അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് 145 രൂപയാണ് റബ്ബറിനു വില. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനു പുറമെ കോവിഡ് കാരണം ഇറക്കുമതി നടക്കാത്തതുമാണ് ഇവിടെ റബ്ബർ വില ഉയർന്നു നിൽക്കുന്നതിന് കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി റബ്ബർ വിലയിൽ വർധന രേഖപ്പെടുത്തുന്നുണ്ട്-മാത്യു കൂട്ടിച്ചേർത്തു.
തോരാതെ പെയ്യുന്ന മഴയും ചോർച്ചയും കാരണം പ്ലാസ്റ്റിക് ഇട്ടവർക്കു പോലും ഈ വർഷം നന്നായി ഉത്പാദനം നടത്താൻ കഴിഞ്ഞിട്ടില്ല. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ റബ്ബർ ഉത്പാദനത്തിന്റെ താളം തെറ്റിക്കുകയാണ്. മറ്റ് വരുമാന മാർഗങ്ങളില്ലാത്ത കർഷകരെ വലിയതോതിലാണ് ഇത് ബാധിച്ചിരിക്കുന്നത്.
മഴക്കാലം തുടങ്ങുന്നതിന് മുൻപ്, മേയ് മാസം അവസാനത്തോടെ പ്ലാസ്റ്റിക് ഇട്ടിരുന്നു. എന്നാൽ, ഇപ്പോൾ അതെല്ലാം വിട്ടിലും മറ്റും മുറിച്ചു കളഞ്ഞിരിക്കുകയാണ്. ഇപ്പോൾ പെയ്യുന്ന ശക്തമായ മഴയിൽ റബ്ബർ വെട്ടാനേ കഴിയുന്നില്ല. തോരാതെ പെയ്യുന്ന മഴയിൽ സ്വതവേ റബ്ബർ വെട്ടുന്നത് ദുഷ്കരമാണ്. പ്ലാസ്റ്റിക് ഇട്ട് റബ്ബർ വെട്ടുമ്പോൾ പട്ട മരവിപ്പ് പോലുള്ള രോഗങ്ങൾ ഏറും, റബ്ബർ കർഷകനായ വാണിയപ്പുരയ്ക്കൽ തോമസ് പറഞ്ഞു.
പ്ലാസ്റ്റിക് ഇടാത്തതിനാൽ വലിയ മഴ കഴിഞ്ഞ് ചിങ്ങമാസം ആകുന്നതോടെ റബ്ബർ തെളിക്കാമെന്ന് കരുതിയതാണ്. എന്നാൽ, ഇതുവരെയും മഴ തീരാത്തതു കാരണം ഉത്പാദനം തുടങ്ങിയിട്ടില്ല. നവംബർ കഴിയാറായി. ഏറ്റവും കൂടുതൽ പാൽ കിട്ടുന്ന സമയമാണിത്. കുറച്ച് ആഴ്ചകൾ കൂടി കഴിഞ്ഞാൽ റബ്ബറിന്റെ ഇല പൊഴിയുകയും പാലുത്പാദനം വീണ്ടും കുറയുകയും ചെയ്യും. ജനുവരിയാകുന്നതോടെ കാറ്റും തുടങ്ങും. ചുരുക്കത്തിൽ ഈ സീസണിലെ ഉത്പാദനം നടക്കുകയേ ഇല്ല, റബ്ബർ കർഷകനായ മാടപ്പാട്ട് അബ്രാഹം പറഞ്ഞു.
0 Comments