ഗര്‍ഭിണിയായ ഭാര്യയും രണ്ടുമക്കളും പോലീസ് സംരക്ഷണത്തില്‍
കോഴിക്കോട്: മണിക്കൂറുകള്‍മാത്രം പരിചയമുള്ളയാളെ കാറില്‍ക്കയറ്റി ഗൃഹനാഥനും ഭാര്യയും കുട്ടികളും ഉള്‍പ്പെട്ട കുടുംബം പൊല്ലാപ്പിലായി. ഒടുവില്‍ ഗര്‍ഭിണിയായ ഭാര്യയും രണ്ടുമക്കളും വനിതാസ്റ്റേഷനില്‍ കിടന്നുറങ്ങേണ്ട ഗതികേടിലുമായി. വട്ടക്കിണറില്‍ വ്യാഴാഴ്ചരാത്രിയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.
പേരാമ്പ്രസ്വദേശിയും അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയും ഒപ്പമുണ്ടായിരുന്ന പതിമ്മൂന്നുകാരിയായ പെണ്‍കുട്ടിയും ഒമ്പതുവയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെയുള്ള കുടുംബമാണ് സുഹൃത്തിനെ കാറില്‍ക്കയറ്റിയതിന്റെ പേരില്‍ അവസാനം പോലീസ് സ്റ്റേഷനില്‍ എത്തിപ്പെട്ടത്. ഇവര്‍ കോഴിക്കോട് കോട്ടപ്പറമ്പ് ഗവ. ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു.
ഡോക്ടറെ കണ്ടശേഷം കാറില്‍ കോഴിക്കോട് ബീച്ചിലുംമറ്റും ചുറ്റിക്കറങ്ങി. അവസാനം രാമനാട്ടുകരയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരിചയപ്പെട്ട പറമ്പില്‍ബസാര്‍ സ്വദേശിക്കൊപ്പം ബേപ്പൂര്‍ തുറമുഖം കാണാന്‍ പോയി. ഇതിനിടെ കുടുംബനാഥനും സുഹൃത്തും മദ്യപിച്ചു. തുടര്‍ന്ന് കാറില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതുകണ്ട് പരിഭ്രാന്തരായ ഭാര്യയും കുട്ടികളും, തങ്ങളെ തട്ടിക്കൊണ്ടുപോവുകയാണെന്നുപറഞ്ഞ് കാറില്‍ ബഹളംവെച്ചു. ഇതോടെ നാട്ടുകാര്‍ കാര്‍ തടഞ്ഞു.
അതിനിടെ സുഹൃത്ത് കാറില്‍നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടി പന്നിയങ്കര പോലീസിലേല്‍പ്പിച്ചു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭര്‍ത്താവും മദ്യപിച്ചിരുന്നതിനാല്‍ സുരക്ഷപരിഗണിച്ച് ഗര്‍ഭിണിയെയും കുട്ടികളെയും രാത്രി ഇവര്‍ക്കൊപ്പം വിടേണ്ടെന്ന് പോലീസ് തീരുമാനിച്ചു. തുടര്‍ന്ന് ഇവരെ വനിതാ ഹെല്‍പ്പ് ലൈനിന്റെ സഹായത്തോടെ വനിതാ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളെയും അമ്മയെയും വെള്ളിയാഴ്ച ബന്ധുക്കള്‍ക്കൊപ്പം പോലീസ് വീട്ടിലെത്തിക്കും.
0 Comments