Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ പ്രധാന വിദേശ വാർത്തകൾ


🇸🇦നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്‍ചയ്‍ക്കിടെ മാത്രം പിടിയിലായത് 13,906 പേര്‍.

✒️സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയിൽ ഒരാഴ്ചക്കിടയിൽ 13,906 പേരെ പിടികൂടി. നവംബര്‍ 11 മുതൽ 17 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡിൽ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾ അറസ്റ്റിലായത്.

അറസ്റ്റിലായവരിൽ 6,597 പേർ താമസ നിയമ നിയമലംഘകരും, 5,775 പേർ അതിർത്തി നിയമലംഘകരും, 1,534 ലധികം തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 356 പേരെ അറസ്റ്റ് ചെയ്തതിൽ 54 ശതമാനം യെമൻ പൗരന്മാർ, 44 ശതമാനം എത്യോപ്യക്കാർ, രണ്ട് ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെയാണ്. 34 പേർ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്ത 14 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ 86,952 പേരിൽ 78,650 പേർ പുരുഷൻമാരും 8,302 സ്ത്രീകളും ഉൾപ്പെടെ, 73,939 നിയമലംഘകരുടെ കേസുകൾ അവരവരുടെ എംബസികളിലേക്ക് തുടർ നടപടികൾക്കായി കൈമാറിയിട്ടുണ്ട്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങൾ അഭയം നൽകിയ സ്ഥലം എന്നിവ കണ്ടുകെട്ടൽ എന്നീ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

🇴🇲ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികള്‍ അറസ്റ്റില്‍.

✒️ഒമാനിലേക്ക്(Oman) അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ്(Royal Oman Police) അറസ്റ്റ് ചെയ്തു. സൗത്ത്, നോര്‍ത്ത് അല്‍ ബത്തിന (North Al Batinah)ഗവര്‍ണറേറ്റുകളിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് (Coast Guard police)ഇവരെ അറസ്റ്റ് ചെയ്തത്. 

ഒരു ബോട്ടിലെത്തിയ രണ്ട് നുഴഞ്ഞു കയറ്റക്കാരെയും പിടികൂടി. 30 ക്രിസ്റ്റല്‍ രൂപത്തിലെ മയക്കുമരുന്നും 10 ഹാഷിഷ് മോള്‍ഡുകളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

🇴🇲ഒമാനില്‍ അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു.

✒️നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോട്ടുകളിലെ ജീവനക്കാരുടെ കൈവശം ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. ഇത് പുറമെ മത്സ്യബന്ധനത്തില്‍ പാലിക്കേണ്ട ദൂരം ഇവര്‍ ലംഘിച്ചുവെന്നും അധികൃതര്‍ കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

🇸🇦ഏക്‌സ്‌പോ 2020: സൗദി പവലിയനില്‍ സന്ദര്‍ശകര്‍ 10 ലക്ഷം കടന്നു.

✒️എക്‌സ്‌പോ 2020 ദുബൈയിലെ(Expo 2020 Dubai) സൗദി അറേബ്യയുടെ(Saudi Arabia) പവലിയനില്‍ ആകെ സന്ദര്‍ശകരുടെ(visitors) എണ്ണം 10 ലക്ഷം കടന്നു. എക്‌സ്‌പോയുടെ ആകെ സന്ദര്‍ശകരുടെ 30 ശതമാനത്തിലേറെയാണിത്. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സന്ദര്‍ശകരില്‍പ്പെടും. 

എക്‌സ്‌പോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് 49 ദിവസത്തിനിടെ ഇത്രയും സന്ദര്‍ശകര്‍ ഒരു പവലിയനിലെത്തുന്നത്. ഏറ്റവും വലിയ ഇന്ററാക്ടീവ് ലൈറ്റഡ് ഫ്‌ലോര്‍, ഏറ്റവും ഉയരം കൂടിയ ഇന്ററാക്ടീവ് വാട്ടര്‍ കര്‍ട്ടന്‍, ഇന്ററാക്ടീവ് ഡിജിറ്റല്‍ സ്‌ക്രീനുള്ള ഏറ്റവും വലിയ കണ്ണാടി എന്നീ ഗിന്നസ് റെക്കോര്‍ഡുകള്‍ നിലവില്‍ സൗദി പവലിയന്റെ പേരിലാണ്. യുഎഇ കഴിഞ്ഞാല്‍ ഏറ്റവും വലിപ്പമേറിയ പവലിയനും സൗദിയുടേതാണ്. ആറുമാസത്തിനിടെ 1800 പരിപാടികള്‍, വിവിധ വാരാചരണങ്ങള്‍ എന്നിവയും പവലിയനില്‍ സംഘടിപ്പിക്കും.

🇸🇦വേള്‍ഡ് എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ നല്‍കി സൗദി അറേബ്യ.

✒️2030ലെ ആഗോള വാണിജ്യ മേളയ്ക്ക്(world expo) ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധതയും താല്‍പര്യവും അറിയിച്ച് സൗദി അറേബ്യ(Saudi Arabia). വേള്‍ഡ് എക്‌സ്‌പോ 2030 റിയാദില്‍ നടത്താന്‍ അവസരം തേടി അന്താരാഷ്ട്ര എക്സ്പോസിഷന്‍സ് ഓര്‍ഗനൈസിങ് ബ്യൂറോക്ക് (ബി.െഎ.ഇ) ഔദ്യോഗികമായി അേപക്ഷ സമര്‍പ്പിച്ചു. 2031 ഒക്ടോബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ 'മാറ്റത്തിന്റെ യുഗം: നമ്മുടെ ഗ്രഹത്തെ ഭാവിയിലേക്ക് നയിക്കുന്നു' എന്ന പ്രമേയത്തില്‍ മേള നടത്താനാണ് അപേക്ഷ നല്‍കിയതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

കിരീടാവകാശിയും റിയാദ് സിറ്റി റോയല്‍ കമീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍സല്‍മാനാണ് ഇത് സംബന്ധിച്ച കത്ത് അന്താരാഷ്ട്ര എക്‌പോസിഷന്‍സ് ബ്യൂറോ സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കെന്‍സെസിന് അയച്ചത്. അന്താരാഷ്ട്ര എക്സ്പോയുടെ ചരിത്രപരമായ പതിപ്പ് ഏറ്റവും ഉയര്‍ന്ന നവീനതകളോടെ നടത്താനും ചരിത്രത്തില്‍ അഭൂതപൂര്‍വമായ ആഗോള അനുഭവം നല്‍കാനും സൗദി അറേബ്യക്ക് കഴിവും പ്രതിബദ്ധതയുമുണ്ടെന്ന് കിരീടാവകാശി കത്തില്‍ സൂചിപ്പിച്ചു.

🇦🇪യുഎഇയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 63 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 82 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 293,964 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.78 കോടിയിലധികം പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 741,433 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,163 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,126 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪90 ശതമാനം വരെ വിലക്കുറവുമായി യുഎഇയില്‍ വീണ്ടും സൂപ്പര്‍ സെയില്‍.

✒️ഒരു ഇടവേളയ്‍ക്ക് ശേഷം ദുബൈയില്‍ (Dubai) വീണ്ടം സൂപ്പര്‍ സെയില്‍ (Three day super sale) ഒരുങ്ങുന്നു. 90 ശതമാനം വരെ വിലക്കുറവ് (Up to 90 percentage discount) പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ 25 ശനിയാഴ്‍ച മുതല്‍ നവംബര്‍ 27 വരെയാണ് മൂന്ന് ദിവസത്തെ ദുബൈ സൂപ്പര്‍ സെയില്‍.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദുബൈ സൂപ്പര്‍ സെയില്‍ നടക്കുന്നത്. ഫാഷന്‍, ഹോം ഡെക്കര്‍, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍ എന്നിവയ്‍ക്ക് ഈ കാലയളവില്‍ ദുബൈയിലെ ഷോപ്പിങ് മാളുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നാണ് വാഗ്ദാനം.

72 മണിക്കൂര്‍ വ്യാപാരോത്സവത്തില്‍ രണ്ടായിരത്തോളം ഔട്ട്‍ലെറ്റുകളിലൂടെ അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും. വ്യാപാര മേളയില്‍ പങ്കെടുക്കുന്ന മാളുകളും മറ്റ് സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും മാസ്‍ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളും പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

🇴🇲ഒമാനില്‍ മൂന്ന് ദിവസത്തിനിടെ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 26 പേര്‍ക്ക്.

✒️ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 26 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. വ്യഴാഴ്‍ച എട്ട് പേര്‍ക്കും വെള്ളിയാഴ്‍ച 14 പേര്‍ക്കും ശനിയാഴ്‍ച നാല് പേര്‍ക്കുമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34 പേര്‍ രോഗമുക്തകായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,492 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,918 പേരും ഇതിനോടകം രോഗമുക്തരായി. 413 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 13 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

🇦🇪52-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,812,750 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍.

✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 52-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 32 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 31,250 ദിര്‍ഹം വീതമാണ് നേടിയത്. 5, 14, 25, 30, 38 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 1,465 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 8131197, 8079408, 8122674 എന്നീ ഐഡികളിലൂടെ യഥാക്രമം സൂസന്‍‍, കാര്‍ബല്‍, വിദ്യ എന്നിവര്‍ വിജയികളായി. ആകെ 1,812,750 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 നവംബര്‍ 27 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

🇰🇼കുവൈറ്റ്: മുബാറഖിയ പ്രദേശത്തേക്കും തിരികെയും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി KPTC.

✒️യാത്രികർക്കായി മുബാറഖിയ പ്രദേശത്തേക്കും, തിരികെയും പ്രത്യേക സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (KPTC) അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ക്യാപിറ്റൽ പ്രവിശ്യയിലുടനീളം നാല് സ്റ്റോപ്പുകൾ അനുവദിക്കുന്ന രീതിയിലാണ് ഈ സർവീസ് നടപ്പിലാക്കുന്നത്. രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ സർവീസ് ലഭ്യമാക്കുന്നത്. ഈ കാലയളവിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും ബസുകൾ സർവീസ് നടത്തുന്നതാണ്.

ഷർഖ് മാൾ പാർക്കിംഗ് ലോട്ട്, ജഹ്‌റ റൌണ്ട് എബൌട്ട്, ഷെറാട്ടൺ ഹോട്ടൽ, മിർഗാബിലെ മിനിസ്ട്രീസ് ഏരിയ എന്നിവിടങ്ങളിലാണ് ഈ സർവീസിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ ഈ സർവീസ് 2022 മാർച്ച് വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

🇦🇪അബുദാബി: തിരക്കേറിയ സമയങ്ങളിൽ നഗരത്തിലെ റോഡുകളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്.

✒️അബുദാബി നഗരപരിധിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

ഇത്തരം വാഹനങ്ങൾക്ക് 1000 ദിർഹം പിഴയായി ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഇത്തരം വാഹനങ്ങൾക്ക് 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും അബുദാബി പോലീസ് കൂട്ടിച്ചേർത്തു.

എമിറേറ്റിലെ അബുദാബി നഗരപരിധി, അൽ ഐൻ നഗരപരിധി, മറ്റു നഗരപരിസരങ്ങൾ തുടങ്ങിയ ഇടങ്ങളിലെ റോഡുകളിൽ ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. താഴെ പറയുന്ന സമയങ്ങളിലാണ് ഈ നിയന്ത്രണം ബാധകമാക്കുന്നത്:

അബുദാബി നഗരപരിധി – രാവിലെ 6:30 മുതൽ 9:00 മണിവരെയും, വൈകീട്ട് 3:00 മുതൽ 6:00 മണിവരെയുമുള്ള സമയമാണ് ഏറ്റവും തിരക്കേറിയതായി കണക്കാക്കുന്നത്.
അൽ ഐൻ നഗരപരിധി – രാവിലെ 6:30 മുതൽ 8:30 മണിവരെയും, വൈകീട്ട് 2:00 മുതൽ 4:00 മണിവരെയും.

🇶🇦ഖത്തറിന് ആശ്വാസം; ഇന്ന് പുതിയ കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി.

✒️ഖത്തറില്‍(Qatar) ഇന്ന് 118 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 120 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,39,587 ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,889 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 16 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഒരാളെ കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 3 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 3,455 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 4,914,918 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇶🇦ഖത്തറില്‍ വാക്‌സിനെടുത്തവരില്‍ കോവിഡ് പടരുന്നു; ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ വൈകരുതെന്ന് ആരോഗ്യ വകുപ്പ്.

✒️കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍. കോവിഡില്‍ നിന്നുള്ള സുരക്ഷ തുടരാനും സാധാരണ ജീവിതം ആസ്വദിക്കാനും ഇത് ആവശ്യമാണ്. വാക്‌സിനെടുത്തവര്‍ക്കിടയിലുള്ള കോവിഡ് ബാധയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളില്‍ വലിയൊരു വിഭാഗം വാക്‌സിനെടുത്തത് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പുതിയ കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞത് അതു മൂലമാണ്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ വാക്‌സിനെടുത്തവര്‍ക്കിടയിലും കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഡോസ് എടുത്ത ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അല്‍ ഖാല്‍ പറഞ്ഞു.

ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി സഹ അധ്യക്ഷന്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി, പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മലിക്, പകര്‍ച്ചവ്യാധി കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി എന്നിവരും കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു.

രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുമ്പോള്‍ കോവിഡിനെതിരായ പ്രതിരോധ ശേഷി ക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന് ഡോ. റുമൈഹി പറഞ്ഞു ഖത്തറിലും ലോകത്തെ വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം തുടരുന്നതിനാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

0 Comments