Ticker

6/recent/ticker-posts

Header Ads Widget

ശബരിമല ദര്‍ശനം: വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബുക്കിങ്

ശബരിമല (sabarimala pilgrimage) ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ് (spot booking) സൗകര്യം ഏ‍ർപ്പെടുത്തിയതായി സംസ്ഥാന സ‍ർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെ‍ഞ്ചിലാണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. പത്ത് ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിം​ഗ് സൗകര്യം ഏർപ്പെടുത്തിയതായും നാളെ മുതൽ മുൻകൂ‍ർ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്ത‍ർക്ക് ഈ സംവിധാനം ഉപയോ​ഗിക്കാമെന്നും സ‍ർക്കാ‍ർ കോടതിയെ അറിയിച്ചു. ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം എന്നും സ‍ർക്കാർ വ്യക്തമാക്കി. സ‍ർക്കാർ രേഖയോടൊപ്പം രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിന് മുൻപെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലമോ  നിർബന്ധമാക്കിയിട്ടുണ്ട്. 

ശബരിമലയിൽ (Sabarimala) ആദ്യ ദിവസത്തേക്കാൾ കൂടുതൽ ഭക്തരാണ് ഇന്ന് രാവിലെ മുതൽ ദർശനത്തിനെത്തിയത്. ആകെ 14,500 പേരാണ് വെർച്വൽ ക്യുവിൽ (virtual q) ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. മഴ കടുത്തതോടെ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകൾ ഉയരുകയും ചെയ്യാതിരുന്നാൽ പ്രതിദിനം അൻപതിനായിരം ആളുകളെ പ്രവേശിപ്പിക്കാനാണ് നിലവിലെ ധാരണ.


ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം നിലപാടിനൊപ്പമാണ് സർക്കാരും. നിലവിൽ ബുക്ക് ചെയ്ത എത്ര പേർ ദർശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് ഡിസംബർ ഒന്ന് മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. ഭക്തരുടെ എണ്ണം കൂട്ടിയാൽ നീലിമല പാത കൂടി തുറന്ന് നൽകിയേക്കും. 


നിലയ്ക്കലിലെ അസൗകര്യങ്ങൾ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കുടുതൽ ശുചിമുറികൾ ഏർപ്പെടുത്തും. കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി. നിലയ്ക്കലിൽ സൗജന്യഭരക്ഷണവിതരണം തുടങ്ങി. രണ്ട് ദിവസത്തിനകം കടകൾ തുറക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.


തിർത്ഥാടനകാലം തുടങ്ങിയിട്ടും നിലയ്ക്കലിൽ സൗകര്യങ്ങളൊന്നുമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് ഉപയോഗിക്കാൻ ശുചിമുറികളില്ല. ഉള്ളതിനാവട്ടെ വൃത്തിയുമില്ല. കുടിവെള്ളസൗകര്യം പോലും നിലയ്ക്കലിൽ ഇല്ലെന്ന കാര്യവും ഇന്നലത്തെ ന്യൂസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ ദേവസ്വം മന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. കുടിവെള്ളത്തിന് 40 ലക്ഷം ലിറ്റർ വെള്ളം നിലയ്ക്കലിലൊരുക്കിയെന്ന് ദേവസ്വംമന്ത്രി പറഞ്ഞു. ശുചിമുറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഉടൻ പരിഹാരമാകും.


അപ്രതീക്ഷിതമായ മഴയും വെള്ളപ്പൊക്കവുണ് ഒരുക്കങ്ങൾ വൈകാൻ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. വാടകയ്ക്ക് എടുക്കാൻ ആളുകൾ തയ്യാറാകാത്തതിനാലാണ് ഹോട്ടലുകൾ തുടങ്ങാൻ കഴിയാത്തതെന്നും ഇതിനും രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Post a Comment

0 Comments