Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ


🇸🇦സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്.

✒️സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രം മതിയാവും. ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്നാണ് എടുത്തതെങ്കില്‍ ഏത് രാജ്യത്തു നിന്ന് മടങ്ങി വരുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനാനുമതിയും ലഭിക്കും.

ഡിസംബര്‍ നാല് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡിസംബര്‍ ഒന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്കാര്‍ക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കാതെ തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാം. സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് കൂടി നേരിട്ടുള്ള പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ഇത് ഇപ്പോഴും പ്രവേശന വിലക്ക് തുടരുന്ന തുര്‍ക്കി, ലെബനാന്‍, എത്യോപ്യ, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും പ്രയോജനപ്പെടുക.

ഇന്ത്യയില് നിന്ന് രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ച ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് വരുന്നവര്‍ക്ക് സൗദിയിലെത്തിയാല്‍ അഞ്ചു ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമുള്ളത്. ഒരു ഡോസ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവരാണെങ്കില്‍ മൂന്ന് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാവുമെന്നതാണ് പുതിയ അറിയിപ്പ്. സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല.

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറന്റീന് അംഗീകാരമുള്ള ഹോട്ടലുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇവര്‍ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധന നടത്തണം.

🕋പ്രായപരിധി എടുത്തുകളഞ്ഞു; 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാം.


✒️18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും (foreign pilgrims) ഉംറ നിർവഹിക്കാൻ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. 

വിദേശത്തു നിന്ന് സൗദിയിൽ എത്തി ഉംറ നിർവഹിക്കാനുള്ള പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്. പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ വരാം. എന്നാൽ ഇവർ കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കേണ്ടത് നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള വിദേശ തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമില്ല.

🇶🇦ഖത്തറില്‍ 155 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️ഖത്തറില്‍ ‍(Qatar) 155 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 119 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 240,399 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.  

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 140 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 15 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 242,979 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

നിലവില്‍ 1,969 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 18,688 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,977,279 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 17 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

🇸🇦സൗദി അറേബ്യയിൽ വീണ്ടും രണ്ട് കൊവിഡ് മരണം.

✒️സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ (covid death) എണ്ണത്തിൽ നേരിയ വർധന. കുറച്ചുനാളായി പ്രതിദിന മരണസംഖ്യ ഒന്നായി ചുരുങ്ങിയിരുന്നു. എന്നാൽ ഇന്ന് രാജ്യത്താകെ കൊവിഡ് മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം 29 പേർക്ക് കൂടി കൊവിഡ് ബാധ (New infections) പുതിയതായി സ്ഥിരീകരിച്ചു. 40 രോഗബാധിതർ സുഖം പ്രാപിച്ചതായും (covid recoveries) ആരോഗ്യ മന്ത്രാലയം (Ministry of Health) അറിയിച്ചു. 

രാജ്യത്ത് ആകെ 31,055,094 പി.സി.ആർ പരിശോധനകൾ നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,671 ആയി. ഇതിൽ 538,824 പേരും സുഖം പ്രാപിച്ചു. ആകെ 8,832 പേർ മരിച്ചു. 2,015 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 44 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 47,278,830 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,572,011 എണ്ണം ആദ്യ ഡോസ് ആണ്. 22,361,856 എണ്ണം സെക്കൻഡ് ഡോസും. 1,717,720 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 344,963 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം : റിയാദ് - 11, ജിദ്ദ - 7, മദീന - 2, മക്ക - 2, മറ്റ് ഏഴ് സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.

🇸🇦വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന; പ്രവാസി അറസ്റ്റില്‍.

✒️സൗദി അറേബ്യയില്‍ വ്യാജ ഇഖാമ (Fake residence permit) നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി അറസ്റ്റിലായി. ജിസാനിലാണ് (Jazan) പാകിസ്ഥാന്‍ പൗരന്‍ പൊലീസിന്റെ പിടിയിലായത്. താമസ രേഖയ്‍ക്ക് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും (Saudi driving licence) ഇയാള്‍ വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

സ്വന്തമായി നിര്‍മിച്ച ഇഖാമകളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെയും വലിയ ശേഖരം ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൊലീസ് റെയ്‍ഡില്‍ പിടിച്ചെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പൊലീസ് അറിയിച്ചു.

🇶🇦പുതിയ കൊവിഡ് വകഭേദം; പ്രത്യേക അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്.

✒️മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്‍ച ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ദക്ഷിണാഫ്രിക്ക, സിംബാവെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്‍ച ഈ പട്ടികയിലേക്ക് മൊസാംബികിനെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സ്ഥിതിഗതികള്‍ ഓരോ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചത്. അതേസമയം ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസാംബിക് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ തുടര്‍ന്നും കൊണ്ടുപോകും. പുതിയ നിയന്ത്രണം ബാധകമാവുന്ന യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്‍സുമായോ തങ്ങളുടെ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

🇴🇲ഒമാനിലെ പ്രവേശന വിലക്കില്‍ പ്രവാസികള്‍ക്ക് ഇളവ്; ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം.

✒️ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില് ‍(Oman) ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില് ‍(entry ban) പ്രവാസികള്‍ക്കും (residents) ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും (Health workers) അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം.

ദക്ഷിണാഫ്രിക്ക (South Africa), നമീബിയ (Namibia), ബോട്സ്വാന (Botswana ), സിംബാവെ (Zimbabwe), ലിസോത്തോ (Lesotho), ഈസ്വാതിനി (Eswatini), മൊസാംബിക്ക്(Mozambique) എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഒമാനില്‍ താത്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകില്ല. 

നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 

അതേസമയം ഒമാന്‍ സ്വദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും, വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഒമാനില്‍ സാധുതയുള്ള താമസ വിസയുള്ളവരുമായ പ്രവാസികള്‍ എന്നിവരെയാണ് വിലക്കില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ രാജ്യത്ത് പ്രവേശിച്ച ഉടനെ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാകണം. ശേഷം ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ ആറാം ദിവസവും വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഒമാന് പുറമെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

🇰🇼പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് മോഷ്‍ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

✒️കുവൈത്തില്‍ (Kuwait) ആംബുലന്‍സ് മോഷ്‍ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. 27 വയസുകാരനായ കുവൈത്ത് പൗരനാണ് (Kuwaiti citizen) അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ആംബുലന്‍സിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയ ശേഷം ഒരു കേസ് സംബന്ധമായ നടപടിക്രമങ്ങള്‍ക്കായി അകത്തേക്ക് കയറിയ സമയത്തായിരുന്നു സംഭവം. ആംബുലന്‍സില്‍ കയറിയ ഇയാള്‍ വാഹനം ഓടിച്ച് പോവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്‍ചു. യുവാവ് സ്വബോധത്തിലായിരുന്നില്ലെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

🇦🇪യുഎഇയിൽ 68 പുതിയ കൊവിഡ് കേസുകൾ കൂടി, 98 പേർ രോഗമുക്തരായി.

✒️യുഎഇയിൽ ഇന്ന് 68
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 98 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പുതിയതായി നടത്തിയ 294,480 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 741,858 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,699 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,145 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,014 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇧🇭ബഹ്‌റൈൻ കിരീടാവകാശി എക്സ്പോ സന്ദർശിച്ചു.

✒️ബഹ്‌റൈൻ കിരീടാവകാശിയും Bahrain Crown Prince)ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എക്സ്പോ 2020 ദുബൈ (Expo 2020 Dubai)സന്ദർശിച്ചു. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം എക്സ്പോ സന്ദർശിച്ചത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ വസ്ൽ പ്ലാസയിൽ പതാക ഉയർത്തലും ബഹ്‌റൈൻ പൊലീസ് ബാൻഡിന്റെ പ്രകടനവും നടന്നു.

യുഎഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ്‌ നഹ്യാൻ മുബാറക് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. എല്ലാ മേഖലകളിലും ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാനുള്ള അവസരമായ എക്സ്പോയിലെ പങ്കാളിത്തത്തിന് അഭിനന്ദനം അറിയിക്കുന്നതാണ് ശൈഖ് നഹ്യാൻ പറഞ്ഞു. യുഎഇ 50 വർഷം ആഘോഷിക്കുന്ന അവസരത്തിൽ ദേശീയ ദിനാഘോഷവുമായി എത്തിച്ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ മയ്‌ ബിൻത് മുഹമ്മദ്‌ ആൽ ഖലീഫ പറഞ്ഞു. എക്സ്പോയ്ക്ക് ആഥിത്യം വഹിക്കാൻ സാധിച്ചത് യുഎഇയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നതായും ശൈഖ മയ്‌ ബിൻത് കൂട്ടിച്ചേർത്തു.

🇧🇭ബഹ്‌റൈനില്‍ വീണ്ടും റെഡ് ലിസ്റ്റ്; യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി.

✒️പുതിയ കൊവിഡ് വകഭേദം(new Covid 19 variant) കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍(Bahrain) യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ലിസോത്തോ( Lesotho), ബോട്‌സ്വാന(Botswana), ഈസ്വാതിനി(Eswatini), സിബാംവെ(Zimbabwe) എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍(Red list) ഉള്‍പ്പെട്ടിട്ടുള്ളത്.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ബഹ്‌റൈനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍, താമസക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കി. പ്രവേശന വിലക്കില്ലാത്ത ആളുകള്‍ രാജ്യത്തെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ക്വാറന്റീനില്‍ കഴിയുകയും വേണം. റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നടപടിക്രമങ്ങള്‍ തുടരും. ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രവേശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം.

🛫ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്കും പ്രവേശന വിലക്ക്.

✒️ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക്(Oman) പ്രവേശന വിലക്ക്(entry ban). ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്സ്വാന(Botswana ), സിംബാവെ(Zimbabwe), ലിസോത്തോ(Lesotho), ഈസ്വാതിനി(Eswatini), മൊസാംബിക്ക്(Mozambique ) എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

🇦🇪കൊവിഡ് വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്.

✒️പുതിയ കൊവിഡ് വകഭേദത്തിന്റെ(Covid 19 variant) പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ(UAE) വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana ), ലിസോത്തോ(Lesotho), ഇസ്വാതിനി(Eswatini), സിംബാവെ(Zimbabwe), മൊസംബിക്(Mozambique ) എന്നീ രിജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇയില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും അറിയിച്ചു.

നവംബര്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം യുഎഇയിലേക്ക് വരാം. എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുകളുണ്ട്. ഇവര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം. വിമാനത്താവളത്തില്‍ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം. 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പിസിആര്‍ പരിശോധന നടത്തുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് യുഎഇ നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. യുഎഇ പൗരന്മാര്‍ ഈ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികള്‍, അടിയന്തര മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്.

🇦🇪കൊവിഡ് വകഭേദം; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി എമിറേറ്റ്‌സ്.

✒️പുതിയ കൊവിഡ് വകഭേദത്തിന്റെ(new covid 19 variant) പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍(Emirates airline). യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി അതത് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയോ എമിറേറ്റ്‌സ് കാള്‍ സെന്ററിനെ സമീപിക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.


🇧🇭ബഹ്‌റൈൻ: ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം.

✒️സൗത്ത് ആഫ്രിക്ക ഉൾപ്പടെ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തീരുമാനിച്ചു. 2021 നവംബർ 26-ന് വൈകീട്ട് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം. ഈ തീരുമാന പ്രകാരം, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് ബഹ്‌റൈൻ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

നാഷണൽ മെഡിക്കൽ ടീമിന്റെ നിർദ്ദേശ പ്രകാരമുള്ള ഈ വിലക്കിൽ നിന്ന് ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈൻ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വിമാനങ്ങളിൽ നേരിട്ടും, അല്ലാതെയും എത്തുന്ന മുഴുവൻ പേർക്കും ഈ തീരുമാനം ബാധകമാണ്.

Post a Comment

0 Comments