Ticker

6/recent/ticker-posts

Header Ads Widget

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: ഇഖാമ, റീ-എൻട്രി, സന്ദർശക വിസകൾ രണ്ട് മാസത്തേക്ക് കൂടി നീട്ടി.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി നീട്ടി. ഇവ സ്വമേധയാ 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം അറിയിച്ചു. 

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി നവംബർ 30 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ രണ്ട് മാസം കൂടി അധികമായി നീട്ടിനൽകുന്നത്. യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.

സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കാലയളവ് കുറച്ചു.

സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് ഡിസംബർ 4 മുതൽ വിദേശത്ത് നിന്ന് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകും.


COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത വിദേശികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബർ 4-ന് 1:00 am മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

നവംബർ 27-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇത്തരം യാത്രികർക്ക് എല്ലാ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നും, ഇവർക്ക് ഏതാനം നിബന്ധനകൾ ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇവർക്ക് സൗദിയിലെത്തിയ ശേഷം 3 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമായിരിക്കും. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഡിസംബർ 1 മുതൽ ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നവംബർ 25-ന് അറിയിച്ചിരുന്നു. ഈ അറിയിപ്പ് പ്രകാരം, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കാണ്, 5 ദിവസത്തെ ക്വാറന്റീൻ നിബന്ധനയോടെ, സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്.

അതേ സമയം, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്‌, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കും, തിരികെയുമുള്ള യാത്രാവിമാന സർവീസുകൾക്ക് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തോളം പേരെ അറസ്റ്റ് ചെയ്തു.
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 നവംബർ 18 മുതൽ നവംബർ 24 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 14780 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നവംബർ 27-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7552 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1529 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 5699 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് എൺപതിനായിരത്തിലധികം പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.


അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 429 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 28 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 70 ശതമാനം പേർ യെമൻ പൗരന്മാരും, 2 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2021 നവംബർ 11 മുതൽ നവംബർ 17 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13906 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയിൽ ഇന്ന് 24 പേർക്ക് കൊവിഡ്; ഒരു മരണം

സൗദി അറേബ്യയിൽ പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 32 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,695 ഉം രോഗമുക്തരുടെ എണ്ണം 538,856 ഉം ആയി. ആകെ മരണസംഖ്യ 8,833 ആണ്. 

2,006 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 48 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 9, ജിദ്ദ - 5, മക്ക - 2, മദീന - 2, അൽകോബാർ - 2, മറ്റ് 4 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 47,309,172 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,581,780 ആദ്യ ഡോസും 22,380,259 രണ്ടാം ഡോസുമാണ്. 347,133 ഡോസ് പ്രായാധിക്യമുള്ളവർക്ക് നൽകി.

Post a Comment

0 Comments