Ticker

6/recent/ticker-posts

Header Ads Widget

ഐ.എസ്.എലിന് ഇന്ന് കിക്കോഫ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ എൽ ക്ലാസിക്കോ എന്ന വിശേഷണമുണ്ട് കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ. മോഹൻ ബഗാൻ പോരാട്ടത്തിന്. ഇന്ത്യൻ ഫുട്ബോളിൽ ബംഗാൾ-കേരള ടീമുകളുടെ മത്സരങ്ങൾക്ക് എന്നും പ്രത്യേക വീറും വാശിയുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ച സൂപ്പർ ലീഗിലും കാണാം. എട്ടാം സീസണിന്റെ ഉദ്ഘാടനമത്സരത്തിൽ ഇരുടീമുകളും നേർക്കുനേർവരുമ്പോൾ പ്രവചനങ്ങൾക്ക് പ്രസക്തിയില്ല. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് ബ്ലാസ്റ്റേഴ്സ്-എ.ടി.കെ. മോഹൻബഗാൻ മത്സരം. ചരിത്രം എ.ടി.കെ. ബഗാന് അനുകൂലമാണ്. പുതിയ തുടക്കം ആഗ്രഹിക്കുന്ന സംഘത്തിന്റെ പോരാട്ടവീര്യത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയർപ്പിക്കുന്നു.

രാജ്യം കോവിഡിൽനിന്നു പൂർണമായി മുക്തി നേടാത്തതിൽ, ഗ്യാലറികളെ ഇളക്കി മറിച്ചിരുന്ന ആരാധകക്കൂട്ടത്തെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇത്തവണയും മത്സരങ്ങൾ. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും മത്സരം. കഴിഞ്ഞ സീസണിലും ആരാധകരെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങൾ.

ജിഎംസി സ്റ്റേഡിയം, തിലക് മൈതാൻ സ്റ്റേഡിയം, ഫറ്റോർഡ സ്റ്റേഡിയം എന്നി മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. രാത്രി 7.30നാണ് മത്സരങ്ങൾ. ചില ശനിയാഴ്ചകളിൽ രാത്രി 9:30 ന് മറ്റൊരു മത്സരം കൂടിയുണ്ടാകും. ആകെ 11 ടീമുകളാണ് ടീമുകളാണ് ഈ തവണ ഏറ്റുമുട്ടുന്നത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടം 2022 ജനുവരി ഒമ്പത് വരെ നീണ്ടുനിൽക്കുന്നതാണ്. മുംബൈ ആണ് നിലവിലെ ചാമ്പ്യന്മാർ.

ഇന്ത്യൻ കളിക്കാർക്ക്‌ കൂടുതൽ അവസരം നൽകുന്ന തരത്തിലാണ് ഇത്തവണത്തെ ഐഎസ്എൽ വിദേശതാരനയം. കളത്തിൽ നാല്‌ വിദേശതാരങ്ങളേ മാത്രമേ ഒരുസമയം കളിപ്പിക്കാനാകൂ. ഒരു ഏഷ്യൻ താരം ഉണ്ടായിരിക്കണമെന്നുമുണ്ട്.

ബ്ലാസ്‌റ്റേഴ്‌സിനും എടികെ മോഹൻ ബഗാനും പുറമെ, മുംബൈ സിറ്റി എഫ്സി, ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഹൈദരാബാദ്‌ എഫ്‌സി, എഫ്‌സി ഗോവ, നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌, ഒഡിഷ എഫ്‌സി, ഈസ്റ്റ്‌ ബംഗാൾ, ജംഷഡ്പുർ എഫ്‌സി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.


പുതിയ ബ്ലാസ്റ്റേഴ്സ്

പുതിയ പരിശീലകൻ, പുതിയ വിദേശതാരങ്ങൾ, ഒപ്പം മികച്ച യുവസംഘം. എട്ടാം സീസണിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷവെക്കാനുള്ള ടീമുണ്ട്. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ ഇഷ്ടശൈലി 4-2-3-1 ആണെങ്കിലും രണ്ടു വിദേശതാരങ്ങളെ മുന്നേറ്റത്തിലിറക്കി 4-4-2 ഫോർമേഷനിൽ കളിക്കാൻ സാധ്യത കൂടുതലാണ്. അർജന്റീനക്കാരൻ യോർഗെ ഡയസും സ്പാനിഷ് താരം അൽവാരോ വാസ്ക്വസും മുന്നേറ്റത്തിലും മധ്യനിരയിൽ യുറഗ്വായ് താരം അഡ്രിയൻ ലുണയും ഇറങ്ങും. അവശേഷിക്കുന്ന വിദേശക്വാട്ടയിൽ പ്രതിരോധനിരക്കാരൻ മാർക്കോ ലെസ്കോവിച്ചാകും. മലയാളികളായ സഹൽ അബ്ദുസമദിനും കെ.പി. രാഹുലിനും ആദ്യ ഇലവനിൽ ഇടംലഭിക്കും.

കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകൻ ഇവാൻ വുകാമനോവിച്ചിനു കീഴിൽ കന്നിക്കിരീടം തേടിയാകും ഇത്തവണ ഇറങ്ങുക. ആഡ്രിയാൻ ലൂണ, ജോർജ്‌ പെരേര ഡയസ്‌, എനെസ്‌ സിപോവിച്ച്‌, മാർകോ ലെസ്‌കോവിച്ച്‌, അൽവാരോ വാസ്‌ക്വസ്‌, ചെഞ്ചൊ എന്നീ വിദേശ കളിക്കാരുടെ കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഗോവക്കാരൻ ജെസെൽ കർണെയ്‌റോയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്‌റ്റൻ.

എടികെ ബഗാനെതിരെ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ടാവില്ല. രണ്ടു തവണ ഐഎസ്എൽ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിരീട മോഹത്തിന് മങ്ങലേല്പിച്ച ടീമാണ് കൊൽക്കത്ത. അതുകൊണ്ടു തന്നെ നാളത്തെ പോരാട്ടം കനക്കും.

എന്നാൽ പരിചയസമ്പന്നനായ അന്റോണിയോ ഹബാസിന്റെ കീഴിൽ ഇറങ്ങുന്ന എടികെക്ക് കണക്കുകളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ ചെറിയ മുൻതൂക്കമുണ്ട്. 14 കളികളിൽ അഞ്ച് ജയം കൊൽക്കത്ത നേടിയപ്പോൾ നാലെണ്ണമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. അഞ്ച് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

പുതിയ താരങ്ങൾ എല്ലാം കളം നിറയുകയും ഇവാൻ വുകാമനോവിച്ചിന്റെ തന്ത്രങ്ങൾ വിജയിക്കുകയും ചെയ്താൽ കഴിഞ്ഞ സീസോണുകളുടെ ക്ഷീണം ബ്ലാസ്റ്റേഴ്സിന് മാറ്റാനാകും.


കരുത്തോടെ എ.ടി.കെ.

കഴിഞ്ഞ രണ്ടു സീസണുകളിലായി ഒരുമിച്ചു കളിക്കുന്ന കളിക്കാരാണ് കൊൽക്കത്ത ടീമിന്റെ ശക്തി. പരിചയസമ്പന്നനായ പരിശീലകൻ അന്റോണിയോ ഹെബാസിന് മികച്ച ടീമിനെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. നായകൻ റോയ് കൃഷ്ണ-ഡേവിഡ് വില്യംസ്-മൻവീർ സിങ് ത്രയം കളിക്കുന്ന മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞസീസണിൽ മൂവർസംഘം 26 ഗോൾ നേടി. മധ്യനിരയിലേക്ക് ഫ്രഞ്ച് താരം ഹ്യൂഗോ ബൗമാസിന്റെ വരവ് ടീമിന്റെ ശക്തികൂട്ടി. ടിറിയും കാൾ മക്ഹോയും അണിനിരക്കുന്ന പ്രതിരോധവും ശക്തം.

സാധ്യതാ ടീം: ബ്ലാസ്റ്റേഴ്സ് - ആൽബിനോ ഗോമസ്, ഹർമൻ ജ്യോത് ഖബ്ര, ലെസ്കോവിച്ച്, അബ്ദുൾ ഹക്കു, ജെസെൽ കാർനെയ്റോ, കെ.പി. രാഹുൽ, ജീക്സൻ സിങ്, സഹൽ, അഡ്രിയൻ ലൂണ, യോർഗെ ഡയസ്, അൽവാരോ വാസ്ക്വസ്

എ.ടി.കെ. - അമരീന്ദർ സീങ്, പ്രീതം കോട്ടാൽ, മക്ഹോ, സുഭാശിഷ് ബോസ്, മൻവീർ, ലെന്നി റോഡ്രിഗസ്, ദീപക് ടാഗ്രി, മൈക്കൽ സൂസെരാജ്, ബൗമാസ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.

ഒരു ഗോൾ 14 മരങ്ങൾ

കോഴിക്കോട്: ഇത്തവണ ബ്ലാസ്റ്റേഴ്സ് ഗോൾ നേടുമ്പോൾ ആരാധകർക്കു മാത്രമല്ല പരിസ്ഥിതിയെ സ്നേഹിക്കുന്നവർക്കെല്ലാം അതിൽ ആഹ്ലാദിക്കാൻ കാരണമുണ്ട്. ഇക്കുറി കേരള ക്ലബ്ബ് നേടുന്ന ഓരോ ഗോളിനും കേരളത്തിൽ 14 വൃക്ഷത്തൈകളാണ് നടാൻ പോകുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയാണ് വ്യത്യസ്തമായ ഗോൾ ആഘോഷം സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് മഞ്ഞപ്പട സംസ്ഥാന കമ്മിറ്റി അംഗം പ്രണവ് ഇളയാട്ട് പറഞ്ഞു.

ഓരോ ഗോളിനും ഓരോ ജില്ലയിലും ഒരു വൃക്ഷത്തൈ നടും. മഞ്ഞപ്പടയുടെ ജില്ലാതല കൂട്ടായ്മകൾക്കാണ് ഇതിന്റെ ചുമതല. പൊതുസ്ഥലങ്ങളിൽ നടുന്നതിന് പ്രധാന്യം നൽകും. കളിയിൽ ടീം കൂടുതൽ ഗോളുകൾ നേടുന്നതിനനുസരിച്ച് തൈകളുടെ എണ്ണവും കൂടും.

ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ഗോൾ ആഘോഷത്തെ പ്രകൃതിസ്നേഹവുമായി ചേർത്തുവെക്കുന്ന മാതൃക അധികമൊന്നുമില്ല. മഞ്ഞപ്പടയുടെ തീരുമാനത്തിന് ക്ലബ്ബും സൂപ്പർ ലീഗും മികച്ച പിന്തുണനൽകുന്നു.


Post a Comment

0 Comments