✒️കാലാവസ്ഥാ വ്യതിയാനത്തിന്റെ(climate change) വെല്ലുവിളികളെ നേരിടാന്‍ ഹരിത സൗദി(green Saudi) പദ്ധതിയുമായി സൗദി അറേബ്യ(Saudi Arabia). ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 2060ഓടെ പൂര്‍ണമായും നിയന്ത്രിച്ച്, നെറ്റ് സീറോ എമിഷനില്‍ എത്തിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശിയും ഗ്രീന്‍ സൗദി അറേബ്യയുടെ സുപ്രീം കമ്മറ്റി ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ഗ്രീന്‍ സൗദി സംരംഭത്തിന്റെ ആദ്യ പാക്കേജിന് തുടക്കമായതായി അദ്ദേഹം അറിയിച്ചു. ഗ്രീന്‍ സൗദി ഇനിഷ്യേറ്റീവ് ഫോറം ആദ്യ പതിപ്പ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹരിത സൗദി പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 70,000 കോടിയിലേറെ റിയാല്‍ നിക്ഷേപങ്ങളോടെയുള്ള പദ്ധതികള്‍ കിരീടാവകാശി പ്രഖ്യാപിച്ചു. ഹരിത സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും ഗുണനിലവാരമുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യ മേഖലയ്ക്ക് വലിയ നിക്ഷേപ അവസരങ്ങള്‍ നല്‍കാനും 70,000 കോടിയിലേറെ റിയാലിന്റെ നിക്ഷേപ പദ്ധതികള്‍ സഹായിക്കും.
2030ഓടെ രാജ്യത്ത് 450 ദശലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക, എട്ട് ദശലക്ഷം ഹെക്ടര്‍ നശിച്ച ഭൂമിയുടെ പുനരധിവാസം, പുതിയ സംരക്ഷിത പ്രദേശങ്ങള്‍ ഒരുക്കുക, 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 270 ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ തലസ്ഥാന നഗരിയായ റിയാദിനെ കൂടുതല്‍ സുസ്ഥിരമാക്കാനാണ് ശ്രമമെന്ന് കിരീടാവകാശി പറഞ്ഞു. 2060ല്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാനാണ് സൗദിയുടെ ലക്ഷ്യം.
🇧🇭ഭാര്യയെയും മകളെയും കേരളത്തിലെത്തിച്ച് ഉപേക്ഷിച്ചു; പിതാവിനെതിരായ നിയമപോരാട്ടത്തില്‍ മകള്‍ക്ക് ജയം.
✒️ബഹ്‌റൈനിലെ(Bahrain) ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കേരളത്തില്‍ നിന്നും മടങ്ങിയെത്തി ബഹ്‌റൈനില്‍ തന്നെ പഠനം തുടരാനുള്ള എന്‍ഒസി (NOC)നല്‍കാന്‍ കുട്ടിയുടെ പിതാവിന് നിര്‍ദ്ദേശം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍(State child rights commission) കുട്ടിക്ക് ബഹ്‌റൈനില്‍ തുടര്‍പഠനം നടത്താന്‍ അനുകൂലമായ ഉത്തരവിട്ടത്.
നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്തവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. എന്നാല്‍ അച്ഛന്‍ അമ്മയുടെ വിസ റദ്ദാക്കി കുട്ടിയെയും അമ്മയെയും തന്ത്രപരമായി നാട്ടിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നെന്നും തിരികെ ബഹ്‌റൈനിലെത്തിയ പിതാവ് കുട്ടി പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും സമ്മതമില്ലാതെ ടിസി വാങ്ങിയെന്നുമാണ് പരാതി. ബഹ്‌റൈനില്‍ പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
ബഹ്‌റൈനിലെ സ്‌കൂളില്‍ പഠിക്കാനുള്ള അവസരം നിഷേധിച്ചെന്ന കുട്ടിയുടെ പരാതി പരിഗണിച്ച കമ്മീഷന്‍, ഉത്തരവ് കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ കുട്ടിക്ക് എന്‍ഒസി നല്‍കാന്‍ ആവശ്യപ്പെട്ടു. ബഹ്‌റൈനില്‍ പോകുന്നതിനുള്ള വിസ ആവശ്യങ്ങള്‍ക്ക് അമ്മയ്ക്ക് എന്‍ഒസി ഇ മെയിലായി അയയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കി. പിതാവ് ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കുട്ടിക്ക് അമ്മയോടൊപ്പം ബഹ്‌റൈനില്‍ പോകാനും പഠനം തുടരാനും എന്‍ഒസി ഉള്‍പ്പെടെ ലഭ്യമാക്കാനുള്ള നടപടികള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. 30 ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
🇦🇪യുഎഇയില്‍ ഇന്ന് 94 കൊവിഡ് കേസുകള്‍, ഒരു മരണം.
✒️യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 94 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 123 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ്രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് ആകെ 9.1 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,284 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,250 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,130 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,904 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪യുഎഇയില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി.
✒️യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു. കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ബീച്ചുകള്‍ സന്ദര്‍ശിക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന് ഉമ്മുല്‍ഖുവൈന്‍ കോംപ്രഹെന്‍സവ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ശംസി പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടങ്ങള്‍ സംബന്ധിച്ച വിവരം പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പട്രോള്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ആദ്യത്തെ സംഭവത്തില്‍ ഒരു പ്രവാസിയാണ് മുങ്ങി മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പൊലീസിന്റെ രക്ഷാപ്രവര്‍ത്തക സംഘം രക്ഷപ്പെടുത്തി. ഇവരെ നാഷണല്‍ ആംബുലന്‍സില്‍ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തില്‍ കടലില്‍ മുങ്ങിയ അറബ് സ്വദേശിയെ രക്ഷപ്പെടുത്തി ശൈഖ് ഖലീഫ ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാല്‍ അവിടെ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്ന് ബ്രിഗേഡിയര്‍ അല്‍ ശംസി പറഞ്ഞു. സുരക്ഷാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഒരിക്കലും അവഗണിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
🇦🇪വസ്‍ത്രങ്ങളിലേക്ക് തുമ്മുകയും തുപ്പുകയും ചെയ്യുന്നവരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി യുഎഇ പൊലീസ്.
✒️പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസിന്റെ (Sharjah Police) മുന്നറിയിപ്പ്. ശരീരത്തിലേക്കോ വസ്‍ത്രത്തിലേക്കോ തുമ്മുകയും തുപ്പുകയും ചെയ്‍ത് (Sneezing and spitting) പണം തട്ടാനുള്ള ശ്രമങ്ങള്‍ വരെ തട്ടിപ്പുകാര്‍ നടത്താറുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. വിവിധ തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള പുതിയ ക്യാമ്പയിന് (security campaign) ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചു.
ഒക്ടോബര്‍ 24ന് ആരംഭിച്ചിരിക്കുന്ന ബോധവത്‍കരണ ക്യാമ്പയിന്‍ ഒരു മാസം നീണ്ടുനില്‍ക്കും. അപരിചിതനായ ഒരാള്‍ പെട്ടെന്ന് അടുത്തേക്ക് വന്ന് നിങ്ങളുടെ ശരീരത്തിലേക്കോ വസ്‍ത്രത്തിലേക്കോ തുമ്മുകയോ തുപ്പുകയോ ചെയ്യും. അബദ്ധത്തില്‍ സംഭവിച്ച് പോകുന്ന പോലെയായിരിക്കും പലപ്പോഴും ഇത്. ഈ സമയത്ത് നിങ്ങളുടെ ശ്രദ്ധ മാറുമ്പോള്‍ പഴ്‍സോ പണമോ സംഘത്തിലുള്ള മറ്റുള്ളവര്‍ കൈക്കലാക്കുമെന്നും പൊലീസ് പറയുന്നു.
കാര്‍ വില്‍പ്പനക്കാരെന്ന തരത്തിലാണ് തട്ടിപ്പിനുള്ള മറ്റൊരു പദ്ധതി. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്‍ക്ക് കാര്‍ നല്‍കാമെന്ന് പറയുകയും പണം വാങ്ങുകയും ചെയ്യും. പെട്ടെന്ന് തന്നെ ഇടപാടുകളെല്ലാം തീര്‍ത്ത് പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ വാഹനം എത്തിക്കാതെ മുങ്ങുന്നതാണ് ഇക്കൂട്ടരുടെ രീതി. ഇത്തരത്തില്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വഴികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണ് ഷാര്‍ജ പൊലീസ്.
ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ നിരവധി മോഷണ, പോക്കറ്റടി കേസുകളാണ് എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ നടപടി സ്വീകരിച്ച് വ്യാപക അന്വേഷണം നടത്തി നിരവധി തട്ടിപ്പുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തരം തട്ടിപ്പുകള്‍ക്കെതിരായ ജാഗ്രത പൊതു സമൂഹത്തില്‍ നിന്നുകൂടി ഉണ്ടാകണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.
🇴🇲പ്രവാസികളുടെ റസിഡന്റ് കാര്‍ഡിന് ഇനി മൂന്ന് വര്‍ഷം വരെ കാലാവധി.
✒️ഒമാനിലെ (Oman) പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് (Resident cards) മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാവും (validity). സ്വദേശികളുടെ സിവില്‍ ഐഡിക്ക് (Civil ID) അഞ്ച് വര്‍ഷം വരെയായിരിക്കും കാലാവധി. കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് പുതുക്കണം (renewal). രാജ്യത്തെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ (civil status law) എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ജനറല്‍ (Police and customs inspector general) ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‍സിന്‍ അല്‍ ഷര്‍ഖി പ്രഖ്യാപിച്ച തീരുമാനങ്ങളിലാണ് ഇവ ഉള്ളത്.
10 വയസിന് മുകളിലുള്ള പ്രവാസികള്‍ രാജ്യത്തെ പ്രവേശിച്ച് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് നല്‍കും. പുതിയ നിയമങ്ങള്‍ ഇന്നു മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. കാര്‍ഡ് ലഭിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തി നേരിട്ട് ഹാജരാവണം. എന്നാല്‍ ഇതില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കും. ഒറിജിനല്‍ പാസ്‍പോര്‍ട്ടും ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള നോട്ടിഫിക്കേഷനുമാണ് ഹാജരാക്കേണ്ടത്.
പുതിയ റസിഡന്റ് കാര്‍ഡിന് അഞ്ച് റിയാലും പുതുക്കാന്‍ ഓരോ വര്‍ഷത്തേക്കും അഞ്ച് റിയാല്‍ വീതവുമാണ് നല്‍കേണ്ടത്. റെസിഡന്റ് കാര്‍ഡ് നശിച്ചുപോവുകയോ നഷ്‍ടപ്പെടുകയോ ചെയ്‍താല്‍ പുതിയ കാര്‍ഡിന് 20 റിയാല്‍ നല്‍കണം. 30 ദിവസത്തിനകം റെസിഡന്റ് കാര്‍ഡ് വാങ്ങിയില്ലെങ്കില്‍ ഓരോ മാസത്തേക്കും അഞ്ച് റിയാല്‍ വീതം ഈടാക്കും.
🇦🇪മുതലാളിയുടെ 3.8 കോടി വിലവരുന്ന കാറുകളുമായി മുങ്ങാന്‍ ശ്രമം; ഡ്രൈവര്‍ കുടുങ്ങി.
✒️തന്റെ തൊഴിലുടമയുടെ 19 ലക്ഷം ദിര്‍ഹം (3.8 കോടിയോളം ഇന്ത്യന്‍ രൂപ) വില വരുന്ന കാറുകള്‍ (Luxuary cars) സ്വന്തമാക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കുടുങ്ങി. അബുദാബിയിലാണ് (Abu Dhabi) സംഭവം. കാറുകള്‍ ട്രാഫിക് ആന്റ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റില്‍ (Traffic and Licencing department) താത്കാലികമായി ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉടമ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥാവകാശം മാറ്റാന്‍ (Ownership change) ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല.
അറബ് പൗരനാണ് ഡ്രൈവറെ അമിതമായി വിശ്വസിച്ച് പുലിവാലു പിടിച്ചത്. തന്റെ മക് ലാറന്‍, റേഞ്ച് റോവര്‍ കാറുകള്‍ ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. തന്റെ പേരിലുള്ള മറ്റ് രണ്ട് ആഡംബര കാറുകളുടെ രജിസ്‍ട്രേഷന്‍ കാലാവധി തീര്‍ന്നിരുന്നതിനാല്‍ പുതിയ വാഹനങ്ങള്‍ ആ സമയത്ത് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അത്യാവശ്യമായി വിദേശത്ത് പോകേണ്ടിയിരുന്നതിനാല്‍ പഴയ വാഹനങ്ങളുടെ രജിസ്‍ട്രേഷന്‍ പുതുക്കാനും സമയം കിട്ടിയില്ല. അതുകൊണ്ടുതന്നെ തത്കാലത്തേക്ക് പുതിയ കാറുകള്‍ ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വിദേശത്തു നിന്ന് മടങ്ങി വന്നശേഷം അദ്ദേഹം പഴയ വാഹനങ്ങളുടെ രജിസ്‍ട്രേഷന്‍ പുതുക്കി. തുടര്‍ന്ന് പുതിയ കാറുകളുടെ രജിസ്‍ട്രേഷന്‍ സ്വന്തം പേരിലേക്ക് മാറ്റാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇതോടെയാണ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി അദ്ദേഹം അബുദാബി പ്രാഥമിക കോടതിയെ സമീപിച്ചത്. 14 ലക്ഷം ദിര്‍ഹം മുടക്കി താന്‍ വാങ്ങിയ മക് ലാറന്‍ 2018 മോഡല്‍ കാറും 5,68,000 ദിര്‍ഹം മുടക്കി വാങ്ങിയ റേഞ്ച് റോവര്‍ കാറും തന്റെ പേരിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. കാറുകള്‍ താന്‍ പണം മുടക്കി വാങ്ങിയതായതിനാല്‍ ഡ്രൈവറുടെ പേരിലുള്ള രജിസ്‍ട്രേഷന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഡംബര കാറുകളോട് പ്രിയമുള്ള ബിസിനസുകാരനായ താന്‍ വിദേശത്ത് പോകേണ്ട സമയമായിരുന്നതിനാലാണ് താത്കാലികമായി ഡ്രൈവറുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം ബോധിപ്പിച്ചു. കേസ് പരിഗണിച്ച കോടതി ഇക്കാര്യം പരിശോധിക്കാന്‍ ഒരു എഞ്ചിനീയറിങ് വിദഗ്ധനെ നിയോഗിച്ചു. കാറുകള്‍ രണ്ടും പരാതിക്കാരന്‍ തന്നെ പണം നല്‍കി വാങ്ങിയതാണെന്നും 2019 ജൂണില്‍ ഇവ രജിസ്റ്റര്‍ ചെയ്യാന്‍ ഡ്രൈവറെ ഏല്‍പ്പിച്ചതാണെന്നും അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ ഒരു വാഹനത്തിന്റെ രജിസ്‍ട്രേഷന്‍ ഡ്രൈവര്‍ പിന്നീട് മറ്റൊരാളുടെ പേരിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇതോടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശവും രജിസ്‍ട്രേഷനും റദ്ദാക്കി പരാതിക്കാരന്റെ പേരിലാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പരാതിക്കാരന് നിയമനടപടികള്‍ക്ക് ചെലവായ തുക ഡ്രൈവര്‍ നല്‍കണമെന്നും കോടതി വിധിച്ചു. ട്രാഫിക് വകുപ്പിലെ വാഹന രജിസ്‍ട്രേഷന്‍ എപ്പോഴും അതിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖയാവണമെന്നില്ലെന്നും വാഹനങ്ങള്‍ പൊതു നിരത്തുകളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനും അവ ഗതാഗത നിയമലംഘനം നടത്തിയാല്‍ അതിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്തുന്നതിനുമുള്ള സംവിധാനമാണിതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
🇰🇼പാര്‍സലുകള്‍ക്ക് പണം അടയ്‍ക്കാന്‍ ആവശ്യപ്പെട്ട് സന്ദേശങ്ങള്‍; പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം.
✒️കുവൈത്തില്‍ (Kuwait) പണം തട്ടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ (Fake messages) ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് (Ministry of Communications) സ്വദേശികള്‍ക്കും ഒപ്പം പ്രവാസികള്‍ക്കും ഇത്തരത്തിലുള്ള സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയിലുകളിലൂടെയുമാണ് തട്ടിപ്പുകള്‍ക്ക് ശ്രമം. സന്ദേശങ്ങളില്‍ ചില ലിങ്കുകളുമുണ്ടാകും. താങ്കളുടെ പേരില്‍ പാര്‍സലുകള്‍ വന്നിട്ടുണ്ടെന്നും അവ എത്തിക്കുന്നതായി നിശ്ചിത തുക ഫീസ്‍ ഇനത്തില്‍ അടയ്‍ക്കണമെന്നുമാണ് ഇത്തരം സന്ദേശങ്ങളിലുള്ളത്. എന്നാല്‍ ഇവ വ്യാജമാണെന്നും ഇല്ലാത്ത പാര്‍സലുകളുടെ പേരില്‍ ചില വ്യക്തികള്‍ പണം തട്ടാന്‍ ശ്രമിക്കുകയാണെന്നും കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.
🇶🇦ഖത്തർ ലോകകപ്പ് പദ്ധതികളിൽ 98 % പൂർത്തിയായി.
✒️ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളിൽ 98 ശതമാനവും പൂർത്തിയായി. 8 സ്റ്റേഡിയങ്ങളിൽ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ വക്രയിലെ അൽ ജനൗബ്, എജ്യൂക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി, അൽ തുമാമ എന്നീ 5 എണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. അവസാന വട്ട മിനുക്കുപണി പുരോഗമിക്കുന്ന ലോകകപ്പ് ഫൈനൽ മത്സര വേദിയും രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയവുമായ ലുസെയ്ൽ അടുത്ത വർഷം ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കിയുള്ള പൊതുഗതാഗത സംവിധാനങ്ങളും വൈവിധ്യമാർന്ന താമസ സൗകര്യങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് ലോകകപ്പിനായി ഖത്തർ സജ്ജമായിരിക്കുന്നത്.
🇶🇦ഖത്തറില്‍ വഴിയോരക്കച്ചവടക്കാര്‍ക്കിടയില്‍ വ്യാപക പരിശോധന.
✒️ഖത്തറിലെ വഴിയോരക്കച്ചവടക്കാര്‍ക്കിടയില്‍ വ്യാപക പരിശോധന. ഫാം വര്‍ക്കേഴ്‌സിന്റെ താമസസ്ഥലത്തെ വഴിയോരക്കച്ചവടക്കാര്‍ക്കിടയിലാണ് അല്‍ ഷീഹാനിയ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെ സാധനങ്ങള്‍ വിറ്റതിന് 10 നിയമലംഘനങ്ങള്‍ പിടികൂടിയതായി അധികൃതർ അറിയിച്ചു. മാലിന്യങ്ങളും ഇവിടെനിന്ന് നീക്കം ചെയ്തിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ്, അല്‍-ഫസ, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് തുടങ്ങിയിലെ സുരക്ഷാ അധികാരികള്‍ പരിശോധനയില്‍ പങ്കെടുത്തു.
🇸🇦സൗദിയിൽ കൂടുതൽ ജോലികൾ സ്വദേശിവത്കരിക്കാൻ തീരുമാനം.
✒️സൗദിയിൽ മാർക്കറ്റിങ്, ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ജോലികൾ സ്വദേശിവത്കരിക്കാൻ തീരുമാനം. ഞായറാഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹ് മാർക്കറ്റിങ്, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്.
സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണിത്. തീരുമാനം രാജ്യത്തെ എല്ലാ മേഖലകളിലും ബാധകമാകും.
മാർക്കറ്റിങ് ജോലികളിൽ അഞ്ചോ അതിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 30 ശതമാനം മാർക്കറ്റിങ് ജോലികൾ സ്വദേശിവത്കരിക്കാനാണ് തീരുമാനം. ഇങ്ങനെ നിയോഗിക്കുന്ന സ്വദേശികളുടെ മിനിമം വേതനം 5,500 റിയാലായിരിക്കണമെന്നും തീരുമാനത്തിലുണ്ട്. 12,000 ലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ജോലികളിൽ 20,000ത്തിലധികം ജോലികളാണ് ലക്ഷ്യമിടുന്നത്. വിവർത്തനം, സ്റ്റോർകീപ്പർ ജോലികളിൽ മിനിമം വേതനം 5000 റിയാലായിരിക്കണമെന്ന് തീരുമാനത്തിലുണ്ട്. 2022 മെയ് എട്ടിന് തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങൾക്ക് തീരുമാനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഉറപ്പുവരുത്താനും നടപ്പിലാക്കുന്നതിനും ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
🇴🇲സൗദിയിൽ ഇന്ന് 47 കോവിഡ് കേസുകൾ.
✒️സൗദിക്ക് ആശ്വാസം പകർന്ന് കോവിഡ് ബാധിച്ചുള്ള മരണം ഇന്ന് രണ്ട് മാത്രം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രണ്ടാൾ മാത്രമാണ് കോവിഡ് മൂലം മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 36 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 548252 ഉം രോഗമുക്തരുടെ എണ്ണം 537282 ഉം ആയി. ആകെ മരണസംഖ്യ 8778 ആയി ഉയർന്നു. രോഗം ബാധിച്ച് ഗുരുതര നിലയിലുള്ളവരുടെ എണ്ണം 79 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
🇶🇦കോവിഡ്: പുതിയ രോഗികൾ 77.
✒️ഖത്തറിൽ ശനിയാഴ്ച 77 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 66 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 51 പേർക്ക് സാമൂഹിക വ്യാപനത്തിലൂടെയാണ് പകർന്നത്. 26 പേർ വിദേശങ്ങളിൽനിന്നെത്തിയവരുമാണ്. 988 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 608 പേരാണ് ഇതുവരെ മരണപ്പെട്ടത്. ശനിയാഴ്ച 17,866 പേർ കോവിഡ് പരിശോധനക്ക് വിധേയരായി. ആകെ 27,87,349 പേർക്ക് പരിശോധന നടത്തി. നിലവിൽ 42 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ 11 പേരുമുണ്ട്. രണ്ടു പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. ശനിയാഴ്ച 1359 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 48.07 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.

0 Comments