയും തവണ പിഴ ചുമത്തുന്നതാണ്.

ഇത്തരം തൊഴിലുടമകൾക്ക് ഒരു വർഷത്തേക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതാണ്. ഇത്തരം പ്രവർത്തികളുടെ ആവർത്തനത്തിനനുസരിച്ച് ഈ വിലക്ക് രണ്ട് വർഷം, മൂന്ന് വർഷം എന്നീ രീതിയിൽ ഉയർത്തുന്നതാണ്.

*പ്രവാസി തൊഴിലാളികൾക്ക് ബാധകമാകുന്ന ശിക്ഷാ നടപടികൾ:*

വ്യക്തിപരമായ ലാഭത്തിനായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് പരമാവധി ആറ് മാസത്തെ തടവും, 50000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഇത്തരം പ്രവാസികളെ തടവ് ശിക്ഷ, പിഴ ഈടാക്കൽ എന്നീ നടപടികൾ പൂർത്തിയായ ശേഷം നാട് കടത്തുന്നതാണ്.

തന്റെ തൊഴിലുടമയുടെ കീഴിലല്ലാതെ, മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുന്നവരും, സ്വന്തം നിലയ്ക്ക് തൊഴിൽ ചെയ്യുന്നവരുമായ പ്രവാസികളെ നാട് കടത്തുന്നതാണ്.

ഇത്തരത്തിൽ സ്വന്തം ലാഭത്തിനായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന പ്രവാസി തൊഴിലുടമകളുടെ റെസിഡൻസി പെർമിറ്റ് റദ്ദ് ചെയ്യുന്നതും, 5000 റിയാൽ പിഴ, ഒരു മാസത്തെ തടവ് എന്നിവ ചുമത്തുന്നതും, സൗദിയിൽ നിന്ന് നാട് കടത്തുന്നതുമാണ്.

🇸🇦സൗദി: അംഗീകൃത വാക്സിനുകൾ സ്വീകരിക്കാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധം.

✒️രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 4-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇത്തരം യാത്രികർ സൗദിയിലെത്തിയ ശേഷം 48 മണിക്കൂർ നിർബന്ധ ഹോം ക്വാറന്റീൻ പാലിക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ആവശ്യമായി വരുന്നവർക്കൊഴികെ ഈ വിഭാഗത്തിൽപ്പെടുന്ന മറ്റെല്ലാവർക്കും ഈ നിബന്ധന ബാധകമാണ്.

ഇതോടെ ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ്, ജോൺസൻ ആൻഡ് ജോൺസൺ പുറത്തിറക്കിയിട്ടുള്ള വാക്സിന്റെ ഒരു ഡോസ് എന്നിവ സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ ബാധകമാകുന്നതാണ്. ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇത്തരത്തിൽ ഹോം ക്വാറന്റീനിൽ തുടരുന്നവർ, സൗദിയിലേക്ക് പ്രവേശിച്ച് 48 മണിക്കൂറിനകം PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് ലഭിക്കുന്നതോടെ ഹോം ക്വാറന്റീൻ അവസാനിക്കുന്നതാണ്. എട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ ടെസ്റ്റ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇവർക്കും 48 മണിക്കൂർ ഹോം ക്വാറന്റീൻ ബാധകമാണ്.

🇴🇲ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കും.

✒️രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ 3 മുതൽ അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകൾ ഒഴികെയുള്ള ഇടങ്ങളിൽ COVID-19 വാക്സിനേഷൻ നടപടികൾ താത്‌കാലികമായി നിർത്തിവെച്ചിരുന്നു.

എന്നാൽ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം ഒമാനിൽ അവസാനിച്ചതോടെ COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 4-ന് രാത്രിയാണ് വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ സേവന മേഖലയിലെ ജനറൽ ഡയറക്ടറേറ്റുകൾ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകിയത്.

സൗത്ത് ശർഖിയ ഗവർണറേറ്റിൽ ഒക്ടോബർ 5 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കും.

സൗത്ത് ശർഖിയ ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ ഒക്ടോബർ 5 മുതൽ പുനരാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.

ദാഖിലിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് ഒക്ടോബർ 6 മുതൽ വാക്സിൻ നൽകും.

ഗവർണറേറ്റിലെ പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് ഒക്ടോബർ 6, 7 തീയതികളിൽ നൽകുമെന്ന് ദാഖിലിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ രണ്ടാം ഡോസാണ് ഇത്തരത്തിൽ നൽകുന്നത്.

മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ ഒക്ടോബർ 7 മുതൽ പുനരാരംഭിക്കും.

ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ ഒക്ടോബർ 7 മുതൽ പുനരാരംഭിക്കുമെന്ന് മസ്കറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, കോസ്റ്റ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഒക്ടോബർ 7 മുതൽ വാക്സിനേഷൻ പുനരാരംഭിക്കുന്നതാണ്.

മസ്കറ്റ് ഗവർണറേറ്റിൽ ഒക്ടോബർ 3-6 വരെയുള്ള തീയതികളിൽ വാക്സിനെടുക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ലഭിച്ചിട്ടുള്ളവർക്ക് വാക്സിൻ നൽകുന്നത് ഒക്ടോബർ 7 മുതൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

🇰🇼കുവൈറ്റ്: ഭക്ഷ്യമേഖലയിലെ വർക്ക് പെർമിറ്റുകൾക്കേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം.

✒️രാജ്യത്തെ ഭക്ഷ്യമേഖലയിൽ പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കുവൈറ്റിലെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റി തീരുമാനിച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. ഒക്ടോബർ 4-ന് രാത്രിയാണ് അധികൃതർ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

കൃഷിത്തോട്ടങ്ങൾ, ഭക്ഷ്യശാലകൾ, ബേക്കറികൾ, മത്സ്യബന്ധനം മുതലായ മേഖലകളിലേക്കാവശ്യമായ വർക്ക് പെർമിറ്റുകൾ, കൊമേർഷ്യൽ വിസിറ്റ് വിസ എന്നിവ ഉപയോഗിച്ച് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇത്തരത്തിൽ ഒഴിവാക്കിയിട്ടുള്ളത്. കന്നുകാലികള്‍, ചെമ്മരിയാട്, കോഴി, താറാവ് മുതലായവയെ വളർത്തുന്ന ഇടങ്ങൾ, ക്ഷീരോത്‌പാദന കേന്ദ്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ ഉല്പാദിപ്പിക്കുകയും, കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, കുടിവെള്ളം, പഴച്ചാറുകൾ മുതലായവയുടെ ബോട്ടിലിംഗ് കമ്പനികൾ തുടങ്ങിയവയ്ക്കും ഈ ഇളവ് നൽകിയിട്ടുണ്ട്.

രാജ്യത്തെ രോഗവ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനം.ഇത്തരം മേഖലകളിലേക്ക് വിദേശത്ത് നിന്നുള്ള തൊഴിലാളികളെ എത്തിക്കുന്ന അവസരത്തിൽ കുവൈറ്റിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 58 മാത്രം; 99 പേര്‍ രോഗമുക്തി നേടി.

✒️ഖത്തറില്‍ (Qatar) ഇന്ന് 58 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 99 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,35,402. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 606.

1,040 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 14 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 41 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,245 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,39,995 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.2ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇸🇦സൗദി പ്രവേശനം: അംഗീകൃത വാക്‌സിനെടുത്തില്ലെങ്കിൽ ഇനി 48 മണിക്കൂർ ക്വാറന്റീൻ.

✒️അംഗീകൃത വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവശിച്ചാൽ ഇനി 48 മണിക്കൂർ ഹോം ക്വാറന്റൈൻ നിർബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അംഗീകൃത വാക്സിനെടുക്കത്തയെത്തുന്നവർ 48 മണിക്കൂർ നിർബന്ധ ഹോം ക്വാറന്റീൻ പാലിക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ആവശ്യമായി വരുന്നവർക്കൊഴികെ ഈ വിഭാഗത്തിൽപ്പെടുന്ന മറ്റെല്ലാവർക്കും ഈ നിബന്ധന ബാധകമാണ്. ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡേണ എന്നിവയാണ് സൗദി അംഗീകാരമുള്ള വാക്സിനുകൾ. ഈ വാക്സിൻ സ്വീകരിക്കാതെ സൗദിയിലെത്തുന്നവർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ ഹോം ക്വാറന്റീനിൽ തുടരുന്നവർ, സൗദിയിലേക്ക് പ്രവേശിച്ച് 48 മണിക്കൂറിനകം PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് ലഭിക്കുന്നതോടെ ഹോം ക്വാറന്റീൻ അവസാനിക്കുന്നതാണ്. എട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ ടെസ്റ്റ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇവർക്കും 48 മണിക്കൂർ ഹോം ക്വാറന്റീൻ ബാധകമാണ് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നത്.

🇸🇦അധ്യാപകര്‍ക്ക് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി.

✒️സര്‍വകലാശാല, സ്‌കൂള്‍, ടെക്‌നിക്കല്‍, പൊതുവിദ്യാഭ്യാസ അധ്യാപകര്‍ക്ക് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി. സൗദിയില്‍ സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്. അനുമതി ലഭിച്ച വിഭാഗത്തിനൊപ്പം കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് പ്രവേശിക്കാം. സൗദിയില്‍ നിന്നും ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

🇧🇭ബഹ്റൈൻ രാജാവിൻ്റെ നിർദേശം; പള്ളികളിൽ നിയന്ത്രണങ്ങൾ നീക്കും.

✒️ബഹ്റൈനിലെ പള്ളികളിലെ ആരാധനകൾ സാധാരണ നിലയിലാക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകി. ആരോഗ്യ നിർദേശങ്ങൾ പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം രാജാവ് നിർദേശിച്ചു. ജനങ്ങൾക്ക് പള്ളികളിൽ ആരാധനകൾ പ്രയാസരഹിതമായി നിർവഹിക്കാൻ അവസരം ലഭിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ വ്യക്തമാക്കി.

🇶🇦ഖത്തറില്‍ യാത്രക്കാര്‍ക്കുള്ള പുതിയ ക്വാറന്‍റൈന്‍ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ.

✒️ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതിയ ക്വാറന്‍റൈന്‍ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ നിന്ന് വരുന്ന വിസയുള്ളവർക്കും സന്ദർശകർക്കും രണ്ട് ദിവസത്തെ ക്വാറന്‍റൈന്‍ മതി. മുഴുവൻ യാത്രക്കാരും പുറപ്പെടുന്നതിന് മുമ്പേ പ്രത്യേക അണ്ടർടേക്കിങ് ഫോം പൂരിപ്പിച്ച് കയ്യിൽ കരുതണം നാളെ ഉച്ചക്ക് രണ്ട്​ മണി മുതൽ ദോഹയിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്കാണ്​ പുതിയ യാത്രാ നയം പ്രകാരമുള്ള മാർഗനിർദേശങ്ങൾ ബാധകമാകുക. ഇന്ത്യയിൽ നിന്നുള്ള ഖത്തർ അംഗീകൃത വാക്​സിൻ സ്വീകരിച്ച എല്ലാ യാത്രക്കാർക്കും രണ്ടു ദിവസത്തെ ക്വാറന്‍റൈന്‍ മതിയാവും. എന്നാൽ, ഇന്ത്യയിൽ വെച്ച്​ വാക്​സിൻ എടുത്തവർ ദോഹയിലെത്തി രണ്ടാം ദിവസം ആൻറി ബോഡി ടെസ്​റ്റിന്​ വിധേയരാവണം. ഖത്തറിൽ നിന്ന്​ വാക്​സിൻ എടുത്തവർക്ക്​ ആർ.ടി.പി.സി.ആർ ടെസ്​റ്റിൽ നെഗറ്റീവ്​ ആയാൽ ക്വാറന്‍റൈന്‍ അവസാനിപ്പിക്കാം

🇸🇦സൗദിയിൽ കോവിഡ്​ മുക്തി നിരക്കിൽ നേരിയ കുറവ്​.

✒️സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ രോഗം ഭേദമാവുന്നരുടെ പ്രതിദിന കണക്കിൽ നേരിയ കുറവ്​. 24 മണിക്കൂറിനിടെ 36 പേർ സുഖം പ്രാപിച്ചപ്പേൾ 42 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​.

രാജ്യത്താകെ മൂന്ന്​​​ മരണവും റിപ്പോർട്ട്​ ചെയ്​തു​. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,357 ഉം രോഗമുക്തരുടെ എണ്ണം 5,36,406 ഉം ആയി. ആകെ മരണസംഖ്യ 8,730 ആയി ഉയർന്നു. രോഗബാധിതരിൽ 163 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 4, നജ്​റാൻ 3, മക്ക 2, ഖോബാർ 2, അൽകാമിൽ 2, മറ്റ്​ 18 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 42,595,656 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Post a Comment

0 Comments