ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ പാസ് വേഡ് 123456 ആണ് എന്ന് കരുതിയെങ്കിൽ തെറ്റി. 'PASSWORD' ആണ് ഇന്ത്യക്കാർക്ക് ജനപ്രിയമായ പാസ് വേഡ്. ഐ ലവ് യൂ, ക്രിഷ്ണ, സായ്റാം, ഓംസായ്റാം തുടങ്ങിയവയാണ് ജനപ്രിയമായ മറ്റു പാസ് വേഡുകളിൽ ചിലത്.
പാസ് വേഡ് മാനേജർ സേവനമായ നോർഡ്പാസ്സ് ആണ് ഈ ഗവേഷണ വിവരങ്ങൾ പുറത്തുവിട്ടത്. എളുപ്പം പ്രവചിക്കാൻ സാധിക്കുന്നതും കീബോർഡിലെ ശ്രേണിയായ വരുന്ന അക്കങ്ങളുമെല്ലാം ഇന്ത്യയിൽ ജനപ്രിയമാണത്രേ.
12345, QWERTY പോലുള്ള പാസ് വേഡുകൾ ജനപ്രിയ പാസ് വേഡുകളുടെ പട്ടികയിൽ മുന്നിലാണ്. ആഗോള തലത്തിലും ഇത്തരം പാസ് വേഡുകൾക്ക് വലിയ ജനപ്രീതിയുണ്ട്. QWERTY യ്ക്ക് സമാനമായ മറ്റ് ഭാഷകളിലെ കീബോർഡ് ശ്രേണികളും ജനപ്രിയമാണ്.
പേരുകളും, ഇഷ്ടമുള്ള വാക്കുകളുമല്ലാം ഇന്ത്യക്കാരുടെ പതിവ് പാസ് വേഡുകളാണ്.
123456789, 12345678, india123, qwerty, abc123,xxx, indya123,123123,abcd1234 എന്നിവയും സാധാരണമായികാണുന്ന പാസ് വേഡുകളാണ്.
കീബോർഡിലെ ലംബമായും, തിരശ്ചീനമായുമുള്ള കീകൾ ഉപയോഗിച്ചുള്ള പാസ് വേഡുകളും ജനപ്രിയമാണ്.
പ്രിയങ്ക, സഞ്ജയ്, രാകേഷ് പോലുള്ള പേരുകളും, ഐ ലവ് യു, സ്വീറ്റ് ഹാർട്ട്, ലവ്ലി, സൺഷൈൻ പോലുള്ള വാക്കുകളും ഇന്ത്യക്കാർക്കിഷ്ടം.
ഹാക്കർമാർക്ക് വളരെ എളുപ്പം കണ്ടുപിടിക്കാൻ സാധിക്കുന്ന പാസ് വേഡുകളാണിവ. ദുർബലമായ ഈ പാസ് വേഡുകൾ എത്രസമയം കൊണ്ട് ഒരു ഹാക്കർക്ക് അവ കണ്ടെത്താൻ സാധിക്കുമെന്നും ഗവേഷണ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിൽ 200 ൽ 62 പാസ് വേഡുകൾ ഒരു സെക്കന്റിൽ താഴെ സമയം കൊണ്ട് ഹാക്ക് ചെയ്തെടുക്കാവുന്നതാണ്.
'നിർഭാഗ്യവശാൽ, പാസ്വേഡുകൾ ദുർബലമായിക്കൊണ്ടിരിക്കുകയാണ്, ആളുകൾ ഇപ്പോഴും ശരിയായ രീതിയിൽ പാസ്വേഡ് ശുചിത്വം പാലിക്കുന്നില്ല,' നോർഡ്പാസിന്റെ സിഇഒ ജോനാസ് കാർക്ലിസ് പറഞ്ഞു.
'നമ്മുടെ ഡിജിറ്റൽ ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ് പാസ്വേഡുകൾ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്, നമ്മൾ കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നുണ്ട് അതിനാൽ നമ്മുടെ സൈബർ സുരക്ഷയെ നന്നായി പരിപാലിക്കപ്പെടേണ്ടതുണ്ട്,' കാർക്ലിസ് കൂട്ടിച്ചേർത്തു.
ഈ പട്ടികയിൽ നിങ്ങൾ ഉപയോഗിക്കുന്ന പാസ് വേഡ് ഉണ്ടെങ്കിൽ ഉടനടി ശക്തമായൊരു പാസ് വേഡ് വെക്കുക.
സങ്കീർണമായ പാസ് വേഡുകൾ വെക്കാൻ പാസ് വേഡ് മാനേജർ ആപ്പോ, പാസ് വേഡ് ജനറേറ്റർ സേവനങ്ങളോ പ്രയോജനപ്പെടുത്തുക.
ഇന്നത്തെ കാലത്ത് ഒരു ശരാശരി മനുഷ്യന് ഏകദേശം നൂറ് അക്കൗണ്ടുകളെങ്കിലുമുണ്ടാവും. അതുകൊണ്ടു തന്നെ പാസ് വേഡുകൾ സൂക്ഷിച്ചുവെക്കുക പ്രയാസമാണ്. പ്രത്യേകതയുള്ളതും സങ്കീർണവുമായ പാസ് വേഡുകൾക്കായി പാസ് വേഡ് മാനേജറുകൾ ഉപയോഗിക്കാവുന്നതാണ്.
ബയോമെട്രിക് ഓതന്റിക്കേഷൻ, ഫോൺ മെസേജ്, താക്കോൽ എന്നിവ എല്ലാം ഉണ്ടെങ്കിലും പാസ് വേഡുകളുടെ അധിക സുരക്ഷ നല്ലതാണെന്നും നോർഡ്പാസ് പറഞ്ഞു.
0 Comments