🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid 19)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍ കൂടി മരിച്ചു. 38 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചെന്നും നിലവിലെ രോഗബാധിതരില്‍ 59 പേര്‍ സുഖം പ്രാപിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 5,49,060 ആയി. ഇതില്‍ 5,37,049 പേരും സുഖം പ്രാപിച്ചു. ആകെ 8,807 പേര്‍ മരിച്ചു. ഗുരുതരനിലയില്‍ കഴിയുന്നത് 49പേര്‍ മാത്രം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 46,524,588 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,347,375 എണ്ണം ആദ്യ ഡോസ് ആണ്. 21,880,753 എണ്ണം സെക്കന്‍ഡ് ഡോസും. 1,707,753 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 296,460 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 11, റിയാദ് 10, മക്ക 4, ദമ്മാം 3, മറ്റ് 10 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇦🇪സമ്മാനത്തുക മകന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുമെന്ന് മഹ്‌സൂസിലൂടെ കോടികള്‍ സ്വന്തമാക്കിയ ഭാഗ്യശാലി.
✒️ഒറ്റരാത്രികൊണ്ടാണ് ഫിലിപ്പീന്‍സ് സ്വദേശി പറ്റീരിയോയുടെ ജീവിതം മാറി മറിഞ്ഞത്. മഹ്‌സൂസിന്റെ 50-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനത്തിന്റെ രൂപത്തില്‍ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നതോടെ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം പറ്റീരിയോയ്ക്ക് ലഭിക്കുകയായിരുന്നു. 4, 26, 36, 37, 38 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍. മഹ്‌സൂസിന്റെ 19-ാമത് മില്യനയറായ പറ്റീരിയോ, രണ്ടാഴ്ച മുമ്പ് അവതരിപ്പിച്ച മഹ്സൂസിന്റെ പുതിയ മത്സര രീതിയിലെ ആദ്യത്തെ ഒന്നാം സമ്മാന വിജയി കൂടിയാണ്.
തന്റെ കുടുംബത്തിന് എല്ലാ സുഖസൗകര്യങ്ങളും ഒരുക്കുന്നതിനായി ഈ സമ്മാനത്തുക വിനിയോഗിക്കാനാണ് 52കാരനായ പറ്റീരിയോയുടെ തീരുമാനം. '100 വര്‍ഷം ജോലി ചെയ്താലും ഇത്രയും വലിയ തുക എനിക്ക് സമ്പാദിക്കാനാവില്ല'- മെറ്റീരിയല്‍ കോണ്‍ട്രാക്ട് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ നിന്നും അകന്ന് നിര്‍മ്മാണ കമ്പനിയില്‍ 13 വര്‍ഷമായി ജോലി ചെയ്യുകയാണ് പറ്റീരിയോ.
'വിജയം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോൾ ലഭിച്ചപ്പോള്‍ രോമാഞ്ചമാണുണ്ടായത്. എന്റെയും കുടുംബത്തിന്റെയും എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാന്‍ ഈ വിജയത്തിലൂടെ സാധിക്കും'- പറ്റീരിയോ പറഞ്ഞു. രണ്ട് മക്കളാണ് പറ്റീരിയോയ്ക്കുള്ളത്. തന്റെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാന്യം പറ്റീരിയോ നല്‍കുന്നത് സെറിബ്രല്‍ പാള്‍സി ബാധിച്ച ഇളയ മകന്റെ മികച്ച ചികിത്സയ്ക്കാണ്. '10,000,000 ദിര്‍ഹം കൊണ്ട് നേടാനാകാത്ത ചില സ്വപ്‌നങ്ങള്‍ കൂടിയുണ്ട്. എന്റെ മകനെ നടക്കാനോ ഇരിക്കാനോ സാധാരണ ജീവിതം നയിക്കാനോ സഹായിക്കുക എന്നത് അത്തരത്തില്‍ ഒന്നാണ്. എന്നാല്‍ ഈ പണം കൊണ്ട് അവന്റെ ചികിത്സാ ചെലവുകള്‍ വഹിക്കാനും വീട്ടില്‍ തന്നെ മികച്ച പരിചരണം ഉറപ്പാക്കാനും കഴിയും. മഹ്‌സൂസിനോട് എക്കാലവും നന്ദിയുണ്ട്'- സ്ഥിരമായി മഹ്‌സൂസില്‍ പങ്കെടുക്കാറുള്ള പറ്റീരിയോ പറഞ്ഞു.
ഒരു വലിയ വീടും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപവുമാണ് പറ്റീരിയോയുടെ അടുത്ത ആഗ്രഹം. 'സ്വന്തമായി ഒരു വീട് വര്‍ഷങ്ങളായി എന്റെ ഭാര്യയുടെ വലിയ ആഗ്രഹമാണ്. അവളുടെ ആഗ്രഹം സഫലമാക്കാനുള്ള സമയമാണിത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വാഹനപ്രേമിയായ പറ്റീരിയോയ്ക്ക് ഒരു ഫോര്‍ഡ് റാപ്റ്റര്‍ വാങ്ങാനും പദ്ധതിയുണ്ട്. താനും ഭാര്യയും സമ്മാനത്തുക നിക്ഷേപിക്കാനാഗ്രഹിക്കുന്ന ഒരു ബിസിനസ് ആവശ്യത്തിനാണ് ഈ പിക് അപ് ട്രക്ക് എന്നും പറ്റീരിയോ വ്യക്തമാക്കി. 'ലളിതവും സാധാരണവുമായ ജീവിതം ആസ്വദിക്കുന്ന ആളാണ് ഞാന്‍. സമ്മാനത്തുക എന്റെ കുടുംബത്തിന് മനോഹരമായ ഭാവിയാണ് ഉറപ്പാക്കിയിരിക്കുന്നത്. അത് തന്നെയാണ് വലിയ സമ്മാനവും'- പറ്റീരിയോ വിശദമാക്കി.
കുടുംബത്തിനൊപ്പം താമസിക്കാനാവും എന്നതാണ് പറ്റീരിയോയ്ക്ക് ഏറെ സന്തോഷം നല്‍കുന്നത്. 'കഴിഞ്ഞ ഒരു ദശകമായി കുടുംബത്തില്‍ നിന്നും മാറി മഡഗാസ്‌കര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് കഴിഞ്ഞിരുന്നത്. കുടുംബത്തിന് വേണ്ട സുഖസൗകര്യങ്ങള്‍ ഒരുക്കാനായിരുന്നു ഇത്. ഇപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനും മകനെ പരിചരിക്കുന്നതില്‍ സഹായിക്കാനുമുള്ള സമയമായി'- അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും മഹ്‌സൂസിലൂടെ ഭാഗ്യം പരീക്ഷിക്കണമെന്നാണ് പറ്റീരിയോയ്ക്ക് പറയാനുള്ളത്. സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിനായി വന്‍തുക സമ്മാനമായി നല്‍കുകയാണ് മഹ്‌സൂസ്. മഹ്‌സൂസില്‍ പങ്കെടുക്കുന്നത് തുടരണമെന്നും ക്ഷമയോടെ കാത്തിരിക്കുന്നവരെയാണ് ഭാഗ്യം തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
16 വിജയികളാണ് മഹ്സൂസിന്‍റെ 50-ാമത് ഗ്രാന്‍ഡ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം നേടിയത്. 884 വിജയികള്‍ 350 ദിര്‍ഹം വീതം നേടി. ഇതിന് പുറമെ, മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. ആകെ AED 11,309,400 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങളാണ് 50-ാമത് നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. 2021 നവംബര്‍ 13 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
🛫എമിറേറ്റ്‌സിന്റെ ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി.
✒️ഈ മാസം 10, 11 തീയതികളില്‍ തമിഴ്‌നാട്ടില്‍(Tamil Nadu) കനത്ത മഴ(heavy rainfall) പ്രതീക്ഷിക്കുന്നതിനാല്‍ എമിറേറ്റ്‌സിന്റെ(Emirates airline) ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലേക്കും(Chennai) തിരിച്ചുമുള്ള, നവംബര്‍ 10, 11 തീയതികളിലെ എമിറേറ്റ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനി ബുധനാഴ്ച അറിയിച്ചു.
റദ്ദാക്കിയ വിമാനങ്ങള്‍
ഇകെ542: ദുബൈ-ചെന്നൈ വിമാനം(നവംബര്‍ 10)
ഇകെ543: ചെന്നൈ-ദുബൈ (നവംബര്‍ 11)
ഇകെ544: ദുബൈ-ചെന്നൈ (നവംബര്‍ 11)
ഇകെ545: ചെന്നൈ-ദുബൈ (നവംബര്‍ 11)
🇦🇪യുഎഇയില്‍ 75 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 99 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 2,78,127 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.59 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ7,40,647 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,35,173 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,332 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇴🇲ഒമാനില്‍ ഇപ്പോഴുള്ളത് 488 കൊവിഡ് രോഗികള്‍; ഗുരുതരാവസ്ഥയില്‍ മൂന്ന് പേര്‍ മാത്രം.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന ഏഴ് പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്‍തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആരോഗ്യ മന്ത്രാലയം ബുധനാഴ്‍ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 3,04,403 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,802 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 4113 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായിട്ടുള്ളത്. 98.5 ശതമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
രാജ്യത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 488 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 10 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
🇦🇪യുഎഇയില്‍ കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
✒️യുഎഇയില്‍ (UAE) കൊവിഡ് രോഗികളുടെ എണ്ണം ആഴ്‍ചകളായി നൂറില്‍ താഴെ തന്നെ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ (relaxing covid restrictions) അനുവദിച്ചു. പള്ളികളിലെ (mosques) സംഘടിത പ്രാര്‍ത്ഥന സംബന്ധിച്ച നിബന്ധനകളിലാണ് കഴിഞ്ഞ ദിവസം പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഇനി മുതല്‍ പള്ളികളിലെ സ്‍ത്രീകളുടെ പ്രാര്‍ത്ഥനാ സ്ഥലങ്ങളും തുറക്കും. ഒപ്പം അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളും വാഷ്‍റൂമുകളും (ablution and washroom areas) തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മുതല്‍ തന്നെ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് യുഎഇയിലെ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും സ്‍ത്രീകളുടെ പ്രാര്‍ത്ഥനാ ഹാളുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞയാഴ്‍ച ഷാര്‍ജ എമിറേറ്റില്‍ സ്‍ത്രീകളുടെ പ്രാര്‍ത്ഥനാ ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ അനുമതി രാജ്യം മുഴുവന്‍ പ്രാബല്യത്തിലാക്കികൊണ്ട് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.
അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളിലും വാഷ്‍റൂമുകളുടെ പരിസരങ്ങളിലും കുറഞ്ഞത് ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഓരോ പ്രാര്‍ത്ഥനകള്‍ക്ക് ശേഷവും ഈ സ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും വേണം. കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള ലഘുലേഖകള്‍ പള്ളികളില്‍ വിതരണം ചെയ്യും.
പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഉടനെ തന്നെ പള്ളികള്‍ അടയ്ക്കുമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റി ഔദ്യോഗിക വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി പറഞ്ഞു. ഇമാമുമാരും പള്ളികളിലെ ശുചീകരണ ജീവനക്കാരും നിര്‍ബന്ധമായും കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇവര്‍ എല്ലാ 14 ദിവസത്തിലൊരിക്കലും കൊവിഡ് പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവുകയും വേണം.
🇴🇲ഒമാനില്‍ ഇനി ഇന്ധന വില വര്‍ദ്ധിക്കില്ല; അധിക പണം സര്‍ക്കാര്‍ നല്‍കും, സ്വാഗതം ചെയ്‍ത് ജനങ്ങള്‍.
✒️ഒമാനില്‍ ഇന്ധന വില വര്‍ദ്ധനവിന് പരിധി നിശ്ചയിച്ച നടപടിയെ സ്വാഗതം ചെയ്‍ത് ജനങ്ങള്‍. ഔദ്യോഗിക ഉത്തരവ് പ്രകാരം രാജ്യത്ത് 2021 ഒക്ടോബറില്‍ ഉണ്ടായിരുന്ന വിലയായിരിക്കും പരമാവധി ഇന്ധന വില. വിലയിലുണ്ടാകുന്ന വ്യത്യാസം കാരണം വരുന്ന നഷ്‍ടം 2022 അവസാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഒക്ടോബറില്‍ എം 91 പെട്രോളിന് 229 ബൈസയും എം 95 പെട്രോളിന് 239 ബൈസയും ഡീസലിന് 258 ബൈസയുമായിരുന്നു നിരക്ക്. ഈ നിരക്കില്‍ നിന്ന് ഇനി വര്‍ദ്ധനവുണ്ടാവില്ലെന്നതാണ് ജനങ്ങള്‍ക്ക് ആശ്വാസം. നവംബര്‍ മാസം എം 91 പെട്രോളിനും എം 95 പെട്രോളിനും മൂന്ന് ബൈസയുടെ വര്‍ദ്ധന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ ഉത്തരവോടെ വില വര്‍ദ്ധനവ് ജനങ്ങളെ ബാധിക്കില്ല.
ആഗോള തലത്തിലെ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിന് അനുസരിച്ച് ഇന്ധന വില വര്‍ദ്ധിച്ചാല്‍ അത് തങ്ങളുടെ കുടുംബ ചെലവുകളുടെ താളം തെറ്റിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രവാസികളും സ്വദേശികളും തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനിലെ റിഫൈനറികള്‍ എണ്ണ ഉത്പാദനം 13 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകളും വ്യക്തമാക്കുന്നു.
🇸🇦സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടും തകര്‍ത്തു.
✒️സൗദി അറേബ്യ (Saudi Arabia) ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi rebels) ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് (Khamis Mushait) ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍ ആക്രമണമുണ്ടായത് (Drone attack). എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സേന (Saudi forces) ഡ്രോണ്‍ തകര്‍ത്തു.
അതേസമയം സൗദി അറേബ്യയില്‍ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ടും അറബ് സഖ്യസേന തകര്‍ത്തു. യെമനിലെ ഹുദൈദയ്‍ക്ക് സമീപത്താണ് അറബ് സഖ്യസേന ആക്രമണം നടത്തിയത്. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ കുവൈത്ത് അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കാനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടെന്നും കുവൈത്ത് അറിയിച്ചു.
അതേസമയം അറബ് സഖ്യസേന യെമനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 110 ഹൂതികള്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചു. യെമനിലെ മഗ്‍രിബ് നഗരത്തിന് സമീപം സിര്‍വ അല്‍ ജൌഫിലാണ് വ്യോമക്രമണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികളുടെ 22 സൈനിക വാഹനങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും തകര്‍ത്തതായും അറബ് സഖ്യസേന അവകാശപ്പെട്ടു.
🇰🇼പരിശോധന ശക്തം; ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ നാടുകടത്തി.
✒️കുവൈത്തില്‍ (Kuwait) അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി (Deported) കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) നാടുകടത്തല്‍, താത്കാലിക തടങ്കല്‍ വകുപ്പുകള്‍ (Deportation Department and Temporary Arrest Affairs) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവാസികളെ അറസ്റ്റ് ചെയ്‍ത് എത്രയും വേഗം നാടുകടത്തണമെന്ന നിര്‍ദേശമാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അലി സബാഹ് അല്‍ സലീം അല്‍ സബാഹ് നല്‍കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. നാടുകടത്തല്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
നേരത്തെ കൊവിഡ് കാലത്ത് ഉള്‍പ്പെടെ അനധികൃത താമസക്കാര്‍ രേഖകള്‍ ശരിയാനും താമസവും ജോലിയും നിയമ വിധേയമാക്കാനുമുള്ള അവസരങ്ങള്‍ പല തവണ നല്‍കിയിരുന്നു. കൊവിഡ് കാലത്ത് ഇത്തരം പരിശോധനകള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്‍തു. എന്നാല്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചതോടെ കര്‍ശന പരിശോധനയും തുടര്‍ നടപടികളും പുനഃരാരംഭിക്കുകയായിരുന്നു.
🇦🇪യു എ ഇ: ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് NCEMA ആഹ്വാനം ചെയ്തു.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ളവർ എത്രയും വേഗം ഇത് സ്വീകരിക്കാൻ യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു. നവംബർ 9-നാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അടുത്ത് തന്നെ വിദേശത്തേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർ ബൂസ്റ്റർ ഡോസ് നിർബന്ധമായും സ്വീകരിക്കണമെന്ന് NCEMA അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ കൊറോണ വൈറസ് സാഹചര്യം അധികൃതർ തുടർച്ചയായി വിലയിരുത്തുന്നതായും NCEMA കൂട്ടിച്ചേർത്തു.
രാജ്യത്തെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും NCEMA ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി NCEMA നവംബർ 9-ന് വ്യക്തമാക്കിയിരുന്നു.
🇴🇲ഒമാൻ: അഞ്ഞൂറിൽ പരം സർക്കാർ സേവനങ്ങളുടെ ഫീസ് കുറയ്ക്കാൻ തീരുമാനം.
✒️രാജ്യത്തെ അഞ്ഞൂറിൽ പരം സർക്കാർ സേവനങ്ങൾക്ക് ഈടാക്കിയിരുന്ന ഫീസ് കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു. ഇത് സംബന്ധിച്ച് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നവംബർ 9-ന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഈ തീരുമാന പ്രകാരം, പുതുക്കിയ ഫീസ് തുകകൾ 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. വിവിധ സേവനങ്ങളുടെ ഫീസ് തുകയിൽ 17 മുതൽ 96 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് ഫിനാൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
രാജ്യത്തെ പരമാവധി ഇന്ധന വില 2022 വരെ സ്ഥിരപ്പെടുത്താൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ക്യാബിനറ്റിന് നവംബർ 9-ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
🇸🇦സൗദി: ലോകത്തെ ഏറ്റവും വലിയ ഒട്ടക മേള ഡിസംബർ 1-ന് ആരംഭിക്കും.
✒️ലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന് 2021 ഡിസംബർ 1 മുതൽ സൗദി അറേബ്യ വേദിയാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഡിസംബർ 1 മുതൽ നാല്പത് ദിവസം നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.
സൗദി അറേബ്യയിലെയും, അറബ് മേഖലയിലെയും, യു എസ് എ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെയും ഒട്ടക ഉടമകൾ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. ക്യാമൽ ക്ലബാണ് കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മേളയിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ വ്യക്തമാക്കി. https://kacf.camelclub.gov.sa/Home/Login എന്ന വിലാസത്തിൽ ഈ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. 2021 നവംബർ 16 വരെ ഈ രജിസ്‌ട്രേഷൻ ലഭ്യമാണ്.
കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്. ആറ് നിറങ്ങളിലുള്ള ഒട്ടകങ്ങൾക്കായി ആകെ 19 വ്യത്യസ്ത മത്സര ഇനങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25 കോടി സൗദി റിയാൽ മൂല്യമുള്ള സമ്മാനങ്ങളാണ് മേളയുടെ ഭാഗമായി ഈ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്.
റിയാദിൽ നിന്ന് വടക്കുകിഴക്ക് ദിക്കിലായി 100 കിലോമീറ്ററോളം മാറി 32 സ്‌ക്വയർ കിലോമീറ്റർ വിസ്തീര്‍ണ്ണമുള്ള ഒരു വേദിയാണ് ഈ മേളയ്ക്കായി ഒരുങ്ങുന്നത്. മേളയുടെ ഭാഗമായുള്ള ലോകപ്രശസ്തമായ ഒട്ടക ചന്തയ്ക്ക് പുറമെ നിരവധി വിനോദ, സാംസ്‌കാരിക പരിപാടികളും അരങ്ങേറുന്നതാണ്. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഒട്ടക ചന്ത ഈ മേളയുടെ പ്രത്യേകതയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിദിനം ഒരു ലക്ഷം സന്ദർശകരെയാണ് ഈ മേളയിൽ പ്രതീക്ഷിക്കുന്നത്.
🇧🇭ബഹ്‌റൈൻ: നവംബർ 11 മുതൽ സിത്ര പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
✒️2021 നവംബർ 11, വ്യാഴാഴ്ച്ച മുതൽ അറ്റകുറ്റപ്പണികൾക്കായി സിത്ര പാലത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു. നവംബർ 9-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സിത്ര പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി പാലത്തിലെ വലത് വശത്തെ വരി പൂർണമായും അടയ്ക്കുന്നതാണ്. പാലത്തിലൂടെ തെക്കേ ദിശയിൽ സിത്രയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി രണ്ട് വരികൾ തുറന്ന് കൊടുക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2021 നവംബർ 11, വ്യാഴാഴ്ച്ച രാത്രി 11 മണി മുതൽ 2021 നവംബർ 14, ഞായറാഴ്ച്ച രാവിലെ 5 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; ഇന്ന് 172 പേര്‍ക്ക് രോഗബാധ.
✒️ഖത്തറില്‍(Qatar) ഇന്ന് 172 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 106 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 238,392 ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,554 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ മൂന്നുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 12 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
🇶🇦ഖത്തറിൽ ബോട്ട് യാത്രക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം.
✒️ഖത്തറിൽ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ബോട്ട് യാത്രക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം. വലിയ ടൂറിസ്റ്റ് ബോട്ടുകളിൽ 50 ശതമാനത്തിലധികം യാത്രക്കാരെ കയറ്റരുത്. ഇന്ന് 138 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളിലായി നീക്കിയെങ്കിലും ബോട്ട് യാത്രകൾക്കേർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ നിലവിലുള്ളത് പോലെ തുടരുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. ടൂറിസത്തിനായി ഉപയോഗിക്കുന്ന വലിയ വാടക ബോട്ടുകളുടെ ശേഷി അമ്പത് ശതമാനത്തിലധികമാകരുത്. പരമാവധി 40 യാത്രക്കാരെ മാത്രമേ ബോട്ടുകളിൽ കയറ്റാവൂ. മുഴുവൻ ബോട്ട് ജീവനക്കാരും കോവിഡ് വാക്‌സിനേഷൻ രണ്ട് ഡോസും പൂർത്തീകരിച്ചവരാകണം. യാത്രക്കാരിൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചിൽ കൂടരുത്. അതെ സമയം സ്വകാര്യ വ്യക്തിഗത ബോട്ടുകളുകൾക്ക് പൂർണ ശേഷിയോടെ പ്രവർത്തിക്കാം. എന്നാൽ യാത്രക്കാരുടെ എണ്ണം 12 ൽ കൂടരുത്. ബോട്ടിലെ മുഴുവൻ ജീവനക്കാരും വാക്‌സിനേഷൻ സ്വീകരിച്ചവരാകണം.
ഈ മാസം അവസാനം ഖത്തറിൽ ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് കാണികളും സഞ്ചാരികളുമായി ആയിരക്കണക്കിന് വിദേശികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചിരിക്കുന്നത്. ദോഹയുടെ ഹൃദയഭാഗമായ കോർണിഷിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ബോട്ട് യാത്രയാണ്.
🇰🇼ലബനാൻ പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തി കുവൈത്ത്.
✒️ലബനാൻ പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തി കുവൈത്ത്. ലബനാൻ ഇൻഫോർമേഷൻ മന്ത്രിയുടെ പരാമർശത്തെ തുടർന്ന് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ലബനാനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ കുവൈത്തിനെ പ്രേരിപ്പിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ലബനാൻ പൗരന്മാർക്ക് ഒരുതരത്തിലുള്ള വിസയും അനുവദിക്കില്ലെന്നാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ നിയമാനുസൃതം കുവൈത്തിൽ താമസിക്കുന്ന ലബനൻ പൗരന്മാർക്ക് സ്വന്തം രാജ്യത്ത് പോയി വരാൻ അനുമതിയുണ്ടാകും. എല്ലാതരം സന്ദർശക വിസകൾക്കും ആശ്രിത വിസക്കും വിലക്ക് ബാധകമാണ്. പുതിയ തൊഴിൽ വിസയും അനുവദിക്കില്ല.
മന്ത്രിയുടെ പരാമർശങ്ങളെ അപലപിക്കുന്നതിൽ ലബനാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ലെബനാൻ പ്രതിനിധിയോടു 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ കഴിഞ്ഞ ആഴ്ച കുവൈത്ത് നിർദേശിച്ചിരുന്നു. ല ബനാനിലെ കുവൈത്ത് അംബാസഡറെ കൂടിയാലോചനകൾക്കായി വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിക്കുകയും ചെയ്തു. സഹോദര രാജ്യങ്ങൾക്കെതിരായ പരാമർശത്തെ അതീവ ഗൗരവമായാണ് കുവൈത്ത് കാണുന്നത്. കുവൈത്തിലേക്കും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും വർധിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ലബനാൻ സർക്കാർ പരാജയപ്പെട്ടതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി
🇸🇦സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു; വിദേശ ജോലിക്കാർക്ക് ഗുണകരമാവും.
✒️സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ സൗദിയിലേക്ക് തൊഴിലാളികൾ എത്തിയ ശേഷമാണ് കരാറുകൾ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴിൽ വിസയിൽ വരുന്നയാളുമായി മുൻകൂട്ടി കരാർ തയ്യാറാക്കണം. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിർദേശം. ഫലത്തിൽ തൊഴിൽ കരാർ ഉള്ളവർക്ക് മാത്രമേ തൊഴിൽ വിസ ലഭിക്കൂ. സൗദിയിലെത്തിയ ശേഷം വിദേശികൾ സ്ഥാപനവും സ്‌പോൺസർഷിപ്പും മാറാറുണ്ട്. അതിന് നിലവിലുള്ള രീതി തന്നെ തുടരും. പുതിയ നീക്കം നടപ്പായാൽ വിദേശി തൊഴിലാളികൾക്ക് ഗുണമാകും. ശമ്പളവും തൊഴിലവകാശവും അടക്കമുള്ള കാര്യങ്ങളിൽ തർക്കം ഇല്ലാതാക്കാനും ഇത് സഹായിക്കും.
നിലവിലെ ചട്ടമനുസരിച്ച് തൊഴിൽ കരാർ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും കരാർ കാലാവധിയും ഇതിലുണ്ടാകണം. ശമ്പളം വൈകുക, തൊഴിൽ അവകാശം ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ഈ രേഖയാണ് പരിശോധിക്കുക. ശമ്പളം വൈകിയതിനും മറ്റും ബാങ്ക് രേഖകളും തെളിവാകും. ഫലത്തിൽ വിദേശികൾക്ക് തീരുമാനം ഗുണമാവുകയാണ് ചെയ്യുക. ഇതോടൊപ്പം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം സംബന്ധിച്ച മുഴുവൻ നിയന്ത്രണവും മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കും. സ്ഥാപനം ചട്ടം ലംഘിച്ചാൽ തൊഴിലാളിക്കും, തൊഴിലാളി ചട്ടം ലംഘിച്ചാൽ സ്ഥാപനത്തിനും കരാർ റദ്ദാക്കാം. തൊഴിലാളിയെ എക്‌സിറ്റിൽ വിടണോ, അതല്ല സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കണോ എന്നതിലും തൊഴിൽ കരാറാണ് കണക്കിലെടുക്കുക.
0 Comments