ഇന്ധനവിലയിൽ ഇന്നും വർധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് (diesel) ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില (petrol price) 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ. പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന് പൈസയുമാണ് ഒക്ടോബറിൽ കൂടിയത്.
എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാരിച്ചിട്ടുണ്ട്. നവംബര്‍ 9 മുതലാണ് അനിശ്ചിത കാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.
അതേസമയം, വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്.
0 Comments