വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം.
✒️സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. 55 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 52 പേർ രോഗമുക്തി നേടി.
53,795 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,704 ആയി. ഇതിൽ 5,36,730 പേരും സുഖം പ്രാപിച്ചു. ആകെ 8,751 പേർ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരിൽ 122 പേർക്ക് മാത്രമാണ് ഗുരുതരാസ്ഥയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്ത് കൊവിഡ് വാക്സിനേഷൻ 43,953,509 ഡോസ് കവിഞ്ഞു. ഇതിൽ 23,753,529 എണ്ണം ആദ്യ ഡോസ് ആണ്. 20,199,980 എണ്ണം സെക്കൻഡ് ഡോസും. 1,676,400 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മക്ക 5, ദമ്മാം 4, നജ്റാൻ 3, ബുറൈദ 2, ബുഖൈരിയ 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
🇴🇲ഒമാനില്‍ പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി.
✒️ഒമാനില്‍ പ്രവാസികള്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ആസ്‍ട്രസെനിക വാക്സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‍തവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. തരാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയോ അല്ലെങ്കില്‍ covid19.moh.gov.om എന്ന വെബ്‍സൈറ്റ് വഴിയോ വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഒമാനിലെ ഷഹീന്‍ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വാക്സിനേഷന്‍ പുനഃരാരംഭിക്കും. അല്‍ ഖബൂറ, സുവൈഖ് വിലയാത്തുകളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷന്‍ പുനഃരാരംഭിക്കുകയാണെന്ന് നോര്‍ത്ത് അല്‍ ബാത്തിന ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ചുഴലിക്കാറ്റടിച്ച പ്രദേശങ്ങളില്‍ ശുചീകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ ജനജീവിതം ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.
🇦🇪യുഎഇയില്‍ 136 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 136 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 182 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പുതിയതായി നടത്തിയ 3,50,115 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,026 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 731,469 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,115 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,442 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇴🇲ഒമാനില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️ഒമാനില്‍ (Oman) 21പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New infections) ആരോഗ്യ മന്ത്രാലയം (Ministry of Health) അറിയിച്ചു. ചികിത്സയിലായിരുന്ന 25 പേര്‍ രോഗമുക്തരായി (Recoveries). അതേസമയം രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ ആകെ 3,03,999 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,334 പേരും രോഗമുക്തരായി. ആകെ 4103 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. നിലവില്‍ 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇപ്പോള്‍ 567 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരെ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 19 രോഗികള്‍ ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.
🇦🇪യുഎഇയില്‍ വഴിയോരത്ത് തേന്‍ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍.
✒️യുഎഇയിലെ(UAE) ഫുജൈറയില്‍ ട്രാഫിക് സിഗ്നലുകളിലും പൊതുസ്ഥലങ്ങളിലും തേന്‍(honey) വില്‍പ്പന നടത്തിയ അറബ് യുവാവ് വിചാരണ നേരിടുന്നു. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെയാണ് ഇയാള്‍ തേന്‍ വിറ്റത്.
തെരവുകളിലും പൊതുസ്ഥലങ്ങളിലും അറബ് യുവാവ് തേന്‍ വില്‍പ്പന നടത്തുന്ന വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചു. ഔട്ട്‌ലറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ തേന്‍ വിറ്റതെന്നാണ് വിവരം. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെയാണ് തേന്‍ വില്‍പ്പന നടത്തിയതെന്ന് യുവാവ് പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പാകെ സമ്മതിച്ചു. വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നെന്നും അതിനാലാണ് ലൈസന്‍സ് നേടാന്‍ സാധിക്കാതിരുന്നതെന്നും അറബ് യുവാവ് പറഞ്ഞു. ആളുകളോട് ഭിക്ഷ യാചിച്ചിട്ടില്ലെന്നും തേന്‍ വില്‍പ്പന നടത്തുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കിലോയ്ക്ക് 20ദിര്‍ഹം വിലവരുന്ന തേന്‍ വാങ്ങി കിലോയ്ക്ക് 50ദിര്‍ഹത്തിനാണ് വില്‍പ്പന നടത്തിയിരുന്നതെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ വിധി പറയുന്നത് ഫുജൈറ കോടതി നീട്ടി വെച്ചു. യുവാവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരുടെ കൂടി വാദം കേട്ട ശേഷമാകും കോടതി വിധി പ്രഖ്യാപിക്കുക.
🇦🇪എക്‌സ്‌പോയില്‍ സന്ദര്‍ശക പ്രവാഹം; 10 ദിവസത്തിനിടെ എത്തിയത് നാലുലക്ഷത്തിലേറെ സന്ദര്‍ശകര്‍.
✒️ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) സന്ദര്‍ശക പ്രവാഹം. സെപ്തംബര്‍ 30ന് നടന്ന ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം 10 ദിവസത്തില്‍ എക്‌സ്‌പോ സന്ദര്‍ശിച്ചത് നാലു ലക്ഷത്തിലധികം സന്ദര്‍ശകര്‍(visitors). എക്‌സ്‌പോ വേദിയുടെ പ്രവര്‍ത്തകര്‍, പ്രദര്‍ശകര്‍, പ്രതിനിധികള്‍ എന്നിവരെ കൂട്ടാതെയുള്ള കണക്കാണിത്.
ഞായറാഴ്ച വരെ എക്‌സ്‌പോ സന്ദര്‍ശിച്ചവരുടെ ആകെ എണ്ണം 411,768 ആയി. ഇതില്‍ 175 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. സന്ദര്‍ശകരില്‍ മൂന്നിലൊന്ന് യുഎഇയ്ക്ക് പുറത്തു നിന്ന് എത്തിച്ചേര്‍ന്നവരാണ്. മേളയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ എക്്‌സ്‌പോ വെര്‍ച്വലില്‍ 30 ലക്ഷം ആളുകള്‍ ഉദ്ഘാടന ചടങ്ങ് തത്സമയം കണ്ടു. തിങ്കളാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സന്ദര്‍ശകരുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടത്. ഇതിനകം സന്ദര്‍ശിച്ചവരില്‍ അഞ്ചിലൊരാള്‍ ഒന്നിലേറെ തവണ എക്‌സ്‌പോയില്‍ വന്നിട്ടുണ്ട്. ഒരു ദിവസം കൊണ്ട് മേളയുടെ 10 ശതമാനം പോലും കണ്ടു തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ പല തവണ എക്‌സ്‌പോയിലേക്ക് വരേണ്ട സാഹചര്യമാണുള്ളത്.
ദുബൈ എക്സ്പോ 2020ന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാണ്. സിംഗിള്‍ എന്‍ട്രി ടിക്കറ്റിന് 95 ദിര്‍ഹമാണ് സാധാരണ നിരക്ക്. ആറ് മാസത്തേക്കുള്ള പാസിന് 495 ദിര്‍ഹവും 30 ദിവസത്തേക്കുള്ള പാസിന് 195 ദിര്‍ഹവുമാണ് നിരക്ക്. എന്നാല്‍ ഒക്ടോബര്‍ പാസ് (October Pass) എന്ന് പേരിട്ടിരിക്കുന്ന എന്‍ട്രി ടിക്കറ്റിലൂടെ 31 ദിവസം എക്സ്പോ വേദി സന്ദര്‍ശിക്കാനുള്ള പ്രത്യേക ഓഫറുമുണ്ട്. 95 ദിര്‍ഹമാണ് നിരക്ക്. ഒക്ടോബര്‍ 15 വരെ മാത്രമേ ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയുള്ളൂ. ഒരു ദിവസത്തെ സന്ദര്‍ശന നിരക്കില്‍ ഒരു മാസത്തേക്കുള്ള പാസാണ് ലഭിക്കുന്നത്.
🇶🇦മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 118 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 118 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 118 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
ഇവരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാരും താമസക്കാരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അതേസമയം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇸🇦സൗദി: ഭക്ഷണശാലകളിലെ മേശകളിൽ പരമാവധി പത്ത് പേർക്ക് വരെ ഭക്ഷണം വിളമ്പുന്നതിന് അനുമതി.
✒️രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ എന്നിവ ഉൾപ്പടെയുള്ള ഭക്ഷണശാലകളിലെ ഓരോ മേശകളിലും പരമാവധി പത്ത് പേർക്ക് വരെ ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി സൗദി അധികൃതർ വ്യക്തമാക്കി. സൗദി മിനിസ്ട്രി ഓഫ് മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് ഒക്ടോബർ 11-ന് പുറത്തിറക്കിയ ഒരു അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഈ തീരുമാനം 2021 ഒക്ടോബർ 11, തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിലേക്കുള്ള പ്രവേശനം ‘Tawakkalna’ ആപ്പിൽ രോഗപ്രതിരോധ ശേഷി ആർജ്ജിച്ചതായുള്ള സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2021 ഒക്ടോബർ 10 മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമാണ് ‘Tawakkalna’ ആപ്പിൽ ‘ഇമ്മ്യൂൺ’ സ്റ്റാറ്റസ് ലഭിക്കുന്നത്. ഭക്ഷണശാലകളിലെത്തുന്നവർ ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള മുഴുവൻ മുൻകരുതൽ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
🇴🇲ഒമാൻ: COVID-19 വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ള 65 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്ത് COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ള വിഭാഗം ജനങ്ങളിൽ 65 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 11-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിച്ച ശേഷം ഇതുവരെ 2294880 പേർ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുണ്ട്. വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ളവരുടെ 65 ശതമാനമാണിത്.”, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമാനിൽ 5254466 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്.
ഒരു ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 2959586 ആയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ളവരുടെ 84 ശതമാനമാണിത്.
🇸🇦സൗദി: ഹോസ്പിറ്റലിലെത്തുന്ന രോഗികൾക്ക് രണ്ട് ഡോസ് വാക്സിൻ നിയമം ബാധകമല്ലെന്ന് ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്തെ ഹോസ്പിറ്റലുകളിലും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലുമെത്തുന്ന രോഗികൾക്ക് രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന നിയമം ബാധകമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കാണ് ഈ നിയമം ബാധകമല്ലാത്തത്.
രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനും, 2021 ഒക്ടോബർ 10 മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രം ‘Tawakkalna’ ആപ്പിൽ ‘ഇമ്മ്യൂൺ’ സ്റ്റാറ്റസ് നൽകുന്നതിനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തത നൽകിയത്.
🇸🇦സൗദി: ആറ് മാസത്തിനിടയിൽ ഒമ്പത് ലക്ഷത്തിലധികം വർക്ക് വിസകൾ അനുവദിച്ചു.
✒️2021-ലെ ആദ്യ പകുതിയുടെ അവസാനത്തോടെ രാജ്യത്ത് ഏതാണ്ട് 953000-ൽ പരം പുതിയ വർക്ക് വിസകൾ അനുവദിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നൽകിയ കണക്കുകൾ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ 512000-ത്തോളം വിസകളും, രണ്ടാമത്തെ മൂന്ന് മാസങ്ങളിൽ 440000-ത്തോളം വിസകളുമാണ് വിദേശികൾക്കായി അനുവദിച്ചിരിക്കുന്നത്. 2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ നാല് ലക്ഷത്തോളം പുരുഷന്മാർക്കും, ഒരു ലക്ഷത്തിപതിനായിരത്തിലധികം സ്ത്രീകൾക്കും വിസകൾ അനുവദിച്ചിട്ടുണ്ട്.
ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ 298000 വിസകളാണ് അനുവദിച്ചിരിക്കുന്നത്. 212000 വിസകൾ ഗാർഹിക ജീവനക്കാർക്കാണ് അനുവദിച്ചിരിക്കുന്നത്. സൗദിയിലെ സർക്കാർ മേഖലയിൽ ഏതാണ്ട് ആയിരത്തോളം വിസകൾ മാത്രമാണ് 2021-ലെ ആദ്യ മൂന്ന് മാസങ്ങളിൽ അനുവദിച്ചിരിക്കുന്നതെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
🇶🇦ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ എത്രയും വേഗം വാക്സിനെടുക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്ത് COVID-19 ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനെടുത്തവരിൽ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ബൂസ്റ്റർ ഡോസ് പ്രധാനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഫൈസർ, മോഡർന വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവരിൽ രോഗബാധയേൽക്കാൻ ഉയർന്ന സാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ ഖത്തറിൽ സെപ്റ്റംബർ പകുതി മുതൽ ആരംഭിച്ചിരുന്നു. രണ്ടാം ഡോസ് എടുത്ത് 8 മാസത്തിലധികം പൂർത്തിയാക്കിയ ഈ വിഭാഗത്തിലുള്ളവർക്കാണ് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ നേതൃത്വത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്.
അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവർക്കാണ് ഇത്തരത്തിൽ ബൂസ്റ്റർ വാക്സിൻ നൽകുന്നത്. നിലവിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരിൽ COVID-19 രോഗബാധയേൽക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇത്തരക്കാർ എത്രയും വേഗം ബൂസ്റ്റർ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗത്തെ നയിക്കുന്ന ഡോ. സോഹ അൽ ബയത് വ്യക്തമാക്കി.
🇸🇦സൗദി ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിയന്ത്രണം.
✒️സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ശൂറാ കൗണ്‍സിലിന്‍റെ നിര്‍ദേശം. കമ്മീഷന്‍ നിരക്ക്, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ കുത്തക കമ്പനികള്‍ ഏറ്റെടുക്കുന്നത് കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം. ഈ മേഖലയില്‍ കൂടുതല്‍ പ്രാദേശി സംരഭങ്ങളും ശൂറാ കൗണ്‍സില്‍ ലക്ഷ്യമിടുന്നു. നിക്ഷേപ മന്ത്രാലയത്തിനാണ് ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. രാജ്യത്തെ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളെയും ഏജന്‍റുമാരെയും നിയന്ത്രിക്കാനാണ് നിര്‍ദ്ദേശം. ഇതിനാവശ്യമായ നയരേഖ തയ്യാറാക്കുന്നതിന് നിക്ഷേപ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വാണിജ്യ മന്ത്രാലയത്തിന്‍റേയും ജനറല്‍ കോമ്പറ്റീഷന്‍ അതോറിറ്റിയുടെയും എകോപനം സാധ്യമാക്കി പോളിസി രൂപപ്പെടുത്തുവാനാണ് നീക്കം. രാജ്യത്ത് വില്‍പ്പന നടത്തുന്ന ഉല്‍പന്നങ്ങളുടെ കമ്മീഷന്‍ നിരക്കുകള്‍, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ കുത്തക കമ്പനികള്‍ ഏറ്റെടുക്കുന്നത് കുറക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി പ്രാദേശിക അന്തര്‍ദേശീയ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയണം. സംരഭങ്ങള്‍ വഴി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകളും ബിസിനസ് മോഡലുകളും ഒരുക്കുവാന്‍ സാധിക്കും. മന്ത്രാലയം ഇതിനാവശ്യമായ പഠനങ്ങളും ഗവേഷണങ്ങളും പിന്തുണയും ഒരുക്കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

0 Comments