അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു.
മൂന്ന് തവണ ഡിഎൻഎ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും.
ഫലം ഇതുവരെ കൈയ്യിൽ കിട്ടിയിട്ടില്ലെന്ന് അനുപമ പ്രതികരിച്ചു. ഔദ്യോഗികമായി ലഭിക്കാനായി കാത്തിരിക്കുകയാണ്. ഫലം പോസിറ്റീവായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വർഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പറഞ്ഞു.
കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ജനിതക സാംപിളുകൾ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽനിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും ഇൻസ്റ്റിറ്റ്യൂട്ടിലെത്തി സാംപിളുകൾ നൽകി.
സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയിൽനിന്നും തിരുവനന്തപുരത്തെത്തിച്ചത്.
ഇന്നലെ കുഞ്ഞിന്റെ സാമ്പിൾ സ്വീകരിച്ച ശേഷം വൈകുന്നേരത്തോടെയാണ് അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ പരിശോധനയ്ക് എടുത്തത്. ഫലം പോസിറ്റീവായ സ്ഥിതിക്ക് കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികൾ സിഡബ്ള്യുസി ആരംഭിക്കുമെന്നാണ് കരുതുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ എന്നാണ് വിവരം. നവംബർ 30ന് പരിശോധന ഫലം ഉൾപ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം കുടുംബ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ള്യുസി) എതിരെ ഗുരുതര ആരോപണവുമായി അമ്മ അനുപമ രംഗത്തെത്തിയിരുന്നു. തെളിവ് നശിപ്പിക്കാൻ സിഡബ്ള്യുസി കൂട്ട് നിൽക്കുകയാണെന്നും കുറ്റാരോപിതരെ സംരക്ഷിക്കാൻ നീക്കം നടക്കുകയാണെന്നും അനുപമ പറഞ്ഞു.
ഡിഎൻഎ പരിശോധന ചിത്രീകരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു എന്നാൽ അത് നടപ്പായില്ല. സിസിടിവി ദൃശ്യങ്ങളിൽ വിശ്വാസമില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ വനിതാ-ശിശുവികസന വകുപ്പിന്റെ വകുപ്പ്തല അന്വേഷണം നടക്കുമ്പോഴാണ് അനുപമയുടെ പുതിയ ആരോപണം. അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അനുപമയുടെയും അജിത്തിന്റെയും മൊഴി വനിതാ ശിശുവികസന ഡയറക്ടർ രേഖപ്പെടുത്തിയിരുന്നു. ഇതിലടക്കം സംശയമുണ്ടെന്നാണ് അനുപമ പറയുന്നത്.
മൊഴിയെടുത്തപ്പോൾ തങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ചോദ്യങ്ങൾ എന്നും അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതിയിൽ പോയി അന്വേഷിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ രജിസ്റ്ററിലും തെളിവുകളില്ല എന്നാണ് ശിശു വികസന ഡയറക്ടർ പറയുന്നതെന്ന് അനുപമ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു എന്ന സംശയം അനുപമ പ്രകടിപ്പിക്കുന്നത്.
കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് നടപടികൾ വേഗത്തിലാക്കണം എന്ന ആവശ്യവുമായി അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം നടത്തുകയായിരുന്നു.
0 Comments