🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്നും രണ്ട് മരണം.
✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് ഇന്നും രണ്ടുപേര്‍ മരിച്ചു. 39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ പുതുതായി രോഗമുക്തി നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 33,208 പി.സി.ആര്‍ പരിശോധനകള്‍(RT PCR test) ആരോഗ്യമന്ത്രാലയം(Ministry of Health) അറിയിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,339 ആയി. ഇതില്‍ 5,38,412 പേരും സുഖം പ്രാപിച്ചു.
ആകെ 8,820 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 47 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,894,449 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,458,693 എണ്ണം ആദ്യ ഡോസ് ആണ്. 22,116,721 എണ്ണം സെക്കന്‍ഡ് ഡോസും. 1,712,759 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 319,035 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 17, ജിദ്ദ 8, മക്ക 4, ഖത്വീഫ് 2, ദഹ്‌റാന്‍ 2, സബ്യ 2, മറ്റ് ഏഴ് സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇦🇪യുഎഇയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 93 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 337,742 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.75 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 741,148 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 735,816 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,188 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം; രണ്ട് ഡ്രോണുകള്‍ തകര്‍ത്തു.
✒️സൗദി അറേബ്യയിലെ(Saudi Arabia) ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി എത്തിയ ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധസേന തകര്‍ത്തു. ഹൂതി മിലിഷ്യകള്‍(Houthi) അയച്ച രണ്ട് ഡ്രോണുകളാണ് (drones)തകര്‍ത്തതെന്ന് 'പ്രാദേശിക മാധ്യമം' റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
അതേസമയം സൗദി അറേബ്യയില്‍ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറബ് സഖ്യസേന തകര്‍ത്തിരുന്നു. യെമനിലെ ഹുദൈദയ്‍ക്ക് സമീപത്താണ് അറബ് സഖ്യസേന ആക്രമണം നടത്തിയത്. അറബ് സഖ്യസേന യെമനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 110 ഹൂതികള്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചിരുന്നു. യെമനിലെ മഗ്‍രിബ് നഗരത്തിന് സമീപം സിര്‍വ അല്‍ ജൌഫിലാണ് വ്യോമക്രമണം നടത്തിയത്.
🇴🇲അനധികൃത മത്സ്യബന്ധനം; പിടിയിലായ നാല് പ്രവാസികളെയും നാടുകടുത്തും.
✒️ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം (Illegal fishing) നടത്തിയതിന് നാല് പ്രവാസികള്‍ പിടിയിലായി (Expatriates arrested). അൽ വുസ്തത ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡും (Oman Coast guard) സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.
ഗവര്‍ണറേറ്റിലെ ദുഖം വിലായത്തിൽ നിന്നാണ് നാല് പേരടങ്ങിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ബോട്ടും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇപ്പോള്‍ റോയൽ ഒമാൻ പോലീസിന്റെ ദുഖം സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന നാല് പ്രവാസികളെയും നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും ഒമാൻ കാർഷിക - മത്സ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
🇸🇦🇧🇭സൗദിക്ക് നേരെയുണ്ടായ വ്യോമാക്രമണ ശ്രമം; ബഹ്‌റൈന്‍ അപലപിച്ചു.
✒️സൗദി അറേബ്യയ്ക്ക്(Saudi Arabia) നേരെ ഹൂതി(houthi) മിലിഷ്യകള്‍ നടത്തിയ വ്യോമാക്രമണ ശ്രമത്തെ ബഹ്‌റൈന്‍(Bahrain) അപലപിച്ചു. സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമ പ്രതിരോധസേന തകര്‍ത്തത്.
രാജ്യത്തിന്റെ സുരക്ഷയും അതിര്‍ത്തിയും സംരക്ഷിക്കുന്നതിന് സൗദി സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് നശിപ്പിച്ച സൗദി വ്യോമ പ്രതിരോധസേനയുടെ ജാഗ്രതയെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളാന്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അതേസമയം സൗദി അറേബ്യയില്‍ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറബ് സഖ്യസേന തകര്‍ത്തിരുന്നു. യെമനിലെ ഹുദൈദയ്‍ക്ക് സമീപത്താണ് അറബ് സഖ്യസേന ആക്രമണം നടത്തിയത്. അറബ് സഖ്യസേന യെമനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 110 ഹൂതികള്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചിരുന്നു. യെമനിലെ മഗ്‍രിബ് നഗരത്തിന് സമീപം സിര്‍വ അല്‍ ജൌഫിലാണ് വ്യോമക്രമണം നടത്തിയത്.
🇴🇲ദേശീയ ദിനം: 252 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി.
✒️അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട്(National Day) അനുബന്ധിച്ച് 252 തടവുകാര്‍ക്ക് മോചനം(pardon) നല്‍കി ഒമാന്‍ ഭരണാധികാരി(Oman Ruler) സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്.
🇰🇼നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശം; വിസ പുതുക്കി നല്‍കില്ല.
✒️നൂറോളം പ്രവാസികളോട് (Expatriates) കുവൈത്തില്‍ നിന്ന് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. താമസ അനുമതി (Residence permit) പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന മുറയ്‍ക്ക് രാജ്യം വിട്ട് പോകണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.
നൂറോളം പേരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ വിസ പുതുക്കി നല്‍കേണ്ടതില്ലെന്നും ദേശീയ സുരക്ഷാ അതോരിറ്റിയാണ് തീരുമാനിച്ചത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിപക്ഷം പേരും ലെബനാന്‍ സ്വദേശികളാണ്. എന്നാല്‍ പാകിസ്ഥാന്‍, അഫ്‍ഗാനിസ്ഥാന്‍, ഈജിപ്‍ത്, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ലെബനാന്‍ സ്വദേശികളില്‍ ചിലരോ അല്ലെങ്കില്‍ അവരുടെ അടുത്ത ബന്ധുക്കളോ ഭീകര സംഘടനയായ ഹിസ്‍ബുല്ലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ചിലര്‍ കള്ളപ്പണ ഇടപാടുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. മറ്റു ചിലര്‍ അതീവ പ്രാധാന്യമുള്ള സുരക്ഷാ പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്‍ബുല്ലയുമായി ബന്ധമുള്ള ലെബനാന്‍ സ്വദേശികള്‍ക്കെതിരായ നടപടികള്‍ കുവൈത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് സൂചന.
🇴🇲ഒമാൻ ദേശീയ ദിനം: പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി.
✒️രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു. COVID-19 വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2021 നവംബർ 16-നാണ് ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
കൊറോണ വൈറസ് സാഹചര്യത്തിൽ രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന സ്ഥിരത നിലനിർത്തുന്നതിനും, ആഗോള തലത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷവുമാണ് ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നതെന്ന് മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് വ്യക്തമാക്കി. പൊതു സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ മുൻനിർത്തി അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഇത്തരം ആഘോഷങ്ങളിൽ ഉണ്ടാകാനിടയുള്ള ആൾക്കൂട്ടം രോഗവ്യാപനത്തിനിടയാക്കാമെന്നത് കണക്കിലെടുത്താണ് ഈ വിലക്കെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി തുടരാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
🇦🇪യു എ ഇ: 2022 ജനുവരി മുതൽ മുഴുവൻ വിദ്യാലയങ്ങളിലും 100 ശതമാനം ശേഷിയിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും.
✒️2022 ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം സെമസ്റ്റർ മുതൽ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും 100 ശതമാനം ശേഷിയിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. 2021 നവംബർ 16, ചൊവ്വാഴ്ച്ച രാത്രിയാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ മുഴുവൻ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ തീരുമാനം ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച നടന്ന NCEMA-യുടെ പത്രസമ്മേളനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കാര്യം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ വിദ്യാലയങ്ങളിൽ നിലവിൽ ആദ്യ സെമസ്റ്ററിൽ തന്നെ പൂർണ്ണ ശേഷിയിലാണ് അധ്യയനം നടപ്പിലാക്കുന്നത്.
രണ്ടാം സെമസ്റ്റർ മുതൽ യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ:
രാജ്യത്തെ മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളിലും പൂർണ്ണമായ ശേഷിയിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും. കർശനമായ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് ഇത് നടപ്പിലാക്കുന്നത്.
സ്‌കൂൾ ബസുകൾ പൂർണ്ണ ശേഷിയിൽ സേവനങ്ങൾ നൽകും. സ്‌കൂൾ ബസുകളിലെ മുഴുവൻ യാത്രികർക്കും മാസ്കുകൾ നിർബന്ധമാണ്.
വിദ്യാലയങ്ങളിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള PCR ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ തുടരുന്നതാണ്.
യൂണിവേഴ്സിറ്റികളിലെ താമസ സംവിധാനങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന ബാധകമാണ്. ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ പ്രത്യേക ഇളവ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ നിബന്ധന ഒഴിവാക്കിയിട്ടുള്ളത്. ഇത്തരക്കാർ ഓരോ ആഴ്ച്ച തോറും PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
കർശനമായ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വിദ്യാലയങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകും. മാസ്കുകളുടെ ഉപയോഗം, ഗ്രീൻ പാസ്, 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് തുടങ്ങിയ സുരക്ഷാ നിബന്ധനകൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്ക് ബാധകമായിരിക്കും.
ഇത്തരം നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വിദ്യാലയങ്ങളിൽ പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.
വിദ്യാർത്ഥികൾ, സ്‌കൂൾ ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ NCEMA ആഹ്വാനം ചെയ്തിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി COVID-19 ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം; മുൻകൂർ ബുക്കിംഗ് ആവശ്യമില്ല.
✒️രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസ് നേടുന്നതിന് അർഹതയുള്ളവർക്ക് ഇതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2021 നവംബർ 16, ചൊവ്വാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
BeAware ആപ്പിലെ സ്റ്റാറ്റസിൽ യെല്ലോ ഷീൽഡ് ഉള്ള, COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക്, ബൂസ്റ്റർ ഡോസ് നേടുന്നതിന് മുൻകൂർ ബുക്കിംഗ് സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും, ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2021 നവംബർ 16 മുതൽ ബൂസ്റ്റർ ഡോസിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ രാവിലെ 07:30 മുതൽ വൈകീട്ട് 5:00 മണിവരെ ഇത്തരം സേവനങ്ങൾ ലഭ്യമാണ്.
ബഹ്‌റൈനിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്:
സിനോഫാം വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 മുതൽ 39 വയസ് വരെ പ്രായമുള്ള ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 40 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 40 വയസിനു താഴെ പ്രായമുള്ള വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, അമിതവണ്ണമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയ വിഭാഗങ്ങൾക്കും രണ്ടാം ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഫൈസർ ബയോഎൻടെക് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്.
കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ആസ്ട്ര സെനേക, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
സ്പുട്നിക് V വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്നിക് V, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
COVID-19 രോഗമുക്തി നേടിയവരും, രണ്ട് ഡോസ് വാക്സിനെടുത്തവരുമായവർ – ഇവർക്ക് COVID-19 രോഗബാധിതരായ തീയതി മുതൽ പന്ത്രണ്ട് മാസം കണക്കാക്കിയാണ് ബൂസ്റ്റർ നൽകുന്നത്.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാനെത്തുന്നവർ തങ്ങളുടെ കൈവശം ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള വാക്സിനേഷൻ ബുക്‌ലെറ്റുകൾ (മഞ്ഞ നിറത്തിലുള്ള) കരുതേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭിക്കുന്ന COVID-19 വാക്സിൻ വ്യത്യസ്തമാണെന്നും, വ്യക്തികൾ ആദ്യ ഘട്ടത്തിൽ സ്വീകരിച്ചിട്ടുള്ള COVID-19 വാക്‌സിന് ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ബൂസ്റ്റർ ഡോസ് വാക്സിൻ ഏതാണോ, ആ വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസായി സിനോഫാം വാക്സിൻ ലഭിക്കുന്നതാണ്:
Shaikh Salman Health Centre
The National Bank of Bahrain Health Centre in Arad
Isa Town Health Centre
Jidhafs Health Centre
East Riffa Health Centre
Jaw & Askar Clinic
Muharraq Health Centre
Ibn Sinna Health Centre
Budaiya Coastal Clinic
Zallaq Health Centre
Hamad Town Health Centre
താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസായി സ്പുട്നിക് V വാക്സിൻ ലഭിക്കുന്നതാണ്:
Halat Bu Maher Health Centre
താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ ലഭിക്കുന്നതാണ്:
Al-Hoora Health Centre
Ahmed Ali Kanoo Health Centre
താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് വാക്സിൻ ലഭിക്കുന്നതാണ്:
Bank of Bahrain & Kuwait Health Centre – HIDD
Bilad Al-Qadeem Health Centre
Yousif A. Rahman Engineer Health Centre
Sitra Mall
Sitra Health Centre
Hamad Kanoo Health Centre
Mohamed Jasim Kanoo Health Centre
Sh. Jaber Al Ahmed Al Sabah Health Centre
NBB Health Centre – Dair
Sabah Al-Salem Health Centre
Al-Naim Health Centre
A’Ali Health Centre
Kuwait Health Centre
Budaiya Health Centre
🇦🇪ദുബായ്: ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടി-എൻട്രി വിസകൾ അനുവദിക്കും.
✒️എമിറേറ്റിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടി-എൻട്രി വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചതായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. നവംബർ 16-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ആഗോള തലത്തിൽ വിവിധ മേഖലകളിൽ പ്രാഗല്‍ഭ്യമുള്ള വ്യക്തികൾക്കും, ജീവനക്കാർക്കും ദുബായിൽ അവസരങ്ങൾ ഒരുക്കുന്നതിനായി എമിറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ അഞ്ച് വർഷത്തെ മൾട്ടി-എൻട്രി വിസകൾ അനുവദിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ചതും, സുരക്ഷിതവുമായ നഗരം എന്ന പദവിയിൽ തുടരുന്നതിനൊപ്പം ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഭാവി മുൻനിർത്തി ഏറ്റവും യോജിച്ച തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഇൻ ദുബായ് എന്നിവരുമായി സംയുക്തമായാണ് ഈ പുതിയ വിസകൾ അനുവദിക്കുന്നത്. അഞ്ച് വർഷത്തെ കാലാവധിയുള്ള ഇത്തരം വിസകളിൽ ജീവനക്കാർക്ക് പല തവണ ദുബായിലേക്ക് പ്രവേശിക്കാനും, തിരികെ മടങ്ങാനും അനുമതി ലഭിക്കുന്നതാണ്.
ഇത്തരം വിസകളിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് ഓരോ തവണയും 90 ദിവസം വരെ യു എ ഇയിൽ തുടരുന്നതിനും, ആവശ്യമെങ്കിൽ ഇത് 90 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും അനുമതിയുണ്ടായിരിക്കുന്നതാണ്.
🇸🇦സൗദിയിലേക്കുള്ള തൊഴില്‍ യോഗ്യതാ പരീക്ഷയ്ക്ക് വിദേശത്ത് കേന്ദ്രങ്ങള്‍; വിസ ലഭിക്കാന്‍ പരീക്ഷ പാസാകണം.
✒️തൊഴില്‍ യോഗ്യതാ പരീക്ഷയ്ക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷന്‍ കമ്മിറ്റിക്ക് സൗദി അറേബ്യ അനുമതി നല്‍കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗ്യതാ പരീക്ഷ വിജയിക്കാത്തവര്‍ക്ക് നിശ്ചിത മേഖലകളില്‍ സൗദിയിലേക്കുള്ള വിസ ലഭിക്കില്ല.
സാങ്കേതികവും പ്രത്യേക കഴിവുകള്‍ ആവശ്യമായതുമായ മേഖലയിലാണ് സൗദി തൊഴില്‍ യോഗ്യതാ പരീക്ഷ ആരംഭിച്ചിരിക്കുന്നത്. വിദേശത്തുള്ളവര്‍ക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും. ഇത് അനുവദിക്കുന്നതിനുളള സ്ഥിരം അക്രഡിറ്റേഷന്‍ കമ്മിറ്റിക്കാണ് മന്ത്രിസഭയുടെ അനുമതി. ഈ കമ്മിറ്റിയാകും ഓരോ രാജ്യത്തും വേണ്ട പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുക.
വിസ ലഭിക്കാന്‍ ഈ പരീക്ഷ പാസാകേണ്ടി വരും. നിലവില്‍ സൗദിക്കകത്തുള്ളവര്‍ക്കു മാത്രമാണ് പരീക്ഷ നടത്തുന്നത്. ഓണ്‍ലൈനായും പ്രാക്ടിക്കലായും പരീക്ഷയുണ്ടാകും. ഇത് പാസാകുന്നവര്‍ക്കേ ജോലിയില്‍ തുടരാനാകൂ. മൂന്ന് തവണയാണ് അവസരമുണ്ടാവുക. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ മേല്‍നോട്ടത്തിലാണ് പരീക്ഷ. ആറില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരീക്ഷ നവംബര്‍ മൂന്നിന് തുടങ്ങിയിരുന്നു.
ഒന്നു മുതല്‍ അഞ്ചു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നു മുതലും തൊഴില്‍ യോഗ്യതാ പരീക്ഷ നടപ്പാക്കും. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്, ഐ.ടി, ടെക്നീഷ്യന്‍, കലാകാരന്മാര്‍ തുടങ്ങി ആയിരത്തിലേറെ തസ്തികകള്‍ക്ക് പരീക്ഷ ബാധകമാണ്.
🇶🇦ഖത്തറില്‍ ഇന്ന് 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; ആശുപത്രി കേസുകള്‍ നൂറിലേക്ക്.
✒️ഖത്തറില്‍(Qatar) ഇന്ന് 149 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 93 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,39,147 ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,769 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 12 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആറ് പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 99 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 5,531 ഡോസ് വാക്സിന്‍ കൂടി നല്‍കി. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 48,94,936 ഡോസ് വാകിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇴🇲ഒമാനിലെ ഇന്നത്തെ കോവിഡ് കണക്കുകൾ.
✒️ഒമാനിൽ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 12 പേർക്ക്. ചികിത്സയിലായിരുന്ന എട്ട് പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ പുതിയ കോവിഡ് മരണങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 3,04,453 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,872പേരും ഇതിനോടകം രോഗമുക്തരായി. ആകെ 4,113 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുള്ളത്. 98.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
രാജ്യത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 468 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 14 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ നാല് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
🇸🇦സൗദിയിൽ തൊഴിലാളി കരാറുകൾ ഓൺലൈൻ വഴി ആറു മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം.
✒️സൗദിയിൽ തൊഴിലാളികളും സ്ഥാപനവും തമ്മിലുള്ള കരാർ ആറു മാസത്തിനകം ഓൺലൈൻ വഴിയാക്കണമെന്ന് തൊഴിൽ മന്ത്രാലയം. വിദേശത്തു നിന്നും പുതുതായി എത്തുന്നവരുടെ കരാറുകളും ഓൺലൈൻ വഴി പൂർത്തിയാക്കണം. തൊഴിൽ തർക്കങ്ങൾ കുറക്കാനും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പദ്ധതി. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നടപ്പാക്കുകയാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ കരാറുകൾ എല്ലാം ഓൺലൈൻ വഴിയാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. ഇക്കാര്യം ഇനി പരിശോധിക്കുക മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ്. ആറു മാസത്തിനകം എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളുമായുള്ള കരാർ ഖിവ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ശമ്പളം, ലീവ്, ആനുകൂല്യങ്ങൾ, കരാർ കാലാവധി എന്നിവയും ഇരു കൂട്ടരുടേയും അവകാശങ്ങളും ബാധ്യതകളും കരാറിൽ രേഖപ്പെടുത്തണം. തൊഴിൽ തർക്കങ്ങളിൽ ഈ രേഖയാണ് മന്ത്രാലയം പരിഗണിക്കുക. അതിനാൽ കരാർ അപ്ലോഡ് ചെയ്യും മുന്നേ ഇരു കൂട്ടരും ഇക്കാര്യം വായിച്ച് ഒപ്പു വെക്കണം. നിലവിൽ സൗദിക്കകത്തുള്ള തൊഴിലാളികൾക്കാണ് ഇത് ബാധകമാവുക. വിദേശത്ത് നിന്നും പുതുതായി തൊഴിൽ വിസയിൽ വരുന്നയാളുമായി മുൻകൂട്ടി കരാർ തയ്യാറാക്കണം. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തും. നഴ്സിങ് അടക്കമുള്ള മേഖലയിലുളള ചൂഷണം ഇതോടെ തടയാനാകും. പുതിയ നീക്കം നടപ്പായാൽ വിദേശി തൊഴിലാളികൾക്ക് ഗുണമാകും. കരാറിൽ പറഞ്ഞ ശമ്പളം വൈകിയതിനും നൽകാത്തതിനും ബാങ്ക് രേഖകളും തെളിവാകും. രാജ്യത്തെ തൊഴിഷ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സൗദി പൗരന്മാരുടെ കരാറുകൾ ഗോസി വഴിയാണ് നിലവിൽ ശേഖരിക്കുന്നത്. വിദേശികളുടേത് ഗോസി വഴി നാഷണൽ ഇൻഫർമേഷൻ സെന്ററിലേക്കാണ് ബന്ധിപ്പിക്കുന്നത്. ഈ രേഖകൾ ഇനി മന്ത്രാലയത്തിന് ഖിവ പോർട്ടൽ വഴി നേരിട്ട് പരിശോധിക്കാനാകും.
0 Comments