🇰🇼കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്; തുറസായ സ്ഥലങ്ങളില്‍ ഇനി മാസ്‍ക് വേണ്ട.
🇸🇦സൗദി അറേബ്യയിൽ ഇനി കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം; രജിസ്ട്രേഷൻ ആരംഭിച്ചു.
🇦🇪വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വനിതയ്‍ക്ക് 24 ലക്ഷം നഷ്‍ടപരിഹാരം.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് 98 ശതമാനം; ഇന്ന് 58 പേര്‍ കൂടി സുഖം പ്രാപിച്ചു.
🇦🇪രണ്ട് വയസുള്ള മകന്റെ പേരില്‍ പ്രവാസി കുടുംബത്തിന് കൈവന്നത് 7.4 കോടിയുടെ സമ്മാനം.🇸🇦റിയാദ് സീസൺ ഉത്സവത്തിന് ഇന്ന് തുടക്കമാവും.
🇸🇦സൗദി അറേബ്യയിൽ പുതിയ ആരോഗ്യമന്ത്രിയായി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ ചുമതലയേറ്റു.
🇦🇪യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തി.
🇸🇦സൗദി: രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
🇦🇪യു എ ഇ: വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാമെന്ന് NCEMA.
🇶🇦ഖത്തറില്‍ പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആറ് മാസത്തിനുള്ളില്‍ നിര്‍ബന്ധമാവും.
🇶🇦ഖത്തറില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്; 78 രോഗമുക്തി.
🇶🇦അന്താരാഷ്ട്ര യാത്രാ മാനദണ്ഡപ്രകാരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി ഖത്തര്‍; പുതിയ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍.
വാർത്തകൾ വിശദമായി
✒️കൊവിഡ് രോഗ വ്യാപനം (Covid spread) കുറഞ്ഞതോടെ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു (lifting restrictions). തുറസായ പൊതു സ്ഥലങ്ങളില്‍ (Open places) ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ (closed spaces) തുടര്‍ന്നും മാസ്‍ക് വേണം. റസ്റ്റോറന്റുകളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല.
വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്.
ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകൾ അനുവദിക്കുക.
🇸🇦സൗദി അറേബ്യയിൽ ഇനി കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം; രജിസ്ട്രേഷൻ ആരംഭിച്ചു.
✒️സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് (Covid vaccine booster dose) നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ (Saudi Health Ministry) സിഹ്വത്തി, തവക്കൽന എന്ന് മൊബൈൽ ആപ്പിലൂടെയാണ് വാക്സിൻ എടുക്കാൻ ബുക്കിങ് നടത്തേണ്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും വേഗം ബുസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാവണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കൊവിഡ് രോഗമുക്തി നിരക്ക് 98 ശതമാനം
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 58 പേർ കൂടി സുഖം പ്രാപിച്ചു. പുതുതായി 47 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. 44,317 പി.സി.ആർ പരിശോധനകളാണ് ഇന്ന് രാജ്യത്ത് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,065 ആയി. ഇതിൽ 5,37,095 പേരും സുഖം പ്രാപിച്ചു. ആകെ 8,770 പേർ മരിച്ചു.
🇦🇪വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വനിതയ്‍ക്ക് 24 ലക്ഷം നഷ്‍ടപരിഹാരം.
✒️വാഹനാപകടത്തില്‍ പരിക്കേറ്റ (Injured in road accident) പ്രവാസി മലയാളി (malayali expat) വനിതയ്‍ക്ക് 1.20 ലക്ഷം ദിര്‍ഹം (2.40 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം (Compensation) ലഭിച്ചു. 2019 നവംബറില്‍ അബുദാബിയിലുണ്ടായ (AbuDhabi) വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി പൊന്നമ്മയ്‍ക്കാണ് നഷ്‍ടപരിഹാരത്തുക ലഭിച്ചത്.
സ്‍പോണ്‍സറുടെ കുടുംബത്തിനൊപ്പം യാത്ര ചെയ്യവെയായിരുന്നു അപകടം. 25 ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കൈയ്‍ക്ക് ശസ്‍ത്രക്രിയയും ചെയ്‍തു. 55 വയസുകാരിയായ പൊന്നമ്മയ്‍ക്ക് ഇതിനിടെ ജോലി നഷ്‍ടമായതിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായി. ഒന്നര വര്‍ഷത്തോളം നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും 20,000 ദിര്‍ഹമായിരുന്നു ഇന്‍ഷുറന്‍സ് അതോരിറ്റി നഷ്‍ടപരിഹാരം വിധിച്ചത്.
പൊന്നമ്മയുടെ ദുരിതം മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകന്‍ നസീം പെരുമ്പാവൂരാണ് സഹായത്തിനെത്തിയത്. അഭിഭാഷകനായ ബല്‍റാം ശങ്കര്‍ മുഖേനെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് 1.20 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കാന്‍ വിധി വന്നത്. വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് 98 ശതമാനം; ഇന്ന് 58 പേര്‍ കൂടി സുഖം പ്രാപിച്ചു.
✒️സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 58 പേർ കൂടി സുഖം പ്രാപിച്ചു (covid recoveries). പുതുതായി 47 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു (new infections). സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ മൂന്ന് മരണം (covid deaths) റിപ്പോർട്ട് ചെയ്തു.
44,317 പി.സി.ആർ പരിശോധനകളാണ് ഇന്ന് രാജ്യത്ത് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,065 ആയി. ഇതിൽ 5,37,095 പേരും സുഖം പ്രാപിച്ചു. ആകെ 8,770 പേർ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്ത് വാക്സിനേഷൻ 44,904,419 ഡോസ് കവിഞ്ഞു. ഇതിൽ 23,979,412 എണ്ണം ആദ്യ ഡോസ് ആണ്. 20,925,007 എണ്ണം സെക്കൻഡ് ഡോസും. 1,689,311 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 10, മക്ക 3, ത്വാഇഫ് 3, തബൂക്ക് 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
🇦🇪രണ്ട് വയസുള്ള മകന്റെ പേരില്‍ പ്രവാസി കുടുംബത്തിന് കൈവന്നത് 7.4 കോടിയുടെ സമ്മാനം.
✒️ദുബൈ ഡ്യൂട്ടി ഫ്രീയുടെ (Dubai duty ftree) ഏറ്റവും പുതിയ നറുക്കെടുപ്പില്‍ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന രണ്ട് വയസുകാരനായ ക്ഷാന്‍ യോഗേഷ് ഗോലയ്‍ക്കാണ് (Kshan Yogesh Gola) ഇന്ന് നടന്ന മില്ലേനിയം മില്യനയര്‍ (Millennium Millionaire Series) നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.
ക്ഷാന്റെ മാതാപിതാക്കളായ യോഗേഷും ധനശ്രീയും ചേര്‍ന്ന് ഇക്കഴിഞ്ഞ സെപ്‍റ്റംബര്‍ 25ന് എടുത്ത 2033-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് കുടുംബത്തിലേക്ക് വന്‍തുകയുടെ സമ്മാനം എത്തിയത്. അവധിക്ക് ശേഷം മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു ടിക്കറ്റെടുത്തത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പ്രവര്‍കത്തിക്കുന്ന യോഗേഷ് രണ്ടര വര്‍ഷം മുമ്പാണ് യുഎഇയിലെത്തിയത്. ഇതാദ്യമായാണ് താന്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ ടിക്കറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ സ്വദേശികളായ കുടുംബം, മകന്‍ ജനിക്കുന്നതിന് ആറ് മാസം മുമ്പാണ് യുഎഇയിലെത്തിയത്. മകനൊപ്പം കൈവന്ന വിജയം ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഇരുവരും പ്രതികരിച്ചു. എല്ലാ കാര്യങ്ങളും മകന്റെ പേരിലാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ മകന്റെ പേരില്‍ വെറുതെയൊരു ടിക്കറ്റെടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മകന്റെ ഭാവി ഇതോടെ സുരക്ഷിതമായി. ഈ പണം നിക്ഷേപിക്കുക വഴി ജീവിതം കൂടുതല്‍ മനോഹരമാക്കാനാവും. ഒപ്പം മകന്റെ പേരില്‍ തന്നെ കുറച്ച് പണം മറ്റുള്ളവര്‍ക്കായി മാറ്റി വെയ്‍ക്കണമെന്നും ഉദ്ദേശമുണ്ടെന്ന് അവര്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ തങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. ഇപ്പോള്‍ ഈ സമ്മാനം ലഭിച്ചതുവഴി തങ്ങളുടെയും മകന്റെയും ഭാവി സുരക്ഷിതമായി. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറയുന്നതായും കുടുംബം അറിയിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കുന്ന 184-ാമത്തെ ഇന്ത്യക്കാരാണ് ക്ഷാന്റെ കുടുംബം. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ടിക്കറ്റുകള്‍ ഏറ്റവുമധികം വാങ്ങുന്നവരും ഇന്ത്യക്കാര്‍ തന്നെയാണ്.
ക്ഷാന് പുറമെ ഇന്ത്യക്കാരനായ ജോസ് ആന്റോയ്‍ക്കും ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഹാര്‍ലി ഡേവിഡ്‍സണ്‍ പാന്‍അമേരിക്ക RA 1250 മോട്ടോര്‍ബൈക്ക് സമ്മാനമായി ലഭിച്ചു. സെപ്‍റ്റംബര്‍ 29ന് എടുത്ത 0544 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസിലെ സമ്മാനം ലഭിച്ചത്.
🇸🇦റിയാദ് സീസൺ ഉത്സവത്തിന് ഇന്ന് തുടക്കമാവും.
✒️റിയാദ് സീസൺ ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാവും. സൗദി അറേബ്യയിലെ ഋതുഭേദങ്ങൾക്ക് അനുസൃതമായി ഓരോ മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക സീസണൽ ഫെസ്റ്റിവലുകൾ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമാണ് റിയാദ് സീസൺ ഫെസ്റ്റിവൽ.
കലാ സാംസ്കാരിക, വിനോദ, വാണിജ്യ, ഷോപ്പിങ് ആഘോഷമായ റിയാദ് സീസൺ ഫെസ്റ്റിവൽ മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ്. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് രാത്രി ലോക പ്രശസ്ത റാപ്പർ പിറ്റ്ബുള്ളിന്റെ കൺസേർട്ട് നടക്കും. തുടർന്ന് റിയാദ് നഗരത്തിൽ കലാകാരന്മാരുടെ റാലി നടക്കും. നഗരത്തിൽ വിവിധ ഭാഗങ്ങളിലൊരുക്കിയ 14 വേദികളിലായി ഉത്സവം അരങ്ങേറും.
മൂന്നുമാസത്തോളം നീളുന്ന ഉത്സവത്തില്‍ ലയണൽ മെസ്സിയുൾപ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങൾ മേളയിലെത്തും. രണ്ട് കോടി ആളുകൾ ഇത്തവണത്തെ ഉത്സവത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7500 കലാസാംസ്കാരിക, വിനോദ പരിപാടികൾ റിയാദ് നഗരത്തിലൊരുങ്ങിയ വിവിധ വേദികളിൽ അരങ്ങേറും. വിവിധ മത്സരങ്ങളും ഉണ്ട്.
🇸🇦സൗദി അറേബ്യയിൽ പുതിയ ആരോഗ്യമന്ത്രിയായി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ ചുമതലയേറ്റു.
✒️സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി (Health Minister) ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ (Fahad Bin Abdulrahman Al Jalajel ) ചുമതലയേറ്റു. വെർച്വൽ സംവിധാനത്തിലൂടെ ചൊവ്വാഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.
ആരോഗ്യ മന്ത്രിയായിരുന്ന ഡോ. തൗഫീഖ് അൽറബീഅയെ ഹജ്ജ് ഉംറ മന്ത്രിയാക്കിയും ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിലിനെ പുതിയ ആരോഗ്യ മന്ത്രിയായും നിയോഗിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്. നേരത്തെ ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ വികസന സഹമന്ത്രിയായിരുന്നു ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ.
🇦🇪യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തി.
✒️യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് ചൊവ്വാഴ്‍ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവര്‍ക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേര്‍ക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പങ്കെടുക്കുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്‍തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളില്‍ പരമാവധി 10 പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. എപ്പോഴും മാസ്‍ക് ധരിക്കുകയും പ്രവേശന കവാടങ്ങളില്‍ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം.
🇸🇦സൗദി: രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
✒️അധികൃതരിൽ നിന്നുള്ള അനുമതിയില്ലാതെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പൊതുസമൂഹത്തിന് മുൻപിൽ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രഹസ്യ സ്വഭാവമുള്ള രേഖകൾ, രഹസ്യ വിവരങ്ങൾ മുതലായവ പൊതുസമൂഹത്തിന് മുൻപിൽ പങ്ക് വെക്കുന്നത് രാജ്യത്ത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഇത്തരം പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് സൗദിയിൽ 20 വർഷം വരെ തടവും, ഒരു ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ പ്രകാരം ഇത്തരം സ്വഭാവമുള്ള രേഖകളും, വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതും, വെളിപ്പെടുത്തുന്നതും നിരോധിച്ചിട്ടുണ്ട്.
സൗദി നിയമങ്ങൾ പ്രകാരം താഴെ പറയുന്ന രീതിയിലുള്ള എല്ലാ തരം വിവരങ്ങളും, രേഖകളും രഹസ്യ സ്വഭാവമുള്ള വിവരങ്ങളായി കണക്കാക്കുന്നതാണ്:
ബിസിനസ്സ് സംബന്ധമായ എല്ലാത്തരം വിവരങ്ങളും.
സാങ്കേതിക വിവരങ്ങൾ.
സാമ്പത്തിക വിവരങ്ങൾ.
ഭരണസംബന്ധമായ വിവരങ്ങൾ.
നിയമസംബന്ധിയായ രേഖകൾ.
🇦🇪യു എ ഇ: വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാമെന്ന് NCEMA.
✒️വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ, സാമൂഹിക ഒത്ത്ചേരലുകൾ, വിവാഹം, ശവസംസ്കാര ചടങ്ങുകൾ മുതലായവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് (NCEMA) വ്യക്തമാക്കി. ഒക്ടോബർ 19-ന് നടന്ന പത്രസമ്മേളനത്തിൽ NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമീരിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി താഴെ പറയുന്ന നിർദ്ദേശങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:
വീടുകളിൽ നടത്തുന്ന ഇത്തരം ചടങ്ങുകൾ പരമാവധി 80 ശതമാനം വ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ പരമാവധി 60 പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്.
ഇതിന് പുറമെ, 10 പേരെ വിവിധ സേവനങ്ങൾ നൽകുന്നതിനുള്ള ജീവനക്കാരായി ഉപയോഗിക്കുന്നതിനും NCEMA അനുമതി നൽകിയിട്ടുണ്ട്.
ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് Al Hosn ആപ്പിലെ സ്റ്റാറ്റസ് പ്രകാരം ഗ്രീൻ പാസ് നിർബന്ധമാണ്.
ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
മാസ്കുകളുടെ ഉപയോഗം,അണുനശീകരണം മുതലായ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
തിരക്കൊഴിവാക്കുന്നതിനുള്ള നടപടികൾ ഉറപ്പ് വരുത്തേണ്ടതാണ്.
സന്ദർശകർ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതും, ഹസ്തദാനം പോലുള്ള ഉപചാര രീതികൾ ഒഴിവാക്കേണ്ടതുമാണ്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവർ മുതലായവർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കരുത്.
🇶🇦ഖത്തറില്‍ പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആറ് മാസത്തിനുള്ളില്‍ നിര്‍ബന്ധമാവും.
✒️ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്(Qatar health insurance) ആറ് മാസത്തിനുള്ളില്‍ നിര്‍ബന്ധമാവും. അത് സംനബന്ധമായ നിയമം ചൊവ്വാഴ്ച്ച അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചു. ഒഫീഷ്യല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനുള്ളില്‍ നിയമം നടപ്പില്‍ വരും.
പുതിയ നിയമം നടപ്പിലാവുന്നതോടെ പോളിസി കവറേജ് പ്രകാരം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനം ലഭ്യമാവും. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭ്യമാക്കേണ്ട ചുമതല തൊഴിലുടമകള്‍ക്കാണ്.
റെസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാവും. സന്ദര്‍ശകര്‍ക്ക് അവരുടെ സന്ദര്‍ശക കാലാവധി മുഴുവന്‍ ബാധകമാവുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് വേണ്ടത്.
🇶🇦ഖത്തറില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്; 78 രോഗമുക്തി.
✒️ഖത്തറില്‍ (Qatar) ഇന്ന് 86 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 78 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,36,653. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 608.
904 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 11 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുതുതായി നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,924 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,99,513 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83.5 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു.
🇶🇦അന്താരാഷ്ട്ര യാത്രാ മാനദണ്ഡപ്രകാരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി ഖത്തര്‍; പുതിയ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍.
✒️കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്(covid vaccination cirtificate) ഫോര്‍മാറ്റില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം(Qatar MOPH) മാറ്റം വരുത്തി. അന്താരാഷ്ട്ര യാത്രാ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വിവരങ്ങളും ബൂസ്റ്റര്‍ ഡോസ് വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ളതാണ് പുതിയ സര്‍ട്ടിഫിക്കറ്റ്.
കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുതിയ സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമാവും. ഒപ്പം ഖത്തര്‍ എയര്‍വേസ് അയാട്ട ട്രാവല്‍ പാസ് മൊബൈല്‍ ആപ്പ്, യൂറോപ്യന്‍ യൂനിയന്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ അധിക വിവരങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തി.
നേരത്തേ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌തെടുത്തവര്‍ക്ക് അത് തന്നെ വാക്‌സിനേഷന്‍ തെളിവായി ഖത്തറിലും പുറത്തും ഉപയോഗിക്കാവുന്നതാണ്. പുതുതായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്യേണ്ടതില്ല.
ഒക്ടോബര്‍ 20 മുതല്‍ പുതിയ രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയം കോവിഡ്19 വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാവും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഏഴ് ദിവസത്തിന് ശേഷമാണ് വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ബൂസ്റ്റര്‍ ഡോസ് ലഭി 24 മണിക്കൂറിന് ശേഷം സര്‍ട്ടിഫിക്കറ്റ് കിട്ടും.

0 Comments