🇦🇪ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയിട്ട് വെറും രണ്ട് മാസം; പ്രവാസിക്ക് ഏഴ് കോടി രൂപയുടെ സമ്മാനം.
✒️ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍(Dubai Duty Free Millennium Millionaire )നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏഴ് കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈ വേള്‍ഡ് സെന്‍ട്രലിലെ(Dubai World Central) ദുബൈ എയര്‍ഷോ 2021ല്‍( Dubai Airshow 2021) വെച്ച് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരന്‍ റിയാന്‍ വല്‍ഡെയ്‌റോ വിജയിയായത്.
ഒക്ടോബര്‍ 27നാണ് സമ്മാനാര്‍ഹമായ 0274 എന്ന നമ്പരിലുള്ള ടിക്കറ്റ് റിയാന്‍ വാങ്ങിയത്. 20 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ് 46കാരനായ ഇയാള്‍. രണ്ട് മാസം മുമ്പാണ് ഇയാള്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്. സമ്മാനവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായി ജോലി ചെയ്യുകയാണ് റിയാന്‍. ഈ വിജയം തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് പറഞ്ഞ അദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിച്ചു.
സമ്മാനത്തുക കൊണ്ട് പാവപ്പെട്ട ചിലരെ സഹായിക്കുമെന്നും ഇന്ത്യയിലുള്ള കുടുംബത്തിനും രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഇത് വിനിയോഗിക്കുമെന്നും റിയാന്‍ പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ 10 ലക്ഷം ഡോളര്‍ സമ്മാനമായി നേടുന്ന 185-ാമത്തെ ഇന്ത്യക്കാരനാണ് റിയാന്‍.
🇸🇦സൗദിയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം.
✒️സൗദി അറേബ്യയില്‍(Saudi Arabia) 37 പേര്‍ക്ക് കൂടി കൊവിഡ് (covid 19)സ്ഥിരീകരിച്ചു. 44 പേര്‍ പുതുതായി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടെ 36,678 പി.സി.ആര്‍ പരിശോധനകള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,297 ആയി. ഇതില്‍ 5,37,373 പേരും സുഖം പ്രാപിച്ചു. ആകെ 8,818 പേര്‍ മരിച്ചു.
കൊവിഡ് ബാധിതരില്‍ 50 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,829,090 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,438,282 എണ്ണം ആദ്യ ഡോസ് ആണ്. 22,075,529 എണ്ണം സെക്കന്‍ഡ് ഡോസും. 1,711,805 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 315,279 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, മക്ക 2, ത്വാഇഫ് 2, ഖോബാര്‍ 2, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇦🇪Expo 2020|എക്‌സ്‌പോ 2020: ആറാഴ്ചയില്‍ 35 ലക്ഷം സന്ദര്‍ശകര്‍.
✒️എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) സന്ദര്‍ശക പ്രവാഹം തുടരുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ആഗോള മേള ആറാഴ്ച പിന്നിടുമ്പോള്‍ 35 ലക്ഷം സന്ദര്‍ശകരാണ് (visitors)എക്‌സ്‌പോയിലെത്തിയത്. നവംബര്‍ പകുതി വരെ സന്ദര്‍ശിച്ചവരുടെ എണ്ണം ദുബൈ മീഡിയ ഓഫീസ് (Dubai Media Office)തിങ്കളാഴ്ചയാണ് അറിയിച്ചത്.
കണക്കുകള്‍ പ്രകാരം 3,578,653 പേരാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. കൊറിയന്‍ പോപ് ഗായകരുടെയും ലെബനീസ് സൂപ്പര്‍ താരങ്ങളായ നാന്‍സി അജ്‌റാമിന്റെയും റാഗിബ് അലാമയുടെയും പ്രകടനങ്ങളുമാണ് കഴിഞ്ഞ ആഴ്ചയില്‍ എക്‌സ്‌പോയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ഉയര്‍ത്തിയത്. ടിക്കറ്റിന്റെ വില പകുതിയായി കുറച്ച നംവബറിലെ ഓഫര്‍ നിരവധി പേര്‍ പ്രയോജനപ്പെടുത്തുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റിന് ഓഫര്‍ ലഭിക്കുക.
ഈ ടിക്കറ്റിന് 45 ദിര്‍ഹമാണ് നിരക്ക്. വെള്ളി, ശനി ദിവസങ്ങളില്‍ ടിക്കറ്റിന് സാധാരണ നിരക്കായ 95 ദിര്‍ഹം തന്നെയാണ്. പകുതി നിരക്കില്‍ ലഭ്യമാക്കുന്ന നവംബര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 സ്മാര്‍ട്ട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ട്. ഇത്തരത്തില്‍ സ്മാര്‍ട്ട് ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വരി നില്‍ക്കാതെ പവലിയനുകളില്‍ പ്രവേശിക്കാം. ഈ ആഴ്ചയില്‍ എ ആര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ പ്രകടനം നടക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.
🇴🇲കൊവിഡ് വാക്‌സിന്‍: ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് സ്വീകരിച്ചു.
✒️കൊവിഡ് വാക്‌സിന്റെ(Covid vaccine) മൂന്നാം ഡോസ് (third dose)ഒമാന്‍ ആരോഗ്യമന്ത്രി (Oman Health Minister)ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി സ്വീകരിച്ചു. ഇതിനകം തന്നെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കി തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റി രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയിരുന്നു.
🇦🇪ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
✒️അജ്‍മാന് (Ajman) പിന്നാലെ ഷാര്‍ജയിലും (Sharjah) ട്രാഫിക് ഫൈനുകളില്‍ (Traffic fines) 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും (Impounding orders) ട്രാഫിക് പോയിന്റുകളും (traffic points) റദ്ദാക്കുകയും ചെയ്യും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ (UAE's golden jubilee celebrations) ഭാഗയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ അജ്‍മാനിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യമുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കാനും കഴിയും.
നവംബര്‍ 14ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചത്, ലൈസന്‍സില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ഷാസിയോ മാറ്റുന്നത് എന്നിവയ്ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
🇴🇲ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക് മാത്രം.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന 11 പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 3,04,441 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,864പേരും ഇതിനോടകം രോഗമുക്തരായി. ആകെ 4,113 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുള്ളത്. 98.5 ശതമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
രാജ്യത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 464 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 11 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
🇶🇦ദോഹ വിമാനത്താവളത്തില്‍ നഗ്നരാക്കി പരിശോധന; അധികൃതര്‍ക്കെതിരെ നിയമ നടപടിയുമായി സ്‍ത്രീകള്‍.
✒️ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ വെച്ച് നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നിയമനടപടിയുമായി ഓസ്‍ട്രേലിയന്‍ സ്വദേശിനികള്‍. 2020ല്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ നിന്ന് ഒരു നവജാത ശിശുവിനെ കണ്ടെടുത്തതിന് പിന്നാലെ കുട്ടിയുടെ അമ്മ ആരാണെന്ന് കണ്ടെത്താനായിരുന്നു അധികൃതര്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാ സ്‍ത്രീകളെയും ശാരീരിക പരിശോധനയ്‍ക്ക് വിധേയമാക്കിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ ഖത്തര്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും വിചാരണ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്താവളത്തിലെ ഒരു ജീവനക്കാരന് ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ അതിന് ശേഷം സംഭവത്തില്‍ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്ന് പരിശോധനയ്‍ക്ക് വിധേയരാകേണ്ടി വന്ന സ്‍ത്രീകളുടെ ആരോപണം.
അധികൃതരുടെ അനുമതിയോടെ നടത്തിയ അതിക്രമമായിരുന്നുവെന്ന് സ്‍ത്രീകള്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേയ്‍സ് വിമാനത്തില്‍ കയറി യാത്രയ്‍ക്ക് തയ്യാറായിരിക്കുകയായിരുന്ന സ്‍ത്രീകളെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറക്കുകയും വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളിലേക്ക് മാറ്റി നഴ്‍സുമാര്‍ ശാരീരിക പരിശോധന നടത്തുകയുമായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും അനുമതിയില്ലാതെയാണ് ശാരീരിക പരിശോധന നടത്തിയതെന്നും സ്‍ത്രീകള്‍ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ഭീതിജനകമായ ഒരു സംഭവമായിരുന്നു അതെന്നും സ്‍ത്രീകള്‍ ആരോപിച്ചു. പരിശോധനയ്‍ക്ക് ശേഷം സ്‍ത്രീകളെ തിരികെ വിമാനത്തില്‍ കയറ്റി യാത്ര ചെയ്യാന്‍ അനുവദിച്ചു. വിമാനം ഓസ്‍ട്രേലിയയില്‍ എത്തിയപ്പോള്‍ തന്നെ സ്‍ത്രീകളില്‍ പലരും പൊലീസില്‍ പരാതിപ്പെടുകയും ചെയ്‍തു.
സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനി ട്വിറ്ററിലൂടെ ഖേദം പ്രകടിപ്പിച്ചു. വനിതാ യാത്രക്കാരോടുണ്ടായത് ഒരിക്കലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയായിരുന്നുവെന്നും അത് ഖത്തറിന്റെ നിയമങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം ക്രിമിനല്‍ നിയമനടപടി ആരംഭിച്ച ഖത്തര്‍ അധികൃതര്‍ ഒരു വിമാനത്താവള ജീവനക്കാരന് ജയില്‍ ശിക്ഷയും വിധിച്ചു. സംഭവം അറബ് ലോകത്തും പുറത്തും വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്‍തിരുന്നു.
🇸🇦സൗദിയിൽ ലോകത്തിലെ ആദ്യത്തെ ‘ലാഭേച്ഛയില്ലാത്ത നഗരം’ സ്ഥാപിക്കുന്നു.
✒️സൗദി അറേബ്യയിൽ (Saudi Arabia) ലോകത്തിലെ ആദ്യത്തെ ‘ലാഭേച്ഛയില്ലാത്ത നഗരം’ (Non-profit city) സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (Mohammed bin Salman bin Abdulaziz Al Saud) പ്രഖ്യാപിച്ചു. ലാഭം ലക്ഷ്യമാക്കാതെയുള്ള, ലോകത്തിലെ ആദ്യത്തെ നോൺ പ്രോഫിറ്റ് സിറ്റിയാണ് തലസ്ഥാന നഗരമായ റിയാദിൽ സ്ഥാപിക്കുന്നത്.
റിയാദിലെ അർഗ ഡിസ്ട്രിക്റ്റിലാണ് ഈ സിറ്റി പദ്ധതി നടപ്പാക്കുന്നത്. യുവജനങ്ങൾക്കും സന്നദ്ധ വിഭാഗങ്ങൾക്കും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും വേണ്ടിയാണ് ഇങ്ങനെയൊരു നഗരം. യുവതി - യുവാക്കൾക്ക് തൊഴിലവസരങ്ങളും തൊഴിൽ പരിശീലന പരിപാടികളും നഗരം പ്രദാനം ചെയ്യും. നഗരത്തിന്റെ ഗുണഭോക്താക്കൾക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കും.
അക്കാദമികൾ, കോളജുകൾ, സ്കൂളുകൾ തുടങ്ങി വൈജ്ഞാനിക, വിദ്യാഭ്യാസ രംഗത്തെ ഉന്നതവും ഗുണമേന്മയുമുള്ള ലോകോത്തര സ്ഥാപനങ്ങൾ നഗരത്തിൽ സ്ഥാപിക്കപ്പെടും. കോൺഫ്രൻസ് ഹാൾ, സയൻസ് മ്യൂസിയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്കായുള്ള ശ്രമങ്ങൾ നടക്കുന്ന ‘നവീകരണ കേന്ദ്ര’വും നഗരത്തിലുണ്ടാകും. ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടും ഗാലറി, പെർഫോമിങ് ആർട്‌സ് തിയേറ്ററുകൾ, കളിസ്ഥലം, പാചക കളരി, പാർപ്പിട സമുച്ചയം എന്നിവയും നഗരത്തിലുണ്ടായിരിക്കും.
ലോകമെമ്പാടുമുള്ള സംരംഭകർക്ക് ഈ നഗരത്തിൽ പണം മുടക്കാൻ അവസരമുണ്ടാകും. ‘പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റ് സിറ്റി’ എന്നായിരിക്കും നഗരത്തിന്റെ പേര്. റിയാദ് നഗരത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന നീരൊഴുക്കുള്ള ഹരിത താഴ്‍വരയായ ‘വാദി ഹനീഫ’യോട് ചേർന്നുള്ള അർഗ ഡിസ്ട്രിക്റ്റിലാണ് 3.4 ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ നഗരം നിർമിക്കുന്നത്. നഗരത്തിലെ മൊത്തം പ്രദേശത്തിന്റെ 44 ശതമാനം തുറന്ന ഹരിത ഇടങ്ങളായിരിക്കും.
🇸🇦സൗദി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി പുതിയ സേവനം; പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കും.
✒️രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് ഒരു പുതിയ സേവനം ആരംഭിച്ചു. വിദേശത്ത് ഇരുന്ന് കൊണ്ട് നിക്ഷേപകർക്ക് സൗദി അറേബ്യയിൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ സേവനത്തിന് 2021 നവംബർ 15, തിങ്കളാഴ്ച്ചയാണ് മന്ത്രാലയം തുടക്കമിട്ടത്.
വിദേശ നിക്ഷേപകർക്ക് ഈ സേവനം പ്രയോജനപ്പെടുത്തികൊണ്ട് മൂന്ന് നടപടികളിലൂടെ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവരുമായി ചേർന്നാണ് ഈ പുതിയ സേവനം നടപ്പിലാക്കുന്നത്.
ഈ സേവനത്തിലൂടെ വിദേശ നിക്ഷേപകർക്കും, കമ്പനികൾക്കും സൗദിയിൽ വ്യവസായം ആരംഭിക്കുന്നതിനുള്ള ലൈസൻസുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമനടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് എളുപ്പത്തിൽ നേടുന്നതിന് അവസരം ലഭിക്കുന്നതാണ്. സൗദിയിലെ വാണിജ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഈ സേവനപ്രകാരം താഴെ പറയുന്ന നടപടികൾ പാലിച്ച് കൊണ്ട് വിദേശ നിക്ഷേപകർക്ക് സൗദിയിൽ വ്യവസായങ്ങൾ ആരംഭിക്കാവുന്നതാണ്:
ഇതിന്റെ നടപടിക്രമങ്ങളുടെ ആദ്യ പടിയായി നിക്ഷേപകർക്ക് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് കൊണ്ട് പുതിയ വ്യവസായം ആരംഭിക്കുന്നതിനുള്ള ‘New Establishment Contract Ratification Request’ ഫോം പൂരിപ്പിക്കാവുന്നതാണ്. ഈ നടപടി സൗദിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന വ്യവസായത്തിന്റെ കരാർ വ്യവസ്ഥകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും സൗദി എംബസിയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട അറ്റസ്റ്റേഷൻ ലഭിക്കുന്നതിനും സഹായിക്കുന്നതാണ്.
തുടർന്ന് നിക്ഷേപകർക്ക് തങ്ങളുടെ രാജ്യത്തെ സൗദി എംബസികളിൽ നിന്ന് സൗദി വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്ന യൂണിക് ഐഡി നേടാവുന്നതാണ്. ഇത് ഉപയോഗിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് ഇൻവെസ്റ്മെന്റിന്റെ വെബ്‌സൈറ്റിൽ നിന്ന് വ്യവസായ ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
തുടർന്ന് നിക്ഷേപകർക്ക് വാണിജ്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിൽ നിന്ന് പുതിയ വ്യവസായം ആരംഭിക്കുന്നതിനുള്ള കരാർ അംഗീകാരം നേടാവുന്നതും, കൊമ്മേർഷ്യൽ രെജിസ്റ്റർ നടപടികൾ പൂർത്തിയാക്കാവുന്നതുമാണ്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.investsaudi.sa/en/investor/guide എന്ന വിലാസത്തിൽ ലഭ്യമാണ്. ഈ സേവനം വിവിധ രാജ്യങ്ങളിലെ സൗദി എംബസികളിൽ ആരംഭിച്ചിട്ടുണ്ടെന്നും സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
🇴🇲ഒമാൻ: വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കമ്മിറ്റി.
✒️നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 നവംബർ 15, തിങ്കളാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദിയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം നിലവിൽ ആഗോളതലത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്നതായി അദ്ദേഹം അറിയിച്ചു. എന്നാൽ ഇക്കാര്യം കൊണ്ട് മാത്രം രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
COVID-19 സാഹചര്യങ്ങളനുസരിച്ച് രാജ്യങ്ങളെ റെഡ്, ഗ്രീൻ, യെല്ലോ എന്നിങ്ങനെ തരാം തിരിക്കുന്ന നടപടി ആവശ്യമെങ്കിൽ സുപ്രീം കമ്മിറ്റി തിരികെ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ഒരു ലോക്ക്ഡൌൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഒമാനിലെ കൊറോണാ വൈറസ് സാഹചര്യം ആശങ്കകൾക്ക് ഇടയാക്കുന്നില്ലെന്നും, സ്ഥിതിഗതികൾ ശാന്തമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ ആഗോള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മഹാമാരി നമ്മുടെ ഇടയിൽ നിന്ന് പൂർണ്ണമായും അകന്നുപോയി എന്ന് പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
🇶🇦ഖത്തർ: COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസിന് അർഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുണ്ടെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. എന്നാൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുന്നതോടെ രോഗപ്രതിരോധ ശേഷി കുറയുന്നതായി പഠനങ്ങൾ ചൂണ്ടികാട്ടുന്നതിനാലാണ് ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ കാലാവധി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇക്കാരണത്താൽ രണ്ടാം ഡോസ് കുത്തിവെപ്പും, ബൂസ്റ്റർ ഡോസ് കുത്തിവെപ്പും തമ്മിലുള്ള ഇടവേള 6 മാസമാക്കി കുറച്ചതായി മന്ത്രലായം കൂട്ടിച്ചേർത്തു. ഈ തീരുമാന പ്രകാരം ബൂസ്റ്റർ ഡോസിന് അർഹതയുള്ള മുഴുവൻ പേരും കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. വിദേശയാത്രകൾക്കൊരുങ്ങുന്നവർ യാത്രപുറപ്പെടുന്നതിന് മുൻപ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള ഹെൽത്ത് സെന്ററുകളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണ്. ബൂസ്റ്റർ വാക്സിന് അർഹതയുള്ളവരെ PHCC-യിൽ നിന്ന് ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും കാരണവശാൽ PHCC-യിൽ നിന്ന് ബന്ധപ്പെടാത്തവർക്ക് 40277077 എന്ന ഹോട്ട് ലൈൻ നമ്പർ ഉപയോഗിച്ച് കൊണ്ട് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.
🇶🇦ഖത്തറില്‍ കോവിഡ് രോഗ മുക്തി 100ല്‍ താഴെ; രോഗികളുടെ എണ്ണം വീണ്ടും കൂടി.
✒️ഖത്തറില്‍(Qatar) ഇന്ന് 146 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 89 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 239,054 ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,713 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 12 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 13 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 5,475 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 48,89,583 ഡോസ് വാകിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇧🇭ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീൻ രേഖ വേണ്ടെന്ന് ബഹ്‌റൈൻ.
✒️ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന് രേഖ വേണ്ടെന്ന് ബഹ്‌റൈൻ. ബഹ്‌റൈനിലെ പുതുക്കിയ യാത്ര മാനദണ്ഡം അനുസരിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ പുതിയ യാത്ര മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം മുതലാണ് പ്രാബല്യത്തിൽ വന്നത്.. ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർ യാത്ര പുറപ്പെടും മുമ്പുള്ള കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തേണ്ട. ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീനും ഇവർക്ക് ആവശ്യമില്ല. സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യു.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ഇത് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ നിർബന്ധമായും ശ്രദ്ധിക്കുക.
അതേസമയം വാക്സിൻ സ്വീകരിക്കാത്ത ആറു വയസ്സിന് മുകളിലുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് യാത്ര പുറപ്പെടുേമ്പാൾ ഹാജരാക്കേണ്ടതുണ്ട് . ഇൗ സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. സ്കാൻ ചെയ്യുേമ്പാൾ ലഭിക്കുന്ന ഒാൺലൈൻ പി.ഡി.എഫ് സർട്ടിഫിക്കറ്റും കൈവശമുള്ള പ്രിൻറൗട്ടും തുല്യമായിരിക്കണം. ബഹ്‌റൈൻ വിമാനത്താവളത്തിൽ അധികൃതർ കർശന പരിശോധന നടത്തുന്നതിനാൽ യാത്രക്കാർ ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് എയർ ഇന്ത്യ ഒാർമിപ്പിച്ചു. ആറു വയസ്സിൽ താഴെയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്ത 12 വയസ്സിന് മുകളിലുള്ള യാത്രക്കാർ താമസ സ്ഥലത്ത് 10 ദിവസത്തെ ക്വാറൻറീനിൽ കഴിയണം. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാർ ബഹ്റൈനിൽ എത്തിയാൽ മൂന്ന് പി.സി.ആർ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.
🇸🇦സൗദിയിൽ ബിനാമി ഇടപാടുകൾ കണ്ടെത്താൻ റെയ്ഡ് ആരംഭിച്ചു.
✒️സൗദി വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് സംയുക്ത പരിശോധന ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച് ഒാഫീസിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്.
ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമ കാര്യ-ഭവന മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം, സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
🇶🇦ഖത്തർ ലോകകപ്പ്; ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു.
✒️2022 ഖത്തര്‍ ലോകകപ്പിന്‍റെ ഒരു വര്‍ഷ കൌണ്ട് ഡൌണ്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു. നിലവില്‍ യോഗ്യത നേടിയ അഞ്ച് ടീമുകളുടെ പതാകകള്‍ കഴിഞ്ഞ ദിവസം ഉയർത്തി. ഫ്രാന്‍സ്, ബ്രസീല്‍ ഉള്‍പ്പെടെ യോഗ്യത നേടിയ നാല് രാജ്യങ്ങളുടെ ഖത്തറിലെ അംബാസഡര്‍മാരാണ് പതാകകള്‍ ഉയര്‍ത്തിയത്. ഡെന്മാർക്ക്, ജര്‍മ്മനി, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ദോഹയിലേക്ക് ആദ്യം ടിക്കറ്റുറപ്പിച്ച അഞ്ച് ടീമുകള്‍. ഒപ്പം ആതിഥേയരായ ഖത്തറും. കായിക ലോകം കീഴടക്കാന്‍ കച്ചമുറുക്കുന്നവരുടെ കൊടിയടയാളങ്ങള്‍ ചുമലിലേറ്റി ദോഹ കോര്‍ണീഷ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
ദോഹയുടെ അടയാള സ്തംഭങ്ങളായ ദഫ്ന ടൌണ്‍ഷിപ്പ് ടവറുകള്‍ക്ക് അഭിമുഖമായി ആദ്യം സ്ഥാനമുറപ്പിച്ച അഞ്ച് ടീമുകളുടെ പതാകകളും അടുത്ത അവകാശികള്‍ക്കായുള്ള കൊടിമരങ്ങളും വാനിലേക്കുയര്‍ന്നു കഴിഞ്ഞു. ഇതിനകം യോഗ്യത നേടിയ അഞ്ച് രാജ്യങ്ങളുടെ ഖത്തറിലെ സ്ഥാനപതികള്‍ ചേര്‍ന്നാണ് അവരവരുടെ പതാകകള്‍ ഉയര്‍ത്തിയത്.
ജര്‍മ്മന്‍ അംബാസഡര്‍ ക്ലോഡിയോ ഫിഷ്ബാഷ്, ബ്രസീല്‍ അംബാസഡര്‍ ലൂയിസ് ആല്‍ബര്‍ട്ടോ ഫിഗൈറിഡോ മെക്കാഡോ, ബെല്‍ജിയം അംബാസഡര്‍ വില്യം അസ്സെല്‍ബോണ്‍, ഫ്രഞ്ച് അംബാസഡര്‍ ജീന്‍ ബാപ്റ്റിസ്റ്റെ ഫെയ്വര്‍ എന്നിവരാണ് പതാകകള്‍ ഉയര്‍ത്തിയത്. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതിര്‍, ഖത്തര്‍ പുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍ അന്‍സാരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു ലോകകപ്പിന്‍റെ സന്നാഹമെന്ന നിലയില്‍ നടക്കുന്ന ഫിഫ അറബ് കപ്പിന്‍റെ പ്രധാന ആഘോഷ നഗരിയും കൂടിയായതിനാലാണ് കോര്‍ണീഷില്‍ പതാകകള്‍ സ്ഥാപിച്ചത്. അതിനാല്‍ തന്നെ ഈ ആഘോഷ നഗരിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രവും ഈ പതാക പോയിന്‍റാകും
🇴🇲ഒമാൻ ദേശീയ ദിനം: പരേഡിന് സുൽത്താൻ നേതൃത്വം നൽകും.
✒️ഒമാന്റെ 51ാമത് ദേശീയ ദിനാഘോഷ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നേതൃത്വം നൽകും. അൽ-മുതഫ ക്യാമ്പിലാണ് സൈനിക പരേഡ് നടക്കുക. സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സൈനിക പരേഡാണ് ഈ വർഷം നടക്കാൻ പോകുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷത്തെ പരേഡ് ഒഴിവാക്കിയിരുന്നു. റോയൽ ഒമാൻ എയർഫോഴ്‌സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്‌സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
🇰🇼കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്
✒️കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു മാസത്തിനിടെ 120 പേരാണ് രാജ്യത്ത് സ്വയം ജീവനൊടുക്കിയത്. എന്ത് കൊണ്ടാണ് ആത്മഹത്യ വര്‍ധിക്കുന്നതെന്ന് പഠനം നടത്തുമെന്നു ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു. 2020 ല്‍ 90 ആത്മഹത്യകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം പത്തുമാസത്തിനുള്ളില്‍ തന്നെ ഇത് 120 ലെത്തി. പ്രതിമാസം ശരാശരി 12 പേര്‍ ആത്മഹത്യ ചെയ്യുന്നു എന്ന് സാരം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ തൊഴിലാളികളിലാണ് ആത്മഹത്യ പ്രവണത കൂടുതല്‍. കുവൈത്തികളും പട്ടികയിലുണ്ട്.നിരവധി ആത്മഹത്യ ശ്രമങ്ങള്‍ അധികൃതര്‍ ഇടപെട്ട് രക്ഷിച്ചിട്ടുണ്ട്. ശൈഖ് ജാബിര്‍ പാലത്തില്‍നിന്ന് കടലില്‍ ചാടിയുള്ള ആത്മഹത്യശ്രമങ്ങള്‍ തടയാന്‍ പൊലീസ് ജാഗ്രത വര്‍ധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി ശനിയാഴ്ച രണ്ടു കുവൈത്ത് പൗരന്മാര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് സ്വയം ജീവനൊടുക്കിയത്.
ആത്മഹത്യ പ്രവണത വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ വിശദമായ പഠനം നടത്തുമെന്നും പരിഹാര നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും നാഷനല്‍ ഓഫീസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. കോവിഡ് കാലം സൃഷ്ടിച്ച തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മാനസികാഘാതവുമാണ് ആത്മഹത്യ വര്‍ധിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
0 Comments