✒️സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. യുഎഇ-സൗദി അതിര്‍ത്തിയായ ബത്ഹ വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കമരുന്നാണ് യുഎഇ അധികൃതരുടെ സഹകരണത്തോടെ സൗദി നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തത്.
മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട ആംഫെറ്റാമൈന്‍ ഗുളികകള്‍, ധാന്യം നിറച്ച ട്രക്കുവഴിയാണ് കടത്താന്‍ ശ്രമിച്ചത്. 1,531,791 ഗുളികകളാണ് പിടിച്ചെടുത്തത്. സംഘത്തില്‍പ്പെട്ട ഒരു സ്വദേശി പൗരനെയും ഒരു സിറിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ജയിലില്‍ അടച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നാജിദി അറിയിച്ചു. കടുത്ത ഉത്തേജനം നല്‍കുന്ന മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട പൊടിയാണ് ആംഫെറ്റാമൈന്‍. അങ്ങേയറ്റം അപകടകരമായ ഈ മരുന്ന് ഗുളിക രൂപത്തിലും ലഭ്യമാണ്.
🇸🇦സൗദിയില്‍ മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.
✒️സൗദിയില്‍ മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. പുതിയ ഇളവ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
പൊതുസ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. കല്യാണ മണ്ഡപങ്ങളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലായിടത്തെ പ്രവേശനവും കൊവിഡ് വാക്സിന്‍ രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കല്‍ന ആപ്പ് വഴി ആരോഗ്യ പരിശോധനകള്‍ നടപ്പാക്കാത്ത സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്.
🇦🇪യുഎഇയില്‍ ഇപ്പോള്‍ 4270 കൊവിഡ് രോഗികള്‍ മാത്രം; ഇന്ന് ഒരു മരണം.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 104 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 179 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പുതിയതായി നടത്തിയ 3,34,150 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,372 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 731,984 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,118 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,270 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇶🇦ഖത്തറില്‍ മാസ്‍ക് ധരിക്കാത്തതിന് 253 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ (Qatar) മാസ്‍ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിന് (Not wearing masks) 253 പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറ് പേര്‍ക്കെതിരെയും നടപടിയെടുത്തു.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിര്‍ദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്‍ക് നിര്‍ബന്ധവുമില്ല. എന്നാല്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ മാസ്‍ക് ധരിക്കണം. ഇതിന് പുറമെ പള്ളികള്‍, സ്‍കൂളുകള്‍, യൂണിവേഴ്‍സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‍ക് നിര്‍ബന്ധമാണ്.
മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സമൂഹത്തിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
🇧🇭ബഹ്റൈനില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിച്ചു; ഇന്നു മുതല്‍ പ്രാബല്യത്തില്‍.
✒️വാക്സിന്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ (Vaccinated or recovered from covid - 19) വഴി ഗ്രീന്‍ ഷീല്‍ഡ് (Green shield) സ്റ്റാറ്റസുള്ളവരുടെ ക്വാറന്റീന്‍ (Quarantine) നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈന്‍ (Bahrain). ഈ വിഭാഗങ്ങളിലുള്ളവര്‍ കൊവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി മുതല്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടത്.
ഒക്ടോബര്‍ 15 മുതല്‍ പുതിയ ഇളവ് പ്രാബല്യത്തില്‍ വരും. ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവര്‍ക്ക് രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ ക്വാറന്റീന്‍ വേണ്ടതില്ലെങ്കിലും രണ്ട് തവണ പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവര്‍ക്ക് ഇന്ന് മുതല്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ഇന്നലെ വരെ രോഗിയുമായി സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് ബാധകമാവില്ല.
അതേസമയം ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസില്ലാത്തവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. ഒപ്പം ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തുകയും വേണമെന്ന് ടാസ്‍ക് ഫോഴ്‍സ് അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കി. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വാക്സിനേഷനും ബൂസ്റ്റര്‍ ഡോസുകളും ഫലപ്രദമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കുറഞ്ഞ രോഗവ്യാപന നിരക്കെന്നാണ് വിലയിരുത്തല്‍.
🇰🇼കുവൈറ്റ്: ഒക്ടോബർ 17 മുതൽ പൊതു ഇടങ്ങളിൽ നടത്തുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി.
✒️രാജ്യത്തെ പൊതു ഇടങ്ങളിലും, ഔട്ഡോർ വേദികളിലും വെച്ച് സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനം 2021 ഒക്ടോബർ 17, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടെ കുവൈറ്റിലെ ഔട്ഡോർ വേദികളിൽ വെച്ച് ലൈസൻസ് നേടിയിട്ടുള്ള എക്സിബിഷനുകൾ, വാണിജ്യാടിസ്ഥാനത്തിലുള്ള പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് അനുമതി ലഭിക്കുന്നതാണ്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് അനുമതി നൽകിയിരിക്കുന്നത്.
🇰🇼സൗദി: കുവൈറ്റിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം.
✒️ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യുന്ന സംവിധാനം പ്രവർത്തനമാരംഭിച്ചതായും, ആദ്യ ഘട്ടത്തിൽ ഈ സംവിധാനം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കായി പ്രയോഗക്ഷമമാക്കിയതായും സൗദി അധികൃതർ വ്യക്തമാക്കി. ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് സൗദി വിദേശകാര്യ മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു.
ഇതിന്റെ ആദ്യ ഘട്ടം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കായി പ്രയോഗക്ഷമമാക്കിയതായാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഈ സംവിധാനത്തിന്റെ സേവനം ടുണീഷ്യ, മലേഷ്യ, യു കെ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഹജ്ജ്, ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് തന്നെ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കൊണ്ട് ഓൺലൈനിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനും, വിസ നേടുന്നതിനും സാധിക്കുന്നതാണ്. വിസയുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള വിസ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും ഈ ഓൺലൈൻ സംവിധാനത്തിലൂടെ ഒഴിവാകുന്നതാണ്.
ഈ ആപ്പിലൂടെ തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്വന്തം ഫോണുകളിലൂടെ ഓൺലൈനായി നൽകുന്നതിന് സാധ്യമാക്കുന്ന രീതിയിലാണ് ഈ ആപ്പ് തയ്യാറിയാക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ വിരലടയാളങ്ങൾ, കണ്ണ്, മുഖം മുതലായവ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഈ ആപ്പിലൂടെ നൽകാവുന്നതാണ്.
ബയോമെട്രിക് വിവരങ്ങൾ ഒത്ത് നോക്കുന്ന നടപടികൾ തീർത്ഥാടകർ സൗദിയിലേക്കുള്ള കര, കടൽ, വ്യോമ അതിർത്തികളുടെ പ്രവേശിക്കുന്ന അവസരത്തിൽ പൂർത്തിയാക്കുന്നതാണ്. ഇ-വിസ അനുവദിക്കുന്നതിനായി ഇത്തരത്തിൽ സ്മാർട്ട് ഫോണുകളിലൂടെ ബയോമെട്രിക് രജിസ്‌ട്രേഷൻ ഇതാദ്യമായാണ് ഒരു രാജ്യം നടപ്പിലാക്കുന്നത്.
🇶🇦ഖത്തര്‍ നിവാസികള്‍ക്ക് സ്വകാര്യ കാറുകളില്‍ ഉംറക്ക് പോകാന്‍ അനുമതി.
✒️ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് സ്വകാര്യ കാറുകളില്‍ ഉംറയ്ക്ക് പോകുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നല്‍കി. ഒരു മാസത്തിന് ശേഷം ഉംറ സീസണ്‍ ആരംഭിക്കുന്നതോട് കൂടിയാണ് ഈ അനുമതി ലഭിക്കുക. അതേ സമയം, സന്ദര്‍ശക വിസക്കാര്‍ക്ക് ഖത്തറില്‍ നിന്ന് ഉംറക്ക് പോകാനാവില്ല. അല്‍ അറബ് പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
നിബന്ധനകളോട് കൂടിയാണ് സ്വകാര്യ കാറുകളില്‍ ഉംറയ്ക്ക് അനുമതി ലഭിക്കുകയെന്ന് ട്രാവലിങ് രംഗത്തുള്ളവര്‍ അറിയിച്ചു. പോകുന്ന വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും അതിലുള്ള യാത്രക്കാരുടെ വിവരങ്ങളും മുന്‍കൂട്ടി നല്‍കണം.
സ്വകാര്യ കാറുകള്‍ക്ക് അനുമതി നല്‍കുന്നതോടെ, അടുത്ത മാസം മധ്യത്തില്‍ ആരംഭിക്കുന്ന പുതിയ സീസണില്‍ ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്.
🇶🇦ഖത്തറില്‍ വീണ്ടും കോവിഡ് മരണം; ഇന്ന് 57 പേര്‍ക്ക് രോഗബാധ.
✒️ഖത്തറില്‍ (Qatar) ഇന്ന് 57 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 79 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,36,275. ആയി. രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 82 വയസ്സുകാരനാണ് മരിച്ചത്. ആകെ കോവിഡ് മരണം 608.
915 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 11 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 44 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,051 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,85,841 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.
🇸🇦സൗദി: റദ്ദാക്കിയ വിമാന സർവീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകാൻ നിർദ്ദേശം.
✒️സൗദിയിൽ കോവിഡിനെ തുടർന്ന് റദ്ദാക്കിയ വിമാന സർവീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകാൻ നിർദ്ദേശം. ആഭ്യന്തര വിമാന സർവീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നൽകുക. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. ടിക്കറ്റ് റദ്ദാക്കേണ്ടി വന്നവർക്ക് വ്യവസ്ഥകൾ പ്രകാരം തുക മടക്കി നൽകാനാണ് തീരുമാനം. ടിക്കറ്റ് തുകക്ക് പകരം കൂപ്പണുകളോ ടിക്കറ്റോ ലഭിച്ചവർ പണം ആവശ്യപ്പെട്ടാൽ തിരികെ നൽകണമെന്നും ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. പഴയ ടിക്കറ്റുകളുടെ പുനരുപയോഗ സമയത്ത് അധിക ചാർജ് ഈടാക്കാൻ പാടില്ല. എന്നാൽ യാത്രികന്റെ സമ്മതത്തോടെ യാത്ര പുനക്രമീകരിക്കുകയാണെങ്കിൽ നിശ്ചിത റൂട്ടിന്റെ അധിക ചാർജ് ഈടാക്കാമെന്നും അതോറിറ്റി അറിയിച്ചു.
🇸🇦സൗദിയിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം.
✒️സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പുതുതായി 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 42 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,845 ഉം രോഗമുക്തരുടെ എണ്ണം 5,36,859 ഉം ആയി. ആകെ മരണസംഖ്യ 8,758 ആയി ഉയർന്നു.
രോഗബാധിതരിൽ 113 പേർക്കാണ് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 8, അരിദ 2, ജുബൈൽ 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 44,399,278 ഡോസ് വാക്സിൻ വിതരണം ചെയ്തു.

0 Comments