Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ഗൾഫ് വാർത്തകൾ

🇸🇦വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം: പെർമിറ്റുകൾ പതിനെട്ട് മുതൽ അമ്പത് വയസ് വരെയുള്ളവർക്ക് മാത്രമായി നിജപ്പെടുത്തി.

✒️സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി പത്രം ലഭിക്കാൻ നിശ്ചയിച്ച പ്രായം 18നും 50നും ഇടയിലുമാണെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരാൻ ഉംറ വിസ ലഭിക്കണമെങ്കിൽ അതത് രാജ്യങ്ങളിലെ ഔദ്യോഗിക ട്രാവൽ ഏജൻസികളെ ബന്ധപ്പെടണം. ഈ ഏജൻസികൾക്ക് സൗദിയിലെ ഉംറ കമ്പനികളുമായി കരാറുണ്ടാവണം. യാത്ര ചെയ്യുന്നതിന് മുമ്പ് അംഗീകൃത കോവിഡ് വാക്സിന്റെ ഡോസുകൾ പൂർത്തിയാക്കിയിരിക്കണം. കൂടാതെ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഔദ്യോഗിക രേഖകൾ സമർപ്പിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്നവർക്ക് ഇഅ്തമർന, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും നേരിട്ട് പെർമിറ്റ് നൽകുന്ന സേവനം കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഖുദൂം’ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തുവേണം രാജ്യത്തേക്ക് വരാൻ. ഇവിടെ എത്തിയതിന് ശേഷം നേരിട്ട് പെർമിറ്റ് ലഭിക്കുന്ന സേവനം ലഭ്യമാകും. പുതിയ സേവനത്തിന് ഇഅ്തമർന, തവക്കൽനാ ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മക്ക മസ്ജിദുൽ ഹറാമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീർഥാടകരും പെർമിറ്റ് നേടണം. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൂടെ കൊണ്ടുവരരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 12 വയസിന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്ക് മാത്രമേ ഉംറക്ക് പെർമിറ്റ് ലഭിക്കൂ. ഇവർ രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തിരിക്കണം.

🇸🇦പ്രവാസികളുടെ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കും.

✒️സൗദി അറേബ്യയിൽ വിദേശികൾക്ക് നിർബന്ധമായ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് അനുമതി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗ്യതാ പരീക്ഷ വിജയിക്കാത്തവർക്ക് സൗദിയിൽ ജോലി ചെയ്യാനാകില്ല. 

സാങ്കേതികവും പ്രത്യേക കഴിവുകൾ ആവശ്യമായതുമായ മേഖലയിലാണ് സൗദി തൊഴിൽ യോഗ്യതാ പരീക്ഷ തുടങ്ങിയത്. വിദേശത്ത് നിന്നുള്ളവർക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും. ഇത് അനുവദിക്കുന്നതിനുളള സ്ഥിരം അക്രഡിറ്റേഷൻ കമ്മിറ്റിക്കാണ് മന്ത്രിസഭയുടെ അനുമതി. ഈ കമ്മിറ്റിയാകും ഓരോ രാജ്യത്തും വേണ്ട പരീക്ഷാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുക. വിസ ലഭിക്കാൻ ഈ പരീക്ഷ പാസാകേണ്ടി വരും. 

നിലവിൽ സൗദിയിലുള്ളവർക്കാണ് ഈ പരീക്ഷ. ഓൺലൈനായും പ്രാക്ടിക്കലായും പരീക്ഷയുണ്ടാകും. ഇത് പാസാകുന്നവർക്കേ ജോലിയിൽ തുടരാനാകൂ. മൂന്ന് തവണയാണ് അവസരമുണ്ടാവുക. ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്‌നിക്കൽ ആന്റ് വൊക്കേഷണൽ ട്രെയിനിങ്ങിന്റെ മേൽനോട്ടത്തിലാണ് പരീക്ഷ. ആറിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരീക്ഷ നവംബർ മൂന്നിന് തുടങ്ങിയിരുന്നു. 

ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നടപ്പാക്കും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെക്കാനിക്, ഐ.ടി, ടെക്‌നീഷ്യൻ, കലാകാരന്മാർ തുടങ്ങി ആയിരത്തിലേറെ തസ്തികകൾക്ക് പരീക്ഷ ബാധകമാണ്.

🛫പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാനായി നിയമിതനായി.

✒️നോര്‍ക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന്‍ നിയമിതനായി. 2016 മുതല്‍ 2021 വരെ കേരള നിയമസഭാ സ്‍പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി മലയാളികള്‍ക്കായി ലോക കേരള സഭ എന്ന പൊതുവേദി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 

പതിനാലാം കേരള നിയമസഭ സ്‍പീക്കര്‍ എന്ന നിലയില്‍ പല മാറ്റങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. പി.ശ്രീരാമകൃഷ്ണന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ നൂനതനവും ക്രിയാത്മകവുമായ പല നടപടികളും ദേശീയ അംഗീകാരം നേടുകയുണ്ടായി. ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിയമനിര്‍മാണ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ജനകീയ ഇടപെടല്‍ സാധ്യമാക്കാനുമുള്ള നിരവധി ഉദ്യമങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. 

ലോകകേരള സഭ, ഇ-വിധാന്‍ സഭ, സമ്പൂര്‍ണ കടലാസുരഹിത വിധാന്‍ സഭ, സെന്റര്‍ ഫോര്‍ പാര്‍ലമെന്റ് സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ പരിഷ്‌കരണം, പുതിയ കോഴ്സുകള്‍, സ്‌കൂള്‍ ഓഫ് പോളീസിസ്, ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പുതിയ പദ്ധതി, ആയിരം ഭരണഘടനാ ക്ലാസ്സുകള്‍, സാക്ഷരതാ മിഷനുമായി ചേര്‍ന്നുള്ള വിവിധ പരിപാടികള്‍ തുടങ്ങിയവ പരിഗണിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‍പീക്കര്‍ക്കുള്ള അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. മുന്‍ ലോക്സഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായിട്ടുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ഇതിനു പുറമെ ഈ മേഖലയില്‍ മറ്റ് മൂന്ന് ദേശീയ അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി. നിയമങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പരിശോധിക്കാനുമുള്ള വേദിയായി സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ രാഷ്ട്രപതി സംബന്ധിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞടുത്ത കാമ്പസുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പ്രതിനിധികളായെത്തി. അതിന്റെ ഭാഗമായി നിശാഗന്ധിയില്‍ നടന്ന സിംഫണി ഫോണ്‍ ഹാര്‍മണി എന്ന പരിപാടി ഏറെ ശ്രദ്ധേയമായി. 


പതിമൂന്നാം കേരള നിയമസഭയില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് അദ്ദേഹം ആദ്യമായി സാമാജികനായത്. കേരളാ സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കുകയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. മൂവായിരത്തിലധികം യുവജനക്ലബ്ബുകള്‍, യൂത്ത് ബ്രിഗേഡ് തുടങ്ങിയവ സംഘടിപ്പിച്ചു. രാജ്യത്താദ്യമായി കേരള യൂത്ത് ഫോറം തിരുവനന്തപുരത്തും മലപ്പുറത്തുമായി സംഘടിപ്പിക്കാനും അദ്ദേഹം മുന്‍കയ്യെടുത്തു.  

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ (ഡബ്ല്യൂ.എഫ്.ഡി.വൈ) ഏഷ്യാ പെസഫിക് കോ-ഓഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ഡി.വൈ.എഫ്.ഐ മുഖപത്രമായ യുവധാരയുടെ മാനേജിംഗ് എഡിറ്ററായിരുന്നു.

🕋മക്ക പള്ളിയിലെ തിരക്ക് മുൻകുട്ടി അറിഞ്ഞ് ഉംറ ബുക്കിങ് നടത്താൻ സംവിധാനം.

✒️ഉംറ പെർമിറ്റിന് (Umrah permit) അപേക്ഷിക്കുമ്പോൾ മക്ക ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ സംവിധാനം. തവക്കൽന (tawakkalna), ഇഅ്തമർന (eatmarna) എന്നീ ആപ്പുകൾ അപ്ഡേറ്റ് ചെയ്താൽ ഇതിനുള്ള സേവനം അവയിൽ കാണാൻ കഴിയും. ഈ ആപ്പുകൾ വഴി ഉംറ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ഈ പുതിയ സേവനം ലഭ്യമാകും. 

തിരക്ക് കുറഞ്ഞ ദിവസവും സമയവും മുൻകൂട്ടി അറിഞ്ഞ് ഇഷ്ടമുള്ള തീയതിയിലും സമയത്തിലും അനുമതി കിട്ടാൻ ഈ ആപ്പുകളിലൂടെ അപേക്ഷിക്കാൻ കഴിയും. ഹറമിലെ തിരക്ക് അനുസരിച്ച് ആപ്പുകളിലെ കലണ്ടറിൽ ദിവസങ്ങൾ വിവിധ നിറത്തിൽ കാണപ്പെടും. ചാര നിറത്തിൽ കാണുന്ന ദിവസം ഉംറയ്ക്ക് അനുമതിയില്ല എന്നാണർഥം. പച്ച നിറം നേരിയ തിരക്കുണ്ടെന്നും മഞ്ഞ നിറം മിതമായ തിരക്കാണെന്നും ചുവപ്പ് നിറം കടുത്ത തിരക്കാണെന്നുമാണ് സൂചിപ്പിക്കുന്നത്. അതുപോലെ ഒരു ദിവസം പല സയമങ്ങളായി തിരിച്ച് അതിനെയും തിരക്ക് അനുസരിച്ച് പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കും. പച്ച നിറം നേരിയ തിരക്കാണെന്നും മഞ്ഞ നിറം മിതമായ തിരക്കാണെന്നും ചുവപ്പ് നിറം കടുത്ത തിരക്കാണെന്നുമാണ് സൂചിപ്പിക്കുന്നത്.

🇦🇪യുഎഇയിലെ പുതിയ തൊഴില്‍ നിയമം പ്രവാസി അനുകൂലം; വ്യവസ്ഥകള്‍ അറിയാം.

✒️യുഎഇ ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം പ്രവാസികള്‍ക്ക്് അനുകൂലമെന്ന് നിരീക്ഷണം. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പുതിയ അവധി ദിവസങ്ങള്‍ അവതരിപ്പിക്കുന്നതുമാണ് തൊഴില്‍ നിയമത്തിലെ പ്രധാന നിബന്ധനകള്‍. അതേ സമയം, സ്വകാര്യമേഖലയില്‍ പാര്‍ട്ട് ടൈം, താല്‍ക്കാലിക ജോലികളില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനെക്കുറിച്ച് ആശങ്കകളും ഉയരുന്നുണ്ട്.

പുതിയ തൊഴില്‍ നിയമ ഉത്തരവ് സ്വകാര്യ മേഖലയില്‍ 2022 ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴില്‍ നിയമം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.

1. കൂടുതല്‍ അവധികള്‍

പുതിയ നിയമമനുസരിച്ച്, ജോലി ചെയ്യുന്ന പിതാക്കന്മാര്‍ക്ക് കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് ഒരേസമയം ആറുമാസം അല്ലെങ്കില്‍ ഇടയ്ക്കിടെ എടുക്കുന്ന അഞ്ച് ദിവസത്തെ പിതൃത്വ അവധി ലഭിക്കും. അമ്മമാര്‍ക്ക് പൂര്‍ണ്ണമായി ശമ്പളമുള്ള 45 ദിവസത്തെ പ്രസവാവധി ഇപ്പോള്‍ തന്നെയുണ്ട്. അതിന് പുറമെ പുതിയ നിയമപ്രകാരം പകുതി വേതനത്തില്‍, 15 ദിവസത്തേക്ക് കൂടി അവധിയെടുക്കാം. പ്രസവാവധി അവസാനിച്ചുകഴിഞ്ഞാല്‍ അമ്മമാര്‍ ജോലിയിലേക്ക് മടങ്ങാന്‍ തയ്യാറല്ലെങ്കില്‍, തങ്ങളെയോ അവരുടെ കുഞ്ഞിനെയോ പരിപാലിക്കുന്നതിനായി അവര്‍ക്ക് അധിക ശമ്പളമില്ലാത്ത 45 ദിവസങ്ങള്‍ക്കൂടി അവധിക്ക് അര്‍ഹതയുണ്ട്.

കുഞ്ഞ് ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തോടെയാണ് ജനിച്ചതെങ്കില്‍, അടിസ്ഥാന പ്രസവാവധിക്ക് പുറമെ അമ്മയ്ക്ക് 30 ദിവസത്തെ പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധി കൂടി ലഭിക്കും. ഈ അവധി ശമ്പളമില്ലാതെ മറ്റൊരു 30 ദിവസത്തേക്ക് നീട്ടാവുന്നതാണ്. ജീവിതപങ്കാളിയുടെ മരണത്തില്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധിയും മാതാപിതാക്കളുടെയോ കുട്ടിയോ സഹോദരന്റെയോ പേരക്കുട്ടിയുടെയോ മുത്തശ്ശിയുടെയോ മരണത്തില്‍ മൂന്ന് ദിവസത്തെയും അവധിയും ലഭിക്കും. ഒരു തൊഴിലുടമയ്ക്ക് കീഴില്‍ 10 പൂര്‍ത്തിയാക്കിയ ശേഷം, തൊഴിലാളികള്‍ യുഎഇയിലെ അംഗീകൃത സ്ഥാപനത്തില്‍ ചേര്‍ന്നാല്‍ 10 ദിവസത്തെ പഠന അവധിക്ക് അര്‍ഹതയുണ്ട്.

2. ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി

ജീവനക്കാര്‍ക്ക് ഒന്നിലധികം തൊഴിലുടമകള്‍ക്കായി ഒരു പ്രോജക്റ്റിലോ മണിക്കൂര്‍ അടിസ്ഥാനത്തിലോ പ്രവര്‍ത്തിക്കാന്‍ സാധിക്കും. സാധാരണ മുഴുവന്‍ സമയ സ്‌കീമിന് പുറമെ പാര്‍ട്ട് ടൈം, താല്‍ക്കാലിക അല്ലെങ്കില്‍ ഫ്‌ളെക്‌സിബിള്‍ കരാറുകളും നിയമം അവതരിപ്പിക്കുന്നു. പാര്‍ട്ട് ടൈം ജോലി ജീവനക്കാരെ ഒന്നോ അതിലധികമോ തൊഴിലുടമകള്‍ക്ക് ജോലിക്കായി ഷെഡ്യൂള്‍ ചെയ്യുകയും നിശ്ചിത മണിക്കൂറുകളോ ദിവസങ്ങളോ ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതേസമയം താല്‍ക്കാലിക ജോലി ഒരു നിശ്ചിത കാലയളവിലേക്കോ ഒരു പ്രത്യേക പ്രോജക്റ്റിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും.

ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് തൊഴില്‍ വിപണിയില്‍ നിലവിലുള്ള മുഴുവന്‍ സമയ ജോലിക്ക് പുറമേ, ജോലിയുടെ വ്യവസ്ഥകളും ആവശ്യകതകളും അനുസരിച്ച് വ്യത്യസ്ത സമയങ്ങളില്‍ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് നല്‍കുന്നു. ഇതിന് പുറമെ സ്വയം തൊഴില്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മാതൃകകള്‍ അവതരിപ്പിക്കും.

3. പ്രൊബേഷന്‍ നിയമങ്ങള്‍

പ്രൊബേഷന്‍ കാലയളവ് ആറ് മാസമായി തുടരും. എന്നാല്‍ പുതിയ നിയമപ്രകാരം, ജീവനക്കാരനെ പിരിച്ചുവിടുന്നതിന് മുമ്പ് തൊഴിലുടമകള്‍ 14 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് സമര്‍പ്പിക്കേണ്ടതുണ്ട്. മുമ്പ്, പ്രൊബേഷന്‍ സമയത്ത് തൊഴില്‍ അവസാനിപ്പിക്കുന്നത് ഉടനടി പ്രാബല്യത്തില്‍ വന്നിരുന്നു.
പ്രൊബേഷന്‍ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ ഒരു മാസത്തെ നോട്ടീസ് പീരിഡില്‍ പ്രവര്‍ത്തിക്കണം. പ്രൊബേഷന്‍ കാലയളവില്‍ രാജ്യം വിടണമെങ്കില്‍ 14 ദിവസത്തെ നോട്ടീസാണ് സമര്‍പ്പിക്കേണ്ടത്. ഏതെങ്കിലും കക്ഷികള്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍, ലംഘനം നടത്തുന്ന കക്ഷി, ബാക്കിയുള്ള നോട്ടീസ് കാലയളവിലെ പതിവ് പ്രവൃത്തി ദിവസങ്ങള്‍ക്ക് തുല്യമായ വേതനം മറ്റേയാള്‍ക്ക് സാമ്പത്തികമായി നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.

4. പരിധിയില്ലാത്ത കരാറുകള്‍ നീക്കംചെയ്യല്‍

അടുത്ത വര്‍ഷം മുതല്‍, തൊഴിലുടമകള്‍ക്ക് പരിമിതമായ (നിശ്ചിത-കാല) കരാറുകള്‍ മാത്രമേ നല്‍കാനാവൂ. ഓരോ മൂന്ന് വര്‍ഷത്തിലും പുതുക്കാവുന്ന, അല്ലെങ്കില്‍ കുറഞ്ഞ കാലയളവിലേക്കുള്ള കരാറുകളായിരിക്കും നല്‍കേണ്ടത്. അണ്‍ലിമിറ്റഡ് കരാറുകള്‍ നീക്കം ചെയ്യുന്നത് രാജ്യത്തുടനീളമുള്ള സേവനത്തിന്റെ ആനുകൂല്യങ്ങളും മറ്റ് അവകാശങ്ങളും ഏകീകരിക്കാന്‍ സഹായിക്കുന്നു.

5. മിനിമം വേതനം

പുതിയ നിയമം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുന്നു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുഎഇ കാബിനറ്റ് മിനിമം വേതനം നിശ്ചയിക്കും.

6. തൊഴിലാളിയുടെ മരണം സംഭവിച്ചാല്‍

ഒരു തൊഴിലാളിയുടെ മരണം സംഭവിച്ചാല്‍, കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം തൊഴിലുടമ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കണം. തൊഴിലാളി മരിച്ച് 10 ദിവസത്തിനകം തൊഴിലാളിയുടെ വേതനം, അവകാശങ്ങള്‍, മറ്റ് ചെലവുകള്‍ എന്നിവയും തൊഴിലുടമ കുടുംബത്തിന് നല്‍കണം.

7. ജോലി ഉപേക്ഷിച്ചതിന് ശേഷവും രാജ്യത്ത് തുടരാനുള്ള അവകാശം

തൊഴില്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷമോ അല്ലെങ്കില്‍ കരാര്‍ അവസാനിപ്പിച്ചതിന് ശേഷമോ ജീവനക്കാരെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് തൊഴിലുടമയെ നിരോധിക്കുന്നു. പുതിയ നിയമമനുസരിച്ച്, തൊഴിലാളികള്‍ക്ക് പുതിയ തൊഴിലുടമയിലേക്ക് മാറാനും തൊഴില്‍ വിപണിയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനും അനുവാദമുണ്ട്. പുതിയ നിയമപ്രകാരം, ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ തൊഴിലുടമകള്‍ക്ക് കണ്ടുകെട്ടാന്‍ കഴിയില്ല.

8. വിവേചനത്തിനും ഉപദ്രവത്തിനും എതിരായ വ്യവസ്ഥകള്‍

പുതിയ നിയമപ്രകാരം, ലിംഗഭേദം, വംശം, നിറം, ദേശീയത, മതം, സാമൂഹിക ഉത്ഭവം അല്ലെങ്കില്‍ വൈകല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിക്കാനോ നിയമനത്തില്‍ നിന്ന് ഒഴിവാക്കാനോ പാടില്ല. തൊഴില്‍ദാതാക്കള്‍, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നുള്ള ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, വാക്കാലുള്ളതോ ശാരീരികമോ വൈകാരികമോ ആയ ദുരുപയോഗം എന്നിവയ്ക്കെതിരെയും നിയമം ജീവനക്കാരെ സംരക്ഷിക്കുന്നു.

9. സ്ത്രീ ശാക്തീകരണം

ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് തുല്യ മൂല്യമുള്ള മറ്റ് ജോലികള്‍ക്കും തുല്യമായ വേതനവും നിയമം ഉറപ്പ് വരുത്തുന്നു. ജോലിയുടെ മൂല്യം പിന്നീട് മന്ത്രിസഭ തീരുമാനിക്കും.

10. ജുഡീഷ്യല്‍ ഫീസ് ഇളവുകള്‍

100,000 ദിര്‍ഹത്തില്‍ കവിയാത്ത വേതനമുള്ള തൊഴിലാളികളോ അവരുടെ അനന്തരാവകാശികളോ ഫയല്‍ ചെയ്യുന്ന നിയമ വ്യവഹാരം, അപേക്ഷകള്‍ എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും ജുഡീഷ്യല്‍ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് തൊഴിലാളികളെ ഈ നിയമം ഒഴിവാക്കുന്നു.

🇶🇦ഖത്തറില്‍ ഇനി ഉല്ലാസം കടലോളം; നിരവധി ബീച്ചുകള്‍ ഒരുങ്ങുന്നു.

✒️ഖത്തറില്‍ വിനോദത്തിനായി നിരവധി പുതിയ ബീച്ചുകള്‍ വികസിപ്പിക്കുന്നു. ഇവയില്‍ പലതും വരും ദിവസങ്ങളില്‍ തുറക്കുമെന്ന് ഖത്തറില്‍ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനു വേണ്ടിയുള്ള മേല്‍നോട്ട സമിതി പ്രഖ്യാപിച്ചു.

റാസ് അബൂ അബൂദ് സ്റ്റേഡിയത്തിന് സമീപം നിര്‍മിക്കുന്ന റാസ് അബൂ അബൂദ് ബീച്ച്, വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് തുടങ്ങിയവ പുതുതായി തുറക്കുന്നവയില്‍ പെടുമെന്ന് മേല്‍നോട്ട സമിതി പ്രൊജക്ട് മാനേജര്‍ എന്‍ജീനീയര്‍ ജാസിം അബ്ദുല്‍റഹ്‌മാന്‍ ഫക്‌റു പറഞ്ഞു.

റാസ് അബൂ അബൂദ് ബിച്ച് വിനോദ സഞ്ചാരികളുടെയും കുടുംബങ്ങളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വെസ്റ്റ്‌ബേ മെട്രോ സ്‌റ്റേഷനില്‍ നിന്ന് 10 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തുന്ന ദൂരത്തിലാണ് വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പദ്ധതി. നിരവധി ഷോപ്പിങ് ഔട്ട്‌ലെറ്റുകളും പാര്‍ക്കുകളും ഹോട്ടലുകളും ഇതിന് സമീപത്തായുണ്ട്.

ആദ്യ ഘട്ടത്തില്‍ വെസ്റ്റ്‌ബേയിലെ ഹോട്ടലുകള്‍ക്കു ചുറ്റുമായി ആറ് ബീച്ചുകളാണ് തുറക്കുന്നത്. രണ്ടാം ഘട്ടം പിന്നീട് പ്രഖ്യാപിക്കും.

Post a Comment

0 Comments