Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദിയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്.

✒️സൗദി അറേബ്യയില്‍(Saudi Arabia) നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ്(Covid 19) രോഗികളുടെ എണ്ണം 2,052. അതില്‍ 52 പേരുടെ നില ഗുരുതരം. തീവ്രപരിചരണത്തിലുള്ള ഇവരൊഴികെ ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടയില്‍ 39 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 50 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്താകെ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആര്‍ പരിശോധനകള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,518 ആയി. ഇതില്‍ 5,38,640 പേരും സുഖം പ്രാപിച്ചു. ആകെ 8,826 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,094,583 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,517,332 എണ്ണം ആദ്യ ഡോസ് ആണ്. 22,244,253 എണ്ണം സെക്കന്‍ഡ് ഡോസും. 1,715,363 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 332,998 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 10, മദീന 3, മക്ക 2, ദമ്മാം 2, മറ്റ് 11 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

🇶🇦ഖത്തറില്‍ 141 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

✒️ഖത്തറില്‍(Qatar) 141 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 125 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 239,712 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 129 പേര്‍ സ്വദേശികളും 12 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 242,228 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 21,010 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 21,010 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,950,732 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല.

🇦🇪യുഎഇയില്‍ റോഡരികില്‍ സൂപ്പര്‍ കാറിന് തീപിടിച്ചു.

✒️യുഎഇയില്‍(UAE) ശൈഖ് സായിദ് റോഡില്‍(Sheikh Zayed Road) സൂപ്പര്‍കാറിന് തീപിടിച്ചു. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. പാം ജുമൈറയിലേക്ക് (Palm Jumeirah)നീളുന്ന എക്‌സിറ്റ് റോഡില്‍ രാവിലെ 10.56നാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ച് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം 11.11ഓടെ തീയണച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീപിടത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി സ്ഥലം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

🇰🇼സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റില്‍.

✒️കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തിലോ അല്ലെങ്കില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലിക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവരികയാണ്. പിടിയിലായ ആറ് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.

താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടിയാണ് കുവൈത്തില്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപക പരിശോധനകള്‍ നടക്കുന്നുണ്ട്. പിടിയിലാകുന്നവരെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ രേഖകള്‍ ശരിയാക്കാന്‍ ഒന്നിലധികം അവസരങ്ങള്‍ നല്‍കിയിരുന്നതിനാല്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് സ്വമേധയാ രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ട്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയില്‍ മടങ്ങിവരാനുമാവും.

🇴🇲ഒമാനില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രികളില്‍ ചികിത്സയിലുള്ളത് 13 പേര്‍ മാത്രം.

✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 3,04,499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,921 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 4,113 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുള്ളത്. 98.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 465 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെപ്പോലും രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. 13 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

🇦🇪ദുബൈയില്‍ മാത്രം ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്.

✒️ദുബൈ എമിറേറ്റില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ യുഎഇയിലെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയതായി കണക്കുകള്‍. 2019ല്‍ ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിര്‍ത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനിയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്.

തുടക്കത്തില്‍ പത്ത് വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍, കാലാവധി കഴിയുന്ന മുറയ്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകര്‍, മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘൂകരിച്ചു.

മാനേജര്‍മാര്‍, സിഇഒമാര്‍, ശാസ്‍ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍ മാനേജ്‍മെന്റ്, 
ടെക്നോളജി എന്നീ രംഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ അനുവദിക്കും. ഒപ്പം വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ഗോള്‍ഡന്‍ വിസയ്‍ക്ക് അപേക്ഷിക്കാം.

🇸🇦സൗദി അറേബ്യയില്‍ ഡെലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു.

✒️സൗദി അറേബ്യയില്‍ (Saudi Arabia) ഡെലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനില്‍ (Communications and Information Technology Commission) രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള ഡെലിവറി ആപുകളുടെ (Delivery applications) ജീവനക്കാര്‍ ആരോഗ്യ പരിശോധനയ്‍ക്ക് വിധേയരായി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

അനുവദിച്ചിരിക്കുന്ന സമയ പരിധിക്ക് ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും ആരോഗ്യ പരിശോധനയില്‍ വിജയിക്കാത്തവരെയും രാജ്യത്ത് ഡെലിവറി ജീവനക്കാരായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് പരിശോധന നടത്തേണ്ടത്. പരിശോധന പാസാവുന്നവര്‍ക്ക് പെര്‍മിറ്റ് നല്‍കണം. ഇതില്‍ വീഴ്‍ച വരുത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. വിവിധ രോഗാവസ്ഥകള്‍ നിര്‍ണയിക്കാനുള്ള പരിശോധനകളാണ് നടത്തുന്നത്. ഒപ്പം കാഴ്‍ചയും കേള്‍വിയും പരിശോധിക്കുകയും എക്സറേ, രക്ത പരിശോധന നടത്തുകയും ചെയ്യും.

🇸🇦സൗദി: ഒരു മാസത്തിനിടെ റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടു.

✒️റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. ഒരു മാസത്തിനിടയിലാണ് മൂന്ന് ദശലക്ഷം സന്ദർശകർ റിയാദ് സീസൺ 2021-ൽ പങ്കെടുത്തത്.

2021 നവംബർ 21-ന് വൈകീട്ട് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2021 ഒക്ടോബർ 20-നാണ് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടിയായ റിയാദ് സീസൺ ആരംഭിച്ചത്.
ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്. 7500-ത്തോളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്.

ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്. തുർക്കി അൽ ഷെയ്ഖാണ് ഈ മേള ഉദ്ഘാടനം ചെയ്തത്. ഉദ്‌ഘാടന ചടങ്ങുകളുടെ ഭാഗമായി ഗംഭീരമായ പരേഡ്, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ പ്രദർശനങ്ങൾ, അതിഗംഭീരമായ വെടിക്കെട്ട് മുതലായവ സംഘടിപ്പിച്ചിരുന്നു.

🇧🇭ബഹ്‌റൈൻ: നോർത്തേൺ ഗവർണറേറ്റിൽ നവംബർ 22 മുതൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കും.

✒️നോർത്തേൺ ഗവർണറേറ്റിലെ സൽമാൻ ടൗണിൽ 2021 നവംബർ 22, തിങ്കളാഴ്ച്ച മുതൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നവംബർ 21-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഏറ്റവും നൂതനമായ മെഡിക്കൽ ഉപകരണങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രത്തിലെത്തുന്നതിന് സഹായകമാകുന്ന ഒരു മാപ്പ് മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്.

സൗത്തേൺ ഗവർണറേറ്റിലെ അവാലിയിൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 2021 നവംബർ 4-ന് ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചിരുന്നു.

🇶🇦ഖത്തർ: രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയാക്കിയവർ കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ നിർദ്ദേശം.

✒️രാജ്യത്ത് COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. അബ്ദുൽ ലതീഫ് അൽ ഖാൽ നിർദ്ദേശിച്ചു. ഖത്തറിലെ COVID-19 പ്രതിരോധ നടപടികൾ നയിക്കുന്ന നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക്‌ ഗ്രൂപ്പ് അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.

ജനജീവിതം സാധാരണ രീതിയിൽ തുടരുന്നതിന് ബൂസ്റ്റർ ഡോസുകൾക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനെടുത്തവരിൽ രോഗബാധയേൽക്കുന്ന സഹചര്യം നിലനിൽക്കുന്നതിനാൽ കൊറോണാ വൈറസിനെതിരായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനായി രണ്ടാം ഡോസ് എടുത്തവർ നിശ്ചിത ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് വളരെ പ്രധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുന്നതോടെ രോഗപ്രതിരോധ ശേഷി കുറയുന്നതായി പഠനങ്ങൾ ചൂണ്ടികാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ കാലാവധി എട്ട് മാസത്തിൽ നിന്ന് ആറ് മാസമാക്കി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് പ്രഖ്യാപിച്ചിരുന്നു.

🇶🇦ഖത്തറില്‍ ആറ് യൂനിവേഴ്‌സിറ്റികള്‍ക്ക് കൂടി അംഗീകാരം.

✒️ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. ഇതോട് കൂടി ഖത്തറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 32 ആവുമെന്ന് ഉന്നത വിദ്യാഭ്യാസ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ അലി പറഞ്ഞു.

ലുസൈല്‍ യൂനിവേഴ്‌സിറ്റി, ഒറിക്‌സ് യൂനിവേഴ്‌സല്‍ കോളജ്(ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂനിവേഴ്‌സിറ്റി, ബ്രിട്ടന്‍), സിറ്റി യൂനിവേഴ്‌സിറ്റി കോളജ്(ഉള്‍സ്റ്റര്‍ യൂനിവേഴ്‌സിറ്റി, ബ്രിട്ടന്‍), മുഹമ്മദ് ബിന്‍ ഗാനം അല്‍ ഗാനിം മാരിടൈം അക്കാദമി(പിരി റെയ്‌സ് യൂനിവേഴ്‌സിറ്റി), അല്‍ റയ്യാന്‍ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി കോളജ്(ഡെര്‍ബി യൂനിവേഴ്‌സിറ്റി, ബ്രിട്ടന്‍) എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.

2021-22 വിദ്യാഭ്യാസ വര്‍ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാനേജ്‌മെന്റ്, മറൈന്‍ സയന്‍സ് ഉള്‍പ്പെടെ 17 പുതിയ കോഴ്‌സുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് ലൈസന്‍സുള്ള കോഴ്‌സുകളുടെ എണ്ണം 362 ആവും.

ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയായ സാവിത്രിഭായി ഫൂലെ പൂനെ യൂനിവേഴ്‌സിറ്റിയില്‍ ആദ്യ ബാച്ച് പഠനം തുടങ്ങിയതായി ഡോ. അല്‍ അലി പറഞ്ഞു. കോളജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക്, ദേശീയ ശാസ്ത്ര സാങ്കേതിക യൂനിവേഴ്‌സിറ്റി(ദോഹ യൂനിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി) ആയി മാറി.

🇦🇪യുഎഇ ദേശീയദിനം പൊടിപാറും: ദുബയില്‍ വെടിക്കെട്ടും 5ലക്ഷം ദിര്‍ഹത്തിന്റെ നറുക്കെടുപ്പും 70 ശതമാനം ഡിസ്‌കൗണ്ടും.

✒️യുഎഇയുടെ 50ആം ദേശീയദിന ആഘോഷം ഗംഭീരമാക്കാനൊരുങ്ങി ദുബൈ. വെടിക്കെട്ട്, വന്‍ ഡിസ്‌കൗണ്ടുകള്‍, നറുക്കെടുപ്പുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് ദുബൈ ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 2 മുതല്‍ 11 വരെയാണ് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷ പരിപാടി.

വെടിക്കെട്ട്

ഡിസംബര്‍ 2, 3 തിയ്യതികളില്‍ രാത്രി 8 മണി, 8.30, 9 മണി എന്നീ മൂന്ന് സമയങ്ങളിലാണ് വെടിക്കെട്ട് നടക്കുക. ദി പാമിലെ പോയിന്റെ, അറ്റ്‌ലാന്റിസ്; ബ്ലൂവാട്ടേഴ്‌സ്; ജുമൈറ ബീച്ചിലെ എത്തിസലാത്ത് ബീച്ച് കാന്റീന്‍; ലാമിര്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക.

ഡിസ്‌കൗണ്ടുകളും ഓഫറുകളും
മാജിദ് അല്‍ ഫുത്തൈം മാള്‍, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബൈ മാള്‍, ദുബൈ ഔട്ട്‌ലെറ്റ് മാള്‍ തുടങ്ങിയ ദുബയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ ഡിസംബര്‍ 13 വരെ 50 മുതല്‍ 70 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

5 ലക്ഷം ദിര്‍ഹത്തിന്റെ നറുക്കെടുപ്പ്

www.idealz.com എന്ന വെബ്‌സൈറ്റ് വഴി 50 ദിര്‍ഹത്തിന് ലഭിക്കുന്ന യുബേല്‍ ബാഡ്ജ് എന്ന ടിക്കറ്റ് വഴി 5 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കാന്‍ അവസരം.

ബീച്ച് കാന്റീന്‍
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 11 വരെയാണ് സണ്‍സെറ്റ് മാളിന് പിറകില്‍ ജുമൈറ ബീച്ചില്‍ ഒരുക്കുന്ന ഇത്തിസലാത്ത് ബീച്ച് കാന്റീന്‍. ലൈവ് പ്രകടനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും.

നഗരം ചുറ്റും വിനോദം
ഡിസംബര്‍ 2 മുതല്‍ 11 വരെ അയല്ല, അല്‍ ഹര്‍ബൈയ എന്നീ പ്രാദേശിക ബാന്റുകള്‍ വിവിധ കലാപരിപാടികളുമായി നഗരം ചുറ്റും.

🇶🇦ലോക കപ്പ് ട്രോഫിയുമായി സ്റ്റേഡിയങ്ങള്‍ക്കു മുകളില്‍ പറന്ന് ഖത്തര്‍ എയര്‍വേസ്.

✒️ലോക കപ്പ് ജേതാക്കളെ കാത്തിരിക്കുന്ന സ്വര്‍ണക്കപ്പ് ഖത്തറിന്റെ ആകാശത്ത് വട്ടമിട്ടു. 2022 ലോക കപ്പ് കൗണ്ട്ഡൗണിനോട് അനുബന്ധിച്ചാണ് ലോക കപ്പ് ട്രോഫിയും വഹിച്ച് ഖത്തര്‍ എയര്‍വേസ് വിമാനം മല്‍സരങ്ങള്‍ക്ക് വേദിയാവുന്ന 8 സ്റ്റേഡിയങ്ങള്‍ക്കു മുകളില്‍ വലംവച്ചത്.

ഖത്തര്‍ ലോക കപ്പിന്റെ ലോഗോയും മറ്റ് ചിഹ്നങ്ങളും വഹിച്ച ബോയിങ് 777 വിമാനത്തിലായിരുന്നു പറക്കല്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായ കഫുവും വിമാനത്തിലുണ്ടായിരുന്നു. ഫോര്‍മുല വണ്‍ കാറോട്ട മല്‍സരം നടക്കുന്ന ലുസൈല്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലും ട്രോഫിയെത്തി. ഫോര്‍മുല വണ്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിക്കൊപ്പമാണ് ലോക കപ്പ് ട്രോഫിയും പ്രദര്‍ശിപ്പിച്ചത്.

സര്‍ക്യൂട്ടില്‍ ഫിഫാ ഫുട്‌ബോള്‍ ഇതിഹാസങ്ങളും ഫോര്‍മുല വണ്‍ മല്‍സരാര്‍ത്ഥികളും തമ്മിലുള്ള ഷൂട്ടൗട്ട് മല്‍സരവും നടന്നു. വരും ദിവസങ്ങളില്‍ ഖത്തറിലെ പ്രധാന സ്ഥലങ്ങളില്‍ ട്രോഫി പര്യടനം നടത്തും.

🇸🇦സൗദിയിൽ പകർച്ചപ്പനി കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

✒️സൗദി അറേബ്യയിൽ പകർച്ചപ്പനി കൂടുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാൻ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേർ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ട്. പകർച്ചപ്പനി വ്യത്യസ്ഥ രീതിയിലാണ് ആളുകളെ ബാധിക്കുക. അണുബാധയുണ്ടായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. നിലവിൽ മറ്റു ആരോഗ്യ പ്രയാസമുള്ളവർക്ക് മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ട്. ആരോഗ്യമുളളവരും ജാഗ്രത പാലിക്കണം. കോവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ചതിനാൽ പകർച്ചപ്പനി വർധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.

കാലാവസ്ഥ മാറ്റവും പകർച്ചപനി വർധിക്കാൻ കാരണമായേക്കും. ഡിസംബർ ഏഴ് മുതൽ മൂന്ന് മാസം രാജ്യത്ത് ശൈത്യകാലമാണ്. അതിനാൽ മുഴുവൻ പൗരന്മാരോടും താമസക്കാരോടും ഇൻഫ്ലുവൻസ പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വാക്സിൻ തികച്ചും സുരക്ഷിതമാണ്. ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് സൗജന്യമായി കുത്തിവെപ്പെടുക്കാം. തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കുക, ശുചിത്വം ഉറപ്പുവരുത്തുക, കൈകൾ സോപ്പിട്ട് കഴുകുക, കണ്ണും വായും മൂക്കും കൈകൊണ്ട് സ്പർശിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

🇸🇦റിയാദിൽ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്.

✒️നിലവാരമില്ലാത്ത വ്യാപാര താമസ കെട്ടിടങ്ങൾ ഇതിന്റെ ഭാഗമായി പൊളിച്ചു മാറ്റും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവരേയും വ്യാപാരം ചെയ്യുന്നവരേയും പിടികൂടി നിയമ നടപടി സ്വീകരിക്കും. റിയാദ് ഗവർണറുടെ നിർദേശമനുസരിച്ചാണ് ഒക്ടോബർ 26ന് പരിശോധന തുടങ്ങിയത്. രാജ്യത്തെ 11 വകുപ്പുകളുടെ സംയുക്ത സംഘമാണ് പരിശോധനയിൽ. ഐടി മേഖലയുൾപ്പെടെ രാജ്യത്തെ വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയുണ്ട്. ഇതിനിടയിൽ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടി കൂടി നാടുകടത്തും. 969 സ്ഥാപനങ്ങളിൽ ഇതിനകം പരിശോധന നടത്തി. വൃത്തിക്കുറവ്, നിർദേശിച്ച നിലവാരമില്ലാതിരിക്കൽ എന്നിവ ചൂണ്ടിക്കാട്ടി 789 സ്ഥാപനങ്ങൾക്ക് നോട്ടീസുണ്ട്. ഇതിൽ ചിലർക്ക് പിഴ ലഭിച്ചു. നിശ്ചിത സമയത്തിനകം നിലവാരം ഉയർത്തണം. മോശം അവസ്ഥയിലുള്ള 62 കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും വിഛേദിച്ചു. ഇതിലുള്ളവർ പുതിയ കെട്ടിടങ്ങളിലേക്ക് മാറേണ്ടി വരും. നേരത്തെ ജിദ്ദയിലും സമാന രീതിയിൽ പരിശോധന തുടങ്ങിയിരുന്നു.

Post a Comment

0 Comments