Ticker

6/recent/ticker-posts

Header Ads Widget

ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി വിദേശ തീർഥാടകർക്ക് ഉംറ അനുമതി നേരിട്ടെടുക്കാം.

വിദേശ തീർഥാടകർക്ക് ഇനി മുതൽ ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും മദീനയിലെ റൗദ സന്ദർശനത്തിനും സ്വന്തം നിലക്ക് അനുമതി തേടാമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്‍റ്​ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി സഹകരിച്ച് ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴിയാണ് പുതിയ സേവനം മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വദേശത്ത് നിന്നും സ്വീകരിക്കുകയും ശേഷം ബന്ധപ്പെട്ട വിവരങ്ങൾ ഖുദൂം പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യുകയും വേണം.

ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കി സൗദിയിലെത്തിയ ശേഷം തീർഥാടകർക്ക് സ്വന്തം നിലക്ക് ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറാമിലെ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും മസ്ജിദുന്നബവിയിൽ പ്രവാചക റൗദ സന്ദർശനം നടത്താനും ആവശ്യമായ പെർമിറ്റുകൾ ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി നേടിയെടുക്കാം.

നേരത്തെ വിദേശ തീർഥാടകർക്ക് മൊബൈൽ ആപ്പുകൾ മുഖേന ഉംറ പെർമിറ്റുകൾ ലഭ്യമാക്കിയിരുന്നത് വിവിധ ഉംറ സർവീസ് കമ്പനികളും ഹോട്ടലുകളും വഴിയായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം ഇത്തരം പെർമിറ്റുകൾ നേടിയെടുക്കാൻ തീർഥാടകർക്ക് സ്വന്തം നിലക്ക് സാധ്യമാണ്​.

പുതിയ സേവനങ്ങൾ ലഭിക്കുന്നതിനായി ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ ഉപയോഗിക്കുന്നവർ ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ, ആപ്പ് ഗ്യാലറി, ഗാലക്‌സി സ്റ്റോർ എന്നിവ വഴി മൊബൈൽ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments