വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് നാല് മരണം.
✒️സൗദി അറേബ്യയില്‍ കൊവിഡ്( covid 19) ബാധിച്ച് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 45 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം(Saudi Health Ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 46 പേര്‍ രോഗമുക്തി നേടി. 51,683 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,449 ആയി. ഇതില്‍ 5,36,493 പേരും സുഖം പ്രാപിച്ചു. ആകെ 8,736 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 147 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 43,009,950 ഡോസ് കവിഞ്ഞു. ഇതില്‍ 23,579,734 എണ്ണം ആദ്യ ഡോസ് ആണ്. 19,430,216 എണ്ണം സെക്കന്‍ഡ് ഡോസും. 1,666,373 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 6, മക്ക 2, ത്വാഇഫ് 2, മറ്റ് 22 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇸🇦സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട; വിദേശികളടക്കം 26 പേര്‍ പിടിയില്‍.
✒️സൗദി അറേബ്യയിലേക്ക്(Saudi Arabia) കടത്താന്‍ 161 കിലോഗ്രാം ഹാഷിഷും(hashish) 26.3 ടണ്‍ ഖാട്ടും(ഉത്തേജക വസ്തു)തിര്‍ത്തി പട്രോള്‍ സംഘം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വിദേശികളടക്കം 26 പേരാണ് പിടിയിലായത്.
ജിസാന്‍, അസീര്‍, നജ്‌റാന്‍ മേഖലകളില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. പിടിയിലായവരില്‍ 17 പേര്‍ സ്വദേശികളാണ്. ഒമ്പത് പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തെത്തിയവരാണ്. ഇവരില്‍ ആറുപേര്‍ എത്യോപ്യക്കാരാണ്. മൂന്നു പേര്‍ യെമന്‍ സ്വദേശികളും. തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അതിര്‍ത്തി സേന വക്താവ് ലഫ്. കേണല്‍ മിസ്ഫര്‍ ബിന്‍ ഗാനേം അല്‍ ഖാര്‍നി പറഞ്ഞു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🇶🇦ഖത്തർ: വിസ നിയമലംഘനങ്ങൾ ശരിപ്പെടുത്തുന്നതിന് പ്രവാസികൾക്ക് ഡിസംബർ 31 വരെ സമയപരിധി അനുവദിച്ചു.
✒️രാജ്യത്തേക്ക് പ്രവേശിക്കുന്നതും, രാജ്യത്ത് നിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് അവ തിരുത്തുന്നതിനും, തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുമായി അധികസമയം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021 ഒക്ടോബർ 7, വ്യാഴാഴ്ച്ച രാവിലെയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ പ്രവാസികളുടെ എൻട്രി, എക്സിറ്റ്, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട നിയമമായ ’21/ 2015′-ൽ ലംഘനങ്ങൾ വരുത്തിയിട്ടുള്ള പ്രവാസികൾക്ക്, തങ്ങളുടെ വിസ സ്റ്റാറ്റസ് നിയമം അനുശാസിക്കുന്ന രീതിയിൽ ശരിയാക്കുന്നതിനായി 2021 ഒക്ടോബർ 10 മുതൽ ഡിസംബർ 31 വരെ പ്രത്യേക സമയപരിധി അനുവദിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന്റെ ആനുകൂല്യം താഴെ പറയുന്ന രീതിയിലുള്ള വിസ ലംഘനങ്ങൾക്ക് ബാധകമാണ്:
റെസിഡൻസി നിയമങ്ങളുടെ ലംഘനം.
വർക്ക് വിസ നിയമങ്ങളുടെ ലംഘനം.
ഫാമിലി വിസിറ്റ് വിസ നിയമങ്ങളുടെ ലംഘനം.
ഇത്തരം പ്രവാസികൾക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും, നിയമ നടപടികൾ ഒഴിവാക്കുന്നതിനുമായി ഈ സമയപരിധി പ്രയോജനപ്പെടുത്താവുന്നതാണ്.
ഇത്തരം പ്രവാസികൾക്കോ, അവരുടെ തൊഴിലുടമകൾക്കോ ഉം സലാൽ, ഉം സുനൈമ്, മെസൈമീർ, അൽ വക്ര, അൽ റയ്യാൻ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തി ഇതിനായുള്ള അപേക്ഷകൾ നൽകാവുന്നതാണ്. ഇത്തരം അപേക്ഷകൾ ഈ കേന്ദ്രങ്ങളിൽ ദിനവും ഉച്ചയ്ക്ക് 1 മണി മുതൽ 6 മണിവരെ സമർപ്പിക്കാവുന്നതാണ്.
🇴🇲ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 20 പേര്‍ക്ക്.
✒️ഒമാനില്‍ (Oman) ഇന്ന് കൊവിഡ് (Covid - 19) സ്ഥിരീകരിച്ചത് ഇരുപത് പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം (Ministry of Health) അറിയിച്ചു. ചികിത്സയിലായിരുന്ന 33 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം (Covid death) പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആശ്വാസകരമായ വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,03,915 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,181 പേരും ഇതിനോടകം തന്നെ രോഗമുക്തരായി. ആകെ 4101 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. നിലവില്‍ 98.4 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ മൂന്ന് പേരെ മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ ആകെ 25 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്
🛫വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്‍ത നാല് പ്രവാസികള്‍ പിടിയില്‍.
✒️സൗദി അറേബ്യയില്‍ (Saudi Arabia) നിന്ന് ബഹ്റൈനിലേക്ക് (Bahrain) യാത്ര ചെയ്യാന്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ (Forged covid Negetiva certificate) നാല് പ്രവാസികള്‍ക്കെതിരെ വിചാരണ തുടങ്ങി. കിങ് ഫഹദ് കോസ്‍വേ (King Fahad Causeway) വഴി യാത്ര ചെയ്യുന്നതിനിടെ ഇവരെ സൗദി അധികൃതര്‍ പിടികൂടുകയായിരുന്നു. 31നും 37നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും.
പിടിയിലായവരെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വ്യാജ രേഖയുണ്ടാക്കിയതിനും തട്ടിപ്പിനും കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും പ്രതികള്‍ കോടതിയില്‍ ഇത് നിഷേധിച്ചു. നാല് പേരെയും സൗദി അറേബ്യയില്‍ എത്തിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കമ്പനിയിലെ മാനേജര്‍ മൊഴി നല്‍കി. സൗദി അധികൃതര്‍ നാല് പേരെയും അറസ്റ്റ് ചെയ്‍ത വിവരം ഡ്രൈവറാണ് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ തുടര്‍ വിചാരണ ഒക്ടോബര്‍ ഇരുപതിലേക്ക് മാറ്റിവെച്ചു.
🇧🇭ബഹ്‌റൈൻ: ബൂസ്റ്റർ വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരോട് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വനം ചെയ്തു.
✒️രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാർ, പ്രവാസികൾ എന്നിവർ എത്രയും വേഗം ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലൂടെയും, BeAware ആപ്പിലൂടെയും പൂർത്തിയാക്കാവുന്നതാണ്.
COVID-19 രോഗമുക്തി നേടിയവരും, ഒരു ഡോസ് ഫൈസർ വാക്സിനെടുത്തവരുമായ വിഭാഗങ്ങളിൽപ്പെടുന്നവർക്കുള്ള രണ്ടാം ഡോസ് കുത്തിവെപ്പ് നിലവിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് ആദ്യ ഡോസ് സ്വീകരിച്ച വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രണ്ടാം ഡോസ് എടുക്കാവുന്നതാണ്. ഇതിനായി പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് 2021 ഒക്ടോബർ 3 മുതൽ യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
🇸🇦സൗദി: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാനുള്ള ആപ്പ് പുറത്തിറക്കി.
✒️ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. ഒക്ടോബർ 6, ബുധനാഴ്ച്ച സൗദി വിദേശകാര്യ വകുപ്പ് മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഈ ആപ്പ് ഉദ്‌ഘാടനം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹജ്ജ്, ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് തന്നെ ഓൺലൈനിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനും, വിസ നേടുന്നതിനും സാധിക്കുന്നതാണ്. വിസയുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള വിസ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും ഈ ഓൺലൈൻ സംവിധാനത്തിലൂടെ ഒഴിവാകുന്നതാണ്.
ഈ ആപ്പിലൂടെ തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ഓൺലൈനിലൂടെ നൽകുന്നതിന് സാധ്യമാക്കുന്ന രീതിയിലാണ് ഈ ആപ്പ് തയ്യാറിയാക്കിയിരിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ബയോമെട്രിക് വിവരങ്ങൾ ഒത്ത് നോക്കുന്ന നടപടികൾ തീർത്ഥാടകർ സൗദിയിലേക്കുള്ള കര, കടൽ, വ്യോമ അതിർത്തികളുടെ പ്രവേശിക്കുന്ന അവസരത്തിൽ പൂർത്തിയാക്കുന്നതാണ്.
ഇ-വിസ അനുവദിക്കുന്നതിനായി ഇത്തരത്തിൽ സ്മാർട്ട് ഫോണുകളിലൂടെ ബയോമെട്രിക് രജിസ്‌ട്രേഷൻ ഇതാദ്യമായാണ് ഒരു രാജ്യം നടപ്പിലാക്കുന്നത്.
🇸🇦സൗദി: ഉംറ പെർമിറ്റുകൾ ലഭിക്കുന്നതിന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത് നിർബന്ധമാക്കുന്നു.
✒️ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നത് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഉംറ പെർമിറ്റുകൾ സംബന്ധിച്ച ഈ തീരുമാനം.
രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്ന് ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ Tawakkalna ആപ്പിൽ വരുത്തിയതായും ഒക്ടോബർ 3-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതോടെ ഒക്ടോബർ 10 മുതൽ ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്സിനുകളുടെ 2 ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ പുറത്തിറക്കിയിട്ടുള്ള വാക്സിന്റെ ഒരു ഡോസ് എന്നിവ പൂർത്തിയാക്കിയവർക്ക് മാത്രമാണ് Tawakkalna ആപ്പിൽ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് ലഭിക്കുക.
നിലവിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, ആദ്യ ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്ക് Tawakkalna ആപ്പിലെ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് പ്രകാരം ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ഹജ്ജ് ഉംറ മന്ത്രാലയം നൽകി വരുന്നുണ്ട്. എന്നാൽ ഒക്ടോബർ 10 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതെന്നാണ് മന്ത്രാലയത്തിലെ സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്.
⚖️ഇന്ത്യന്‍ രൂപ പിന്നെയും താഴോട്ട്; പ്രവാസികള്‍ക്ക് ഗുണകരം.
✒️ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ(Indian rupee) മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ഡോളറിന്റെ(dollar) വില 74.77ല്‍ 74.80 ആയി. ഇതോടെ ഒരു യുഎഇ ദിര്‍ഹത്തിന്(dirham) 20.27 രൂപ ഉണ്ടായിരുന്നത് 20.36 രൂപ ലഭിക്കും. ഖത്തര്‍ റിയാലിന്(Qatar riyal) ഇന്നലെ 20.42 രൂപ ഉണ്ടായിരുന്നത് ഇന്ന് 20.46 ആയി.
ബുധനാഴ്ച്ച രൂപയുടെ മൂല്യം ഏപ്രില്‍ 23ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 74.85ല്‍ എത്തിയിരുന്നു. ചൊവ്വാഴ്ച്ച 74.4450 ആയിരുന്നു ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം.
ഇതോടെ മാസം ആദ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവര്‍ക്ക് ദിര്‍ഹത്തിനും റിയാലിനുമെല്ലാം കൂടുതല്‍ രൂപ ലഭിക്കും.
🕋ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് വിരലടയാളം വീട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നു
✒️ഹജ്ജിനും ഉംറയ്ക്കും(Hajj and Umrah) പോകുന്നവര്‍ക്ക് ബയോമെട്രിക് ( വിവരങ്ങള്‍(വിരലടയാളവും കണ്ണിന്റെ അടയാളവും) സ്വയം രേഖപ്പെടുത്താന്‍ സഹായിക്കുന്ന ആപ്പ് (Bio-metric registration app) സൗദി പുറത്തിറക്കി. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആണ് ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചത്.
സൗദി കമ്പനി ഫോര്‍ വിസ ആന്റ് ട്രാവല്‍ സൊലൂഷന്‍സ് ആണ് പുതിയ സേവനം നടപ്പാക്കുന്നത്. ആപ്പ് പ്രവര്‍ത്തിപ്പിക്കുന്ന രാജ്യങ്ങളിലെ ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ വീടുകളില്‍ വച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ വഴി എളുപ്പത്തില്‍ വിരലിന്റെയും കണ്ണിന്റെയും അടയാളം രജിസ്റ്റര്‍ ചെയ്യാനാവും. ഇനി മുതല്‍ ഈ ആവശ്യത്തിന് വിസ ഇഷ്യു ചെയ്യുന്ന കേന്ദ്രത്തെ സമീപിക്കേണ്ടതില്ല.
🇶🇦ഖത്തറില്‍ നിന്ന് ഉംറ സര്‍വീസ് പുനരാരംഭിച്ചു; പ്രവാസികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടനം തുടങ്ങി.
✒️ലൈസന്‍സുള്ള ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ (Umrah tour operators) ഖത്തറില്‍(Qatar) നിന്ന് സൗദിയിലേക്ക് ഉംറ സര്‍വീസ് പുനരാരംഭിച്ചു. പ്രവാസികള്‍(expatriates) ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
സൗദി അധികൃതര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ച് കൊണ്ടാണ് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സര്‍വീസ് നടത്തുന്നതെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ് ഉംറ വിഭാഗം മേധാവി അലി സുല്‍ത്താന്‍ അല്‍ മിസ്ഫിരി അറിയിച്ചു.
തീര്‍ത്ഥാടകര്‍ സൗദിയുടെ മുഖീം പോര്‍ട്ടല്‍, തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെത്തിയാല്‍ ഇനായ ഓഫിസില്‍ നിന്ന് ഇ-ബ്രേസ്ലെറ്റുകള്‍ വാങ്ങണം. ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറാമില്‍ അഞ്ച് നേരം പ്രാര്‍ഥിക്കുവാനുമുള്ള അനുമതിയാണിത്. മക്കയിലെ 10 ഹോട്ടലുകളില്‍ ഇനായ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ മിസ്ഫിരി പറഞ്ഞു.
കോവിഡ് വാക്‌സിന്‍ സംബന്ധമായ വിവരങ്ങളാണ് മുഖീം പോര്‍ട്ടലില്‍ ഉണ്ടാവുക. തവക്കല്‍ന ആപ്പ് ഖത്തറിലെ ഇഹ്തിറാസ് ആപ്പ് പോലെ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഹെല്‍ത്ത് സ്റ്റാറ്റസ് കാണിക്കാനുള്ളതാണ്. മസ്ജിദില്‍ ഹറാമിലെ പ്രവേശനത്തിനുള്‍പ്പെടെ ഇത് ആവശ്യമാണ്.
🇰🇼ബോംബ് ഭീഷണി; കുവൈത്തില്‍ നിന്ന് പറന്ന വിമാനം അടിയന്തരമായി ഇറക്കി.
✒️ജസീറ എയര്‍വേയ്സിന്റെ(jazeera airways) വിമാനം തുര്‍ക്കിയില്‍ അടിയന്തിരമായി ഇറക്കി. അന്‍പത്തൊന്ന് യാത്രക്കാരുമായി കുവൈത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം ബോംബ് ഭീഷണിയെ(bomb threat) തുടര്‍ന്നാണ് തുര്‍ക്കിയില്‍ ഇറക്കിയത്.
ഭീഷണി ലഭിച്ച ഉടനെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയ സുരക്ഷാ സേന ലഗേജുകള്‍ അടക്കം പരിശോധിച്ചെങ്കിലും, സംശയാസ്ദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിമാനമിറക്കിയ ട്രാബ്‌സോണ്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ ഇസ്മായില്‍ ഉസ്റ്റോഗ്ലു ആണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളില്‍ ഖേദിക്കുന്നതായും ജസീറ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.
⚽ന്യൂകാസില്‍ ഇനി സൗദിക്ക് സ്വന്തം!
✒️ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യ സ്വന്തമാക്കി. ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്. മാസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് ക്ലബ്ബിന്‍റെ 100 ശതമാനം ഉടമസ്ഥാവകാശവും സൗദി സ്വന്തമാക്കിയത്. 2200 കോടി രൂപക്കാണ് ക്ലബ്ബിനെ പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് വാങ്ങിയത്.
ന്യൂകാസിൽ അപ്പോൺ ടൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ് . ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെന്‍റ് ജെയിംസ് പാർക്ക് ആണ് ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ട്.
പ്രീമീയർ ലീഗ് പോയിന്‍റ് പട്ടികയില്‍ 12 ആം സ്ഥാനത്താണ് ക്ലബ്ബ് ഇപ്പോള്‍. ദ മാഗ്പൈസ്, ദ ടൂൺ എന്നീ വിളിപ്പേരുകളിലും ക്ലബ്ബ് അറിയപ്പെടുന്നുണ്ട്. മൂന്ന് തവണയൊഴികെ ഇംഗ്ലീഷ പ്രീമിയർ ലീഗിൽ സജീവ സാന്നിധ്യമായിരുന്നു ന്യൂകാസിൽ. നാല് ലീഗ് കിരീടങ്ങളും ക്ലബ്ബ് നേടിയിട്ടുണ്ട്. നിലവിൽ അത്ര മികച്ച നിലയിലല്ലാത്ത ക്ലബ്ബിന്‍റെ തലവര സൗദി സ്വന്തമാക്കിയതോടെ മാറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ. ഖത്തർ സാന്നിധ്യമുള്ള പിഎസിജിയും സൗദി സാന്നിധ്യമുള്ള ന്യൂകാസിലും ട്വിറ്ററിൽ ട്രൻഡാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ് ഏറ്റടുത്തതോടെ മത്സരം സംപ്രേഷണം ചെയ്യുന്ന ഖത്തർ ചാനലായ ബീൻ സ്പോർട്സിന്‍റെ നിരോധവും സൗദി നീക്കിയിട്ടുണ്ട്.
🇰🇼വർക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്ന തീരുമാനം റദ്ദാക്കിയേക്കും.
✒️കുവൈത്തിൽ അറുപതു വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്ന തീരുമാനം റദ്ദാക്കിയേക്കും. കുവൈത്ത് മന്ത്രിസഭയ്ക്ക് കീഴിലെ ഫത്‌വ നിയമ നിർമാണ സമിതിയാണ് മാൻപവർ അതോറിറ്റി എടുത്ത തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കിയത്. തൊഴിൽ അനുമതിയുടെ ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് മന്ത്രിസഭയിലെ ഫത്‌വ നിയമനിർമാണ സമിതി തീരുമാനാത്തെ നിരാകരിച്ചത്. നിയമനിർമാണ സമിതിയുടെ അറിയിപ്പ് വന്നതോടെ ഇക്കാര്യത്തിൽ ഏറെ നാളായി നിലനിന്നിരുന്ന ആശങ്കൾക്കും അനിശ്ചിതത്വത്തിനും വിരാമമായതായി അൽറായി ദിനപത്രം റിപ്പോർട്ട് ചെയ്തു .
ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടു പിടിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് മാൻ പവർ അതോറിറ്റി വിദേശികളുടെ തൊഴിൽ പെര്‍മിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഹയർ സെക്കന്‍ററി സർട്ടിഫിക്കറ്റോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികൾക്ക് പ്രായം അറുപതോ അതിൽ കൂടുതലോ ആണെങ്കിൽ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്നായിരുന്നു തീരുമാനം. 2018 ൽ നടപ്പാക്കിയ തൊഴിൽ നിയമത്തിലെ 29 ആം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് 2000 ദിനാർ വാർഷിക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാൻ മാൻ പവർ അതോറിറ്റി സന്നദ്ധമായിരുന്നു.ഈ നിർദേശവും അപ്രായോഗിക്കാമെന്നായിരുന്നു മന്ത്രി മാർ ഉൾപ്പെടെയുള്ളവരുടെ നിലപാട്. ചേംബർ ഓഫ് കൊമേഴ്‌സും മാൻപവർ അതോറിറ്റിയുടെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു
0 Comments