Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ


🇦🇪അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ പറന്നെത്തി 3.7 കോടിയുടെ ലംബോര്‍ഗിനി, ചെലവ് 10 ലക്ഷം.

✒️അബുദാബിയില്‍ (Abu Dhabi) നിന്ന് വിമാന മാര്‍ഗം കൊച്ചിയിലേക്ക്(Kochi) പറന്നെത്തി പ്രവാസി വ്യവസായിയുടെ ലംബോര്‍ഗിനി(Lamborghini). അബുദാബിയില്‍ വ്യവസായിയായ മലപ്പുറം തിരൂര്‍ സ്വദേശി റഫീഖിന്റെ 3.7 കോടി രൂപ വിലയുള്ള കാറാണ് വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിദേശത്ത് നിന്ന് കാര്‍ വിമാന മാര്‍ഗം എത്തിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് ലംബോര്‍ഗിനി കൊണ്ടുവന്നത്.

കസ്റ്റംസിന്റെ കാര്‍നെറ്റ് സ്‌കീം പ്രകാരമാണ് അബുദാബി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലെത്തിച്ചത്. ഈ പദ്ധതി അനുസരിച്ച് വിദേശത്ത് നിന്ന് കൊണ്ടു വരുന്ന കാറുകള്‍ ഇവിടെ നികുതി അടയ്‌ക്കേണ്ടതില്ല. ആറു മാസം വരെ കേരളത്തില്‍ ഉപയോഗിക്കാം. അതിന് ശേഷം മടക്കി കൊണ്ടുപോകണം. വിമാന മാര്‍ഗം കാര്‍ കൊച്ചിയിലെത്തിക്കുന്നതിന് ഏകദേശം 10 ലക്ഷം രൂപയാണ് ചെലവായത്.

🇸🇦മാറുന്ന സൗദിയെ അടയാളപ്പെടുത്തി റിയാദ് സീസൺ ഫെസ്റ്റിവലിന് തുടക്കം.

✒️ഏഴര ലക്ഷത്തോളം കാണികളെത്തിയ പ്രൗഢോജ്ജ്വല റാലിയോടെ റിയാദ് സീസൺ ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തെ സൗദിയിലേക്ക് ക്ഷണിക്കുന്ന പരിപാടിയിൽ പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുള്ളായിരുന്നു മുഖ്യാതിഥി. ഡ്രോണുകളും വെടിക്കെട്ടും കൂറ്റൻ റാലിയും ഉൾപ്പെടുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്.റിയാദിലെ പ്രത്യേക ഗ്രൗണ്ടിലൊരുക്കിയ സീസൺ ഫെസ്റ്റിവലിന്‍റെ തുടക്കം ജനകീയമായിരുന്നു.നിരവധി ലോക പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ സൗദി വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലു ശൈഖാണ് ഫെസ്റ്റിന്‍റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയത്. 2700ലേറെ ഡ്രോണുകൾ ചേർന്ന് 'ഇമേജ് മോർ' എന്ന ശീർഷകത്തില്‍ പരിപാടിയുടെ എംബ്ലം ആകാശത്ത് തീർത്തു.ആഗോള ഉത്സവത്തിന്‍റെ ചൈതന്യം പ്രതിഫലിപ്പിച്ചായിരുന്നു സീസണിലെ ആദ്യ ദിന പരിപാടികൾ. 1500ലേറെ കലാകാരന്മാർ അണിനിരന്ന ഉദ്ഘാടന വേദി വര്‍ണ്ണാഭമായിരുന്നു .14 മേഖലകളായിട്ടാണ് റിയാദ് സീസൺ നടക്കുന്നത്. ഇവയുടെ വിശേഷം പറയുന്നതായിരുന്നു റാലിയിലെ പ്ലോട്ടുകൾ.

🇰🇼കുവൈത്തിൽ തടവു ശിക്ഷ വീട്ടിൽ അനുഭവിക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

✒️കുവൈത്തിൽ തടവു ശിക്ഷ വീട്ടിൽ അനുഭവിക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ശിക്ഷാ കാലയളവ് മൂന്നുവർഷത്തിൽ കുറവുള്ള തടവുകാർക്കാണ് തടങ്കൽ കാലം വീട്ടിൽ അനുഭവിക്കാൻ അവസരം ഒരുക്കുന്നത്. ശിക്ഷാ കാലാവധി കഴിയുന്നത് വരെ വീട്ടിൽ നിന്നു പുറത്തുപോകരുതെന്നുള്ള നിബന്ധനക്ക് വിധേയമായാണ് ഈ അവസരം നൽകുക. ഇത് ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത് ഇലക്ട്രോണിക് വള അണിയിക്കും. ഇതുപയോഗിച്ച് അധികൃതർക്ക് നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിയും. ആശുപത്രിയിൽ പോകാൻ ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപറേഷൻ റൂമിൽ വിളിച്ച് അനുമതി വാങ്ങണം. വീട്ടിൽ സിഗ്‌നൽ ജാമർ വെക്കുന്നതും.

ഇലക്ട്രോണിക് വള നശിപ്പിക്കുകയോ അണിയാതിരിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ് ഇത്തരംനടപടികളുണ്ടായാൽ വേറെ കേസ് ചുമത്തുകയും വീണ്ടും ജയിലിലേക്ക് മാറ്റുകയും ചെയ്യും. അതേസമയം, ആർക്കുവേണമെങ്കിലും വീട്ടിൽ തടവുകാരനെ സന്ദർശിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ അംഗീകാരപത്രം സഹിതം ജയിൽ അഡ്മിനിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ച് പദ്ധതി പ്രയോജനപ്പെടുത്താം. മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിക്കാൻ വേണ്ടിയുമാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത്. പരീക്ഷനാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ 17 തടവുകാരുടെ പട്ടിക തയാറാക്കിയതായാണ് റിപ്പോർട്ടുകൾ .

🇸🇦സൗദി അറേബ്യയില്‍ 46 പേര്‍ക്ക് കൂടി കൊവിഡ്.

✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ 79 പേര്‍ ഗുരുതരാവസ്ഥയില്‍. ഇങ്ങനെ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. ഇതില്‍ 54 പേര്‍ കൂടി സുഖം പ്രാപിച്ചു. എന്നാല്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 46 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 

സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 49,069 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,111 ആയി. ഇതില്‍ 5,37,149 പേരും സുഖം പ്രാപിച്ചു. ആകെ 8,773 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,998,633 ഡോസ് കവിഞ്ഞു. ഇതില്‍ 24,004,042 എണ്ണം ആദ്യ ഡോസ് ആണ്. 20,994,591 എണ്ണം സെക്കന്‍ഡ് ഡോസും. 1,690,601 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 9, മക്ക 3, ഹായില്‍ 2, ത്വാഇഫ് 2, ഹുഫൂഫ് 2, ദഹ്‌റാന്‍ 2, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

🇦🇪യുഎഇയില്‍ 94 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 94 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 140 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,018 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,873 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,126 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,019 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇰🇼കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്; തുറസായ സ്ഥലങ്ങളില്‍ ഇനി മാസ്‍ക് വേണ്ട.

✒️കൊവിഡ് രോഗ വ്യാപനം (Covid spread) കുറഞ്ഞതോടെ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു (lifting restrictions). തുറസായ പൊതു സ്ഥലങ്ങളില്‍ (Open places) ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ (closed spaces) തുടര്‍ന്നും മാസ്‍ക് വേണം. റസ്റ്റോറന്റുകളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല.

വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. 

ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.

🇴🇲ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

✒️2021-ലെ ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് നാല് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാനിൽ എല്ലാ വർഷവും ഒക്ടോബർ 17-ന് വനിതാ ദിനമായി ആചരിച്ച് വരുന്നു.

ഒമാനി വനിതകളുടെ നാല് വ്യത്യസ്ത രീതിയിലുള്ള പരമ്പരാഗത വസ്‌ത്രധാരണരീതികൾ ഈ സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ സ്റ്റാമ്പുകൾ ഓപ്പറ ഗലേറിയയിലെ സ്റ്റാമ്പ്‌സ് ആൻഡ് കലക്റ്റിബിൾസ് ഷോപ്പിൽ ലഭ്യമാണ്.

ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോ 2020 വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഒമാനി, സുരി, ധഫാരി, ബലൂഷി രീതിയിലുള്ള പരമ്പരാഗത വസ്‌ത്രധാരണരീതികളാണ് ഈ സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഒമാനി ഡിസൈനർ നോറ കരീമാണ് ഈ സ്റ്റാമ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വസ്ത്രങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.

രാജ്യത്തെ വിവിധ മേഖലകളിലെ പരമ്പരാഗത സമ്പ്രദായത്തിലുള്ള ഒമാനി വനിതകളുടെ വസ്‌ത്രധാരണരീതികൾ ഒമാൻ സമൂഹത്തിന്റെ കുലീനത, പ്രാമാണ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു.

🇸🇦സൗദി: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 20-ന് വൈകീട്ടാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം പൂർത്തിയാക്കിയ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് ‘Tawakkalna’, ‘Sehhati’ ആപ്പുകളിലൂടെ ബൂസ്റ്റർ ഡോസിനായുള്ള മുൻ‌കൂർ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ ആരംഭിച്ചിരുന്നു.

🇶🇦ഖത്തർ: പ്രവാസികൾക്കും, സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനുള്ള നിയമം നിലവിൽ വന്നു.

✒️രാജ്യത്തെ ആരോഗ്യ പരിചരണ സേവന മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയിട്ടുള്ള നിയമം രാജ്യത്ത് നിലവിൽ വന്നതായി ഖത്തർ ആമിർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി പ്രഖ്യാപിച്ചു. ‘2021/ 22’ എന്ന ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരുന്നതാണ്.

ഈ നിയമപ്രകാരം, ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് നൽകിവരുന്ന സേവനങ്ങൾ ഈ പുതിയ നിയമപ്രകാരം പ്രത്യേക നയപദ്ധതികളും, നടപടികളും, മാനദണ്ഡങ്ങളും പ്രകാരവും, ഇൻഷുറൻസ് പരിരക്ഷാ പരിധി അടിസ്ഥാനമാക്കിയുമായിരിക്കും.

ഖത്തറിൽ പൂർണ്ണമായും സമന്വയിപ്പിച്ചതും, ഉയർന്ന നിലവാരമുള്ളതും, ഫലപ്രദമായതും, സ്ഥായിയായതുമായ ആരോഗ്യ പരിചരണ സേവനം ഉറപ്പാക്കുന്നതിനായാണ് ഈ പുതിയ നിയമ നിർമ്മാണം. ഈ നിയമപ്രകാരം, രാജ്യത്തെ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള വിദേശി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടണ്ടതാണ്. ഖത്തറിലെ സ്ഥാപനങ്ങളിൽ നിയമിക്കുന്നതിനായി വിദേശി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ട് വരുന്ന റിക്രൂട്ടിങ്ങ് കമ്പനികൾക്കും ഈ നിയമം ബാധകമാകുന്നതാണ്.

ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള ഈ നിയമത്തിന്റെ കരടിന് ക്യാബിനറ്റ് 2021 ഫെബ്രുവരിയിൽ അംഗീകാരം നൽകിയിരുന്നു. ഈ കരട് നിയമം പിന്നീട് തുടർനടപടികൾക്കായി ശുറ കൗൺസിലിലേക്ക് ശുപാർശ ചെയ്തിരിക്കുകയായിരുന്നു.

🇰🇼കുവൈറ്റ്: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം.

✒️രാജ്യത്തെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് പ്രധാന മന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് പ്രഖ്യാപിച്ചു. ഒക്ടോബർ 20-ന് വൈകീട്ട് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെയും, ജനജീവിതം പടിപടിയായി സാധാരണ നിലയിലേക്ക് മടക്കി കൊണ്ട് വരുന്നതിന്റെയും അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി കുവൈറ്റ് മന്ത്രിസഭാ സമിതി താഴെ പറയുന്ന നിർദ്ദേശങ്ങൾ അംഗീകരിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ 22 മുതൽ പള്ളികളിലെത്തുന്ന വിശ്വാസികൾക്കിടയിൽ സമൂഹ അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതാണ്. എന്നാൽ മാസ്കുകളുടെ ഉപയോഗം, മറ്റു സുരക്ഷാ നിബന്ധനകൾ എന്നിവ തുടരും.
ഒക്ടോബർ 24 മുതൽ ഔട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകും.
ഇൻഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം എന്നിവ തുടരും.
രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് വിവാഹം, സാമൂഹിക ഒത്ത് ചേരലുകൾ, സമ്മേളനങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അനുമതി നൽകും.
കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വാക്സിനെടുത്തവർക്ക് പുതിയ വിസകൾ അനുവദിക്കും.
ഒക്ടോബർ 24 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണശേഷിയിലേക്ക് ഉയർത്തും.

🇦🇪യു എ ഇ: വ്യാപാരാവശ്യങ്ങൾക്കായി വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി.

✒️വ്യാപാര സംബന്ധമായ ആവശ്യങ്ങൾക്കായി യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങൾ പുതുക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നാണ് NCEMA ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബർ 19-ന് രാത്രി നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമീരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാനദണ്ഡങ്ങൾ യു എ ഇയിലേക്ക് പ്രവേശിക്കുന്ന റെസിഡൻസി സ്റ്റാറ്റസുള്ള ബിസിനസ് യാത്രികർക്കും, വിസിറ്റ് വിസകളിലെത്തുന്ന ബിസിനസ് യാത്രികർക്കും ബാധകമാണ്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:
ഇത്തരം യാത്രികർ ICA വെബ്സൈറ്റിലൂടെ അറൈവൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
ഇത്തരം യാത്രികർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റിയിൽ നിന്നുള്ള അംഗീകാരം ആവശ്യമാണ്.
ഇത്തരം യാത്രികർക്ക് ഫെഡറൽ അധികൃതരിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ്, യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് എന്നിവ നിർബന്ധമാണ്.
ഇവർക്ക് യു എ ഇയിലെ എയർപോർട്ടിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നിർബന്ധമാണ്.
ഇവർക്ക് യു എ ഇയിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ PCR ടെസ്റ്റുകൾ നിർബന്ധമാണ്.

🇦🇪അബുദാബി: ഒക്ടോബർ 24 മുതൽ പാർക്കിംഗ് ടിക്കറ്റുകൾക്ക് പകരം ഇ-ടിക്കറ്റുകൾ ഏർപ്പെടുത്താൻ തീരുമാനം.

✒️2021 ഒക്ടോബർ 24, ഞായറാഴ്ച്ച മുതൽ കടലാസ് രൂപത്തിലുള്ള മവാഖിഫ് പാർക്കിംഗ് ടിക്കറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഇത്തരം കടലാസ് ടിക്കറ്റുകൾക്ക് പകരം SMS ഉപയോഗിച്ച് കൊണ്ടുള്ള ഇലക്ട്രോണിക് ടിക്കറ്റുകൾ ഏർപ്പെടുത്താനാണ് ITC തീരുമാനിച്ചിരിക്കുന്നത്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, പാർക്കിംഗുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പരിശോധകർ ഡിജിറ്റൽ രൂപത്തിലുള്ള പാർക്കിംഗ് ടിക്കറ്റുകൾ ഉപയോഗിക്കുന്നതാണ്. നിയമം ലംഘിക്കുന്നവർക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമടങ്ങിയ ഇ-ടിക്കറ്റുകൾ SMS മുഖേനെ ലഭിക്കുമെന്നും ITC വ്യക്തമാക്കി.

പാർക്കിംഗ് ലംഘനങ്ങളുമായി ബന്ധപ്പെട്ട ഇ-ടിക്കറ്റുകൾ കൃത്യമായി ലഭിക്കുന്നതിനായി ഉപഭോക്താക്കളോട് ITC-യിൽ നൽകിയിട്ടുള്ള തങ്ങളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

🇶🇦ഖത്തർ: COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പുതുക്കിയതായി ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്തെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ബൂസ്റ്റർ ഡോസ് സംബന്ധമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ പുതുക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനൊപ്പം, അന്താരാഷ്ട്ര യാത്രാ നിബന്ധനകളുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന രീതിയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നവീകരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിച്ചിട്ടുള്ള വ്യക്തികകളുടെ, ഇത് സംബന്ധിച്ച വിവരങ്ങൾ പുതുക്കിയ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതാണ്.

ഇതിന് പുറമെ, ഖത്തർ എയർവേസുമായി ചേർന്ന് IATA ട്രാവൽ പാസ് ഡിജിറ്റൽ പാസ്സ്‌പോർട്ട് വിവരങ്ങളും, യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റ് വിവരങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലഭിച്ചിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പൂർണ്ണമായും സാധുതയുള്ളവയാണെന്നും, ഇത്തരം വ്യക്തികൾ പുതിയ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്തെടുക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവർക്ക് പുതിയ രൂപത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ https://cert-covid19.moph.gov.qa/Home/Index എന്ന വിലാസത്തിൽ നിന്ന് ഒക്ടോബർ 20 മുതൽ ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

🇰🇼ഇന്ത്യയുമായി കരാര്‍; ഗാര്‍ഹിക തൊഴിലാളിയുടെ പ്രായം 30 മുതല്‍ 55 വരെ. മിനിമം വേതനത്തിനും തീരുമാനം.

✒️ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ധാരണാപത്രത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. ഗാര്‍ഹിക തൊഴിലിന് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ ചുരുങ്ങിയത് 30 -55 വയസ്സിനിടെ ഉള്ളവരായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. പ്രതിമാസ ശമ്പളം 100ദിനാറില്‍ കുറയരുത്. തൊഴിലാളിയുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നല്‍കണം.

കരാര്‍ ഇന്ത്യന്‍ എംബസിയും അംഗീകൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സിയും അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയില്‍ 10 ഏജന്‍സികള്‍ക്കാണ് അധികാരമുള്ളത്. കേരളത്തില്‍ നോര്‍ക്ക- റൂട്ട്‌സ്, ഒഡെപക് എന്നിവയാണ് അംഗീകൃത ഏജന്‍സികള്‍.

Post a Comment

0 Comments