കോഴിക്കോട്: വലിയങ്ങാടിയിൽ ദമ്പതിമാരെ മുറിയിൽ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് വി.പി.എ. ഹൗസിൽ സൽമാൻ ഫാരിസാണ് (24) അറസ്റ്റിലായത്. ഒക്ടോബർ 10-ന് പുലർച്ചെ വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ കമ്മക്കകം അബ്ദുൾസലാമിന്റെ വീടിന്റെ ജനലഴി മുറിച്ചു മാറ്റിയാണ് കള്ളൻ അകത്തുകയറിയത്.
അബ്ദുൾ സലാമും ഭാര്യയും കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം മകൾ ആയിഷയുടെ മുറിയിൽ കയറി ബ്രേസ്‌ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇവർ ഞെട്ടിയുണർന്നു.
കള്ളനെ പിടികൂടിയെങ്കിലും ഇതിനിടെ മുളകുപൊടി കണ്ണിൽ വിതറി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഒരു പവന്റെ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പരാതി നൽകിയിരുന്നു. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളന്റേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങൾ ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ടൗൺപോലീസ് കോഴിക്കോട് ബീച്ചിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ പരാതിക്കാർ തിരിച്ചറിഞ്ഞു. . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments