Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ


✒️ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍(Indian embassy, Doha) ഒഴിവ്(vacancy). പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്ന താല്‍ക്കാലിക ക്ലര്‍ക്ക് ഒഴിവിലേക്കാണ് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 3,565 ഖത്തരി റിയാലാണ് ശമ്പളം. അപേക്ഷകര്‍ ഇന്ത്യക്കാരായിരിക്കണം. സാധുവായ ഖത്തരി റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടാവണം. അപേക്ഷകര്‍ ബിരുദം നേടിയവരും ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയാവുന്നവരും ആവണം. താല്‍പ്പര്യമുള്ളവര്‍ക്ക് എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 20നകം അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

🇰🇼കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

✒️കുവൈത്തില്‍(Kuwait) ശൈഖ് ജാബിര്‍ പാലത്തില്‍(Sheikh Jaber bridge) 24 മണിക്കൂറിനിടെ രണ്ട് ആത്മഹത്യാ ശ്രമങ്ങള്‍(suicide attempt). കഴിഞ്ഞ ദിവസം ഈജിപ്ത് സ്വദേശി പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് 24 മണിക്കൂര്‍ തികയുന്നതിനിടെ ഇന്ത്യക്കാരനും സമാന രീതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ജാബിര്‍ പാലത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ഇന്റീരിയര്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിരുന്നു. ഇന്ത്യക്കാരന്‍ പാലത്തില്‍ വാഹനം നിര്‍ത്തിയ ശേഷം താഴേക്ക് ചാടുന്നത് കണ്ട മറ്റൊരാളാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 36 വയസ്സുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് ഇയാളെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറി.

ഇതിന് സമാനമായ രീതിയില്‍ ഇന്നലെ വൈകുന്നേരം ഒരു ഈജിപ്ത് സ്വദേശിയും ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തുകയായിരുന്നു. ആരോഗ്യനില തൃപ്തികരമായ ഈജിപ്ത് സ്വദേശിയെ പിന്നീട് തുടര്‍ നിയമനടപടികള്‍ക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാളെ നാടുകടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു.

✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്നും രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 49 പേര്‍ രോഗമുക്തി നേടി. 52,320 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. 

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,807 ആയി. ഇതില്‍ 5,36,817 പേരും സുഖം പ്രാപിച്ചു. ആകെ 8,755 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 113 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,295,209 ഡോസ് കവിഞ്ഞു. ഇതില്‍ 23,827,680 എണ്ണം ആദ്യ ഡോസ് ആണ്. 20,468,563 എണ്ണം സെക്കന്‍ഡ് ഡോസും. 1,680,878 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 6, ബുറൈദ 2, ദമ്മാം 2, ഖോബാര്‍ 2, മറ്റ് 11 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

🇦🇪സന്തോഷ് ശിവന് യുഎഇ ഗോള്‍ഡന്‍ വിസ.

✒️സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ (Santosh Sivan)യുഎഇ ഗോള്‍ഡന്‍ വിസ(UAE Golden visa) സ്വീകരിച്ചു. അബുദാബി (Abu Dhabi)സര്‍ക്കാരിന്റെ അതിഥിയായി എത്തിയ അദ്ദേഹം ഒമര്‍ അബ്ദുല്ല അല്‍ ദര്‍മക്കിയില്‍ നിന്നാണ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. 

മലയാളമടക്കം വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച സന്തോഷ് ശിവന്‍ ബോളിവുഡിലും ഹോളിവുഡിലും സജീവമാണ്. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍  അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.

🇦🇪യുഎഇയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന്  116  പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 173 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയതായി നടത്തിയ 3,20,554 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,268 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 731,805 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,117 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,346 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪എന്റെ സ്ഥിതിയറിയുന്ന സുഹൃത്തുക്കൾക്കാണ് വലിയ സന്തോഷം; ആദ്യ പരിശ്രമത്തിൽ തന്നെ 22 ലക്ഷം നേടിയ പ്രവാസി പറയുന്നു.

✒️നല്ലൊരു വീടെന്ന എക്കാലത്തെയും വലിയ സ്വപ്‍നം പൂവണിയാനുള്ള വഴി തെളിഞ്ഞ സന്തോഷത്തിലാണ് യുഎഇയില്‍ പ്രവാസിയായ പത്തനംതിട്ട സ്വദേശി വര്‍ഗീസ് തോമസ്. മഹ്‍സൂസിന്റെ 45-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പിലാണ് വര്‍ഗീസ് തോമസ് ഉള്‍പ്പെടെ ഒന്‍പത് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ ഓരോരുത്തര്‍ക്കും 111,111 ദിര്‍ഹം (22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വീതമാണ് ലഭിച്ചത്. മഹ്‍സൂസിനെക്കുറിച്ചും സമ്മാനം ലഭിച്ചതിലൂടെ തന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

യുഎഇയിലെ ഒരു കണ്‍സ്‍ട്രക്ഷന്‍ കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന വര്‍ഗീസ്, മഹ്‍സൂസിലെ ആദ്യ ഭാഗ്യ പരീക്ഷണത്തില്‍ തന്നെ വിജയിയാവുകയായിരുന്നു. സമ്മാനം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാനേ സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. പല തവണ വെബ്‍സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിജയിയായ വിവരം തനിക്ക് പോലും ഉള്‍ക്കൊള്ളാനായതെന്നാണ് വര്‍ഗീസ് പറഞ്ഞത്.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയില്‍ അച്ഛനും അമ്മയും ഓട്ടോ ഡ്രൈവറായ ചേട്ടനും അടങ്ങുന്നതാണ് വര്‍ഗീസ് തോമസിന്റെ കുടുംബം. വിജയിച്ചെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് അടുത്ത സുഹൃത്തുക്കളാണെന്ന് വര്‍ഗീസ് പറയുന്നു. 'എന്റെ വീട്ടിലെ സാഹചര്യം അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സമ്മാനം ലഭിച്ചപ്പോള്‍ അവര്‍ക്ക് തന്നെയായിരുന്നു ഏറ്റവു വലിയ സന്തോഷം - അദ്ദേഹം പറഞ്ഞു.

നല്ലൊരു വീട് പണിയുകയെന്നതാണ് വര്‍ഗീസിന്റെ സ്വപ്‍നം. മഹ്‍സൂസിലൂടെ ലഭിച്ച സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറ്റൊന്നും ആലോചിക്കാനില്ല. വീട് വെയ്‍ക്കാനായി 25 ലക്ഷം രൂപയുടെ ഭവന വായ്‍പയ്‍ക്ക് അപേക്ഷിച്ചു. ആദ്യ ഗഡുവായി കുറച്ചുതുക ബാങ്കില്‍ നിന്ന് ലഭിക്കുകയും ചെയ്‍തു. മാസം 17,500 രൂപ വീതം 25 വര്‍ഷം കൊണ്ട് വലിയൊരു തുക അടയ്‍ക്കേണ്ടിയിരുന്നു. 25 വര്‍ഷത്തേക്കുള്ള ഒരു ബാധ്യതയാണ് വരുന്നതെന്നോര്‍ത്ത് വലിയ പ്രയാസത്തിലുമായിരുന്നു. അപ്പോഴാണ് ദൈവാനുഗ്രഹം പോലെ മഹ്‍സൂസില്‍ നിന്ന് സമ്മാനം ലഭിച്ചത്. വീട് പൂര്‍ത്തിയാക്കണമെന്നാണ് ആദ്യത്തെ ആഗ്രഹം. പിന്നെ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു സമ്മാനമെന്ന നിലയില്‍ അതിന്റെ ഒരു ഭാഗം മറ്റ് നല്ല കാര്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നും ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗീസ് മഹ്‍സൂസിലേക്ക് എത്തിയതും ഗള്‍ഫിലെ സുഹൃത്തുക്കള്‍ വഴി തന്നെയായിരുന്നു. സുഹൃത്തുക്കളാണ് മഹ്‍സൂസിനെക്കുറിച്ച് പറഞ്ഞത്.  മറ്റ് ടിക്കറ്റുകളെ അപേക്ഷിച്ച് ടിക്കറ്റിന്റെ വില കുറവാണെന്നതാണ്  മഹ്‍സൂസിലേക്ക് തന്നെ ആകര്‍ഷിച്ചത്. ഒരാള്‍ക്ക് ഒറ്റയ്‍ക്ക് എടുക്കാന്‍ കഴിയുന്ന തുക മാത്രമേയുള്ളൂ എന്നുള്ളതിനാല്‍ മഹ്‍സൂസില്‍ തന്നെ ഭാഗ്യം പരീക്ഷിക്കാന്‍ ഉറപ്പിച്ചു. മഹ്‍സൂസില്‍ പങ്കെടുക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനും മറിച്ചൊരു ഉത്തരമില്ല വര്‍ഗീസിന്. ആദ്യ ശ്രമത്തിലാണ് താന്‍ വിജയിയായത്. ദൈവാനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

🇴🇲ഒമാനില്‍ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് കൊവിഡ് രോഗികളെ മാത്രം.

✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് പേരെ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം (Health Ministry) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ ഉള്‍പ്പെടെ 23 രോഗികളാണ് ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത് (Covid treatment). ഇവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് 12 പേര്‍ക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. ഇതുവരെ 3,04,025 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,362 പേര്‍ ഇതിനോടകം രോഗമുക്തരായി. 4103 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായിട്ടുണ്ട്. ഇപ്പോള്‍ 560 കൊവിഡ് രോഗികളാണ് ഒമാനിലുള്ളത്. 98.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

🤝എം.എ യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഭക്ഷ്യ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്.

✒️ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലുലു ഗ്രൂപ്പ് (Lulu group) ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി.(M. A. Yusuff Ali)  ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി (Prime Minister Narendra Modi) നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം  വ്യക്തമാക്കിയത്. 

ലുലു ഗ്രൂപ്പിന്റെ  ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിങ് മാളുകള്‍ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ  സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ  കേന്ദ്രസർക്കാർ വിവിധ ഉത്തേജക  പദ്ധതികൾ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം  പുത്തനുണർവ്വാണ് കൈവരിച്ചതെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽ മുടക്കാൻ തയ്യാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാരിന്റെ പുതിയ നയമാണ്.

ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ  പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഉത്തർപ്രദേശ് സർക്കാരാണ് ഇതിനാവശ്യമായ സ്ഥലം അനുവദിച്ചത്. കശ്‌മീരിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കശ്‌മീർ ഉൽപ്പന്നങ്ങൾക്ക് മികച്ച ആവശ്യകതയാണ് ഗൾഫ് നാടുകളിലുള്ളത്. ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്‍കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു.  

രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നത് കർഷകരിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും  പ്രധാനമന്ത്രി  നേർന്നു. 

പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

🇶🇦ഖത്തറില്‍ 79 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️ഖത്തറില്‍(Qatar) 79  പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 107 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 236,196 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 56  പേര്‍ സ്വദേശികളും 23 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 607 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 237,741 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 938 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 22,137 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,741,001 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🇸🇦സൗദി: കുവൈറ്റിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം.

✒️ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യുന്ന സംവിധാനം പ്രവർത്തനമാരംഭിച്ചതായും, ആദ്യ ഘട്ടത്തിൽ ഈ സംവിധാനം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കായി പ്രയോഗക്ഷമമാക്കിയതായും സൗദി അധികൃതർ വ്യക്തമാക്കി. ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് സൗദി വിദേശകാര്യ മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു.

ഇതിന്റെ ആദ്യ ഘട്ടം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കായി പ്രയോഗക്ഷമമാക്കിയതായാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഈ സംവിധാനത്തിന്റെ സേവനം ടുണീഷ്യ, മലേഷ്യ, യു കെ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഹജ്ജ്, ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് തന്നെ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കൊണ്ട് ഓൺലൈനിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനും, വിസ നേടുന്നതിനും സാധിക്കുന്നതാണ്. വിസയുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള വിസ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും ഈ ഓൺലൈൻ സംവിധാനത്തിലൂടെ ഒഴിവാകുന്നതാണ്.

ഈ ആപ്പിലൂടെ തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്വന്തം ഫോണുകളിലൂടെ ഓൺലൈനായി നൽകുന്നതിന് സാധ്യമാക്കുന്ന രീതിയിലാണ് ഈ ആപ്പ് തയ്യാറിയാക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ വിരലടയാളങ്ങൾ, കണ്ണ്, മുഖം മുതലായവ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഈ ആപ്പിലൂടെ നൽകാവുന്നതാണ്.

ബയോമെട്രിക് വിവരങ്ങൾ ഒത്ത് നോക്കുന്ന നടപടികൾ തീർത്ഥാടകർ സൗദിയിലേക്കുള്ള കര, കടൽ, വ്യോമ അതിർത്തികളുടെ പ്രവേശിക്കുന്ന അവസരത്തിൽ പൂർത്തിയാക്കുന്നതാണ്. ഇ-വിസ അനുവദിക്കുന്നതിനായി ഇത്തരത്തിൽ സ്മാർട്ട് ഫോണുകളിലൂടെ ബയോമെട്രിക് രജിസ്‌ട്രേഷൻ ഇതാദ്യമായാണ് ഒരു രാജ്യം നടപ്പിലാക്കുന്നത്.

🇦🇪യു എ ഇയുടെ അമ്പതാം ദേശീയ ദിനത്തിന് ഇനി 50 നാളുകൾ: രാജ്യവ്യാപകമായി ആഘോഷങ്ങൾക്ക് ആഹ്വാനം.

✒️യു എ ഇയുടെ അമ്പതാമത് ദേശീയ വാർഷികത്തിന്‍റെ ഭാഗമായി, 2021 ഡിസംബർ 2-ന് ആചരിക്കുന്ന ദേശീയ ദിനത്തിന്‍റെ 50 ദിവസത്തെ കൗണ്ട്ഡൗൺ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിനായി യു എ ഇ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വനം ചെയ്തു. യു എ ഇയുടെ ചരിത്രത്തിൽ ആദ്യമായി, രാജ്യത്തിന്റെ സുവർണ ജൂബിലി നാഴികക്കല്ലായി ആചരിക്കുന്ന വർഷത്തിൽ, ഡിസംബർ 2-ന് 50 ദിവസം മുമ്പ് ദേശീയ ദിനാഘോഷങ്ങൾ ആരംഭിക്കുന്നതാണ്.

’50-ലേക്ക് 50 ദിവസം’ എന്ന പേരിട്ടിരിക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമാകാൻ യു എ ഇയെ സ്വന്തം വീടായി കരുതുന്ന മുഴുവൻ ജനങ്ങളെയും സുവർണ ജൂബിലി ആഘോഷ കമ്മിറ്റി സ്വാഗതം ചെയ്തിട്ടുണ്ട്. യു എ ഇ ദേശീയ ദിന ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ @OfficialUAEND-ൽ നിരവധി പ്രവർത്തനങ്ങളും, ആചാരങ്ങളും, ചലഞ്ചുകളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

“കഴിഞ്ഞ 50 വർഷങ്ങളിലെ യു എ ഇയുടെ നേട്ടങ്ങൾ നമുക്ക് അംഗീകരിക്കാതിരിക്കാനും, അഭിനന്ദിക്കാതിരിക്കാനും കഴിയില്ല; ഈ യാത്ര ഇപ്പോൾ അസാധാരണമായ അമ്പതാം വർഷത്തിലെത്തി നിൽക്കുന്നു.”, ’50-ലേക്ക് 50 ദിവസം’ സംരംഭത്തെക്കുറിച്ച് അമ്പതാം വർഷാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിന്റെ ക്രിയേറ്റീവ് സ്ട്രാറ്റജി മേധാവി ശൈഖ അൽ കെത്ബി അഭിപ്രായപ്പെട്ടു.

“200-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ യു എ ഇയെ സ്വന്തം വീടായി കരുതുന്നു. നമ്മുടെ മഹത്തായ സമൂഹത്തെ സൃഷ്ടിക്കുന്ന പാരമ്പര്യങ്ങളെയും ആചാരങ്ങളെയും കുറിച്ച് കൂടുതലറിയുന്നതിനും, ഔദ്യോഗിക ദേശീയ ദിനാചരണത്തിന്റെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളിലും, ആഘോഷങ്ങളിലും പങ്ക് ചേരാനും, ഇവരെയെല്ലാം ഞങ്ങൾ ക്ഷണിക്കുന്നു. “, അവർ കൂട്ടിച്ചേർത്തു.

’50-ലേക്ക് 50 ദിവസം’ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ദിവസവും, രാജ്യത്തെ ജനങ്ങൾക്ക് വിവിധ ആകർഷണങ്ങൾ സന്ദർശിക്കാനും, രാജ്യത്തൊട്ടാകെ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ കണ്ടെത്താനും, യു എ ഇയുടെ ദേശീയഗാനം പഠിക്കാനും, പാടാനും, തങ്ങൾക്ക് മികച്ചതെന്ന് തോന്നുന്ന യു എ ഇയിലെ വിവിധ സ്ഥലങ്ങളുടെ ഫോട്ടോകൾ സമർപ്പിക്കാനും, സന്തോഷകരമായ ആഘോഷങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്. ഈ ആഘോഷങ്ങളിൽ പങ്ക് ചേരാൻ രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും, സ്വകാര്യ കമ്പനികളെയും, സ്കൂളുകളെയും, സംഘടനകളെയും സുവർണ ജൂബിലി ആഘോഷ കമ്മിറ്റി ക്ഷണിച്ചിട്ടുണ്ട്.

ഔദ്യോഗികമായ അമ്പതാമത് ദേശീയ ദിനാഘോഷം 2021 ഡിസംബർ 2 -ന് നടക്കുന്നതാണ്. ഈ ചടങ്ങിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

1971-ൽ യു എ ഇ സ്ഥാപിതമായതിന്റെ അമ്പതാം വർഷത്തിന്റെ ഓർമ്മയ്ക്കായി 2021-നെ ‘അമ്പതാം വർഷം’ എന്ന രീതിയിൽ ആചരിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഘോഷങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://uaenationalday.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലും, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലുള്ള യു എ ഇ ദേശീയ ദിന ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടായ ‘@OfficialUAEND’-ലും ലഭ്യമാണ്.

Post a Comment

0 Comments